Image

വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)

Published on 02 October, 2014
വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)
വേണാടിന്‌ തൃശ്ശൂരിറങ്ങി കുന്നംകുളത്തു നിന്നു പൊന്നാനി റൂട്ടില്‍ 12 കിലോമീറ്റര്‍ പോയാല്‍ പുന്നയൂര്‍ക്കുളമായി. തൊട്ടടുത്ത്‌ വന്നേരി എന്ന കൊച്ചുഗ്രാമവും അവിടെ ഒരു ഹയര്‍ സെക്കന്‍റി സ്‌കൂളും വലിയൊരു കിണറും. പൊയ്‌പോയ വന്നേരി നാടിന്റെ ബാക്കിപത്രമാണ്‌ ഈ പ്രദേശം. ഒരായിരം വര്‍ഷം പഴക്കമുണ്ട്‌ വന്നേരി നാടിന്‌. കൊച്ചി രാജ്യം രൂപമെടുക്കും മുമ്പുള്ള പെരുമ്പടപ്പ്‌ സ്വരൂപത്തിന്റെ നാട്‌. പെരുമ്പടപ്പ്‌ എന്നൊരു പഞ്ചായത്ത്‌ ഇന്നുണ്ട്‌. മലപ്പുറം ജില്ലയില്‍ പൊന്നാനിയ്‌ക്കടുത്ത്‌. തൃശ്ശൂര്‍ ജില്ലയില്‍ ചെന്ദ്രാപ്പിന്നിക്കടുത്തുമുണ്ട്‌ മറ്റൊരു പെരുമ്പടപ്പ്‌.

പൊന്നാനിക്കടുത്തുള്ള ബിയ്യംകായിലിന്‌ തെക്ക്‌ മലപ്പുറം, പാലക്കാട്‌, തൃശ്ശൂര്‍ ജില്ലകളുടെ കുറേഭാഗങ്ങള്‍ ചേര്‍ന്ന്‌ ചേറ്റുവാ പാലം വരെയുള്ള പ്രദേശമായിരുന്നു വന്നേരിനാട്‌. കേരളത്തിന്റെ ആദ്യരൂപമായ ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന മഹോദയപുരത്തെ കുലശേഖരവര്‍മ്മയുടെ കാലത്തുതന്നെ ഈ നാടുണ്ടായിരുന്നുവെന്ന്‌ തെളിവുണ്ട്‌. പെരുമ്പടപ്പു കോവിലകം പറമ്പ്‌ പഴയ പ്രതാപത്തിന്റെ നഷ്‌ടസ്വപ്‌നമായി ഇന്നും നിലനില്‌ക്കുന്നു. ചാവക്കാടു താലൂക്കില്‍ പെട്ട ആല്‍ത്തറയാണു പുന്നയൂര്‍ക്കുളത്തിന്റെ സിരാകേന്ദ്രം. കമലസുരയ്യ കഥ എഴുതി പ്രസിദ്ധമാക്കിയ നീര്‍മാതളം നില്‍ക്കുന്ന നാലപ്പാട്ട്‌ തറവാട്‌ നടക്കാവുന്നത്ര അടുത്ത്‌.

അവിടെ ഇന്നു നാലപ്പാട്ട്‌ തറവാടിന്റെ ഒരു കല്ലുപോലും അവശേഷിച്ചിട്ടില്ല. ``ഇതാ ഞാനീ നില്‍ക്കുന്നിടത്തായിരുന്നു ആ തറവാട്‌''- കമലാസുരയ്യ ട്രസ്റ്റിന്റെ സെക്രട്ടറി. കെ. ബി. സുകുമാരന്‍ ചൂണ്ടിക്കാണിക്കുന്നു. നീര്‍മാതളം മാത്രം ചെരിഞ്ഞു നില്‍പ്പുണ്ട്‌. എപ്പോഴാണ്‌ വീഴുന്നതെന്ന്‌ അറിയില്ല. തൊട്ടടുത്ത്‌ ശാഖകളുമായി വലിയൊരു ഇലഞ്ഞിമരവും. അതിനോട്‌ ചേര്‍ന്നുണ്ടായിരുന്ന സര്‍പ്പക്കാവിലെ രണ്ട്‌ കരിങ്കല്‍ ബിംബങ്ങള്‍ ഇപ്പോഴും അവിടെ കാണാം.

കമല ജീവിച്ചിരുന്നപ്പോള്‍ സാഹിത്യ അക്കാദമിയ്‌ക്ക്‌ എഴുതികൊടുത്ത തറവാട്‌ ഭൂമിയില്‍ രണ്ടുകോടിയിലെറേ മുടക്കുള്ള ഒരു സാംസ്‌കാരിക സമുച്ചയം സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പണിതുകൊണ്ടിരിക്കുന്നു. കമലക്കു കിട്ടിയ തറവാട്ട്‌ ഭൂമിയിലെ 17 സെന്റിലാണ്‌ സാംസ്‌കാരിക നിലയം. തറയായി. കമ്പികള്‍ പാകിയുള്ള തൂണുകളും ആയി. തൊട്ടുചേര്‍ന്ന്‌ സുകുമാരന്‍ സംഭാവന ചെയ്‌ത 13 സെന്റില്‍ വലിയൊരു കുളം കരിങ്കല്‍പാകി ഒരുക്കിയിട്ടുണ്ട്‌. രുപകല്‍പന: പുന്നയൂര്‍ക്കുളം റിയാസ്‌ മുഹമ്മദ്‌. ഡോ. സുകുമാര്‍ അഴിക്കോടായിരുന്നു ട്രസ്റ്റിന്റെ അധ്യക്ഷന്‍. ഉപാധ്യക്ഷന്‍ കെ. പി. രാമനുണ്ണിയ്‌ക്കാണ്‌ ഇപ്പോള്‍ ചുമലത.

പുന്നയൂര്‍ക്കുളത്തിന്റെ ജീവനാഡിയാണ്‌ നാലപ്പാട്ട ്‌ തറവാട്‌. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യ (എലജി)മായ `കണ്ണുനീര്‍തുള്ളി'യും `ആര്‍ഷജ്ഞാന'വും `രതിസാമ്രാജ്യ'വും വിക്‌ടര്‍ യുഗോയുടെ `ലേ മിറാബ്‌ളേ'യുടെ വിവര്‍ത്തനമായ `പാവങ്ങളു'ം രചിച്ച നാലപ്പാട്‌ നാരായണമേനോന്റെ തറവാട്‌. അദ്ദേഹത്തിന്റെ മരുമകളും കവയിത്രിയുമായ ബാലാമണിയമ്മയും മക്കള്‍ സുലോചനയും കമലയും അനുജത്തി അമ്മിണിയമ്മയും കളിച്ചുവളര്‍ന്ന തറവാട്‌. ബാലാമണിയെ വിവാഹം ചെയ്‌ത വി. എം. നായരുടെ `സര്‍വ്വോദയം' വീട്‌ അവിടെ നിന്നാല്‍ കാണാം. വി. എം. നായര്‍ തന്നെ നാലപാടിന്റെ `കണ്ണുനീര്‍തുള്ളി്‌' `ടിയര്‍ ഡ്രോപ്‌സ്‌' എന്ന പേരില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തം ചെയ്‌തിട്ടുണ്ട്‌.

പൊന്നാനിപ്പുഴയോരത്ത്‌ പടര്‍ന്നു പന്തലിച്ച ഒരു പുരാതന സംസ്‌കൃതിയെപ്പറ്റി പറയുമ്പോള്‍ നാട്ടുകാര്‍ക്ക്‌ ആയിരം നാവാണ്‌. നാലപാട്‌ തറവാടിനു തന്നെ രണ്ടായിരം വര്‍ഷത്തെ ചരിത്രമുണ്ട്രെത. മൊയ്‌തു മൗലവി, എം. പി. ഭട്ടതിരിപ്പാട്‌. എം. ആര്‍. ബി., പ്രേംജി, കാട്ടുമാടം, ഇടശ്ശേരി, ഉറൂബ്‌, കെ. സി. എസ്‌. പണിക്കര്‍, സി. ഉണ്ണിരാജാ, വി. കെ ശ്രീരാമന്‍, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, സി. രാധാകൃഷ്‌ണന്‍, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം എന്നിങ്ങനെ നിരവധി പേര്‍ വന്നേരി നാടിന്റെ സന്തതികളാണ്‌. വള്ളത്തോളിന്റെ ഭാര്യവീടും പുന്നയൂര്‍ക്കുളത്തായിരുന്നു അങ്ങനെയാണ്‌ നാലപ്പാടും വള്ളത്തോളും തമ്മിലടുക്കുന്നത്‌. എം. ടിയുടെ അച്ഛന്‍ നാരായണന്‍ നായര്‍ പുന്നയൂര്‍ക്കുളത്ത്‌ തെക്കേപ്പാട്ട്‌ കുടുംബാംഗമായിരുന്നു. അദ്ദേഹം 45 കിലോമീറ്റര്‍ അകലെ പാലക്കാട്ട്‌ ജില്ലയിലെ കുടല്ലൂരില്‍ സംബന്ധം ചെയ്‌തതു കാരണമാണ്‌ അമ്മാവന്റെ വീട്ടില്‍ എം. ടി. ജനിച്ചു വളരാനിടയായത്‌. എം. ടിയുടെ `നാലുകെട്ട്‌' ആ കാലഘട്ടത്തിന്റെ കഥയാണ്‌. എം. ടി. യുെട ഓപ്പോള്‍ കാര്‍ത്തൃായനി ടീച്ചറും പുന്നയൂര്‍ക്കുളത്തുണ്ട്‌. എഴുത്തുകാരിയുമാണ്‌.

രണ്ടുതവണ നിയമസഭയിലേക്കു ജയിച്ച കെ. ജി. കരുണാകര മേനോന്‍ നാലപ്പാട്‌ അമ്മിണിയമ്മയെയാണ്‌ വിവാഹം ചെയ്‌തത്‌. കൊളാടി ഗോവിന്ദന്‍ക്കുട്ടിയും രണ്ടുതവണ നിയമസഭാംഗമായ നാട്ടുകാരനാണ്‌. പി. ടി. മോഹനകൃഷ്‌ണനാണ്‌ എം. എല്‍. എ ആയ മറ്റൊരു വന്നേരിക്കാരന്‍.

കമല സ്‌മാരകവും നീര്‍മാതളവും കണ്ട്‌ ആല്‍ത്തറ കവലയിലെത്തിയപ്പോള്‍ സ്‌കൂളും കോളജും കഴിഞ്ഞ്‌ വീട്ടിലേക്ക്‌ തിരക്കിട്ട്‌ പോകുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ ഒരു പടതന്നെ കാണാമായിരുന്നു. പെണ്‍കുട്ടികളില്‍ പകുതിയിലേറെയും ആമിനമാരോ, രേഷ്‌മമാരോ ആയിഷമാരോ ആയിരുന്നുതാനും. മിക്കവരും മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു. കമലയും മറ്റും പഠിച്ച രാമരാജ സ്‌കൂളും തെക്കേപ്പാട്ട്‌ മോഹന്‍ ബാബുവും എ. ഉമ്മറും ചേര്‍ന്നു തുടങ്ങിയ പ്രതിഭ കോളജും ഇന്നും സജീവമാണ.്‌ കവലയില്‍ ഒരു ബഹുനില പ്ലാറ്റിന്റെ ഫ്‌ളെക്‌സ്‌ ബോര്‍ഡ്‌ കണ്ടു. അതിന്റെ പേരും `നീര്‍മാതളം!'

ചാവക്കാട,്‌ പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുന്ന വന്നേരി നാട്ടില്‍ നിന്ന്‌ വിദേശത്തു പോയവര്‍ക്ക്‌ കയ്യും കണക്കുമില്ല. ഗള്‍ഫ്‌ നാടുകള്‍ വികസിക്കുന്നതിനു മുമ്പ്‌ തുടങ്ങി അവരുടെ പ്രവാസ ജീവിതം. ആദ്യം ബര്‍മ്മയിലേക്കും സിലോണ്‍, മലയ, സിങ്കപ്പൂര്‍ എന്നിവങ്ങളിലേക്കും ആയിരുന്നു. അബ്‌ദുള്‍ പുന്നയൂര്‍ക്കുളം എന്ന കഥാകൃത്തിന്റെ കാര്യംമാത്രം എടുക്കുക അദ്ദേഹം ആദ്യം അബുദാബിയില്‍ പോയി. ഒരു ദശാബ്‌ദം ചെലവഴിച്ചതിനുശേഷം അമേരിക്കയിലേക്ക്‌ കുടിയേറി. മൂന്നുപതിററാണ്ടിലേറെയായി ഡിട്രോയിറ്റിലാണ്‌. അബ്‌ദുളിന്റെ സഹോദരന്‍ സെയ്‌തു മലേഷ്യയിലെ ജോഹോര്‍ ബാറുവിലാണ്‌. അദ്ദേഹത്തിന്റെ സഹോദരി സഹോദരന്മാരും മക്കളും ഉള്‍പ്പെടെ ഇരുപതുപേര്‍ കുവൈറ്റ്‌, ഖത്തര്‍, ദുബായ്‌, അബുദാബി, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നു. അബ്‌ദുളിന്റെ സഹോദരി പുത്രന്‍ ഇബ്രാഹിം കുട്ടിയുടെ മനോഹരമായ പുതിയ വീട്ടില്‍ ഞങ്ങളൊന്നു കയറി. ആള്‍ സൗദിയിലാണ്‌. ഭാര്യ സെലീനയും മൂന്ന്‌ പെണ്‍മക്കളും- അയിഷ, അമിന, അഫാന്‍- തനിച്ച്‌ ആ വീട്ടില്‍ കഴിയുന്നു. അയിഷ കംപ്യൂട്ടര്‍ സയന്‍സ്‌ ഡിഗ്രിക്ക്‌ പഠിക്കുന്നു. കംപ്യൂട്ടര്‍്‌ ഉണ്ട,്‌ ഇന്റര്‍നെറ്റില്ല, തൊട്ടടുത്ത്‌ ഉപ്പയുടെ അനുജന്‍ സലിം താജ്‌ മഹല്‍പോലെ മിന്നാരത്തോടെ വലിയ ഒരു വീട്‌ പണിയുന്നു. തറയിലാകെ ബ്ലാക്ക്‌ ഗ്രാനെറ്റിന്റെ തിളക്കം. സലിമും സൗദിയില്‍ തെന്ന.

പുന്നയൂര്‍ക്കുളത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണി താനാണെന്നാണ്‌ അബ്‌ദുളിന്റെ അഭിമാനം. കവിതയും കഥകളും എഴുതിയിട്ടുണ്ട്‌. മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്‌ സമാഹാരങ്ങള്‍ പുറത്തിറങ്ങി കഴിഞ്ഞു. ഇംഗ്ലീഷില്‍ ഏറ്റവും ഒടുവിലത്തെ കൃതി ` കാച്ചിംഗ്‌ ദി ഡ്രീം' ആമസോണാണ്‌ വിതരണം ചെയ്യുന്നത്‌. ഒരു കവിതാസമാഹാരത്തിന്‌ ആമുഖം എഴുതിയതും മന്ത്രി എം. കെ. മുനീറിന്‌ ഒരു പ്രതി സമ്മാനിച്ചുകൊണ്ട്‌ പ്രകാശനം ചെയ്‌തതും കമല സുരയ്യ ആയിരുന്നു. കമലയ്‌ക്കുശേഷം ഇംഗ്ലീഷില്‍ കഥ എഴുതിയ പുന്നയൂര്‍ക്കുളംകാരന്‍ താനാണെന്നും അബ്‌ദുള്‍ അഭിമാനിക്കുന്നു. `എളാപ്പ' എന്ന പുതിയ കഥാസമാഹാരത്തിനു ആമുഖം എം.ടി.യുടേത്‌. ഒരു നാടിന്റെ ചെങ്ങാതിക്കൂട്ടം.

എം. ടി. യ്‌ക്കുമുണ്ട്‌ പ്രവാസി ബന്ധം. അച്ഛന്‍ നാരായണന്‍ നായര്‍ സിലോണിലായിരുന്നു. ഒരിക്കല്‍ മടങ്ങിവന്നപ്പേള്‍ കുടെ ഒരു കൊച്ചു പെണ്‍കുട്ടിയുമുണ്ടായിരുന്നു. അവളെ കൂട്ടികൊണ്ടുവന്നപ്പോള്‍ വീട്ടിലൂണ്ടായ കോലാഹലം പറഞ്ഞറിയിക്കാന്‍ വയ്യ. ഒടുവില്‍ അദ്ദേഹം ദു:ഖത്തോടെ അവളെ തിരികെ കൊണ്ടുപോയി. അച്ഛന്റെ മരണശേഷം, ഒരു പക്ഷേ തന്റെ സഹോദരി ആയിരിക്കാവുന്ന, ആ പെണ്‍ക്കുട്ടിയെ തേടി സിലോണില്‍ പോയ കഥ `നിന്റെ ഓര്‍മ്മയ്‌ക്ക'്‌ എന്ന പേരില്‍ എം. ടി. പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പക്ഷേ അദ്ദേഹത്തിന്‌ അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കുന്നത്തൂര്‍ - പുന്നയൂര്‍കുളം ആസ്ഥാനമായ നാലപ്പാടന്‍ സ്‌മാരക സാംസ്‌കാരിക സംഘടനയുടെ സെക്രട്ടറിയാണ്‌ വന്നേരി ഹയര്‍ സെക്കന്‍റി സ്‌കൂള്‍ മാനേജര്‍ കൂടിയായ അശോകന്‍ നാലപ്പാട്‌. ബാലാമണിയമ്മയുടെ അനുജത്തി അമ്മിണിയമ്മയും മകന്‍ സുവര്‍ണ്ണ നാലപ്പാട്‌ സഹോദരിയും. നാരായണ മേനോന്റെ 127-ാം ജന്മദിനം ഒക്‌ടോബര്‍ 2 മുതല്‍ 7 വരെ ആഘോഷിക്കുകയാണ്‌ സംഘടന. കാവ്യമേള, ചിത്ര പഠനകളരി, സംഗീതസദസ്സ്‌, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ ഉണ്ടായിരിക്കും. ഒക്‌ടോബര്‍ 4 ന്‌ നാലപ്പാടന്‍ പുരസ്‌കാരം എം.ടി. ക്ക്‌ സമര്‍പ്പിക്കുന്നതാണ്‌ ഉത്സവത്തിലെ ഏറ്റവും വലിയ ചടങ്ങ്‌. നാലപ്പാടിനെക്കുറിച്ച്‌ ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നുണ്ട്‌-`നാലപ്പാടന്‍ ഒരു ഋഷികവി'. അശോകന്റെ മകള്‍ സരിത നാലപ്പാട്‌ ആണ്‌ സംവിധായിക. മള്‍ട്ടി മീഡിയയില്‍ മാസ്റ്റേഴ്‌സ്‌ നേടിയിട്ടുള്ള സരിതയുടെ ആദ്യകൃതി ` ഒരു പര്യവസാനം' (സിനിമാ കൊട്ടകകളുെട അന്ത്യം) ഡോക്യുമെന്റി മേളയില്‍ സമ്മാനം നേടിയിട്ടുള്ളതാണ്‌.

കുമരനല്ലൂരില്‍ കഴിഞ്ഞ മാര്‍ച്ച്‌ 15 ന്‌ തൊണ്ണൂറിലെത്തിയ അക്കിത്തം അച്ച്യുതന്‍ നമ്പൂതിരിയുമായുള്ള അഭിമുഖവുമായാണ്‌ ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചത്‌ ``ഉദാരമതി, പുരോഗമനവാദി എല്ലാറ്റിനുമുപരി ജീവിതത്തില്‍ ധര്‍മ്മത്തിനുവേണ്ടി നിരന്തരം പാടിയ ഋഷികവി ഇതെല്ലാമായിരുന്നു നാലപ്പാട്‌''്‌.- അക്കിത്തം ഓര്‍മ്മകള്‍ അയവിറക്കികൊണ്ട്‌ പറഞ്ഞു. ``കാലത്തിനുമുമ്പേ നടന്ന ഒരു എഴുത്തുകാരനായിരുന്നു നാലപ്പാട്‌. കവിതയ്‌ക്ക്‌ അദ്ദേഹം പുതിയ ഒരു സരണി വെട്ടിത്തുറന്നു.ഗദ്യസാഹിത്യത്തിന്‌ മറ്റൊരു വഴിത്താരയും.''

``അനന്തമജ്ഞാതമവര്‍ണ്ണനീയമീ
ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരിക്കുന്ന മര്‍ത്ത്യന്‍
കഥയെന്തു കാണ്മൂ''

- നാരായണമോനോന്‍ എഴുതി. അക്കിത്തം ഓര്‍മ്മിപ്പിച്ചു.

(റഫറന്‍സ്‌: മലബാര്‍ മാനുവല്‍- വില്യം ലോഗന്‍, വന്നേരിനാട്‌- നാലപ്പാട്‌ ജന്മശതാബ്‌ദി സ്‌മരണിക, എന്തുകൊണ്ട്‌ വന്നേരി- കൊളാടി ഗോവിന്ദന്‍കുട്ടി, വന്നേരിയുടെ നേര്‍വഴി- ഹക്കിം വെളിയത്ത്‌.)
വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)വന്നേരി നാട്ടില്‍ തിരുവുത്സവം, എം.ടി. യ്‌ക്ക്‌ നാലപ്പാട്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍- കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക