Image

ടൂറിസം വികസനം; വീസയില്ലാത്ത യാത്ര ഇന്ത്യയുടെ പരിഗണനയില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 12 November, 2011
ടൂറിസം വികസനം; വീസയില്ലാത്ത യാത്ര ഇന്ത്യയുടെ പരിഗണനയില്‍
പാരീസ്‌: ഇന്ത്യയിലെ ടൂറിസം വ്യവസായ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വീസയില്ലാതെ യാത്രാനുമതി നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. വീസ നിയന്ത്രണങ്ങള്‍ കൂടുതല്‍ ടൂറിസ്റ്റ്‌ സൗഹാര്‍ദപരമാകണമെന്ന്‌ ഇന്ത്യയുടെ ടൂറിസം മന്ത്രി സുബോധ്‌കാന്ത്‌ സഹായ്‌ വാര്‍ഷിക ടൂറിസം സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വിവിധ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാര്‍ പാരീസില്‍ നടന്ന മൂന്നു ദിവസം കൂടിയ യോഗം സംഘടിപ്പിച്ചത്‌ യുഎന്‍ വേള്‍ഡ്‌ ടൂറിസം ഓര്‍ഗനൈസേഷനാണ്‌. പരിപാടിയിലേക്ക്‌ ജി20 രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരെ ക്ഷണിച്ചിരുന്നു. ടൂറിസം പദ്ധതികളും സാമ്പത്തിക വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്‌തു.

ടൂറിസത്തിന്റെയും തൊഴില്‍ വിപണിയുടെയും വളര്‍ച്ചയ്‌ക്ക്‌ ടൂറിസം ചട്ടങ്ങളില്‍ ഇളവുണ്‌ടാകണമെന്നാണ്‌ സഹായ്‌ അഭിപ്രായപ്പെട്ടത്‌. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ടൂറിസം മേഖലയില്‍ ഗണ്യമായ വളര്‍ച്ചയാണ്‌ ഇന്ത്യ പ്രതീക്ഷിക്കുന്നത്‌. 2017ഓടെ രാജ്യം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ രണ്‌ടരക്കോടിയുടെ വര്‍ധന കണക്കാക്കുന്നു.

ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു തന്നെ പരിഹാരമായാണ്‌ ടൂറിസം വികസനത്തെ യുഎന്‍ വേള്‍ഡ്‌ ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ തലെബ്‌ റിഫായ്‌്‌ ചൂണ്‌ടിക്കാട്ടിയത്‌. ടൂറിസം വഴി തൊഴിലില്ലായ്‌മയും കയറ്റുമതിയുടെ അപര്യാപ്‌തതയും സാമ്പത്തിക വളര്‍ച്ചയിലെ കുറവും പരിഹരിക്കാമെന്ന്‌ റിഫായ്‌ അഭിപ്രായപ്പെട്ടു.

യുഎസ്‌, ഓസ്‌ട്രേലിയ, കാനഡ, യുകെ, ന്യൂസിലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന സ്വന്തം പൗരന്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കുന്നുണ്‌ട്‌. ഇതു പിന്‍വലിപ്പിക്കാന്‍ ഇന്ത്യ ഊര്‍ജിത ശ്രമം തുടരുന്നു. വിദേശമന്ത്രി എസ്‌.എം. കൃഷ്‌ണ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനവേളയിലും മുന്നറിയിപ്പു പിന്‍വലിക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
ടൂറിസം വികസനം; വീസയില്ലാത്ത യാത്ര ഇന്ത്യയുടെ പരിഗണനയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക