Image

ദൈവ മഹത്വത്തിനായി 69 വര്‍ഷങ്ങള്‍;­ മാര്‍ ജേക്കബ് അങ്ങാടിയത്ത് സപ്തതി നിറവിലേക്ക്

ജോയിച്ചന്‍ പുതുക്കുളം Published on 24 October, 2014
ദൈവ മഹത്വത്തിനായി 69 വര്‍ഷങ്ങള്‍;­ മാര്‍ ജേക്കബ് അങ്ങാടിയത്ത് സപ്തതി നിറവിലേക്ക്
ഷിക്കാഗോ സീറോ ­മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത്, ദൈവ മഹത്വത്തിനായി സമര്‍പ്പിക്കപ്പെട്ട 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 26­നു എഴുപതാം വയസ്സിലേക്ക് പ്രവേശിക്കുന്നു. എറണാകുളം ജില്ലയിലെ പെരിയപ്പുറം ഗ്രാമത്തില്‍ 1945 ഒക്ടോബര്‍ 26­)-ന് അങ്ങാടിയത്ത് ഉലഹന്നാന്‍­മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച ജേക്കബ് സ്കൂള്‍ വിദ്യാഭ്യാസത്തിനും, സെമിനാരി പരിശീലനത്തിനും ശേഷം 1972 ജനുവരി അഞ്ചാം തിയതി പാലാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ കൈവയ്പ്പിലൂടെ പൗരോഹിത്യം സ്വീകരിച്ചു. പാലാ രൂപതയിലെ കുടക്കച്ചിറ, അരുവിത്തുറ, അമ്പാറനിരപ്പേല്‍, മൈനര്‍ സെമിനാരി എന്നിവടങ്ങളില്‍ അജപാലന ശുശ്രൂഷ നിര്‍വഹിച്ചു.

1985­ല്‍ അമേരിക്കയില്‍ അജപാലന ശുശ്രൂഷയ്ക്ക് എത്തിയതു മുതല്‍ നാളിതുവരെ ദൈവം ഭരമേല്പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ദൈവമാഹത്വത്തിനായി വിശ്വസ്തതയോടെ നിറവേറ്റി എന്നാ ചാരിതാര്‍ത്ഥ്യമാണ് കഴിഞ്ഞ മുപ്പതു വര്‍ഷത്തെ അമേരിക്കയിലെ തന്റെ അജപാലന ശുശ്രൂഷയെപറ്റി അഭിവന്ദ്യ പിതാവിന് പറയാനുള്ളത്. ദൈവം തന്ന ജീവിതം ദൈവ മഹത്വത്തിനായി സമര്‍പ്പിച്ചു എന്നതാണ് മാര്‍ ജേക്കബ് പിതാവിന്റെ ജീവിത വിജയ രഹസ്യം. ഇതിന്റെ വ്യക്തമായ പ്രകാശനമാണ് മേത്രാനടുത്ത ശുശ്രൂഷ യ്ക്കായി അഭിവന്ദ്യ പിതാവ് സ്വന്തമാക്കിയ ആദര്‍ശ വാക്യം "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം'. 2001­ല്‍ ചിക്കാഗോ സീറോ­മലബാര്‍ രൂപതായുടെ അദ്ധ്യക്ഷനായി ഉത്തരവാദിത്വം ഏറ്റെടുത്ത നാളുമുതല്‍ തന്റെ അജപാലന ശുശ്രൂഷയിലൂടെ രൂപതയ്ക്ക് കൈവന്നിട്ടുള്ള നേട്ടങ്ങള്‍ ദൈവ മഹത്വ ത്തിനായി പിതാവ് ചെയ്ത വലിയ കാര്യങ്ങളുടെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്.

അമേരിക്കയിലെ സീറോ­മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസ സ്വപ്‌­നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ജേക്കബ് സാധിച്ചു. 2001­ല്‍ വെറും രണ്ടു ഇടവകകളും ആറു മിഷനുകളുമായി ആരംഭം കുറിച്ച ചിക്കാഗോ സീറോ­മലബാര്‍ രൂപത പതിമൂന്നു വര്‍ഷങ്ങള്‍ക്കൊണ്ട് നേടിയിരിക്കുന്ന വളര്‍ച്ച അത്ഭുതകരമാണ്. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള അമേരിക്കയില്‍ സീറോ­മലബാര്‍ വിശ്വാസികള്‍ കുടിയേറി പാര്ത്തിരുന്ന നഗരങ്ങളിലും, ഗ്രാമങ്ങളിലും ചെന്നെത്തി ഇടവക ദൈവാലയങ്ങളും, മിഷനുകളും സ്ഥാപിച്ച് സഭാസമൂഹങ്ങല്‍ക്കു രൂപം നല്കുക എന്നുത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും വിശാലമായ രൂപതയുടെ ഓരോ ഭാഗത്തും പറന്നെത്തുന്നതിനും, പള്ളികള്‍ സ്ഥാപിക്കുന്നതിനും, വൈദികരെ നിയോഗിക്കുന്നതിനും, അങ്ങനെ രൂപതയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും കഴിഞ്ഞത് ദൈവകൃപ ഒന്ന് മാത്രമാണെന്ന് അങ്ങാടിയത്ത് പിതാവ് വിശ്വസിക്കുന്നു. രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ രൂപതയുടെ വളര്‍ച്ചക്കായി അത്യധ്വാനം ചെയ്യുന്ന ബഹുമാനപ്പെട്ട വൈദികരുടെയും, മാതൃസഭയുടെ വളര്‍ച്ചക്കായി അര്‍ത്ഥവും, സമയവും ചിലവഴിക്കുന്ന പതിനായിര കണക്കിന് അല്മായ സഹോദരങ്ങളുടെയും, അക്ഷീണമായ പ്രയത്‌നത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി രൂപതക്ക്­ ഇന്ന് വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളായി 33 ഇടവകളും, 35 മിഷനുകളു മുണ്ട് ; കാനഡയില്‍ 5 മിഷന്‍ സ്‌റ്റെഷനുകളും ഉണ്ട്. രൂപതയിലെ 34-മത് ഇടവകയായി ഉയര്‍ത്തപ്പെടുന്ന ടെക്‌സസ്സിലെ ഓസ്റ്റിന്‍ സെന്റ്­ അല്‍ഫോന്‍സ ദൈവാലയത്തിന്റെ കുദാശകര്‍മ്മം നവംബര്‍ എട്ടാം തിയതി ശനിയാഴ്ച്ച നടക്കും.

വിശ്വാസ ജീവിതത്തിലും, സ്വഭാവ രൂപീകരണത്തിലും, കൂട്ടായ്മയിലുള്ള വളര്‍ച്ചയിലും ഇടവക ദൈവാലയത്തിന്റെ പ്രസക്തിയും, പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ്­ അമേരിക്കയുടെ വിവധ ഭാഗങ്ങളില്‍ സീറോ­മലബാര്‍ ദൈവാലയങ്ങള്‍ സ്ഥാപിക്കുവാന്‍ പിതാവിന്റെ നേതൃത്വത്തില്‍ ബഹുമാനപ്പെട്ട വൈദികരും, അല്മായ സഹോദരങ്ങളും മുന്നിട്ടിറങ്ങിയത്. ദൈവാലയങ്ങള്‍ സ്വന്തമായുള്ള സീറോ­മലബാര്‍ സമൂഹങ്ങളില്‍ സഭാംഗങ്ങളുടെ തിരക്ക് അത്ഭുതാവഹമാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും വിശ്വാസ രൂപീകരണത്തിലും, കുടുംബങ്ങള്‍ തമ്മിലും, വ്യക്തികള്‍ തമ്മിലുമുള്ള ഊഷ്മള ബന്ധങ്ങളുടെ നിര്‍മ്മിതിയിലും ഇടവക കൂട്ടായ്മകള്‍ വേദിയാകുന്നു. അതുകൊണ്ടുതന്നെ ഇടവകകളിലും, മിഷനുകളിലും രജിസ്റ്റ്ര്‍ ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നു.

ഏകദേശം ഒരു ലക്ഷത്തോളം വിശ്വാസികള്‍ ഉള്‍കൊള്ളുന്ന രൂപതയുടെ വിവിധ ഇടവകകളിലും, മിഷനുകളിലുമായി 8500 കുട്ടികള്‍ വിശ്വാസ പരിശീലനം നടത്തുന്നു. യുവജനങ്ങളുടെയും കുടുംബ ങ്ങളുടെയും രൂപീകരണത്തിനായി വ്യത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടുന്നു. നിസ്വാര്‍തഥയുടെയും അര്‍പ്പണ മനോഭാവത്തിന്റെയും മുഖ്യ മുദ്രയുമായി വിശ്വാസ പരിശീലനരംഗത്ത്­ ശുശ്രൂഷ ചെയ്യുന്ന 1300­ല്‍ പരം വിശ്വാസ പരിശീലകര്‍ തോമാശ്‌ളീഹായിലൂടെ ലഭിച്ച വിസ്വാസാനുഭവം ഇളം തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ ബദ്ധശ്രദ്ധരാണ്. വിവിധ സന്യാസ സാമൂഹങ്ങളില്‍പ്പെട്ട ബഹുമാനപ്പെട്ട സിസ്‌റ്റേഴ്‌സിന്റെ സേവനം വിശ്വാസ പരിശീലന രംഗത്ത്­ വിലമതിക്കാനാവാത്തതാണ്.

രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും ഭരണ നിര്‍വഹണ സമിതിയായ പാരിഷ് കൌണ്‌സിലുകള്‍ സജീവമാണ്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി എല്ലാ ഇടവകകളിലും ഇംഗ്‌ളീഷില്‍ വി. കുര്‍ബാനയര്‍പ്പണം നടത്തുന്നു. രൂപതയ്ക്ക് വേണ്ടി ഇപ്പോള്‍ 68 വൈദികര്‍ ശുശ്രൂഷ നിര്‍വഹിക്കും. രൂപതയിലെ അല്മായ സംഘടനകളായ എസ.എം.സി.സി., വിമെന്‍സ് ഫോറം. മരിയന്‍ മദേര്‍സ്, വിന്‍സെന്റ് ഡി. പോള്‍, ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭ, യൂത്ത് അപ്പോസ്‌തോലേറ്റ്, മിഷന്‍ലീഗ് എന്നിവ ഇടവകകളില്‍ സജീവമാണ്. രൂപതയിലെ ഇടവകകളെയും, മിഷനുകളെയും ഭരണ നിര്‍വ്വഹണത്തിനായി ഒന്‍പതു ഫോറോനകളുടെ കീഴിലാക്കിയത്, അജപാലന ശുശ്രൂഷകള്‍ക്ക് ഉണര്‍വും കാര്യക്ഷമതയും നല്‍കും. രൂപതക്ക്­ ഉള്ളില്‍ നടക്കുന്ന ധ്യാനങ്ങല്‍ക്കും, ആത്മീയ ശുശ്രൂഷകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയതിലൂടെ ഇടവക ധ്യാനങ്ങള്‍ക്കും, ആത്മീയ ശുശ്രൂഷകള്‍ക്കും നവ്യമാനം ലഭിച്ചു. രൂപതയ്ക്ക് സ്വന്തമായ വൈദികര്‍ എന്ന ലക്ഷ്യത്തിന്റെ ആദ്യചുവടുകള്‍ അനുഗ്രഹമായി ആരംഭിച്ചു കഴിഞ്ഞു. അമേരിക്കയില്‍ തന്നെ ജനിച്ചു വളര്‍ന്ന എട്ടു യുവാക്കള്‍ രൂപതക്കുവേണ്ടി ഇപ്പോള്‍ സെമിനാരി പരിശീലനം നടത്തുന്നു.

രൂപതാ ഭരണത്തിന്റെ 13 വര്‍ഷങ്ങള്‍ അഗ്‌നിപരീക്ഷണങ്ങളുടെ കാലഘട്ടം കൂടിയായിരുന്നു. ദൈവം എല്ലാ അനുഭവങ്ങളിലൂടെയും വഴി നടത്തുന്നു എന്ന ഭാവാത്മക ചിന്തയാണ് രൂപതാധ്യക്ഷനുള്ളത്. ക്രിസ്തുകേന്ദ്രീകൃതവും ഒപ്പം മനുഷ്യകേന്ദ്രീകൃതവുമായ ഒരു ആത്മീയ ശുശ്രൂഷയില്‍ ഇപ്പോഴും ക്രിസ്തുവിന് ഒന്നാം സ്ഥാനം നല്‍കുന്നതിലൂടെ വ്യക്തികള്ക്കും ഒന്നാം സ്ഥാനം നല്‍കുവാന്‍ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ശ്രദ്ധിച്ചു. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ പ്രവര്‍ത്തനം എന്ന ദര്‍ശന വൈഭവത്തോടെ പ്രാര്‍ത്ഥനയുടെ പ്രവാചകനായി ജീവിക്കുന്ന ഒരു അഭിഷിക്തനെയാണ് അഭിവന്ദ്യ പിതാവില്‍ കാണുവാന്‍ സാധിക്കുക. ദൈവ സന്നിധിയില്‍ നിന്ന് അനുഗ്രഹം പ്രാപിക്കുവാനായി ദൈവ ദൂതനുമായി മല്ലു പിടിച്ച പൂര്‍വപിതാവായ യാക്കോബിനെപ്പോലെ, അഭിവന്ദ്യ ജേക്കബ് പിതാവ് രാത്രിയുടെ നീണ്ട യാമങ്ങള്‍ ദിവ്യകാരുണ്യ ഇശോയുടെ മുന്‍പില്‍ ചിലവഴിച്ച് തനിക്കു ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തിനാവശ്യമായ വരങ്ങള്‍ ചോദിച്ചു വാങ്ങുന്നു. തന്നെ മെത്രാന്‍ ശുശ്രൂഷക്കായി തിരഞ്ഞെടുത്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലടികളെ പിന്തുടര്‍ന്ന്, രൂപതാ ഭരണത്തില്‍ നേരിടേണ്ടിവരുന്ന എല്ലാ പ്രതിസന്ധികളെയും, പ്രതികൂലസാഹചര്യങ്ങളെയും ജപമാല എന്നെ പ്രാര്‍ത്ഥനയിലൂടെ പരിശുദ്ധ ദൈവമാതാവിനു മുന്‍പില്‍ സമര്‍പ്പിച്ചു പരിഹാരം തേടുന്നു. ഒരു യഥാര്‍ത്ഥ മരിയ ഭക്തനെ അഭിവന്ദ്യ പിതാവില്‍ കാണുവാന്‍ സാധിക്കും.

വി. അല്‍ഫോന്‍സാമ്മയൊടുള്ള പ്രത്യേക ഭക്തി , മറ്റുള്ളവരില്‍നിന്ന് തനിക്കു നേരിടേണ്ടിവന്ന വിമര്‍ശനങ്ങളെയും, കുറ്റപ്പെടുത്തലുകളെയും, സഹനങ്ങളെയും സമചിത്തതയോടെ സ്വീകരിക്കുവാനും അവയെ ദൈവമാഹത്വത്തിനും രൂപതയുടെ ഉപരിനന്മക്കുമായി സമര്‍പ്പിക്കുവാനും മാര്‍ ജേക്കബ് പിതാവിനെ ശക്തനാക്കുന്നു. സഹനത്തിന്റെയും, വേദനകളുടെയും വഴിയിലൂടെ മുന്‍പോട്ടു പോകുമ്പോഴും, താന്‍ പരിപൂര്‍ണമായി വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ദൈവം, തന്നെയും തന്റെ ശുശ്രൂഷക്കായി ഭരമേല്‍പ്പിച്ചിരിക്കുന്ന ജനത്തെയും കൈവിടില്ല എന്ന ഉറച്ച ബോധ്യം അഭിവന്ദ്യ പിതാവില്‍ രൂഡമൂലമാണ്. താന്‍ പ്രത്യാശ വച്ചിരിക്കുന്ന ദൈവവുമായി കാത്തുസൂക്ഷിക്കുന്ന സുദൃഡമായ ബന്ധമാണ്, കൊടുങ്കാറ്റുപോലെ വരുന്ന പ്രതിസന്ധികളെ തരണം ചെയ്തു രൂപതയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാന്‍ അഭിവന്ദ്യ പിതാവിനെ പ്രാപ്തനാക്കുന്നത്. പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം അതിജീവിച്ച് ക്രിസ്തു വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച വി. തോമസ്­ അപ്പസ്‌തോലന്റെ വിശ്വാസദാര്‍ഡയം, അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപിതമായ ഈ രൂപതയെ നയിക്കാന്‍ അഭിവന്ദ്യ പിതാവിന് ബലം നല്‍കുന്നു.

ഇനിയും ദൈവ മഹത്വത്തിനായി അനേക വര്‍ഷങ്ങള്‍ വിനിയോഗിക്കുവാന്‍ ആത്മീയവും, ശാരീരികവും, മാനസികവുമായ എല്ലാ അനുഗ്രഹങ്ങളും ദൈവം പ്രദാനം ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ചിക്കാഗോ സീറോ­മലബാര്‍ രൂപതയുടെ അമരക്കാരനായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന് എഴുപതാം ജന്മദിനത്തിന്റെ എല്ലാവിധ ആശംസകളും രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടെയും, സന്യസ്തരുടെയും, ദൈവജനത്തിന്റെയും പേരില്‍ ഹൃദയപൂര്‍വ്വം നേരുന്നു.

റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് (ചാന്‍സിലര്‍, സീറോ­മലബാര്‍ രൂപത, ചിക്കാഗോ)
ദൈവ മഹത്വത്തിനായി 69 വര്‍ഷങ്ങള്‍;­ മാര്‍ ജേക്കബ് അങ്ങാടിയത്ത് സപ്തതി നിറവിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക