Image

തട്ടുകട സംസ്‌കാരവും അര്‍ത്ഥരഹിതമായ കൂട്ടായ്മകളും- കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക്

കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക് Published on 24 June, 2014
തട്ടുകട സംസ്‌കാരവും അര്‍ത്ഥരഹിതമായ കൂട്ടായ്മകളും- കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക്
കേരളത്തില്‍ നിന്നും എത്തിയ ഒരു സാഹിത്യകാരന്‍ ന്യൂയോര്‍ക്കിലെ ഒരു സമ്മേളനത്തിനു ശേഷം പ്രൗഢഗംഭീരമായ ഒരു വേദിയില്‍ അദ്ദേഹം പ്രസംഗിക്കുന്ന ചിത്രം കാട്ടിതന്നു; ഒപ്പം തലതാഴ്ത്തിപറഞ്ഞു, വേദിയേ ഉണ്ടായിരുന്നുള്ളൂ. അത്താഴം കഴിച്ച്, ഒരു ഫോട്ടോയും എടുത്തു വാര്‍ത്ത കൂടി എഴുതിക്കൊടുക്കാന്‍ നിര്‍ബ്ബന്ധിച്ചത്രേ. വളരെ പ്രതീക്ഷയോടെ തയ്യാറാക്കിയ ആശങ്ങളുടെ വീര്‍പ്പുമുട്ടലും അസഹനീയതയും ആ മുഖത്ത് കരിനിഴല്‍ പരത്തിയിരുന്നതു പ്രകടമായിരുന്നു. വാര്‍ത്തയും ചിത്രങ്ങളും പിന്നീട് പ്രവാസിക്കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
കുടിയേറ്റ ഭൂമിയിലെ പരിണാമദിശയിലുള്ള സാംസ്‌കാരിക പരിമിതികള്‍ സ്വാഭാവീകമായിരിക്കാം. ഏതാണ്ടു 4 പതിറ്റാണ്ടു പിന്നിട്ടിട്ടും; വര്‍ദ്ധിച്ച കുടിയേറ്റ സമൃദ്ധി ഉണ്ടായിട്ടും, അമേരിക്കന്‍ മലയാളി സാംസ്‌കാരിക സമൂഹത്തിന്റെ ശൈശവാരിഷ്ടകള്‍ മാറിയിട്ടില്ല.

കാലപ്രവാഹത്തില്‍ എവിടെയോ കടന്നുകൂടിയ തട്ടുകട സംസ്‌കാരം മലയാളി സംഘടനകളുടെ കൂട്ടായ്മയുടെ നന്മകള്‍ പാടേ ഇല്ലാതാക്കുകയാണ്. അര്‍ത്ഥമുള്ള നേതൃത്വവും കൂട്ടായ്മകളും അവിടവടെയായി നിലനില്‍ക്കുന്നു എന്നത് ആശാവഹം;  എങ്കിലും സംഘടനകളുടെ വെണ്‍കുറ്റക്കുട എന്ന നിലയില്‍ മാത്സര്യബുദ്ധിയോടെ തട്ടിക്കൂട്ടുന്ന നാമമാത്ര സംഘടനകള്‍ ദുര്‍ബലമായ സംഘടനാ മാതൃകകളായി കൂടി വരുന്നത് ആരോഗ്യപരമായ സമീപനമല്ല. വോട്ടിനും അധികാരം പിടിച്ചെടുക്കാനുമായി മാത്രം സംഘടിപ്പിക്കുന്ന പേപ്പര്‍ കൂട്ടായ്മകള്‍, അവയുടെ പ്രഹസനമായ ചിത്രങ്ങളും വാര്‍ത്തകളും ജുഗുപ്‌സാവഹമാണ്.

പ്രവേശനം പൂര്‍ണ്ണമായി, വാതില്‍ അടച്ചുകഴിഞ്ഞു; എന്നു കൊട്ടിഘോഷിച്ചശേഷവും നിലക്കാത്ത പ്രവാഹം പോലെ നടത്തപ്പെടുന്ന കിക്കോഫ് മീറ്റിംഗുകള്‍ മാദ്ധ്യമങ്ങളില്‍ വന്നു നിറയുമ്പോള്‍ ഒന്നു കിക്കുചെയ്യുവാനാണ് തോന്നുക.  എഴുത്തുകാരോടോ, പരസ്യംകൊടുന്നവരോടോ യാതൊരു പ്രതിബന്ധതയുമില്ലാതെ, ഫണ്ടുശേഖരണത്തിനായി മാത്രം ചടച്ചു കൂട്ടുന്നു സുവനീറുകള്‍, പല ഗാരേജുകളിലും അന്ത്യവിശ്രമം കൊള്ളുന്നു എന്നറിയാമെങ്കിലും, പടവും പരസ്യങ്ങളുമായി വിവിധ സുവനീറുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. നൂരുകണക്കിനു കമ്മിറ്റികളും പലതരത്തിലുള്ള സ്ഥാനമാനങ്ങള്‍, അവ തുക ഉറപ്പാക്കി വിതരണം ചെയ്തുവരുമ്പോഴേക്കും, സമ്മേളനങ്ങളുടെ അടിസ്ഥാന ചിലവുകള്‍ക്കുള്ള വട്ടം ഉറപ്പായി. എല്ലാ പ്രവര്‍ത്തനങ്ങളിലും മസിലുപിടിച്ച്, സ്റ്റേജ് കയ്യടക്കി, ഫോട്ടോ ഉറപ്പാക്കിയശേഷം വേദി വിട്ടുപൊയ്‌ക്കൊണ്ടിരിക്കുന്ന മുഖ്യ നായകരും, അവരെ പിന്‍ചുറ്റി തേനീച്ചപോലെ പറന്നുനടക്കുന്ന കമ്മിറ്റിയും, ആകെ കുറെ മരങ്ങളുടെയും സെക്യൂരിറ്റിക്കാരെയും സാക്ഷി നിര്‍ത്തി നടത്തപ്പെടുന്ന വര്‍ണാഭമായ ഘോഷയാത്ര, ശ്രോതാക്കളെക്കാള്‍ കൂടുതല്‍ സാന്നിദ്ധ്യത്തോടെ വീര്‍പ്പുമുട്ടുന്ന വേദികള്‍, ചിരിക്കണമോ കരയണമോ എന്നു ചിന്തിപ്പിക്കുന്ന ചിരിയരങ്ങുകള്‍ ഒരേ സമയത്ത് നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പുഴപോലെ ഒഴുകി നടക്കുന്ന  ശ്രോതാക്കള്‍, ഒന്നിലും പെടാതെ അബോധതലത്തില്‍ കറങ്ങിനടക്കുന്ന ലോലഹൃദയര്‍, വ്യക്തമായി സംസാരിക്കാന്‍ സാധിക്കില്ല എങ്കിലും, തന്റെ ജീവിതവും സേവനവും മലയാളി സമൂഹത്തിന്റെ നേതൃത്വത്തിനു മാത്രമായി അര്‍പ്പിച്ചു മുഖ്യപദം അലങ്കരിച്ചു കൊണ്ടേയിരിക്കുന്ന അനിഷേധ്യ നേതാക്കള്‍, അക്ഷരവുമായി പുലബന്ധം പോലുമില്ല എങ്കിലും ഏതൊക്കെയോ മാദ്ധ്യമങ്ങളുടെ ലേബലില്‍ മീഡിയ വമ്പന്മാരായി, നാട്ടില്‍ നിന്നും എത്തുന്ന മാധ്യമപ്രവര്‍ത്തകരോടു തോളോടുതോള്‍ ചേര്‍ത്ത്, അമേരിക്കന്‍ മാദ്ധ്യമരംഗത്തെ ചെരുന്തച്ചന്മാര്‍ ഒക്കെ നമ്മുടെ സാധാരണ കാഴ്ചകളാണല്ലോ.

ചേംബര്‍ ഓഫ് കോമേഴ്‌സ്, പ്രസ്‌ക്ലബ്ബ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി, നാഷ്ണല്‍ കോണ്‍ഗ്രസ്, ലൈബ്രറി, സാംസ്‌കാരിക സംഘടനകളുടെ കുലപതി, കോണ്‍സുലേറ്റിലും എംബസികളിലും നിത്യ സന്ദര്‍ശകന്‍ ഇങ്ങനെ അമേരിക്കയിലും കേരളത്തിലുമായി പാറിപ്പറന്നു നടക്കുന്ന അത്ഭുതപ്രതിഭകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പൊതുജനങ്ങളുടെ വിയര്‍പ്പിന്റെ അദ്ധ്വാനമാണ് ഇവരുടെ മുതല്‍ മുടക്ക്. ചാരി നിന്നാല്‍ സ്ഥാനമാനങ്ങള്‍, ചവിട്ടിയാണ്. പണി ഉറപ്പ്. ഒരു സുഹൃത്തിനോടു ഒരിക്കല്‍ ചോദിച്ചു, ഒരേ സമയം ഇത്രയധികം മേഖലകളില്‍ എങ്ങനെ  എത്തപ്പെടുന്നു, എന്നാണിതിന്റെ പ്രതിഭലം? ഒക്കെ ഒരു ഓട്ടമല്ലേ സാറേ? ഇനിയും കുറച്ചുകൂടി ചെയ്യണമെന്നുണ്ട്. മരിച്ചുകഴിഞ്ഞാല്‍ വമ്പിച്ച ജനാവലി കാണാനെത്തും അതാണു മിച്ചം. അദ്ദേഹത്തിന്റെ നിലക്കാത്ത ഫോണിന്റെ മറുവശത്ത് നാട്ടില്‍ നിന്നും ഉള്ള ഒരു രാഷ്ട്രീയ നേതാവാണ്, സമ്മേളനത്തിനെത്തുമ്പോള്‍ ഉള്ള ചില്ലറ വ്യക്തിപരമായ ആവശ്യങ്ങള്‍ അറിയിക്കുകയാണ്, ഒക്കെ ഏറ്റു, എത്തിയാല്‍ മതിയത്രേ. അദ്ദേഹമാണ് തന്റെ കേരളയാത്രയിലുടനീളം ഫെക്‌സ് ബോര്‍ഡും സ്വീകരണ സമ്മേളനങ്ങളും ക്രമീകരിച്ചത് ഒരു നന്ദി ഒക്കെ വേണ്ടേ?.....

അതിശയോക്തിയല്ല- നമ്മുടെ മുമ്പില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവണതയാണിത്, വെറും കുശമ്പുകൊണ്ട് പറയുകയാണെന്നു തെറ്റിദ്ധരിക്കരുതേ എന്ന അപേക്ഷ. നമ്മുടെ സമൂഹത്തില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന അരുതായ്മകളെയും പോരായ്മകളെയും ചൂണ്ടിക്കാണിച്ചു എന്നു മാത്രം. ഒരു ആത്മപരിശോധനക്കു സമയമായി എന്നെങ്കിലും സമ്മതിച്ചുതരണം. അപ്രിയസത്യം പറയാതിരുന്നാല്‍ അനാവശ്യ ശത്രുതയെങ്കിലും ഒഴിവാക്കാമെന്ന മുനി വാക്യം ശ്രദ്ധിക്കേണ്ടതല്ല, എന്നിരുന്നാലും ചിലതു ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ ശരി എന്താണെന്നു പോലും തിരിച്ചറിയാനാകാതെ വരും. നമ്മുടെ സ്വശ്ചമായ ജലാശയങ്ങളില്‍ നിറഞ്ഞു വളരുന്ന ആഫ്രിക്കന്‍ പായല്‍ വാരിക്കളയാന്‍ ശ്രമിച്ചാല്‍, വര്‍ദ്ധിച്ച വീര്യത്തോടെ വീണ്ടും തഴച്ചു വളരുന്നതുകാണാം; ഇവിടെ താമര പോയിട്ട് ഒരു ആമ്പലിനുപോലും സാധ്യതയില്ല.

നമുക്കു വേണ്ടത്: സംഘടനാപരവും, ഭരണപരവുമായ ആസൂത്രണം, വ്യക്തമായ ലക്ഷ്യം, നൂതന സംഘടനാ സംവിധാനങ്ങള്‍ ശൈലികള്‍, കഴിവുള്ളവരെ തടഞ്ഞുനിര്‍ത്താതെ അവസരം കൊടുക്കുക, സമൂഹത്തിനു പ്രയോജനമുള്ളവരെ കൈപിടിച്ചു മുമ്പോട്ടു കൊണ്ടുവരിക, പുതിയ തലമുറയെ സംഘടനാ സംവിധാനങ്ങളില്‍ പരിചയം നല്‍കുക, ജാതിയിലും  പ്രദേശികതയിലും കെട്ടുപോകാതെ പൊതുനന്മയുടെ വിത്തുകള്‍ വിതക്കുക, പുതിയ രീതിയില്‍ കാര്യങ്ങളെ വീക്ഷിക്കുവാനുള്ള സന്മസ് കാട്ടുക, മുന്‍ നേതാക്കളെ, അവരുടെ പരിചയ സമ്പത്ത് സജീവമായി നിര്‍ത്തിക്കൊണ്ട് പ്രതിഭാധനരായ വ്യക്തികളെ  കണ്ടെത്തി  സംഘടനയുടെ ഭാഗമാക്കുക ചെറിയ വിജയങ്ങള്‍ക്കും താല്‍ക്കാലിക ലാഭങ്ങള്‍ക്കും വേണ്ടി ഒത്തുകൂടുന്ന കൂട്ടമാകാതെ. പൊതു നന്മയെ ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ രൂപപ്പെടുത്തുക. സാമൂഹിക അപചയങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കാതെ, വിമര്‍ശനങ്ങളെ വികസനത്തിന്റെ അടിസ്ഥാന ഘടമായി വീക്ഷിക്കുക, പൊതുസേവനം സന്തോഷമായ നിസ്വാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നവരെ ആദരിക്കുക, ഒപ്പം സ്വയമായി നിര്‍വ്വഹിക്കുന്നവരെ ആദരിക്കുക, ഒപ്പം സ്വയമായി തട്ടിക്കൂട്ടുന്ന അംഗീകാരങ്ങള്‍, ഡോക്ടറേറ്റുകള്‍, അവാര്‍ഡുകള്‍, പുരസ്‌കാരങ്ങള്‍ നിരുത്സാഹപ്പെടുത്തുക, വിഭജനങ്ങളും അവഗണനകളും ആയുധമാക്കി ധനം കൊണ്ട് ഒക്കെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളെ തിരസ്‌ക്കരിക്കുക ഒരുവന്‍ ആത്മസുഖത്തിനായി ആചരിക്കുന്ന തൊഴില്‍ അപരന് സുഖമായി മാറണം.

നീതിശതകത്തില്‍ ഭര്‍തൃഹരിപറയുന്നു, മൂന്നു തരം മനുഷ്യരെപ്പറ്റി, 1. സത് പുരുഷന്‍ - പൊതുനന്മക്കായി സ്വന്തം കാര്യങ്ങള്‍ ത്യജിച്ച്, അധികാരവും അംഗീകാരവും ആസ്വദിക്കാതെ, കര്‍മ്മത്തില്‍ ശ്രദ്ധകൊടുക്കുന്നവന്‍. 2. സാമാന്യപുരുഷന്‍- കൈയ്യിലെ ചില്ലറകള്‍ ദാനധര്‍മ്മം നടത്തി, വലിയ ത്യാഗം ഒന്നുമില്ലാതെ, ചില തട്ടിക്കൂട്ടലുകളുമായി പോകുന്നവര്‍. 3.മനുഷ്യരാക്ഷസന്‍ ഏതുവഴിയിലും ധനം വര്‍ദ്ധിപ്പിക്കാനും, അധികാരം ചെലുത്തി ഭയം ജനിപ്പിച്ച് ആമകളെ നിയന്ത്രിക്കാനും, വെട്ടിനിരത്താനും, അവമാനിക്കാനും പരിഹസിക്കാനും, ചിരിച്ചുകൊണ്ട് കഴുത്തറക്കാനും മടിയില്ലാത്ത കൂട്ടര്‍.

മലയാളി സമൂഹങ്ങള്‍ക്കും നേതാക്കളെ, തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍, കരുതലോടെ ശ്രദ്ധിക്കുക, ഇവിടെ ഒരു പുതിയ കേളികൊട്ടിനുള്ള സമയമായി.


തട്ടുകട സംസ്‌കാരവും അര്‍ത്ഥരഹിതമായ കൂട്ടായ്മകളും- കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക്
Join WhatsApp News
വിദ്യാധരൻ 2014-06-24 10:56:34
നേതാക്കൾ ആകാൻ ഒച്ചവച്ച് ഓടി നടക്കുന്നവർ വായിച്ചിരിക്കേണ്ട ഒരു നല്ല ലേഖനം. രോഗ നിർണ്ണയം മാത്രമല്ല പ്രതിവിധിയും നിർദേശിക്കുന്നു. കാലോചിതമായ ഒരു ആശയത്തെ വികസിപ്പിച്ചു അവതരിപ്പിച്ചിരിക്കുന്ന വിധം അനുകരണീയം. കണ്ണുള്ളവർ കാണുകയും വായിക്കുകയും മനസിലാക്കുകയും പ്രവർത്തിപദത്തിൽ കൊണ്ട് വന്നിരുന്നുവെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു. ലേഖകന് അഭിന്ദനത്തിന്റെ പൂച്ചെണ്ടുകൾ
വിക്രമൻ 2014-06-24 13:02:19
കവി ആകണ്ട പോട്ടേന്നു വയ്യ്ക്കാം! എന്നാൽ ഒരു ചോട്ടാ നേതാവാകാം എന്ന് വച്ചാൽ അതിനും സമ്മതിക്കില്ല എന്ന് വച്ചാൽ എന്ത് ചെയ്യും? എന്റെ വിദ്യാധര എന്തെങ്കിലും ഒന്നായി മരിച്ചോട്ടെ? വീട്ടുകാരും നാട്ടുകാരും ഉടക്ക് നിന്നാൽ ഞങ്ങളെപോലുള്ളവർ എന്ത് ചെയ്യും?
Korason 2014-06-24 13:08:43
ശ്രീ വിദ്യാധരൻ, താങ്കളുടെ അഭിപ്രായത്തിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി, കോരസണ്‍.
Rev. Koshy 2014-06-25 13:16:30
ദൈവത്തിനു സ്തോത്രം പറയാനാണ് ഞാൻ ഇത് എഴുതുന്നത്‌. ഫോമയും ഫൊക്കാനയും ഇല്ലായിരുന്നെങ്കിൽ ദേവാലയങ്ങൾ ഒരു ചെകുത്താന്റെ വിളയാട്ട സ്ഥലമായി മാറിയേനെ. പണ്ടൊക്കെ പള്ളിയിലെ ഇലക്ഷന്റെ ദിവിസം കത്തികുത്തു നടക്കുമോ എന്ന ഭയം ആയിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. അതിനു സംഘടനകളോട് നന്ദിയുണ്ട്. നിങ്ങളുടെ മീറ്റിങ്ങുകളിൽ ബിഷപ്പുമാരെ ഒക്കെ കൊണ്ട് വന്നു ഒരു പ്രാർത്ഥന നടത്തുന്നത് നല്ലതാണ്. ഇപ്പഴാണ് ഇവന്മാരുടെ വിധം മാറുന്നെത് എന്ന് പറയാൻ പറ്റില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക