Image

കാവ്യാംഗനയുടെ ചോദ്യം (കവിത:വാസുദേവ്‌ പുളിക്കല്‍)

Published on 05 May, 2014
കാവ്യാംഗനയുടെ ചോദ്യം (കവിത:വാസുദേവ്‌ പുളിക്കല്‍)
കാവ്യാംഗനയൊരുചോദ്യവുമായി
കാവ്യലോകത്തേക്കിറങ്ങിവന്നു
അക്ഷരമാലകളണിഞ്ഞുമണിവിരല്‍
മോതിരമിട്ട്‌ മറച്ച്‌ പിടിച്ചും
ആപാദചൂഡമണിഞ്ഞൊരുനേരിയ
പുടവതുമ്പുകള്‍ കാറ്റിലുലച്ചും
നെറ്റികുറിയിലെ കുങ്കുമമിത്തിരി
കയ്യിലെടുത്തവള്‍ചോദ്യമെഴുതി
സുലളിതമോഹന കല്‍പ്പനകള്‍
പൊന്‍ ചിറകില്‍പാറിനടക്കുമ്പോള്‍
ദുര്‍ഗ്രഹയായൊരഭിസാരികയായ്‌
എന്നെദുഷിപ്പിക്കുന്നൊരുദുഷ്‌ടര്‍
മൂകയും ബധിരയും ഭ്രാന്തിയുമായ്‌
പൊട്ടിപെണ്ണായ്‌ കരുതരുതെന്നെ
ഞാനോ കവിതമനോഹരിയായവള്‍
ഭാഷകള്‍ ചൂടും വാടാ ഹാരം
എന്നിലെയിതളുകള്‍നുള്ളിയെറിഞ്ഞും
എന്നിലെ ഗന്ധം കാറ്റിലെറിഞ്ഞും
വാക്കുകള്‍വെട്ടി, കുത്തിമലര്‍ത്തി
ശവമാക്കുന്നുനൂതന കവികള്‍
കടലാസ്സ്‌പൂവ്വായിമാറ്റുന്നുചിലര്‍
എന്നെ, കവികള്‍ കലയില്ലാത്തോര്‍
പഴമയിലെന്നും പുണ്യം പുലരുമൊരനര്‍ഘ
സുന്ദര കവിതകള്‍ എവിടെ?

*************************
കാവ്യാംഗനയുടെ ചോദ്യം (കവിത:വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
vaayanakkaaran 2014-05-05 19:24:54
'മോതിര കൈവിരല്‍ നഖം കടിച്ചും 
മുഖം കുനിച്ചും വിരല്‍ പിണച്ചും
നീ നില്‍ക്കുമ്പോള്‍ 
നിന്‍റെ നാണം കാണാനെന്തു ചന്തം, 
നിന്നെ കാണാനെന്തു ചന്തം'

ഹന്ത നാണത്തിൻ ചന്തം മാത്രമല്ല ഇന്ത കാലത്തെ ചന്തം.
vayankaaran 2014-05-06 08:09:04
ഇന്ത കാലത്തെ ചന്തം ഒന്നും മനസ്സിലാകാതിരിക്കുക എന്നായിരിക്കും. എന്തായാലും വിദ്യാധരൻ സാർ എന്ത് പറയുന്നു എന്ന കാത്തിരിക്കാം. Vayanakaaran 2
വിദ്യാധരൻ 2014-05-06 10:20:09
സുന്ദരിയായ എന്റെ കാവ്യാംഗനായുടെ പദസ്വനമൊ അതല്ലെങ്കിൽ ആരെങ്കിലും ആ 'നിഖില യുവജന മനാംസിയെക്കുറിച്ച്' പറയുകയോ ചെയ്യതാൽ എനിക്ക് ശ്രെദ്ധിക്കാതിരിക്കാൻ കഴിയില്ല. ആധുനിക കവിതയുടെ മറവിൽ നിന്ന് കാവ്യാംഗനയെ ഒരഭിസാരികയാക്കാൻ പല വിദന്മാരായാ കപികളും ശ്രമം തുടങ്ങിയിട്ട് കാലം കുറെയായി. നൂറ്റാണ്ടുകളായി ഇവളുടെ സൌന്ദര്യത്തിൽ ഭ്രമം പൂണ്ട താപസ്ന്മാരും ഋഷികളും ദൂരെ നിന്ന് അവളെ കളങ്കപ്പെടുത്താതെ അവളുടെ സൗന്ദര്യത്തെ അവരുടെ തൂലികയിലൂടെ നമൾക്കായി കൊറിയിട്ടപ്പോൾ, അതെല്ലാം പഴെഞ്ചെൻ അല്ലെങ്കിൽ മുപ്പതു വർഷമെങ്കിലും പഴക്കമുള്ളതെന്നു പറഞ്ഞു ആധുനികന്മാർ രംഗത്ത് വരികയും എന്റെ കാവ്യ സുന്ദരിയെ 'അഭിസാരികയാക്കാൻ' ശ്രമിച്ചു. വൃത്തങ്ങൾകൊണ്ടും അലങ്കാരങ്ങൾകൊണ്ടും നമ്മളുടെ പൂർവ്വികർ കാത്തു സൂക്ഷിച്ച ആ സുന്ദരിയുടെ പർണ്ണശാല പൊളിച്ചു അവളെ മാനഭംഗപ്പെടുത്താൻ ചിലർ ഇന്നും ശ്രമം നടത്തുകയാണ്. അതിൽ തങ്ങളുടെ വിദ്യാഭാസവും ഭൗതികമായാ നേട്ടങ്ങളും പരിചയാക്കി സാധാരണക്കാരന് മനസ്സിലാകാത്ത ' രസതന്ത്ര സമവാക്ക്യങ്ങൾ പോലത്തെ കവിതകൾ എന്ന കൃത്രിമ സുന്ദരികളെ ഇറക്കി "കനക ചിലങ്ക കിലുങ്ങി കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി കടമിഴികോണുകളിൽ സ്വപ്നം മയങ്ങി കതിരുതിർ പൂപുഞ്ചിരി ചെഞ്ചുണ്ടിൽ തങ്ങി ഒഴുകും ഉടയാടകളിൽ ഒളിയലകൾ ചിന്നി അഴകൊരുടലാർന്നപോലങ്ങനെ മിന്നി മതിമോഹന ശുഭനർത്തനമാടുന്ന യീമഹിതെ മമ മുന്നിൽ 'നില്ക്കും' ഈ മലയാള കവിത" യെ ഒരിക്കലും അഭിസാരികയാക്കാൻ ഇവളുടെ കടാക്ഷം ലഭിച്ചിട്ടുള്ള ആർക്കാണ് സാധിക്കുക. കവിതയിലൂടെ കവി ഉയർത്തിയിരിക്കുന്ന ചോദ്യം കാമാന്ധരായാ, കാവ്യംഗനയെ നിരന്തരം പീടിപ്പിച്ചുകൊണ്ടിരിക്കുന്ന കാപാലികരുടെ കണ്ണ്തുറക്കാൻ പരിയാപ്തം ആകെട്ടെ എന്ന് ആശിക്കുന്നു. ഇത്തരം ഒരു ചിന്ത അവതരിപ്പിച്ച കവിക്ക്‌ അഭിനന്ദനം
vaayanakkaaran 2014-05-06 18:07:39
ആദിതാളത്തിന്റെ ബാലപാഠത്തിൽ നിന്നും  കാവ്യാംഗനയെക്കൊണ്ട്  എങ്ങനെ  നൃത്തം ചെയ്യണമെന്ന് പറയിക്കാൻ വളരെ ദൂരം താണ്ടണം  കവീ.  ആയിരമായിരം വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ നൃത്തം മനുഷ്യനുള്ള കാലത്തോളം പുതിയ രൂപ ഭാവങ്ങളോടെ  തുടർന്നുകൊണ്ടേയിരിക്കും. ആസ്വദിക്കുവാൻ പറ്റുന്നത് ആസ്വദിക്കുക. ഇല്ലെങ്കിൽ പഴയ ടേപ്പുകൾ കാണാമല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക