Image

വെള്ളാനി- (മിനിക്കഥ : പി.റ്റി. പൗലോസ്)

പി.റ്റി. പൗലോസ് Published on 30 April, 2014
വെള്ളാനി- (മിനിക്കഥ : പി.റ്റി. പൗലോസ്)
വെള്ളാനി ഒരു വലിയ മനുഷ്യനായിരുന്നു. ആറടി പൊക്കം, അതിനൊത്തവണ്ണം, ഇരുണ്ട നിറം, ചുവന്നു തുറിച്ച കണ്ണുകള്‍, പുകയിലക്കറവീണ പല്ലുകള്‍, മുകളിലേക്കുപിരിച്ച വലിയ മീശ. രൗദ്രഭാവം, തലയില്‍ തോര്‍ത്തുകൊണ്ടൊരുകെട്ട്, കളങ്ങളുള്ള കയിലിമുണ്ട്, മുഷിഞ്ഞ് അവിടവിടെ പിഞ്ചിയ ബനിയന്‍. ഇതെല്ലാമാണ് വെള്ളാനി. വെള്ളാനി എനിക്കെന്നും ഒരു അത്ഭുതമായിരുന്നു.

 കാടിമറ്റം കാവിന്റെ പടിഞ്ഞാറു വശത്തുള്ള തോടുംകടന്ന് ചെല്ലുമ്പോഴുള്ള ഓലക്കുടിലിലാണ് വെള്ളാനിയുടെ താമസം. അതിന്റെ മുന്നിലൂടെ നടന്നാണ് ഞങ്ങള്‍ സ്‌ക്കൂളില്‍ പോകാറ്. ഞങ്ങളെകാത്ത് എന്നും വെള്ളാനി വീട്ടുമുറ്റത്തുണ്ടാകും. വെള്ളാനിക്ക് എന്നും ഞങ്ങള്‍ പ്രിയപ്പെട്ടവരായിരുന്നു. പക്ഷെ, ഞങ്ങള്‍ക്ക് വെള്ളാനിയെ പേടിയാണ്. ഞാനന്ന് ഏഴാം ക്ലാസ്സില്‍. ഒരു ദിവസം ആരോ പറഞ്ഞു: “വെള്ളാനിത്തൂങ്ങിച്ചത്തു” കടിച്ചനാക്കും തുറിച്ചകണ്ണുകളും കടവായില്‍ നുരയും പതയും പറ്റിപ്പിടിച്ച് തലചെരിച്ച് തൂങ്ങിയാടുന്ന വെള്ളാനിയെ ഞാന്‍ പോയി കണ്ടു. ഞാനാദ്യമായി തൂങ്ങിമരണം കാണുകയാണ്.

അന്നുരാത്രിയില്‍ കാടിമറ്റം കാവില്‍ മുടിയേറ്റ്. ചെണ്ടകളുടെ ശബ്ദം ഉയര്‍ന്നു താഴുന്നു. തൂങ്ങിയാടുന്ന വെള്ളാനിയുടെ തണുപ്പ് എന്നിലേക്കരിച്ചുകയറുന്നു. ഒപ്പം ചെണ്ടമേളങ്ങളുടെ ശബ്ദം ഉയര്‍ന്നുയര്‍ന്നുവരുന്നു. കാടിമറ്റത്തമ്മ തിരുപ്പാട്ടുരപ്പനെ തൊട്ടുരുമ്മുന്നതിന് മുമ്പായി പാറമ്പുഴതോട്ടില്‍ ഒരുകളിയുണ്ട്. പിന്നെ തോട്ടരുകിലെ യക്ഷിക്കാവിലാണ് തിരുസംഗമം. ഇപ്പോള്‍ സംഗമവേള… ചെണ്ടമേളം ഉച്ചസ്ഥായിയില്‍ എത്തി. ഞാന്‍ കണ്ണുകള്‍ കൂട്ടിയടച്ചു. വെള്ളാനിയുടെ തുറിച്ച കണ്ണുകള്‍ അപ്പോഴും എന്നിലേക്ക് ചൂഴ്ന്നിറങ്ങുന്നു.


വെള്ളാനി- (മിനിക്കഥ : പി.റ്റി. പൗലോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക