Image

ഒരു പഴയ തറവാട്ടിലെ തിരുവോണ സ്‌മരണകള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Published on 03 September, 2014
ഒരു പഴയ തറവാട്ടിലെ തിരുവോണ സ്‌മരണകള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
ആ വലിയ തറവാട്ടിലെ പേരക്കുട്ടിയെന്നതില്‍ അവള്‍ എന്നുൂം അല്‌പം അഹങ്കാരത്തോടെ അഭിമാനിച്ചിരുന്നു. ഇന്നു്‌ ആ തറവാടിന്റെ സ്ഥാനത്ത്‌ മണ്‍കൂനപോലും നിരത്തപ്പെട്ടിരിക്കുന്നു, ആ അവശേഷത്തിന്റെ മുന്നില്‍ ചെന്നു നിന്നു്‌ ഒരിക്കല്‍ ഹൃദയം വിങ്ങി . തിരിച്ചു പോന്നതില്‍ പിന്നീട്‌ അവിടേക്കു തിരിഞ്ഞു നോക്കാന്‍ മനസ്സനുവദിച്ചിട്ടില്ല. ഓര്‍മ്മകള്‍ പിന്നിലേക്കു പായുകയാണ്‌, മുധുരിക്കുന്ന സ്‌മരണകള്‍!

ഒരാള്‍പ്പൊക്കത്തില്‍ ചുറ്റുമതില്‍, ഈട്ടിത്തടിയില്‍ തീര്‍ത്ത പടിപ്പുരവാതില്‍, മേല്‍ക്കൂര, ഉയരത്തില്‍ നില്‍ക്കുന്ന പ്രാവിന്‍കൂട്‌, , മണല്‍ നിരത്തി്‌യ വിശാലമായ മുറ്റം, തടിച്ചു കൊഴുത്ത കാളക്കൂറ്റന്മാരും കറവപ്പശുക്കളും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന എരിത്തില്‍, തൊട്ടടുത്തായി നെല്ലു നിറഞ്ഞ പത്തായപ്പുരയും കളപ്പുരയും. ഒരു കോട്ടയ്‌ക്കകത്തു പ്രവേശിക്കുന്ന പ്രതീതി.

കോട്ടപോലെ വലിയ കെട്ടിസഞ്ചയം. ചുറ്റും വിശാലമായ തൊടിയും, അതിലൊരു വലിയ കുളവും, തറവാട്ടിലെ ആളുകള്‍ക്കു്‌, പ്രത്യേകിച്ചും സ്‌ത്രീകള്‍ക്കു കുളിക്കാനുള്ളതാണു്‌. നോക്കെത്താ ദൂരത്തില്‍ പരന്നു കിടക്കുന്ന വയലേലകള്‍. അറയും നിരയുമാര്‍ന്ന വിശാലമായ കെട്ടിടത്തിന്റെ മുന്‍വശത്ത്‌ ഉയര്‍ന്ന പൂമുഖം, ചിത്രപ്പണികള്‍ തിങ്ങിയ തടിച്ചുമരുകള്‍. നിറഞ്ഞ വലിയ കെട്ടിടത്തിന്റെ പൂമുഖത്ത്‌ ചാരുകസാലയില്‍ അരികിലൊരു കോളാമ്പിയുമായി, സദാ മുറുക്കിച്ചവച്ച്‌ പ്രൗഢ ഗംഭീരനായ കാരണവരുടെ തലവട്ടത്തു വരാതെ സേവനതല്‌പരനായി അരികില്‍ നില്‍ക്കുന്ന പരിചാരകന്‍. കാരണവരുടെ സുഗ്രീവാജ്ഞയ്‌ക്ക്‌ ആരും എതിരു പറയാതെ ഓഛാനിച്ചു നിന്ന്‌ അനുസരിച്ചുപോന്ന കാലം. അകത്തളങ്ങളിലും മുറ്റത്തുമെല്ലാം കുട്ടികള്‍, മുതിര്‍ന്നവര്‍,, വിരുന്നുകാര്‍, വേലക്കാര്‍. ആകെ ശബ്ധമുഖരിതം.

തിരുവോണത്തിന്റെ ചിട്ടവട്ടങ്ങള്‍ നടക്കുകയാണു്‌. വിശാലമായ അടുക്കളയില്‍ സദ്യവട്ടത്തിന്റെ കോലാഹലം. ഒരിടത്ത്‌ ഉപ്പേരി വറുക്കല്‍, കറികള്‍ക്കുവേണ്ടി പച്ചക്കറികള്‍ അരിച്ചില്‍, പ്രഥമന്‍ തയ്യാറാക്കാനുള്ള ഒരുക്കങ്ങള്‍, മറ്റൊരിടത്ത്‌ വലിയ കലത്തില്‍ ചോറു തയ്യാറാകുന്നു, എവിടെയും ആഘോഷമയം. ഒരാഴ്‌ചയായി മുറ്റമെല്ലാം റോഡു വരെയും ചെത്തി മിനുക്കി, നെല്ലു പുഴുങ്ങി ഉണക്കി നെല്ലു കുത്തുന്ന സ്‌ത്രീകള്‍ രണ്ടു മൂന്നു ദിവസംകൊണ്ട്‌ പത്തു പറ നെല്ലു കുത്തി അരിയാക്കി, അടപ്രഥമനു്‌ പച്ചരി വേറെ. തേങ്ങ0 ഉണക്കി കല്ലു ചക്കില്‍ ആട്ടിച്ച്‌ ഭരണികളില്‍ വെളിച്ചെണ്ണ നിറച്ചു വയ്‌ക്കും. തറവാട്ടിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെയും ഓണക്കോടി എടുക്കുകയായി, കൊച്ചുകുട്ടികഭക്കു്‌ കസവുകരയുള്ള മഞ്ഞമുണ്ടു മുതല്‍ പല തരത്തില്‍ തരതരം വസ്‌ത്രങ്ങള്‍. സ്ഥിരമായി കൃഷിപ്പണി ചെയ്യുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന മൂപ്പന്മാര്‍ക്കു്‌ ഓണക്കോടികള്‍ വേറെ. തിരുവോണത്തിന്റെ തലേന്നു്‌ പണിയാള മൂപ്പന്മാര്‍ ഓരോ കുട്ട നിറയെ ഉരലില്‍ ഇടിച്ചെടുത്ത തവിടു പോകാത്ത അവലും പഴക്കുലയും ഓണക്കാഴ്‌ചയായി വരുകയായി. അപ്പോള്‍
ഓണച്ചെലവിനു പണം, പുത്തന്‍ മുണ്ട്‌, പുളിയിലക്കരയന്‍ നേര്യത്‌, നെല്ല്‌,, എത്തക്കുല, ചേന തുടങ്ങിയ മലക്കറികള്‍, ഒരോ കുപ്പി വെളിച്ചെണ്ണ എന്നിവ നല്‍കി അവരെ സന്തോഷത്തോടെ യാത്രയാക്കുന്നു.

തിരുവോണദിനം അതിരാവിലെ തന്നെ കുട്ടികളും മുതിര്‍ന്നവരും ഉണരും. കൂട്ടുകുടുംബമാണു്‌, ഏഴ്‌ ആണ്‍മക്കളില്‍ മൂത്തവരായ നാലുപേരും വിവാഹിതരും, രണ്ടും മൂന്നും മക്കളുള്ളവരുമാണു്‌. മൂത്ത രണ്ടു മക്കളും അകലെയുള്ള നിലം പുരയിടങ്ങള്‍ നോക്കുന്നതിനുവേണ്ടി തറവാട്ടില്‍ നിന്നു്‌ രണ്ടുമൂന്നു നാഴിക അകലെയാണു താമസം., അവരും തിരുവോണദിവസം രാവിലെ തന്നെ എത്തുകയായി. മക്കള്‍ക്കും കൊച്ചമക്കള്‍ക്കുമെല്ലാം കാരണവര്‍ ഓണക്കോടി നല്‍കും, സന്തോഷത്തിമിര്‍പ്പില്‍ തറവാട്ടിലാകെ ആരവം. മുറ്റത്തെ വലിയ മാവിന്റെ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടാന്‍ മത്സരമാണു്‌ കുട്ടികളെല്ലാം.. കൊയ്‌ത്തു കഴിഞ്ഞ്‌ നെല്‍ക്കറ്റകള്‍ നിറഞ്ഞും നെല്‍ക്കൂനകള്‍ ഉയരത്തില്‍ കൂട്ടിയിട്ടിരുന്നതുമായ കളിത്തറ വൃത്തിയായി ഓണത്തിരുനാളിനു്‌ ഒരുക്കിയിരിക്കുന്നു, അടുക്കലായി ഉയരത്തില്‍ വയ്‌ക്കോല്‍ത്തുറുകളും എല്ലാം കൂടി ഐശ്വര്യദേവതയുടെ കേളീരംഗം. അന്നു്‌ ആ അനുഭൂതി ഉണ്ടായിരുന്നോ എന്നു സംശയിക്കുന്നു. വിളിക്കാതെ എത്തിച്ചേരുന്ന വിരുന്നുകാര്‍, ആരു വന്നാലും, എപ്പോള്‍ വന്നാലും നിറഞ്ഞ മനസ്സോടെ ഭക്ഷണം ആ തറവാട്ടിലെ അടുക്കളയില്‍ ഒരിക്കലും കുറവുള്ളതായി അനുഭവപ്പെട്ടിട്ടില്ല. വയ്‌ക്കന്നത്‌ വിളമ്പുകയും, വിളമ്പുന്നത്‌ സന്തോഷമായി കുട്ടികള്‍ പോലും ഒരു നിര്‍ബന്ധവും കാട്ടാതെ കഴിച്ചിട്ടു പോയിരുന്ന ആ കാലം ഇങ്ങിനി വരാതെ മാഞ്ഞു പോയിരിക്കുന്നു. ആ തറവാട്‌ മനസ്സിന്റെ ശ്രീകോവിലിലെ നിറദീപമായി ഇന്നും തെളിഞ്ഞു നില്‍ക്കയാണു്‌. അനാവശ്യ ആര്‍ഭാടങ്ങള്‍ അന്നൊക്കെ ആരും ആഗ്രഹിച്ചില്ല, പ്രാപ്യവും ആയിരുന്നില്ല. റേഡിയോ, റ്റി.വി. വൈദ്യുതി വിളക്കുകള്‍, പൈപ്പുവെള്ളം തുടങ്ങിയവ കേട്ടു കേഴ്‌വിയില്ലാത്ത കാലം. നിറസന്ധ്യയില്‍ മുസ്ലീം ദേവാലയത്തിലെ വാങ്കുവിളി, ക്രിസ്‌തുകുടുംബങ്ങളിലെ പ്രാര്‍ത്ഥനാമന്ത്രണങ്ങള്‍, ഹിന്ദു കുടുംബങ്ങളിലെ രാമരാമാലാപം എന്നിവ ഗ്രാമീണ ശാന്തിയുടെ ഐശ്വര്യനിദാനങ്ങളായിരുന്നു. ജാതിമതഭേദമെന്യെ നാടിന്റ എല്ലാ ആഘോഷങ്ങളും പൊതുവായി കൊണ്ടാടിയിരുന്ന ആ നാളുകള്‍! തിരുവോണ നാളില്‍ കുട്ടികളെല്ലാം എണ്ണ തേച്ചു്‌ പാടത്തിന്നരികിലുള്ള പുളഞ്ഞൊഴുന്ന തോട്ടില്‍ നീന്തികുളിച്ചു
വന്നു്‌ പുത്തന്‍ കോടികളണിഞ്ഞ്‌ സദ്യയ്‌ക്കു തയ്യാറായി തറയില്‍ വിരിച്ചിട്ടിരിക്കുന്ന പായില്‍ ചമ്പ്രം പടഞ്ഞിരിക്കും. മുന്നില്‍ പറമ്പിലെ വാഴകളില്‍ നിന്നും വെട്ടിയെടുത്ത തൂശനിലകള്‍ നിരത്തി ഉപ്പേരി, ശര്‍ക്കരപുരട്ടി, ചോറ്‌, പരിപ്പ്‌, നെയ്യ്‌, പര്‍പ്പടകം അങ്ങനെ അനേകം വിഭവങ്ങള്‍ നിരക്കുകയായി.
പ്രായക്രമമനുസരിച്ചാണു്‌ സദ്യയ്‌ക്കിരിക്കുന്നത്‌. പ്രാര്‍ത്ഥനയ്‌ക്കു ശേഷമേ ഭക്ഷണം തുടങ്ങാവൂ എന്നത്‌ അലിഖിത നിയമം. പലതരം പ്രഥമനും കഴിഞ്ഞ്‌ സന്തോഷസമൃദ്ധമായ ഓണസദ്യയ്‌ക്ക ശേഷം വിവിധയിനം വിനോദങ്ങളാണു്‌ പുലിക്കളി, കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, കബഡികളി, പന്തുകളി, ഊഞ്ഞാലാട്ടം തുടങ്ങി വിവിധ വിഭാഗങ്ങള്‍ പ്രായക്രമനുസരിച്ച്‌ സന്ധ്യവരെ മുഴുകകയായി . ഓണദിനങ്ങളില്‍. അങ്ങിങ്ങായി കൗമാര പ്രേമങ്ങള്‍ വൃക്ഷത്തണലുകളിലും ആറ്റുവക്കത്തും ഊഞ്ഞാല്‍ത്തറയിലുമൊക്കെ പൂത്തുലയുന്നതും തിരുവോണ സദ്യയ്‌ക്ക ശേഷമുള്ള സംതൃപ്‌ത വേളകളിലാണു്‌, എല്ലാം മറന്നുള്ള നിമേഷങ്ങള്‍!

`മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്നു പാടി അന്വര്‍ത്ഥമാക്കിയ ആ ദിനങ്ങള്‍! വിഭവ സമൃദ്ധമായ തിരുവോണം, അവിട്ടവും, ചതയവും വരെ ആരും മറ്റു ജോലികള്‍ക്കൊന്നും പോകയില്ല. സ്‌ക്കൂളുകള്‍ക്കെല്ലാം ഓണാവധി. ഇന്നു്‌ ആ സുന്ദര നാളുകള്‍ മധുരിക്കുന്ന ഓര്‍മ്മയായി മാറി. ആണ്‍മക്കള്‍ ക്രമേണ വീടുകള്‍ വച്ച്‌ ഓരോരുത്തരായി തറവാട്ടില്‍ നിന്നും വേറേ മാറി. ഇളയ മകനാണു്‌ കുടുംബത്തിന്റെ അവകാശി. പ്രതാപശാലിയായ കാരണവര്‍ കഥാവശേഷനായി. ഐശ്വര്യവും നിറവുമായിരുന്ന കുലവതിയായ അമ്മയും മണ്‍മറഞ്ഞു. കോലാഹലങ്ങള്‍ അസ്‌തമിച്ചു. തറവാടിന്റെ പടിപ്പുരയും നാലുകെട്ടും ഇടക്കെട്ടും വായുവും വെളിച്ചവും കടക്കാത്ത മുറികളും, ചത്രപ്പണികളുള്ള തടിച്ചുമരുകളും പുതിയ ഫാഷനല്ലെന്നു്‌ പട്ടണത്തില്‍ വിദ്യാഭ്യാസം കഴിഞ്ഞു വന്നപ്പോള്‍ മക്കള്‍ അഭിപ്രായപ്പെട്ടതിനാല്‍ പടിപ്പുര മാറ്റി ഗേറ്റിട്ടു, തറവാടിന്റെ അഭിമാനമായിരുന്ന പ്രാവിന്‍കൂടു്‌ അടര്‍ത്തി മാറ്റി, നിരന്നു നിന്നിരുന്ന കന്നുകാലികള്‍ ഒഴിഞ്ഞ, കരയുന്ന എരിത്തിലുകളും നെല്ലൊഴിഞ്ഞ നെല്‍പ്പുരകളും പൊളിച്ചടര്‍ത്തി. തൊടിയിലെ കുളം ആരു നോക്കാതെ പായല്‍ മൂടി അനാഥമായി. പൂമുഖം മാറ്റി മുന്‍വശം കോണ്‍ക്രീറ്റു ടെറസ്സാക്കി. മരച്ചുമരുകള്‍ മാറ്റി വെള്ള തേച്ച ചുമരുകളാക്കി, ഭിത്തിയില്‍ നിരത്തിയിരുന്ന അമൂല്യങ്ങളായ കുടുംബഫോട്ടോകള്‍ വായു കടക്കാത്ത ഇരുളടഞ്ഞ നിലവറയിലേക്കൊതുക്കി. അറകളും വിശാലമായ ഇടനാഴികളും ജനാലയിട്ട വിശാലമായ മുറികളാക്കി. പൂമുഖം സ്വീകരണമുറിയാക്കി, തറയോടു മാറ്റി മൊസൈക്ക്‌ ഇട്ടു. വീടിനകത്തു ബാത്ത്‌റൂം, പൈപ്പുവെള്ളം, റ്റിവി. റേഡിയോ എല്ലാം ഒരുക്കി പട്ടണത്തെ ഗ്രാമത്തിലെത്തിച്ചു. ജോലിക്കാരുടെ ആഗമനം ചുരുങ്ങി , ആഘോഷങ്ങള്‍ നാമമാത്രങ്ങളായി . പരസ്‌പര ഐക്യവും വിരുന്നു പോക്കും പേരിനു മാത്രമായി. നാടിനൈശ്വര്യമായിരുന്ന ആ തറവാടിന്റെ കേഴ്‌വി എറെനാള്‍കൂടി മങ്ങാതെ നിന്നു.. പുതിയ തലമുറയിലെ കുടുംബനാഥനു്‌ പഴയ പ്രതാപം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. തടിച്ചു കൊഴുത്ത കാളകളെ ഇറക്കിയുള്ള മരമടി മത്സരത്തില്‍ എന്നും ഒന്നാമതായിരുന്ന ആ തറവാട്‌ ഒരോര്‍മ്മ മാത്രമായി. മക്കള്‍ ജോലിക്കായി പട്ടണങ്ങിലേക്കും വിദേശങ്ങളിലേക്കും ചേക്കേറിയപ്പോള്‍ , മാതാപിതാക്കളേയും അവര്‍ കൂട്ടി, അനാഥമായ്‌പ്പോയ കുടുംബം ഒരു ബാദ്ധ്യതയായി.. കരിയിലകള്‍ നിറഞ്ഞ മുറ്റം, കൊട്ടിയടയ്‌ക്കപ്പെട്ട ജനാലകള്‍, അവിടം ഒരു പ്രേത ഭൂമിയുടെ പ്രതീതി ഉളവാക്കി. ഈ അനാഥാവസ്ഥയില്‍ വേദനയോടെയാണെങ്കിലും, വീടും പറമ്പും, വയലേലകളും കിട്ടിയ വിലയ്‌ക്കു വിറ്റു, പണം ഒരു സ്വകാര്യ ബാങ്കില്‍ കൂടിയ പലിശ ലഭ്യമാണെന്ന
വാഗ്‌ദാനത്തില്‍ നിക്ഷേപിിക്കപ്പെട്ടു. പക്ഷേ നാളുകള്‍ക്കകം സ്വകാര്യ ബാങ്കു പൊളിഞ്ഞു. പ്രതാപൈശ്വരങ്ങള്‍ ഓളം വെട്ടി നിന്നിരുന്ന തറവാടും അതിന്നു വിലയായി കിട്ടിയ തുകയും നാമാവശേഷമായി . കച്ചവടക്കണ്ണു മാത്രമുള്ള പുതിയ അവകാശി കെട്ടിടമെല്ലാം പൊളിച്ചു വിറ്റു, ഇന്നു്‌ ഒരു ശ്‌മശാനഭൂമി പോലെ അവശേഷിക്കന്ന ആ തറവാടിന്റെ മണ്ണില്‍ രണ്ടു തുള്ളി കണ്ണുനീര്‍ നേദിച്ചിട്ട്‌ വിങ്ങുന്ന ഹൃദയത്തോടെ യാത്രയായപ്പാള്‍ ആ പഴയ മധുര സ്‌മരണകളാണു്‌ ഇന്നും അവള്‍ക്കു സാന്ത്വനമേകുന്നത്‌. ഇന്നും ആ മാധുര്യത്തിന്റെ സ്വപ്‌നങ്ങളാണു്‌ നമ്മെ മുന്നോട്ടു നയിക്കുന്നത്‌, സത്യമല്ലേ!

എവര്‍ക്കും സന്തോഷ സമാധാന സമൃദ്ധമായ ഓണാശംസകള്‍ !!
ഒരു പഴയ തറവാട്ടിലെ തിരുവോണ സ്‌മരണകള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
eswaramangalam 2020-05-31 00:36:42
അമ്മ എഴുതിയത് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞുപോയി. എനിക്കുമുണ്ട് ആളും ആരവവുമില്ലാത്ത ഒരു തറവാട് 😒
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക