Image

കുട്ടികള്‍ ചാനല്‍ അടിമകളായി മാറുന്നതായി പഠനം

Published on 12 October, 2014
കുട്ടികള്‍ ചാനല്‍ അടിമകളായി മാറുന്നതായി പഠനം
നിലമ്പൂര്‍: സംസ്ഥാനത്തെ എണ്‍പതു ശതമാനം കുട്ടികളും കുട്ടികളുടെ മാത്രമായുള്ള ചാനലുകളുടെ അടിമകളായി മാറുന്നതായി പഠനം. ബിആര്‍സിതലത്തില്‍ ഒരുകൂട്ടം അധ്യാപകര്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സ്ഥിരമായി ചാനല്‍ കാണുന്ന കുട്ടികളിലാണ് ആക്രമവാസന വര്‍ധിച്ചിരിക്കുന്നത്. മറവിയും പഠനത്തില്‍ അശ്രദ്ധയും ദേഷ്യവും ശാഠ്യവും ഇത്തരം കുട്ടികളില്‍ പ്രകടമാണ്. 

മൂന്നു വയസിനും പത്തുവയസിനുമിടയിലുള്ള കുട്ടികളാണ് കൂടുതലും ചാനല്‍ അടിമകളായിരിക്കുന്നത്. സ്‌കൂളുകളില്‍ പഠനത്തില്‍ മുന്നിട്ടു നിന്നിരുന്ന കുട്ടികളില്‍ പലരും പഠനത്തില്‍ പിന്നാക്കം പോയതാണ് അധ്യാപകര്‍ സര്‍വേ നടത്താന്‍ ഇടയാക്കിയത്. പല കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ചാനലുകളുടെ ദൂഷ്യവശം പലരും മനസിലാക്കിയത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ചാനല്‍ ആണ് വിവിധ കഥാപാത്രത്തിന്റെ പേരില്‍ കുട്ടികള്‍ കാണുന്നത്. മൂന്നൂവയസു മുതല്‍ ആറുവയസു വരെയുള്ള കുട്ടികളില്‍ ആഴത്തിലാണ് ചാനലുകള്‍ സ്വാധീനിക്കുന്നത്. 

നിലമ്പൂരിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിക്ക് അസഹ്യമായ തലവേദന കണെ്ടത്തിയിരുന്നു. ഞരമ്പിന്റെ തകരാറെണന്ന് പറഞ്ഞ് നിരവധി പരിശോധനകളും നടത്തി. എന്നാല്‍ കാര്യമായ മാറ്റം കാണാതിരുന്നതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പിതാവ് മലയാളത്തിലെ ഒരു ചാനല്‍ ലോക്ക് ചെയ്തതാണ് ഇതിനു കാരണമെന്ന് കണെ്ടത്തിയത്. ഒരു മണിക്കൂറിലധികം കാര്‍ട്ടൂണ്‍ ചാനലുകളോ കംപ്യൂട്ടര്‍ ആനിമേഷന്‍ ഫിലിമുകളോ കുട്ടികളെ കാണിക്കരുതെന്ന് കൗണ്‍സിലിംഗ് നടത്തിയ ഡോക്ടര്‍ പറഞ്ഞു. 

കാര്‍ട്ടൂണ്‍ ചാനലുകള്‍ കാണുമ്പോള്‍ തന്നെ ടി.വിക്കു മുമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്നതും പഠിക്കാനോ മറ്റോ പറഞ്ഞാല്‍ അനുസരിക്കാതിരിക്കലും ദേഷ്യവും വാശിയും കാണിക്കുന്നതും ഇത്തരം കുട്ടികളുടെ ശീലമായി മാറിയിട്ടുണെ്ടന്നും ഡോക്ടര്‍ പറഞ്ഞു. ചാനലുകളുടെ സ്വാധീനം മൂലം കുട്ടികളില്‍ മറവിരോഗം വരാനും ഇടയാക്കുന്നുണ്ട്. രക്ഷിതാക്കളാണ് ഇക്കാര്യത്തില്‍ കുട്ടികളെ ബോധവത്കരിക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. കൂടാതെ ടിവി, കംപ്യൂട്ടര്‍, കംപ്യൂട്ടര്‍ ഗെയിം തുടങ്ങിയവ മൂലം അറുപത് ശതമാനം വരെ കുട്ടികളുടെ കാഴ്ച വൈകല്യം വര്‍ധിച്ചതായി സര്‍വശിക്ഷാഅഭിയാന്‍ നടത്തിയ സര്‍വേയില്‍ കണെ്ടത്തിയിരുന്നു. കുട്ടികളുടെ അമിതമായ കംപ്യൂട്ടര്‍ ടിവി, കംപ്യൂട്ടര്‍ ഗെയിംസ് ഉപയോഗം എന്നിവ ഇവരുടെ കാഴ്ച്ചക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലാണ് കാഴ്ച വൈകല്യം ഏറ്റവും കൂടുതലായിരിക്കുന്നത്. ഗ്രാമങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെയാണ് വര്‍ധനയെങ്കില്‍ നഗരത്തില്‍ ഇത് അമ്പതു ശതമാനമാണെന്ന് സര്‍വേയില്‍ കണെ്ടത്തിയിട്ടുണ്ട്. അതത് പ്രദേശത്തെ ഐഎംഎയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നത്. 

ടെലിവിഷന്‍, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ നിശ്ചിത അകലം പാലിക്കാതിരിക്കുക, കണ്ണിന് ബലം നല്കി കംപ്യൂട്ടര്‍ ഗെയിം, ഇന്റര്‍നെറ്റ്, സോഫ്റ്റുവെയറുകള്‍ തുടങ്ങിയവയെല്ലാം കാഴ്ചക്കു തകരാര്‍ സംഭവിക്കുന്നതിനും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാനിടയാക്കും. സര്‍വേ റിപ്പോര്‍ട്ട് വിദഗ്ധ പഠനത്തിനായി അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് അധ്യാപകര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക