Image

പൗരോഹിത്യത്തിന്റെ പരിപൂര്‍ണ്ണതയില്‍ മാര്‍ ജോയി ആലപ്പാട്ട്‌; അനുഗ്രഹാനുമോദനങ്ങളുമായി ആയിരങ്ങള്‍ (ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 28 September, 2014
പൗരോഹിത്യത്തിന്റെ പരിപൂര്‍ണ്ണതയില്‍ മാര്‍ ജോയി ആലപ്പാട്ട്‌; അനുഗ്രഹാനുമോദനങ്ങളുമായി ആയിരങ്ങള്‍ (ഷാജന്‍ ആനിത്തോട്ടം)
ചിക്കാഗോ: വിശ്വാസി സമൂഹത്തിന്റേയും, സഭാശ്രേഷ്‌ഠരുടേയും അനുഗ്രഹവര്‍ഷങ്ങള്‍ ഏറ്റുവാങ്ങി മാര്‍ ജോയി ആലപ്പാട്ട്‌ പൗരോഹിത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌ ഉയര്‍ത്തപ്പെടുമ്പോള്‍ പതിന്നാല്‌ സംവതത്സരങ്ങള്‍ക്ക്‌ മുമ്പ്‌ രൂപംകൊണ്ട ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു. സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച തന്റെ അമ്പത്തെട്ടാം ജന്മദിനത്തില്‍ തന്നെ പൗരോഹിത്യത്തിന്റെ ശ്രേഷ്‌ഠതയിലേക്ക്‌ മാര്‍ ആലപ്പാട്ട്‌ തെരഞ്ഞെടുക്കപ്പെടുന്നിതിന്‌ സാക്ഷിയായി ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രലില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക്‌ ലഭിച്ചത്‌ ആത്മീയതയുടെ അപൂര്‍വ്വ നിറവ്‌.

ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ നൂറോളം വൈദീകരുടേയും മതമേലദ്ധ്യക്ഷന്മാരുടേയും ആഘോഷ കമ്മിറ്റി ഭാരവാഹികളുടേയും അകമ്പടിയോടുകൂടി നിയുക്ത മെത്രാന്‍ കത്തീഡ്രല്‍ ദേവാലയത്തിലേക്‌ പ്രവേശിച്ചപ്പോള്‍ ദേവാലയവും പരിസരവും അപൂര്‍വ്വമായ ആത്മീയവിരുന്നിന്‌ സാക്ഷികളാകാനെത്തിയവരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. തുടര്‍ന്ന്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ എല്ലാവരേയും സ്വാഗതം ചെയ്‌ത്‌ സംസാരിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഭാരതീയാചാരപ്രകാരം നിലവിളത്തില്‍ തിരി തെളിയിച്ചതോടെ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. മാര്‍ ജോയി ആലപ്പാട്ടിനെ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചുകൊണ്ടുള്ള പരിശുദ്ധ പിതാവിന്റെ കല്‍പ്പന ചാന്‍സിലര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത്‌ വായിച്ചു. അതിനെ തുടര്‍ന്ന്‌ കര്‍ദ്ദിനാളിന്റെ മുന്നില്‍ മുട്ടുകുത്തി നിന്നുകൊണ്ട്‌ നിയുക്ത മെത്രാന്‍ വിശ്വാസപ്രഖ്യാപനം നടത്തി. മാര്‍ ആലപ്പാട്ടിന്റെ ശിരസില്‍ വേദപുസ്‌തകം വെച്ചുകൊണ്ട്‌ വിശ്വാസപ്രഘോഷണ ദൗത്യത്തിന്റേയും അപ്പസ്‌തോലിക ശുശ്രഷയുടെ ഔന്നത്യത്തേയും കുറച്ച്‌ കര്‍ദ്ദിനാള്‍ ഉദ്‌ബോധിപ്പിച്ചു.

ചിക്കാഗോ സമയം രാവിലെ പത്തരയോടുകൂടി വിശ്വാസിസമൂഹം കാത്തിരുന്ന ആ മഹനീയ നിമിഷം ആഗതമായി. തന്നില്‍ നിക്ഷിപ്‌തമായ അധികാരമുപയോഗിച്ചും പരിശുദ്ധ പിതാവ്‌ നല്‍കിയ കല്‍പ്പനപ്രകാരവും ചിക്കാഗോ രൂപതയുടെ സഹായ മെത്രാനായി മാര്‍ ജോയി ആലപ്പാട്ടിനെ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി വാഴിച്ചു. തുടര്‍ന്ന്‌ ഇടയശ്രേഷ്‌ഠരും കുടുംബാംഗങ്ങളും നവാഭിഷിക്തനെ ആലിംഗനം ചെയ്‌ത്‌ അനുമോദിച്ചു. പുതിയ മെത്രാന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച പരിശുദ്ധ കുര്‍ബാനയായിരുന്നു അടുത്തത്‌. മാര്‍ ആലപ്പാട്ടിന്റെ സഹോദരങ്ങളായ സിസ്റ്റര്‍ പോളും, പോള്‍ ആലപ്പാട്ടും വേദപുസ്‌തകഭാഗങ്ങള്‍ വായിച്ചു. കര്‍ദ്ദിനാള്‍ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ കൂടുതല്‍ സന്തോഷത്തോടും, കൂടുതല്‍ സമര്‍പ്പണത്തോടും, കൂടുതല്‍ ശുഷ്‌കാന്തിയോടുംകൂടി സഭയെ സേവിക്കാന്‍ പുതിയ മെത്രാനെ ഉദ്‌ബോധിപ്പിച്ചു. സാര്‍വ്വത്രിക സഭയുടെ ഐക്യത്തിന്‌ പ്രത്യേകമായുംതീക്ഷതയോടുംകൂടി നിലകൊള്ളുവാന്‍ വിശ്വാസി സമൂഹത്തോട്‌ ആദ്ദേഹം ആഹ്വാനം ചെയ്‌തു.

കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകളുടെ സമാപനമായി പുതിയ ഇടയന്‍ നല്‍കിയ നന്ദി പ്രസംഗം ഏറെ ഹൃദയസ്‌പര്‍ശിയായിരുന്നു. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കരയില്‍ ജനിച്ചുവളര്‍ന്ന താന്‍ ഒരിക്കലും ഒരു മെത്രാന്‍പദവി സ്വപ്‌നം കണ്ടിട്ടുപോലുമില്ലായിരുന്നുവെന്നും വൈദീകനാകണമെന്ന തന്റെ ആഗ്രഹത്തിന്‌ ദൈവപരിപാലനയുടെ അനന്തനായ ആശീര്‍വാദമാണ്‌ ഇത്തരമൊരു പൂര്‍ണ്ണത വരുത്തിയതെന്നും മാര്‍ ആലപ്പാട്ട്‌ അനുസ്‌മരിച്ചു. തന്നെ വളര്‍ത്തി വലുതാക്കിയ പരേതരായ മാതാപിതാക്കളെ അനുസ്‌മരിച്ചപ്പോള്‍ പിതാവിന്റെ കണ്‌ഠമിടറി, കണ്ണുകള്‍ സജലങ്ങളായി. വളര്‍ച്ചാവഴികളില്‍ തന്നെ സഹായിച്ചവരേയും, മെത്രാഭിഷേക ചടങ്ങുകളുടെ നടത്തിപ്പിനുവേണ്ടി അഹോരാത്രം അധ്വാനിച്ച ജോസ്‌ ചാമക്കാലയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാരേയും അദ്ദേഹം നന്ദിയോടെ അനുസ്‌മരിച്ചു. വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ കടമെടുത്ത്‌ "Joyfully, for your Souls' (സന്തോഷപൂര്‍വ്വം, അങ്ങയുടെ ആത്മാക്കള്‍ക്കുവേണ്ടി- കൊദീന്ത്യര്‍ 12:15) എന്നതായിരുന്നു എന്റെ ജീവിത മുദ്രവാക്യം എന്നദ്ദേഹം പ്രഖ്യാപിച്ചു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കു പുറമെ കോഴിക്കോട്‌, കോട്ടയം, താമരശേരി, ഇരിഞ്ഞാലിക്കുട, രൂപതകളിലെ സീറോ മലങ്കര, ഉക്രെയിന്‍, റൊമേനിയന്‍, ലത്തീന്‍ രൂപതകളില്‍ നിന്നായി സ്വദേശീയരും വിദേശീയരുമായ ഒരു ഡസന്‍ ബിഷപ്പുമാരും, നൂറോളം വൈദീകരും കന്യാസ്‌ത്രീകളും അഭിഷേക ചടങ്ങുകളില്‍ പങ്കെടുത്തു. ഇരുന്നൂറോളം വോളണ്ടീയര്‍മാരുടെ നേതൃത്വത്തില്‍ പാകം ചെയ്‌ത്‌ വിതരണം ചെയ്‌ത ഉച്ചഭക്ഷണവും പരിപാടികളുടെ ഭാഗമായിരുന്നു.

ഉച്ചയ്‌ക്ക്‌ പാരീഷ്‌ ഹാളില്‍ നടന്ന അനുമോദന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു. മെത്രാഭിഷേക ചടങ്ങിന്റെ നിത്യസ്‌മാരകമായി രൂപതയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന സെമിനാരി ഫണ്ടിന്റെ ഉദ്‌ഘാടനം കര്‍ദ്ദിനാള്‍ നിര്‍വഹിച്ചു. ഫിനാന്‍സ്‌ കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂസ്‌ തോമസിന്റെ നേതൃത്വത്തില്‍ നടന്ന ഫണ്ട്‌ സമാഹരണത്തില്‍ നാലു ലക്ഷത്തോളം ഡോളര്‍ ചുരുങ്ങിയ കാലംകൊണ്ട്‌ സമാഹരിച്ചത്‌ ചടങ്ങില്‍ ഏവരുടേയും അഭിനന്ദനങ്ങള്‍ക്ക്‌ പാത്രമായി. അനുമോദന സമ്മേളനത്തില്‍ പ്രസംഗിച്ച എല്ലാ മെത്രാന്മാരും കൊച്ചുപിതാവിന്‌ വിജയാശംസകള്‍ നേര്‍ന്നു. ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ ചാമക്കാല സ്വാഗത പ്രസംഗം നടത്തിയ സമ്മേളനത്തില്‍ ബീന വള്ളിക്കളമായിരുന്നു എം.സി. തുടര്‍ന്ന്‌ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കലാപരിപാടികളുടെ ഭാഗമായി മുമ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ രചനയും സംവിധാനവും നിര്‍വഹിച്ച സംഗീത ആല്‍ബത്തെ അടിസ്ഥാനമാക്കി സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്തസംഗീത പരിപാടിയുമുണ്ടായിരുന്നു.
പൗരോഹിത്യത്തിന്റെ പരിപൂര്‍ണ്ണതയില്‍ മാര്‍ ജോയി ആലപ്പാട്ട്‌; അനുഗ്രഹാനുമോദനങ്ങളുമായി ആയിരങ്ങള്‍ (ഷാജന്‍ ആനിത്തോട്ടം)പൗരോഹിത്യത്തിന്റെ പരിപൂര്‍ണ്ണതയില്‍ മാര്‍ ജോയി ആലപ്പാട്ട്‌; അനുഗ്രഹാനുമോദനങ്ങളുമായി ആയിരങ്ങള്‍ (ഷാജന്‍ ആനിത്തോട്ടം)പൗരോഹിത്യത്തിന്റെ പരിപൂര്‍ണ്ണതയില്‍ മാര്‍ ജോയി ആലപ്പാട്ട്‌; അനുഗ്രഹാനുമോദനങ്ങളുമായി ആയിരങ്ങള്‍ (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക