Image

അവര്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ (മീനു എലിസബത്ത്‌)

Published on 28 March, 2014
അവര്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ (മീനു എലിസബത്ത്‌)
അമേരിക്കന്‍ മലയാളികളായ നാം അടുത്തിടെ കേള്‍ക്കുന്ന വേദനാജനകമായ സംഭവങ്ങള്‍ എല്ലാവരെയും പോലെ എന്റെയും ഹൃദയം നുറുക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വന്നു ഭവിക്കുന്ന ദുരവസ്ഥകള്‍ അമേരിക്കയിലേക്ക്‌ കുടിയേറിയിരിക്കുന്ന ഏതൊരു വ്യക്തിയെയും പോലെ ഞെട്ടലോടെ മാത്രമേ ഉള്‍കൊള്ളാന്‍ കഴിയുന്നുള്ളൂ.

മരിച്ച കുട്ടികളുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ കൂടി, അതേ പ്രായത്തിലുള്ള മൂന്നു മക്കളുടെ അമ്മ എന്ന നിലയിലും, ഒരു മനുഷ്യ ജീവി എന്ന നിലയിലും ആ അമ്മമാരുടെയും സഹോദരങ്ങളുടെയും പിതാക്കന്‍മാരുടെയും ദുഃഖം എന്റെ കൂടെ ദൂഃഖമായി മാറുന്നു, ഓരോ കുഞ്ഞിനെയും കാണാതായ വാര്‍ത്തകള്‍ നിങ്ങളില്‍ പലരെയും പോലെ എന്റെ ഉള്ളവും വേവലാതിപ്പെടുത്തുകയും മനസമാധാനം നഷ്‌ടപ്പെടുത്തുകയുമായിരുന്നു. അവരെ ഓര്‍ത്ത്‌ വിലപിക്കുന്ന മാതാപിതാക്കളുടെ മുഖം മനസിലേക്കെപ്പോഴും കടന്നു വരുകയും ചെയ്യുന്നു.

എല്ലാവരെയും പോലെ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ തനിയെ ആലോചിച്ചും, സമാന ഹൃദയരോടു, ഈ ആകാംക്ഷകള്‍ പങ്കു വെച്ചും, ചിന്തിച്ചും, വിഷമിച്ചും, കഴിച്ചു കൂട്ടുകയായിരുന്നു. ആ കുഞ്ഞിനെ കിട്ടിയോ കിട്ടിയോ എന്ന്‌ ഓരോ പരിചയക്കാരോടും ഞാന്‍ അന്വേഷിച്ചിരുന്നു. ഓരോ സിറ്റിയിലെയും ലോക്കല്‍ ഇംഗ്ലീഷ്‌ പത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വായിച്ചു നോക്കുകയും, മലയാളം ഓണ്‍ലൈന്‍ പത്രങ്ങള്‍ സ്ഥിരമായി നോക്കിയും വിവരങ്ങള്‍ക്കായി കാത്തിരുന്നു. പലപ്പോഴും ചിക്കാഗോയിലും ന്യൂയോര്‍ക്കിലുമുള്ള സ്‌നേഹിതരെ വിളിച്ചന്വേഷിച്ചു കൊണ്ടിരുന്നു. മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സങ്കടം കാണാന്‍ ശേഷിയില്ലാതെ ഞാന്‍ പലപ്പോഴും കമ്പ്യൂട്ടറില്‍ കണ്ട ന്യൂസ്‌ ബുള്ളറ്റിനുകള്‍ ഓഫ്‌ ചെയ്‌തു.

പലരും എന്നോട്‌ എന്താണ്‌ കുട്ടികളുടെ തിരോധാനത്തെക്കുറിച്ച്‌ എഴുതാത്തത്‌ എന്ന്‌ അന്വേഷിച്ചു. ആ സമയങ്ങളിലൊന്നും എനിക്ക്‌ ഇതേക്കുറിച്ച്‌ എഴുതുവാനാകുമായിരുന്നില്ല. മുന്‍പ്‌ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ ഇതുപോലെയുള്ള ഓരോ മരണവാര്‍ത്തകളും സങ്കടങ്ങളും, എന്നെ വേര്‍പെട്ടുപോയവരുടെ ഓര്‍മ്മകളിലേക്ക്‌ എത്തിക്കുകയും ഇനിയും ഉണങ്ങിയിട്ടില്ലാത്ത മുറിവുകളെ കുത്തിനോവിക്കുകയും, ചെയ്യാറുണ്ട്‌.

ഇത്തരം ഹൃദയഭേദകമായ ഒരു കാര്യം എഴുതാന്‍ യാഥാര്‍ത്ഥ്യങ്ങളുടെ പിന്താങ്ങല്‍ വേണം. സത്യാവസ്ഥ അറിയണം. അത്‌ കിട്ടണമെങ്കില്‍ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട്‌ അന്വേഷിക്കണം. അതിനായി ദുഃഖിച്ചിരിക്കുന്ന കുടുംബക്കാരോട്‌ ബന്ധപ്പെടണം. അതിനുള്ള ശക്തിയുണ്ടായിരുന്നില്ല എനിക്ക്‌. അതെല്ലാം മുറ പോലെ പത്രക്കാര്‍ ചെയ്യുന്നുണ്ട്‌.

ഇനി അന്നെഴുതിയിരുന്നെങ്കില്‍ പോലും ഒരു തരത്തിലും മരിച്ച കുട്ടികളുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തി ഞാനെഴുതുമായിരുന്നില്ല. ചിലരൊക്കെ ചെയ്‌തതുപോലെ, വേദനിച്ചിരിക്കുന്ന അമ്മമാര്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടുവാന്‍ എനിക്കാവുമായിരുന്നില്ല. എനിക്കതിനു എന്താണ്‌ അര്‍ഹത? ഇവിടെ വളരുന്ന എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ നാളെ ഈ ഗതി വരില്ല എന്നെനിക്കുറപ്പില്ല. എല്ലാവര്‍ക്കും, അവരവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ നന്മ വന്നു കാണുവാന്‍ തന്നെയാണ്‌ ആഗ്രഹം. അതിനായാണവര്‍ ജീവിക്കുന്നത്‌. സഹോദരങ്ങള്‍ക്ക്‌ ആപത്തു വന്നു ചേരുമ്പോളല്ല നമ്മള്‍ കല്ലെറിയേണ്ടതും കുറ്റപ്പെടുത്തേണ്ടതും.

നമ്മുടെ കുട്ടികളുടെ നന്മയെ മുന്‍നിര്‍ത്തി ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള വ്യക്തിയാണ്‌ ഞാന്‍. രാപ്പകല്‍ ഒരിടത്ത്‌ നിന്നും മറ്റൊരിടത്തേക്ക്‌ ഓടി നടന്നു, മക്കളെ നോക്കാതെ ജോലി ചെയ്യുന്ന അമ്മമാരോട്‌ എന്‌റെ ലേഖനങ്ങളിലൂടെ പലതും ഓര്‍മ്മിപ്പിച്ചിരുന്നു. കുടുംബകാര്യങ്ങള്‍ നോക്കാതെ, ജോലിക്ക്‌ പോകാതെ, മദ്യക്കുപ്പികളുമായി രാപ്പക്കല്‍ സൗഹൃദം സ്ഥാപിക്കുന്ന അച്ഛന്മാരെയും ഞാന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മരിച്ച കുട്ടികളുടെ മാതാപിതാക്കളെ കുറ്റം പറഞ്ഞെഴുതാന്‍ എനിക്കെന്താണവരെക്കുറിച്ചറിയാവുന്നത്‌? എനിക്ക്‌ അവരെ നേരിട്ട്‌ പരിചയമില്ല. അവരുടെ ജീവിതശൈലി അറിയില്ല. അവര്‍ മക്കളെ വളര്‍ത്തിയിരിന്ന വിധം അറിയില്ല. അവരുടെ മക്കള്‍ക്ക്‌ എന്ത്‌ പറ്റിയെന്നു അവര്‍ക്ക്‌ തന്നെ അറിയാന്‍ പാടില്ലാത്ത ഒരു സാഹചര്യത്തില്‍, സത്യത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ, ഞാന്‍ എന്തെഴുതാന്‍? ഈ വാര്‍ത്തകളെല്ലാം നമ്മുടെ പത്രക്കാര്‍ പരമാവധി നമ്മളെ അറിയിച്ചിരുന്നു. അവിടെയും ഇവിടെയും കേള്‍ക്കുന്ന ഊഹാപോഹങ്ങള്‍ നമ്മുടെ സ്വാര്‍ത്ഥതയ്‌ക്ക്‌ വേണ്ടി, ഞാന്‍ എഴുത്തുകാരിയാണഅ, ഞാന്‍ ഇതേക്കുറിച്ച്‌ എഴുതിയില്ലെങ്കില്‍ സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവളായി മുദ്ര കുത്തപ്പെടും എന്ന്‌ പേടിച്ച്‌ എഴുതേണ്ട കാര്യവുമില്ല. ഇനി എഴുതിയാല്‍ തന്നെ, ഇപ്പോഴും, ചോര പൊടിഞ്ഞു വരുന്ന അവരുടെ ഹൃദയങ്ങളിലെ മുറിവുകള്‍ കുത്തിപ്പൊളിക്കാതെ, നോക്കും. അതാണ്‌ എന്നിലെ എഴുത്തുകാരിയുടെ മനുഷ്യത്വം. അതാണ്‌ എനിക്കറിയാവുന്ന സാമൂഹിക പ്രതിബദ്ധത.

അമേരിക്കയിലെ ആദ്യത്തെ മലയാളി കുടിയേറ്റക്കാര്‍ വളര്‍ത്തിയ പല കുട്ടികള്‍ക്കും കൗമാരത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഗാങ്ങുകളില്‍ ചേര്‍ന്ന മലയാളിപിള്ളേരും, അവിഹിതമുണ്ടാകുന്ന കൗമാരക്കാരികളും, അമേരിക്കക്കാരുടെ കൂടെ ഒളിച്ചോടിപ്പോയവരും ഇനിയും കണ്ടെത്തിയിട്ടില്ലാത്തവരും എല്ലാം അന്നും നടന്നിരുന്നു. അന്നതൊക്കെ ഫോണ്‍ കോളുകളിലൂടെയുള്ള പിന്നാമ്പുറ വാര്‍ത്തകളായി അവരവരുടെ പട്ടണങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു. ലോങ്ങ്‌ ഡിസ്റ്റന്‍സ്‌ കോളുകള്‍ക്ക്‌ ഡോളര്‍ എണ്ണിക്കൊടുക്കേണ്ടിയിരുന്ന കാലമായതിനാല്‍ സ്വന്തം സിറ്റി വിട്ട്‌ വാര്‍ത്തകള്‍ എങ്ങും പോയതുമില്ല. മാധ്യമങ്ങളുടെ അതിപ്രസരവും, ഇന്റര്‍നെറ്റും, ഇത്രയും പത്രങ്ങളും, ഇല്ലാതിരുന്നതിനാല്‍ ആരും കൂടുതലൊന്നും, അറിഞ്ഞതുമില്ല. അന്ന്‌ നമ്മള്‍ എണ്ണത്തിലും കുറവായിരുന്നു. ഇന്ന്‌ നമ്മളുടടെ ജനസംഖ്യ കൂടി. ആശയവിനിമയം ചെയ്യുന്ന രീതി മാറി. ഇന്ന്‌, എല്ലാവരും എല്ലാം വേഗം അറിയുന്നു.

മറ്റു പല കുടിയേറ്റക്കാരെയും പോലെ തന്നെ അമേരിക്ക എന്ന സ്വപ്‌നം സാമ്രാജ്യത്തില്‍ ജീവിതം പടുത്തുയര്‍ത്താന്‍ ഇവിടേക്ക്‌ വിമാനം കയറിയവരാണ്‌ നാം. അതില്‍ ഞങ്ങളെപ്പോലെ കൗമാരപ്രായത്തില്‍ മാതാപിതാക്കള്‍ കൊണ്ട്‌ വന്നവരും, ജീവിത പങ്കാളികള്‍ സ്‌പോണ്‍സര്‍ ചെയ്‌തു കൊണ്ട്‌ വന്നവരും, വിദ്യാഭ്യാസത്തിനായി വന്ന്‌ ഇവിടെ തങ്ങിയവരും, ഉദ്യോഗസ്ഥരും, കുടിയേറിയവരും, ഗാനമേളക്കാരുടെയും സിനിമാക്കാരുടെയും കൂടെ വന്നു മുങ്ങിയവരും എല്ലാവരും പെടുന്നു.

അമേരിക്ക വെച്ച്‌ നീട്ടുന്ന വന്‍സൗഭാഗ്യങ്ങളില്‍ നന്മയും തിന്മയുമുണ്ട്‌. അമേരിക്കക്കാരെ പോലെ നാം വളര്‍ത്തുന്ന, അല്ലെങ്കില്‍ അങ്ങനെ വളരാന്‍ ഇഷ്‌ടപ്പെടുന്ന ഇളം തലമുറക്കാര്‍, എന്റെ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക്‌, വെള്ളക്കാരന്റെയോ ആഫ്രിക്കന്‍ അമേരിക്കന്റെയോ കുട്ടികള്‍ക്ക്‌ വന്നു ചേരുന്ന സൗഭാഗ്യങ്ങളും, അതേ അളവില്‍ വന്നു ഭവിക്കുന്ന ദൗര്‍ഭാഗ്യങ്ങളും യാതൊരു വ്യത്യാസവുമില്ലാതെ സംഭവിക്കുമ്പോള്‍ അന്യോന്യം കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. ജീവിക്കുവാന്‍ ഈ രാജ്യം തിരഞ്ഞെടുത്തതും ഇവിടെ മക്കളെവളര്‍ത്താന്‍ തീരുമാനിച്ചതും എല്ലാം നമ്മള്‍ തന്നെയാണ്‌. നമുക്ക്‌ ഉചിതമെന്ന്‌ തോന്നിയ കാര്യങ്ങള്‍ നാം ചെയ്‌തു പോരുന്നു. ആദ്യകാല മലയാളി കുടിയേറ്റക്കാര്‍ അമേരിക്കയിലോ, കാനഡയിലോ വളര്‍ത്തിയ കുട്ടികളില്‍ നല്ല ശതമാനവും, പ്രശ്‌നങ്ങളിലൊന്നും പെടാതെ രക്ഷപെട്ട്‌ പോയത്‌, നിങ്ങളുടെ ഭാഗ്യവും ദൈവാനുഗ്രഹവും എന്ന്‌ കരുതുക.

എല്ലാം നന്നായി വരുമ്പോള്‍ അത്‌ വളര്‍ത്തിയവരുടെ കഴിവ്‌. ഇതുപോലെ ഒരു ദുരവസ്ഥ വന്നാല്‍ അത്‌ വളര്‍ത്തു ദോഷമെന്ന്‌ ആക്ഷേപിച്ച്‌ കാടടച്ചു കല്ലെറിയുന്നവരോട്‌ ഒരു വാക്ക്‌. നിങ്ങള്‍ നിങ്ങളുടെ മക്കളെ ചൊല്ലി കേഴുവിന്‍. നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യത്തെ കല്ലെറിയട്ടെ. ഇനി മക്കളെചൊല്ലി കരയുവാന്‍ വിഷയം ഇല്ലാത്തവര്‍ കൊച്ചു മക്കളെ ചൊല്ലി പ്രാര്‍ത്ഥിക്കട്ടെ. മൂന്നാം തലമുറയ്‌ക്ക്‌ എന്താണ്‌ സംഭവിക്കുവാന്‍ പോകുന്നത്‌ എന്ന്‌ നാം ഓര്‍ക്കുകയേ വേണ്ട. മതത്തിന്റെയോ ജാതിയുടെയോ വിഷം കുത്തിവെയ്‌ക്കുന്ന ജാതിക്കോമരങ്ങളും മതഭ്രാന്തന്മാരുമില്ലാതെ, കിട്ടുന്നതില്‍ നല്ല പങ്കും മതസ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുവാന്‍ പകുത്തു കൊടുക്കേണ്ട ഗതികേടിലാതെ, അവര്‍ ഏഷ്യന്‍ അമേരിക്കനെന്നോ, ഇന്ത്യന്‍ അമേരിക്കനെന്നോ സ്വയം വിശേഷിപ്പിച്ച്‌, അമേരിക്കയോട്‌ അലിഞ്ഞു ചേര്‍ന്ന്‌ കൊള്ളും. അതിന്റെ അടുത്ത തലമുറ എങ്ങിനെയാകും? അതിനും അടുത്തതോ? അതെ, ഒരു പരിധി വരെ കാര്യങ്ങള്‍ നമ്മുടെ പിടിവിട്ടുപോയിരിക്കുന്നു' ഇനി നമ്മുടെ കുഞ്ഞുങ്ങളെ എങ്ങിനെ തിരിച്ചു പിടിക്കാം എന്ന്‌ ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു....എന്താണ്‌ ഇങ്ങിനെ എല്ലാം സംഭവിക്കുന്നത്‌, എന്ന്‌ `ഓരോ കുടുംബവും, കുടുംബവും, മക്കളുടെ കൂടെ ഇരുന്നു ചര്‍ച്ചചെയ്യേണ്ടതാണ്‌. അവര്‍ക്ക്‌ പറയാനുള്ളത്‌ നമുക്ക്‌ കേട്ട്‌ നോക്കാം. എല്ലാ സംഘടനകളും, ഒരുമിച്ച്‌ .. അമേരിക്കന്‍ സമൂഹത്തെയും, കൂടെ ഉള്‍പ്പെടുത്തി, കാര്യങ്ങള്‍ക്ക്‌ തീരുമാനമുണ്ടാക്കേണ്ടതുണ്ട്‌. ഇക്കാര്യത്തിലുള്ള അവരുടെ അനുഭവങ്ങളും ചോദിച്ചറിയാം. ഓരോ തുരുത്തുകളായി നിലകൊള്ളാതെ മക്കളുടെ കാര്യങ്ങളിലെങ്കിലും, നമുക്ക്‌ ഒരുമിക്കാം. ഒറ്റ ദിവസം കൊണ്ട്‌ ഒരു അഴിച്ചു പണിയുണ്ടാവില്ലെങ്കിലും കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി തീര്‍ച്ചയായും, നാം ഒന്നിക്കേണ്ടിയിരിക്കുന്നു.
അവര്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ (മീനു എലിസബത്ത്‌)
Join WhatsApp News
Tom Mathews 2014-04-01 04:13:35
Dear Ms. Meenu Elizabeth; Recently, I had the opportunity of meeting you at a Malayalee gathering. Frankly, I was impressed by your traits of genuine concern for humanity and a passion for music and literature, not to mention Nature's generous beauty bestowed on you. Keep writing. Amazing, my friend. Tom Mathews, New Jersey.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക