Image

കനവും നിനവും (കഥ: മുരളി ജെ. നായര്‍)

Published on 01 September, 2014
കനവും നിനവും (കഥ: മുരളി ജെ. നായര്‍)
'മെച്യൂര്‍ ഓഡിയന്‍സ്' അഥവാ 'ടി.വി.എം.എ.' റേറ്റിംഗുള്ള ഹോളിവുഡ് മൂവിയില്‍ ഒന്നും ഒളിക്കാത്ത കിടപ്പറ രംഗങ്ങളുണ്ടാകുക സ്വാഭാവികം. എന്നാല്‍ ഇത്രയധികം കിടപ്പറരംഗങ്ങള്‍ ഒരു മൂവിയില്‍ കാണുന്നത് ആദ്യമായാണെന്ന് തോന്നുന്നു.

ഭാര്യ അതേപ്പറ്റി പറയുകയും ചെയ്തു.

അവള്‍ ഇതുപോലെയുള്ള സിനിമകള്‍ അധികം കണ്ടിരിക്കാന്‍ വഴിയില്ല. ജനിച്ചുവളര്‍ന്ന ബോംബേയില്‍ ഇത്തരം മൂവികള്‍ കിട്ടുമെങ്കിലും മാതാപിതാക്കളോടൊപ്പം താമിസിച്ചിരുന്ന അവള്‍ക്ക് അതത്ര എളുപ്പമായിരുന്നില്ലല്ലോ.

മണി ഒമ്പതേമുക്കാല്‍.

കിടപ്പറയിലേക്കുള്ള തയാറെടുപ്പിനായി ഭാര്യ എഴുന്നേറ്റുപോയി. അയാള്‍ വെറുതെ ടീവിയിലേക്ക് നോക്കിയിരുന്നു. അടുത്ത മൂവിയുടെ പരസ്യം.

എന്താ ഉറങ്ങാറായില്ലെ?

കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ട് ഭാര്യ വശ്യമായി ചിരിച്ചു.

എഴുന്നേറ്റ് അവളെ പിന്തുടര്‍ന്നു.

കിടക്കയിലമര്‍ന്ന തന്നെ ഭാര്യ കെട്ടിപ്പുണര്‍ന്നത് അറിയാത്ത ഭാവം നടിച്ചു.

അയാളുടെ ചിന്ത ഇന്ന് കാണാന്‍ പോകുന്ന സ്വപ്നത്തെപ്പറ്റിയായിരുന്നു. ദൈവമേ, എന്തായിരിക്കും ആ സ്വപ്നം!

അയാള്‍ കുറ്റബോധത്തോടെ ഭാര്യയെ നോക്കി.

അവള്‍ വീണ്ടും വശ്യമായി മന്ദഹസിക്കുന്നു.

എന്തേ, എന്തുപറ്റി?

ഒന്നുമില്ല.

സ്വപ്നങ്ങളുടെ കാര്യം ഇതുവരെ അവളോടു പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അവള്‍ വിശ്വസിക്കുമോ? വിശ്വസിക്കില്ലെന്ന് മാത്രമല്ല, ഇല്ലാത്ത അര്‍ഥങ്ങള്‍ വായിച്ചെടുക്കുകയും ചെയ്യും. അത് തന്റെ ടെന്‍ഷന്‍ കൂട്ടുകയേ ഉള്ളൂ.

ഭാര്യ അയാളുടെ നെഞ്ചില്‍ മുഖമമര്‍ത്തി. അവളുടെ തോളില്‍ കൈവെച്ചുകൊണ്ടു പറഞ്ഞു.

ഒരു തലവേദനപോലെ.

നാട്ടുനടപ്പനുസരിച്ച് ഞാനല്ലേ ഈയവസരത്തില്‍ തലവേദന അഭിനയിക്കേണ്ടത്?

ഭാര്യ ചിരിച്ചു. അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.

ഒന്നുകൂടി നോക്കിയിട്ട് ഭാര്യ തിരിഞ്ഞുകിടന്നു.

അഞ്ചുദിവസം മുമ്പായിരുന്നു ആദ്യത്തെ സ്വപ്നം. അതായത്, തന്നെ അലട്ടുന്ന സ്വപ്നപരമ്പരയിലെ ആദ്യത്തേത്. പശ്ചാത്തലം അറ്റ്‌ലാന്റിക് സിറ്റിയിലെ ഒരു കസീനോ. താന്‍ റൂലറ്റ് ടേബിളില്‍ കളിയ്ക്കുകയായിരുന്നു, സ്വപ്നം തുടങ്ങുമ്പോള്‍.

പുട് ടു ചിപ്‌സ് ഓണ്‍ നമ്പര്‍ സിക്‌സ്.

തൊട്ടുപിന്നില്‍നിന്ന്! സ്ത്രീശബ്ദം കേട്ടു തിരിഞു നോക്കി. പുഞ്ചിരിച്ചുകൊണ്ട് ഒരു സ്വര്‍ണത്തലമുടിക്കാരി പിന്നില്‍.

സിക്‌സ് ഈസ് ഗോയിംഗ് ടു ഹിറ്റ്, അവള്‍ പറഞ്ഞു,

ഇതിനകം ഡീലര്‍ ബോള്‍ സ്പിന്‍ ചെയ്തുകഴിഞ്ഞിരുന്നു.

സ്വര്‍ണമുടിക്കാരിയെനോക്കി പുഞ്ചിരിച്ചുകൊണ്ട് രണ്ടു സിംഗിള്‍ ഡോളര്‍ ചിപ്പുകള്‍ ആറില്‍ വെച്ചു. ആറ് താന്‍ സാധാരണ കളിക്കുന്ന നമ്പരല്ല.

അത്ഭുതം, ബോള്‍ ചെന്നുവീണത് ആറില്‍.

സിക്‌സ്, ഡീലര്‍ വിളിച്ചുപറഞ്ഞു.

തിരിഞ്ഞു സ്വര്‍ണമുടിക്കാരിയെ നോക്കി.

സീ, ഐ ടോള്‍ഡ് യു, അവള്‍ മന്ദഹാസിച്ചു.

എന്തിനാണ് രണ്ടു ചിപ്പികള്‍ വെയ്ക്കാന്‍ പറഞ്ഞത്, അയാള്‍ ചോദിച്ചു.

ഒന്നു നിങ്ങള്‍ക്കുവേണ്ടി, മറ്റേത് എനിക്കുവേണ്ടി. എന്താ, എന്റെ ഷെയര്‍ തരില്ലെ?

ഷുവര്‍, അയാള്‍ പറഞ്ഞു.

തന്റെ ഇടതുവശത്തിരുന്ന കളിക്കാരന്‍ കളിനിര്‍ത്തി എഴുന്നേറ്റു. ഒഴിഞ്ഞ സീറ്റില്‍ അവള്‍ ഇരുന്നു.

ഡീലര്‍ തന്ന എഴുപതു ചിപ്പുകളില്‍ പകുതി അവള്‍ക്ക് കൊടുക്കാനായി കളര്‍ മാറ്റിത്തരാന്‍ ആവശ്യപ്പെട്ടു. ഒരു ടേബിളില്‍ ഒന്നിലധികം ആളുകള്‍ ഒരേ കളര്‍ ചിപ്പുകൊണ്ടു കളിയ്ക്കാന്‍ പാടില്ലല്ലോ.

അവള്‍ ആ ചിപ്പുകളില്‍ രണ്ടെണ്ണം ആറില്‍വെച്ചു.

ഇനിയും ആറു തന്നെ ഹിറ്റ് ചെയ്യും. അവള്‍ പറഞ്ഞു.

അയാള്‍ തന്റെ സ്ഥിരം നമ്പറുകള്‍ കൂടാതെ രണ്ടു ചിപ്പുകള്‍കൂടി ആറില്‍വെച്ചു. ഇപ്പോള്‍ ആറില്‍ തന്റെ നാലു ചിപ്പുകളും അവളുടേത് രണ്ടും.

ഡീലര്‍ സ്പിന്‍ ചെയ്തു. വീണ്ടും ആറ്!

തനിക്ക് നൂറ്റിനാല്‍പ്പതു ഡോളര്‍. അവള്‍ക്ക് എഴുപതും.

കണ്‍ഗ്രാചുലേഷന്‍സ്, അവള്‍ മുഖം തന്റെ ചെവിയോടടുപ്പിച്ചു പറഞ്ഞു.

താങ്ക്‌സ്, സെയിം ടു യൂ, അയാള്‍ പ്രതിവചിച്ചു.

താങ്ക്‌സ്!

ഇവിടെ സാധാരണ വരാറുണ്ടോ, അയാള്‍ ചോദിച്ചു.

ഉണ്ട്, എന്റെ ഫ്രെണ്ട്‌സിനോടൊപ്പം.

ഫ്രെണ്ട്‌സ് എന്നാണ് പറഞ്ഞത്, ബോയ്ഫ്രണ്ട് എന്നോ ഭര്‍ത്താവ് എന്നോ അല്ല, അതയാള്‍ ശ്രദ്ധിച്ചു.

അവിടെവെച്ചു സ്വപ്നം മുറിഞ്ഞു. ഞെട്ടിയുണര്‍ന്ന താന്‍ ഗാഢനിദ്രയിലമര്‍ന്ന ഭാര്യയെ ബെഡ്‌റൂമിലെ അരണ്ട വെളിച്ചത്തില്‍ നോക്കി.

താന്‍ അറ്റ്‌ലാന്റിക് സിറ്റിയില്‍ രണ്ടുതവണയേ പോയിട്ടുള്ളൂ. ആദ്യ യാത്ര അമേരിക്കയില്‍ വന്ന ഇടയ്ക്കായിരുന്നു, കൂടെ ജോലിചെയ്തിരുന്ന ഇന്ത്യാക്കാര്‍ക്കൊപ്പം ഒരു ശനിയാഴ്ച്ച.

രണ്ടാംതവണ പോയത് ഈയടുത്ത കാലത്താണ്, ഭാര്യയുമൊത്ത്. രണ്ടുദിവസം അവിടെ താമസിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകനായ ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും റൂമുകള്‍ ഫ്രീ ആയി കിട്ടിയിരുന്നു. അയാളോടും കുടുംബത്തോടുമോപ്പമായിരുന്നു ആ ട്രിപ്. തനിക്കും ഭാര്യയ്ക്കുമായി ഒരു ജക്കൂസ്സി സ്വീറ്റ് അയാള്‍ തരപ്പെടുത്തിതന്നിരുന്നു. ആദ്യമായിട്ടായിരുന്നു താന്‍ അത്തരമൊരു സ്വീറ്റില്‍ താമിസിക്കുന്നത്.

റൂലറ്റും ബ്ലാക്ക്ജാക്കും കളിക്കേണ്ടത് എങ്ങനെയെന്ന് സുഹൃത്ത് ആ യാത്രയില്‍ പഠിപ്പിച്ചു തന്നിരുന്നു.

ഭാര്യ ചെറുതായി കൂര്‍ക്കം വലിക്കാന്‍ തുടങ്ങിയിരിക്കുന്നു. അയാള്‍ ഭാര്യയെ നോക്കി കണ്ണിമയ്ക്കാതെ അല്പനേരം കിടന്നു.

വീണ്ടും തന്റെ സ്വപ്നങ്ങളിലേക്ക് അയാളുടെ ചിന്തകള്‍ പറന്നു.

ആദ്യസ്വപ്നം കണ്ടതിന്റെ തൊട്ടടുത്ത രാത്രിയിലും ആ സ്വര്‍ണമുടിക്കാരിയെ സ്വപ്നം കണ്ടു. പശ്ചാത്തലം തലേന്നത്തെ കസീനോ തന്നെ. എന്നാല്‍ റൂലറ്റ് ടേബിളിന് പകരം ബ്ലാക്ക്!ജാക്ക് ടേബിള്‍.

തനിക്ക് സെര്‍വ് ചെയ്തിരിക്കുന്ന കാര്‍ഡുകള്‍ രണ്ടു നാലുകള്‍. ഡീലറുടെ ഓപ്പണ്‍ കാര്‍ഡ് രണ്ട്. നിയമപ്രകാരം ഹിറ്റ് ചെയ്യേണ്ടതാണ്. കൂടാതെ ഡീലറുടെ രണ്ട് അപകടകാരിയുമാണ്.

സ്പ്ലിറ്റ് ദെം, പിറകില്‍ നിന്നെ തലേന്നത്തെ അതേ ശബ്ദം. അയാള്‍ തിരിഞ്ഞുനോക്കി. ആ സ്വര്‍ണമുടിക്കാരിതന്നെ.

അവള്‍ക്ക് ഹലോ പറഞ്ഞ് ആവശ്യത്തിന് ചിപ്പുകള്‍ വച്ച് കാര്‍ഡുകള്‍ സ്പ്ലിറ്റ് ചെയ്തു. ഡീലര്‍ വീണ്ടും സെര്‍വ് ചെയ്തു.

ആദ്യത്തെ കാര്‍ഡ് ആറ്.

ഡബിള്‍ ഡൌണ്‍, അവള്‍ പറഞ്ഞു.

ചിപ്പുകള്‍ വീണ്ടും വെച്ചു ഡബിള്‍ ഡൌണ്‍ ചെയ്തു.

അടുത്ത കാര്‍ഡ് ഏസ്.

ഗുഡ് ജോബ്, അവള്‍ തോളത്തു തട്ടി.

അടുത്ത ജോഡിക്കുള്ള കാര്‍ഡ് ഏഴ്.

ഡബിള്‍ ഡൌണ്‍ എഗൈന്‍, അവള്‍ തോളത്തു തട്ടി പറഞ്ഞു.

വീണ്ടും ഡബിള്‍ ഡൌണ്‍ ചെയ്തു.

അടുത്ത കാര്‍ഡ് രാജാവ്.

നൈസ് ഹിറ്റ്, അവള്‍ തന്‍റെ തോളുകള്‍ പിടിച്ച് കുലുക്കി.

താങ്ക്‌സ്!

ഡീലര്‍ക്ക് കിട്ടിയതു രണ്ടു പത്തുകള്‍. ഡീലര്‍ തോറ്റു.

നൂറ്ററുപതു ഡോളറിന്റെ ചിപ്പുകള്‍ ഡീലര്‍ തന്റെ നേരെ നീക്കിവെയ്ക്കുന്നത് നോക്കിയിരിക്കേ ആ സ്വപ്നം അവസാനിച്ചു.

മൂന്നാമത്തെ രാത്രിയിലെ സ്വപ്നത്തിന്റെ പശ്ചാത്തലം ഒരു ബാര്‍. നേരത്തെ കണ്ട സ്വപ്നങ്ങളിലെ കസീനോയില്‍ത്തന്നെ.

തന്റെയടുത്ത സ്റ്റൂളില്‍ ആ സ്വര്‍ണമുടിക്കാരി. രണ്ടുപേരുടെയും മുമ്പില്‍ ഡ്രിങ്ക്‌സ്.

ഡിഡ് യു പ്ലേ ടുഡേ, അവള്‍ തന്റെ നേരെ തിരിഞു ചോദിക്കുന്നു.

യെസ്, ജസ്റ്റ് ഏ ലിറ്റില്‍, നീയോ?

എനിക്കു റൂലറ്റില്‍ അഞ്ഞൂറോളം ഡോളര്‍ കിട്ടി, അവള്‍ പറഞ്ഞു,.

ഓ, ദാറ്റ് ഇസ് ഗ്രേറ്റ്!

വീണ്ടും ഇവിടെ വരാന്‍ അതൊരു പ്രചോദനമല്ലേ, അവള്‍ പറഞ്ഞു. എന്നിട്ട് തന്റെ ചെവിയില്‍ പറയുന്നതുപോലെ: നിങ്ങളെ വീണ്ടും കാണാമല്ലോ.

മറുപടിയായി ചിരിക്കുകമാത്രം ചെയ്തു.

നിങ്ങള്‍ ഒറ്റയ്ക്കാണോ ഇവിടെ? അവള്‍ ചോദിച്ചു.

അല്ല എന്റെ ഭാര്യയുമുണ്ട്, അവള്‍ നേരത്തെ ഉറങ്ങാന്‍ പോയി.

അപ്പോള്‍ ഇവിടെ താമസമാണോ?

അതേ ഈ വീക്കെന്റ് മുഴുവനും ഉണ്ടാകും.

ഞാനും ഈ വീക്കെന്‍ഡ് ഇവിടെ താമസമാണ്, എന്റെ ഫ്രെണ്ട്‌സിന്‍റെ കൂടെ, അവള്‍ പറഞ്ഞു.

അവളുടെ ഗ്ലാസ് ഒഴിഞ്ഞതും അവള്‍ ഒരു ഡ്രിങ്കിനുകൂടി ബാര്‍ ടെണ്ടറോട് ആംഗ്യം കാണിച്ചു.

എന്താണ് നീ കുടിക്കുന്നത്, അയാള്‍ ചോദിച്ചു.
ലോങ് ഐലന്‍ഡ് ഐസ്ഡ് ടീ, അവള്‍ പറഞ്ഞു.

വാട്ട് എ ഡിസീവിങ് നെയിം, ചിരിച്ചുകൊണ്ടു പറഞ്ഞു. നിര്‍ദോഷമായ പേരാണെങ്കിലും അതിന്റെ ചേരുവകളില്‍ വോഡ്കയും ജിന്നും ടെക്വിലയും റമ്മും അടങ്ങിയിട്ടുണ്ടെന്നു തനിക്കറിയാം.
അതേയതേ, അവള്‍ പറഞ്ഞു. ഇവിടെയെല്ലാം ഒരുതരം ഡിസപ്ഷനല്ലേ? ഈ കസീനോയും ഹോട്ടലും കിട്ടുന്ന ഫ്രീ ഡ്രിങ്ക്‌സും, നാമെല്ലാം ജയിക്കുകയാണെന്ന തോന്നലും, എല്ലാം?
അവളുടെ തത്വജ്ഞാനം കേട്ടു കൌതുകം തോന്നി.
എന്നാല്‍, ആ സ്വപ്നവും അവിടെ അവസാനിച്ചു.

പിറ്റേന്ന് ഉണര്‍ന്നത് ആകെ ചിന്താക്കുഴപ്പത്തോടെയായിരുന്നു. ഇതെങ്ങനെ സംഭവിക്കും? കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഒരാളെത്തന്നെ സ്വപ്നം കാണുക, അതും ഒരു സ്വപ്നം മുമ്പത്തേതിന്റെ തുടര്‍ച്ചയെന്നോണം!

ഭാര്യയോട് പറഞ്ഞാലോ എന്നാലോചിച്ചു. വേണ്ട, അവള്‍ പരിഹസിച്ചാലോ? പഴയ വല്ല ഇടപാടിന്റെയും ഓര്‍മ്മയാണെന്ന് ആരോപിച്ചലോ? വേണ്ട.

നാലാം ദിവസത്തെ സ്വപ്നത്തിന്റെ പശ്ചാത്തലം അറ്റ്‌ലാന്റിക് സിറ്റിയിലെ കടല്‍ത്തീരം. പ്രഭാതസൂര്യന്റെ ലാളന ഏറ്റുവാങ്ങുന്ന ബീച്ചിലൂടെ അയാളും ഭാര്യയും നടന്നു. ആളുകള്‍ സൂര്യസ്‌നാനം തുടങ്ങിക്കഴിഞ്ഞിരുന്നു.

കടല്‍പ്പാലത്തിന്റെ തണലുള്ള ഒരിടത്തെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു. ഞാനിവിടെ അല്പം ഇരിക്കട്ടെ, നിങ്ങള്‍ നടന്നോ.

അയാള്‍ക്ക് ഇരിക്കാന്‍ തോന്നിയില്ല, വെയിലിന്റെ വശ്യതയിലൂടെ നടന്നുകൊണ്ടിരുന്നു.
സ്വിംസൂട്ടിന്റെ താഴത്തെ പകുതിമാത്രം ധരിച്ചു കമിഴ്ന്നു കിടന്നിരുന്ന നാലഞ്ചു സ്ത്രീകളെ കടന്നു പോയിക്കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അവള്‍!
ചാടിയെഴുന്നേറ്റ് സ്വിംസൂട്ടിന്റെ മേല്‍പ്പകുതി ധൃതിയില്‍ ധരിക്കുന്നു. എന്നിട്ട് അയാളുടെയാടുത്തേക്ക് പെട്ടെന്നു നടന്നെത്തുന്നു.

നിങ്ങള്‍ എപ്പോഴെത്തി? ചിരിച്ചുകൊണ്ടു ചോദ്യം.
ഇന്നലെ, നീയോ?

ഞങ്ങളും ഇന്നലെയെത്തി. അവള്‍ പറഞ്ഞു. എന്നിട്ട് ചുറ്റും നോക്കി തുടര്‍ന്ന്, എത്ര മനോഹരം, അല്ലേ?
അതേ.

സൂര്യപ്രകാശം അവളെ ഒന്നുകൂടി സുന്ദരിയാക്കിയിരിക്കുന്നു.
നിന്റെ ഫ്രെണ്ട്‌സ് എവിടെ?

ഓ, അവര്‍ ഉറക്കമാണ്. എനിക്കീ നല്ല പ്രഭാതം ഉറങ്ങി നഷ്ടപ്പെടുത്താന്‍ തോന്നിയില്ല.
ആ സ്വപ്നത്തെപ്പറ്റി പിന്നൊന്നും വ്യക്തമായി ഓര്‍ക്കുന്നില്ല.
തന്റെ ചിന്താക്കുഴപ്പം ഏറിവന്നതേയുള്ളൂ. നാലുരാത്രികളില്‍ തുടര്‍ച്ചയായി ആ സ്വര്‍ണമുടിക്കാരി തന്റെ സ്വപ്നത്തില്‍. ഇതുവരെ പരസ്പരം പേരുപോലും ചോദിച്ചിട്ടുമില്ല.
നീ മദാമ്മപ്പെണ്ണുങ്ങളെ പ്രാപിച്ചിട്ടുണ്ടോ?

ആദ്യത്തെ അവധിക്കു ചെന്നപ്പോള്‍ ഒരു സുഹൃത്ത് ചോദിച്ച ചോദ്യം.
ഇല്ല.

എടാ, ഒരു കൊല്ലം അമേരിക്കയില്‍ ഒറ്റയ്ക്ക് ജീവിച്ചിട്ടു നിനക്കതിന് കഴിഞ്ഞില്ലെ? സുഹൃത്തിന്റെ പരിഹാസം. ഓ, നീയൊരു സാത്വികന്നാണല്ലോ!
സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി എച്ച് വണ്‍ ബീ വിസയില്‍ അമേരിക്കയിലെത്തിയ തനിക്ക് മദാമ്മപ്പെണ്ണ് പോയിട്ട് കൂടെ ജോലി ചെയ്യുന്ന സ്വന്തം നാട്ടുകാരോടുപോലും അര്‍ഥ പൂര്‍ണമായ ഒരു സൌഹൃദം സ്ഥാപിക്കാന്‍ സമയമില്ലായിരുന്നു. ആഴ്ചയില്‍ നാല്‍പ്പതു മണിക്കൂര്‍ ജോലി എന്നു കരാറില്‍ പറഞ്ഞിരുന്നെങ്കിലും എണ്‍പതും തൊണ്ണൂറും മണിക്കൂര്‍ തനിക്ക് ജോലി ചെയ്യേണ്ടിവന്നിരുന്നു. ഇന്ത്യാക്കാരന്‍ തന്നെയായ കമ്പനിയുടമ തിരിച്ചയച്ചാലോ എന്ന പേടി.
രണ്ടാമത്തെ വെക്കേഷനില്‍ വിവാഹവും നടന്നു. പട്ടണത്തില്‍ ജനിച്ചുവളര്‍ന്നവളായിട്ടും എം സീ എ ഡിഗ്രിക്കാരിയായിരുന്നിട്ടും യാതൊരു ജാഡയും ഇല്ലാത്ത ഒരു പാവം പെണ്‍കുട്ടിയെയാണ് ഭാര്യയായി കിട്ടിയത്.

അയാള്‍ വീണ്ടും ഭാര്യയെ നോക്കി. അവള്‍ ശാന്തയായി ഉറങ്ങുന്നു.
അഞ്ചാമത്തെ സ്വപ്നമായിരുന്നു ഇക്കഴിഞ്ഞ രാത്രി. അത് നേരത്തെ കണ്ടവയില്‍നിന്ന് വളരെ വ്യത്യസ്തമായിരുന്നു. സ്വര്‍ണമുടിക്കാരിയും താനും കസിനോ ഹോട്ടലിലെ തന്റെ സ്വീറ്റിലെ ജക്കൂസി ടബ്ബില്‍ വെളുത്ത പതയില്‍ മുങ്ങിക്കിടക്കുന്നു. അവള്‍ നഗ്‌നയാണോ? താനോ? ഒന്നമ്പരന്നു തന്റെ വേഷം തപ്പിനോക്കി. ഭാഗ്യം, ബോക്‌സര്‍ ഷോര്‍ട്ട്‌സ് ഉണ്ട്.
ഇത്തവണ നിങ്ങള്‍ ഒറ്റയ്ക്ക് വന്നത് നന്നായി, അവള്‍ പറയുന്നു.
അയാള്‍ ചിരിക്കുകമാത്രം ചെയ്തു.
അവള്‍ നുരയുന്ന വെളുത്ത കുമിളകള്‍ വകഞ്ഞുമാറ്റി തന്റെയടുത്തേക്ക് നീങ്ങിയിരുന്നു.
നിങ്ങളുടെ ഭാര്യ കൂടെയുണ്ടായിരുന്നെങ്കില്‍ നിങ്ങളെ എനിക്കിങ്ങനെ കിട്ടുകയില്ലായിരുന്നല്ലോ, അവള്‍ വശ്യമായി ചിരിച്ചു.
ഒരു വല്ലായ്മ തന്നെ വന്നു പുല്‍കുന്നതായി തോന്നി.
ആര്‍ യൂ ഷൈ?
നോ, അല്പം ലജ്ജയോടെതന്നെ മറുപടി പറഞ്ഞു.
പെട്ടെന്ന് അവള്‍ മുന്നോട്ടാഞ്ഞു തന്നെ കെട്ടിപ്പിടിച്ചു,
അപ്പോഴാണ് താന്‍ ഞെട്ടിയുണര്‍ന്നത്.
പിന്നെ ഉറങ്ങാനേ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന്! ഒരു വിധത്തില്‍ നേരം വെളുപ്പിക്കുകയായിരുന്നു.
അയാളോര്‍ത്തു, ഇന്നത്തെ ദിവസം ജോലിയിലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഒന്നുരണ്ടുപേരോടു കയര്‍ത്തു സംസാരിക്കുകയും ചെയ്തു. അടുത്ത സ്വപ്നത്തില്‍ എന്താണുണ്ടാകുകയെന്ന വേവലാതിയായിരുന്നു ദിവസം മുഴുവനും. ഭാര്യ നിര്‍ബന്ധിച്ചിട്ടാണ് വൈകുന്നേരം ടീവിയില്‍ ഒരു മൂവി കാണാമെന്നു വെച്ചത്.
അയാള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. ഭാര്യ കൂര്‍ക്കം വലിച്ചുറങ്ങുന്നു.
നൈറ്റ് സ്റ്റാഡില്‍ വെച്ചിരുന്ന വെള്ളമെടുത്ത് കുറച്ചു കുടിച്ചു. അല്പനേരം അങ്ങനെ ഇരുന്നശേഷം വീണ്ടും കിടന്നു.

തന്റെ ശരീരത്തിനു മുകളില്‍ എന്താണ് ഭാരം?
ശ്വാസം കഴിക്കാന്‍കൂടി സാധിക്കുന്നില്ലല്ലോ.
ശരീരത്തിലൂടെ അരിച്ചിറങ്ങുന്ന കൈകള്‍.
ങേ! തന്റെ മുകളില്‍ ആരോ കിടക്കുന്നുടോ?
താന്‍ നഗ്‌നനാനോ?

നഗ്‌നശരീരങ്ങള്‍ ഉരസുംപോലത്തെ സ്ഫുലിംഗങ്ങള്‍ ആകെ കത്തിപടരുന്നു.
ശബ്ദം തൊണ്ടയില്‍ തടഞ്ഞതുപോലെ.
സ്വര്‍ണമുടിക്കാരിയുടെ മുഖം തന്റെ മുഖത്തിനുനേരെ അടുത്തുവരുന്നു.
ഐ ലവ് യൂ, കിതപ്പിനിടയില്‍ അവള്‍ പറയുന്നു.
അയാള്‍ക്ക് ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നതായി തോന്നി.
അവളുടെ ഉഛ്വാസഗതിയും വേഗത്തിലായിരുന്നു.
അവളുടെ ചുണ്ടുകളുടെ മാദകത്വം അയാളുടെ ചുണ്ടുകള്‍ ഏറ്റുവാങ്ങി, മടിച്ചുമടിച്ചണെങ്കിലും.
അവള്‍ ലക്ഷ്യത്തിലേക്ക് കടക്കുകയാണെന്ന് മനസ്സിലായി.
താനും.

രണ്ടുപേരുടെയും ദീര്‍ഘസീല്‍ക്കാരം ഏതാണ്ട് ഒരേ സമയത്തായിരുന്നു.
ധ്യാനത്തിന്റെ വിശ്രാന്തിയിലേക്ക് അയാളുടെ ശ്വാസഗതി പിന്‍വാങ്ങി. പതുക്കെ കണ്ണടച്ചു.
അവള്‍ തന്റെ നെഞ്ചില്‍ തലപൂഴ്ത്തി.

അല്‍പനേരം കഴിഞ്ഞ് അവള്‍ തലപൊക്കി തന്‍റേനേരെ നോക്കുന്നതായി അയാളറിഞ്ഞു.
കണ്ണു തുറന്നു നോക്കിയ അയാള്‍ അമ്പരന്നു. അയാള്‍ കണ്ടത് ഭാര്യയുടെ മുഖമായിരുന്നു. ആ അമ്പരപ്പില്‍ അയാള്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു.
നൈറ്റ് സ്റ്റാന്റ്‌റിലേക്ക് കയ്യെത്തിച്ചു ലൈറ്റിട്ടു.
അയാള്‍ നന്നായി വിയര്‍ത്തിരുന്നു.

തൊട്ടടുത്ത് ഭാര്യ തലവഴി മൂടിപ്പുതച്ചു കിടക്കുന്നു.
അയാള്‍ ഭാര്യയുടെ മുഖത്തെ പുതപ്പ് മാറ്റിനോക്കി. അവള്‍ ശാന്തയായി ഉറങ്ങുകയാണ്.
ഭാര്യയുടെ രണ്ടുകവിളുകളിലും സീമന്ത രേഖയിലും ഓരോ മുത്തം കൊടുത്ത് അയാള്‍ ലൈറ്റണച്ച് ഉറങ്ങാന്‍ കി­ടന്നു.
കനവും നിനവും (കഥ: മുരളി ജെ. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക