Image

'രാജകുടുംബത്തിന് ക്ഷേത്രത്തിന് മേലുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയണം'

Published on 18 April, 2014
'രാജകുടുംബത്തിന് ക്ഷേത്രത്തിന് മേലുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയണം'

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണത്തില്‍ രാജകുടുംബാംഗങ്ങള്‍ ഇടപെടരുതെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭരണത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രാജകുടുംബത്തിന് രേഖാമൂലം അറിയിക്കാം. ക്ഷേത്രത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ഇടക്കാല ഭരണസമിതിയെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രനടത്തിപ്പില്‍ ഗുരുതര വീഴ്ച സംഭവിക്കുന്നുണ്ട്. സ്വകാര്യസ്വത്ത് എന്ന നിലയിലാണ് ക്ഷേത്രസ്വത്ത് രാജകുടുംബം കൈകാര്യം ചെയ്യുന്നത്. രാജകുടുംബത്തിന് ക്ഷേത്രത്തിന് മേലുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയണം. ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ നീക്കണം. ക്ഷേത്ര കണക്കുകള്‍ മുന്‍ സി.എ.ജി വിനോദ് റായിയെ കൊണ്ട് പരിശോധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

ഏപ്രില്‍ 23ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Join WhatsApp News
Aniyankunju 2014-04-18 20:06:31
.......575 പേജുള്ള report. ഏപ്രില്‍ 15ന് സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ 129 നിര്‍ദേശമാണുള്ളത്. ക്ഷേത്രഭരണത്തില്‍ ഗുരുതരമായ ക്രമക്കേടുള്ളതായി റിപ്പോര്‍ട്ടിലുണ്ട്. എ, ബി, സി, ഡി കല്ലറകള്‍ക്ക് മുകളിലൂടെ കിഴക്കേ പ്രവേശനകവാടത്തിലേക്ക് ഇടനാഴിയുള്ള കാര്യം രാജകുടുംബം മറച്ചുവച്ചതില്‍ ദുരൂഹതയുണ്ട്. ഈ വഴിക്ക് തൊട്ടുതാഴെയാണ് കോടികള്‍ വിലപിടിപ്പുള്ള നിധിശേഖരം. ഇത് വവ്വാലുകളെയും മറ്റും നീക്കി വൃത്തിയാക്കി സുരക്ഷിതമായി ബന്ധിക്കണം. CCTV ക്യാമറ വയ്ക്കണം. രാജകുടുംബത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയണം. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാരിനും അനാസ്ഥയുണ്ട്. സ്വകാര്യസ്വത്തുപോലെയാണ് ക്ഷേത്രം പരിപാലിക്കുന്നത്. മുപ്പത് വര്‍ഷമായി കണക്ക് പരിശോധിക്കുന്നില്ല. ക്ഷേത്രഭൂമിക്ക് രേഖകളില്ല. രാജകുടുംബത്തിന്റെ കൈവശമുള്ള നിലവറകളുടെ താക്കോലുകള്‍ ജില്ലാ ജഡ്ജിക്ക് കൈമാറണം. വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം നിശ്ചയിക്കണം. നൈവേദ്യം തയ്യാറാക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സച്ചിദാനന്ദനെ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കണം. താല്‍ക്കാലിക ഭരണസമിതി അധ്യക്ഷനായി രംഗാചാരിയെ വയ്ക്കണം. അംഗങ്ങളായി സച്ചിദാനന്ദനെയും തന്ത്രിമാരായ സതീശന്‍ നമ്പൂതിരി, സജി നമ്പൂതിരി, കുട്ടന്‍ നമ്പൂതിരി എന്നിവരില്‍ ഒരാളെയും വയ്ക്കണം. മുഖ്യ നമ്പി, ഗോശാല വാസുദേവന്‍, പി രാജന്‍പോറ്റി, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരെയും അംഗങ്ങളാക്കണം. കല്ലറ B ദേവപ്രശ്നം നടത്തി ഉടന്‍ തുറക്കണം. ചുമര് ശക്തിപ്പെടുത്തണം. കല്ലറ ഡി ഉള്‍പ്പെടെ നിലവില്‍ മുദ്രവച്ച രീതി അപര്യാപ്തമാണ്. അഡ്വക്കറ്റ് കമീഷന്‍ മുദ്രവച്ച് താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണം. 25 വര്‍ഷത്തെ കണക്ക് പരിശോധിക്കാന്‍ വിനോദ് റായിയെ ചുമതലപ്പെടുത്തണം. ഇതിനായി എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ അധികാരം നല്‍കണം. ക്ഷേത്രാഭരണങ്ങളും മറ്റും സൂക്ഷിക്കുന്നതിന് സുരക്ഷിതസ്ഥലം വിനോദ് റായ് കണ്ടെത്തണം. റായിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ഒരുക്കണം. ക്ഷേത്രത്തിന് ഒട്ടനവധി ബാങ്ക് അക്കൗണ്ട് ഉണ്ട്. എങ്ങോട്ട് ഒക്കെയാണ് പണമൊഴുക്കെന്നത് വ്യക്തമല്ല. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ കടത്ത് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അമിക്കസ് ക്യൂറി സ്വര്‍ണംപൂശാന്‍ ഉപയോഗിക്കുന്ന സ്വിസ് നിര്‍മ്മിത യന്ത്രം കണ്ടെടുത്തതായും റിപ്പോര്‍ട്ട് ചെയ്തു. വനിതാജീവനക്കാരിക്ക് നേരെ ലൈംഗീകാതിക്രമം നടന്നതായി പരാതി ലഭിച്ചു. ഇക്കാര്യം പരിശോധിക്കണം. കല്ലറകള്‍ക്കുള്ളില്‍ മറ്റ് കല്ലറകള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. പരമ്പരാഗത ആചാരങ്ങള്‍ നിലനിര്‍ത്താന്‍ ലക്ഷ്മിബായിയെ ചുമതലപ്പെടുത്തണം. ഗൗതം പത്മനാഭനെ പ്രസിഡന്റ് എക്സിക്യൂട്ടീവ് ഓഫീസറായി നിയോഗിക്കണം. ക്ഷേത്രസുരക്ഷയുടെ ചുമതലയുള്ള കേരള പൊലീസ് കമാന്‍ഡന്റ് രാജനെ ചീഫ് വിജിലന്‍സ് ഓഫീസറായി പുതിയ നിയമനംവരെ ചുമതലപ്പെടുത്തണം. ക്ഷേത്രപുനരുദ്ധാരണത്തിന് പ്രൊഫ. എം ജി ശശിഭൂഷണ്‍, ലക്ഷ്മിബായ്, ഡോ. എം വേലായുധന്‍നായര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി ഉണ്ടാക്കണം. ബാങ്ക് അക്കൗണ്ടുകള്‍ വിനോദ് റായിയുടെ നിര്‍ദേശപ്രകാരം ക്രമീകരിക്കണം. നരസിംഹമൂര്‍ത്തി കോവിലിന്റെ കല്ലുകള്‍ക്ക് കേടുപാടുകളുണ്ട്. ഇത് ഉടന്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. ശ്രീകോവിലിന്റെ കലാസൗന്ദര്യം വീണ്ടെടുക്കണം. ചോര്‍ച്ച പരിഹരിക്കണം. ദര്‍ശനസമയം വര്‍ധിപ്പിക്കണം.......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക