Image

പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)

Published on 19 November, 2014
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
ഒരു സമൂഹത്തെ വളര്‍ത്താന്‍ അവരെ പഠിപ്പിച്ച്‌ വലിയവരാക്കണം. ``പള്ളിക്കൂടങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ നിങ്ങളുടെ പള്ളികള്‍ ഞാന്‍ അടച്ചുപൂട്ടും.''- എന്ന്‌ ഒന്നര നൂറ്റാണ്ടുമുമ്പ്‌ കല്‌പന പുറപ്പെടുവിച്ച ആളാണ്‌ ഞായറാഴ്‌ച വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌.

`കാര്‍മ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കുലേറ്റ്‌' (സി. എം. ഐ) എന്ന ഇന്ത്യയുടെ ആദ്യത്തെ ക്രിസ്‌ത്യന്‍ സന്യസ്‌ത സമൂഹത്തിന്‌ രൂപം കൊടുത്ത ചാവറ അച്ചന്റെ കല്‌പനയ്‌ക്ക്‌ ഫലം കണ്ടു. ഇന്ന്‌ കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന ഒന്നാംകിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സി. എം. ഐ ചുക്കാന്‍ പിടിക്കുന്നു. ബാംഗ്ലൂരിലെ ക്രൈസ്റ്റ്‌ കല്‌പിത സര്‍വ്വകലാശാല അതില്‍ പെടുന്നു.

പള്ളി, പള്ളിക്കൂടം, അച്ചുക്കൂടം എന്നിങ്ങനെയായിരുന്നു ചാവറ അച്ചന്റെ പ്രിയോരിറ്റികള്‍. അതിന്‌ അദ്ദേഹം ആദ്യം മാന്നാനം സെന്റ്‌ ജോസഫ്‌ ആശ്രമത്തിലെ ആദ്യത്തെ പ്രിയോര്‍ ജനറല്‍ ആയി. തികഞ്ഞ കുട്ടനാട്ടുകാരനായിരുന്നു കൈനകരിയില്‍ ഇടത്തരം കര്‍ഷകകുടുംബത്തില്‍ കുര്യാക്കോസിന്റെ മകനായി ജനിച്ച ഏലിയാസ്‌. 13 വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നു. 24 വയസ്സില്‍ വൈദികനായി. രണ്ടു വര്‍ഷം കഴിഞ്ഞ്‌ സി. എം. ഐ സഭ സ്ഥാപിച്ചു. വീണ്ടും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മാന്നാനത്തെ സെമിനാരിയില്‍ പ്രിയോര്‍ ജനറല്‍.

സീറോ മലബാര്‍ സഭയുടെ ആദ്യത്തെ അച്ചടിശാല, ആദ്യത്തെ സംസ്‌കൃത വിദ്യാലയം, ആദ്യത്തെ ഇംഗ്ലീഷ്‌ വിദ്യാലയം എന്നിവ സ്ഥാപിച്ചത്‌ ചാവറ അച്ചനാണ്‌. സഭയുടെ ആദ്യത്തെ വികാര്‍ ജനറല്‍ ആയിരിക്കുമ്പോള്‍ സ്‌ത്രീ ജനങ്ങള്‍ക്കുവേണ്ടി സി. എം. സി (കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ മൗണ്ട്‌ കാര്‍മല്‍) എന്ന സന്യസ്‌ത സഭയ്‌ക്ക്‌ രൂപകല്‌പന ചെയ്‌തു. ഇന്ന്‌ സി. എം. ഐ. യെക്കാള്‍ അംഗസംഖ്യയുള്ള സമൂഹമായി സി. എം.സി. വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.1871 ല്‍ 66-ാം വയസ്സില്‍ മരണമടയുന്നവരെ സംഭവബഹുലമായിരുന്നു ആ ജീവിതം. എന്നാല്‍ ആ ജീവിതവിശുദ്ധിയുടെ പേരിലാണ്‌. 1955-ല്‍ വിശുദ്ധനാക്കാനുള്ള നാമകരണ ചടങ്ങുകള്‍ സമാരംഭിച്ചത്‌.

ഇംഗ്ലീഷ്‌, സംസ്‌കൃത വിദ്യാലയങ്ങള്‍ സ്ഥാപിക്കുകമാത്രമല്ല. അവിടെ പഠിക്കുന്ന ദരിദ്രരില്‍ ദരിദ്രരായ ദളിതര്‍ക്ക്‌ പുസ്‌തകങ്ങളും നോട്ടുബുക്കുകളും വസ്‌ത്രവും സൗജന്യവിദ്യാഭ്യാസവും നല്‍കാന്‍ കൂടി ചാവറ അച്ചന്‍ ശ്രദ്ധിച്ചിരുന്നു. വീടുകളില്‍ ഒരുനേരംപോലും വിശപ്പുതീരെ ഭക്ഷണം കിട്ടാത്തവര്‍ക്ക്‌ സ്‌കൂളില്‍ ഉച്ചക്കഞ്ഞിയും നല്‌കുമായിരുന്നു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ കേരളത്തില്‍ തുടങ്ങിവെച്ച ഉച്ചക്കഞ്ഞി വിതരണം ഒരു നൂറ്റാണ്ടുമുമ്പ്‌ നടപ്പിലാക്കിയ മഹാനുഭാവനായിരുന്നു അദ്ദേഹം.

പിടിയരി, കെട്ടുതെങ്ങ്‌, നൂറ്റുക്കൊന്ന്‌ എന്നിവയിലൂടെ ആശ്രമവും അതിനോടനുബന്ധിച്ചുള്ള വിദ്യാലയങ്ങളും നടത്തിക്കൊണ്ടുപോകുകയായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ഓരോ കുടുംബത്തിനുമുള്ള തെങ്ങുകളില്‍ ഇത്ര തെങ്ങ്‌ പള്ളിക്കുവേണ്ടി കെട്ടി ഒരുക്കി നിര്‍ത്തണമെന്നായിരുന്നു സിദ്ധാന്തങ്ങളില്‍ ഒന്ന്‌. നല്ലവരായ നാട്ടുകാര്‍ അത്‌ വരവണ്ണം പാലിച്ചു. ഇന്ന്‌ സി. എം. ഐ. സഭയില്‍ രണ്ടായിരത്തില്‍പരം വൈദികരുണ്ട്‌. അവരില്‍ മുന്നൂറിലേറെ പേര്‍ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും സേവനം ചെയ്യുന്നുണ്ട്‌. അവരുടെ ശമ്പളത്തില്‍നിന്നുള്ള വരുമാനം സഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ന്‌ വലിയ മുതല്‍ക്കൂട്ടാണെന്ന്‌ സഭയുടെ മുഖപത്രമായ കര്‍മ്മല കുസുമം മാസിക വെളിപ്പെടുത്തുന്നു.

``ഞാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി എല്ലാ വൈകുന്നേരങ്ങളിലും രണ്ടുകിലോമീറ്റര്‍ നടന്ന്‌ ചാവറ അച്ചന്റെ സ്‌മൃതി കുടീരംവരെപോയി നമ്രശിരസ്‌കനായി നില്‍ക്കാറുണ്ട്‌. നടപ്പു തീര്‍ന്നാല്‍ ആശ്രമദേവാലയം സ്ഥിതിചെയ്യുന്ന മലയുടെ താഴ്‌വാരത്തിലാണ്‌ എത്തുക. അവിടെനിന്ന്‌ മേലോരം വരെ 175 പടികളുണ്ട്‌. ഇതുവരെ ആ പടികള്‍ കയറാന്‍ എനിക്ക്‌ വലിയ ആയാസം തോന്നിയിട്ടില്ല. പക്ഷേ അടുത്ത കാലത്തായി ഇനി എത്രകാലം ഇങ്ങനെ പടികള്‍ കയറും എന്ന്‌ ഞാന്‍ ശങ്കിക്കാറുണ്ട്‌. ''- പ്രശസ്‌ത ന്യൂറോ സര്‍ജനും കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ്‌. ചാന്‍സലറുമായ ബി. ഇക്‌ബാല്‍ ഈ ലേഖകനോട്‌ പറഞ്ഞു.

വൈസ്‌ ചാന്‍സലറായിരിക്കുമ്പോള്‍ `ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌' എന്ന ഗ്രന്ഥം മലയാളത്തില്‍ ആക്കി പ്രസിദ്ധപ്പെടുത്തിയ ആളാണ്‌ ഇക്‌ബാല്‍. ഡച്ച്‌ മലബാറിന്റെ ഗവര്‍ണറായിരുന്ന ഹെന്‍ട്രിക്‌ വാന്‍ റീഡ്‌ മുപ്പത്‌ വര്‍ഷംകൊണ്ട്‌ എഴുതിയ `മലബാര്‍ എന്ന പൂന്തോപ്പ്‌' എന്ന അര്‍ത്ഥമുള്ള പുസ്‌തകം മലയാളത്തില്‍ ആക്കിയതില്‍ ഇടതുപക്ഷ സഹയാത്രികനും ആക്‌റ്റിവിസ്റ്റുമായ ഇക്‌ബാലിനോട്‌ ലോകമാസകലമുള്ള മലയാളികള്‍ കടപ്പെട്ടിരിക്കുന്നു.

എന്നാല്‍ ചാവറ അച്ചനും ഒരു ഹെന്‍ട്രിക്‌ വാന്‍ റീഡ്‌ ആയിരുന്നു. വിവിധ ഭാഷകളില്‍ പ്രാവണ്യം, മലയാളികള്‍ക്ക്‌ ഭാവിവേണമെങ്കില്‍ പഠിച്ചുവളരണം എന്ന മുദ്രാവാക്യം- ഇതാണ്‌ കര്‍മ്മ മണ്‌ഡലത്തില്‍ അദ്ദേഹത്തെ നയിച്ചിരുന്നത്‌. ശ്രീ നാരായണ ഗുരു `ആത്മ ശതകം' എഴുതുന്നതിനു അരനൂറ്റാണ്ടുമുമ്പ്‌ ചാവറ അച്ചന്‍ `ആത്മാനുതാപം' എന്ന കാവ്യം എഴുതി. അതുപോലെ മറ്റെനേകം കൃതികളും.

മാന്നാനം സെന്റ്‌ ജോസഫ്‌ ആശ്രമത്തിലെത്തുന്ന ആരും അവിടത്തെ ജീവിത വിശുദ്ധിയും നൈര്‍മല്യവും കണ്ട്‌ മനംകുളിര്‍ത്ത്‌ നിന്നുപോകും. കുട്ടനാട്ടിന്റെ ഹൃദയവിശാലതയിലേക്ക്‌ മിഴിനട്ടുനില്‍ക്കുന്ന വലിയ കവാടത്തിനുപിന്നില്‍ ആശ്രമദേവാലയവും ചാവറ മ്യൂസിയവും തൊട്ടടുത്ത്‌ ചാവറ അച്ചന്‍ സ്ഥാപിച്ച സംസ്‌കൃത വിദ്യാലയവും സെന്റ്‌ ജോസഫ്‌ പ്രസ്സും തല ഉയര്‍ത്തിനില്‌ക്കുന്നു. പിന്നീടുണ്ടായ കെ. ഇ. കോളേജ്‌ എല്ലാറ്റിനും മകുടം ചാര്‍ത്തുന്നു.

കെ. ഇ. കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന ഫാ. സെബാസ്റ്റ്യന്‍ ചാമത്തറയാണ്‌ ആശ്രമത്തിലെ ഇപ്പോഴത്തെ പ്രിയോര്‍. ചാവറ അച്ചനായിരുന്നു ആദ്യത്തെ പ്രിയോര്‍ ജനറല്‍ എന്ന്‌ ഓര്‍ക്കുക ആ കാലടികള്‍ പിന്‍തുടരാന്‍ തനിക്ക്‌ ലഭിച്ച അവസരം മഹാഭാഗ്യമാണെന്നും അച്ചന്‍ വിനയാനിതനായി പറയുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രിറ്റോറിയയില്‍ കുറേ വര്‍ഷം സേവനം ചെയ്‌തിട്ട്‌ അദ്ദേഹം മടങ്ങി വന്നതേയുള്ളൂ.

``ആഫ്രിക്കയില്‍ ഏറ്റവും വികസിതമായ രാഷ്‌ട്രം ദക്ഷിണാഫ്രിക്കയാണ്‌. പക്ഷെ അവിടെ ധനികനും ദരിദ്രരും തമ്മിലുള്ള അന്തരം അതി ഭീകരമാണ്‌. സ്വര്‍ണ്ണം മുതലായ ധാതു സമ്പത്ത്‌ വളരെയേറെ ഉണ്ടെങ്കിലും കേരളം കൈവരിച്ച സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ അവര്‍ വളരെ പിന്നിലാണ്‌. അവിടെ ബിയര്‍ കുടിക്കുന്നത്‌ പച്ചവെള്ളംപോലെയാണ.്‌ പക്ഷെ ചാരായം കഴിച്ച്‌ കിറുങ്ങി നടന്ന്‌ ഭാര്യയെ തല്ലുന്ന ഒരാളെയും ഞാന്‍ കണ്ടില്ല'' ഫാ. ചാമത്തറ പറയുന്നു.

ചാവറ അച്ചനോടൊപ്പം വിശുദ്ധ പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളി തൃശ്ശൂരിലെ മദര്‍ യൂഫ്രേസിയയാണ്‌. രണ്ടുപേരും 2008 ല്‍ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ കാലടികള്‍ പിന്തുടര്‍ന്ന്‌ ആ മഹദ്‌ പദവിയിലെത്തിയവരാണ്‌. ആശ്രമത്തിലേക്ക്‌ സന്ദര്‍ശകര്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. വൈസ്‌ പ്രൊവിന്‍ഷ്യല്‍ തോമസ്‌ കളപ്പുരയ്‌ക്കലിന്റെ നേതൃത്വത്തില്‍ മൈസൂരില്‍ നിന്നെത്തിയതാണ്‌ ഒരു സംഘം. അവരോട്‌ സംസാരിച്ചു നില്‍ക്കുന്ന ഒരാള്‍ ഫാ. ഇ. സി. ജോണ്‍ സി. എം. ഐ ഒരുപക്ഷേ ആശ്രമത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണ്‌- 87 വയസ്സ്‌. ബോംബെ ഐ. ഐ. റ്റി. യില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ എംടെക്‌്‌ ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ആദ്യമായി ബോയിംഗ്‌ ജെബോ ജെറ്റ്‌ ഇറങ്ങത്തക്കവിധം എയര്‍പോര്‍ട്ട്‌ റീ ഡിസൈന്‍ ചെയ്യാന്‍ അവസരം ലഭിച്ച ആളാണ്‌ ഫാ. ജോണ്‍.

രാമപുരത്തിനടുത്ത്‌ ചക്കാമ്പുഴയില്‍നിന്ന്‌ സഭയില്‍ ചേര്‍ന്ന പ്രിന്‍സ്‌. മുല്ലമംഗലം ആയിരിക്കാം ഒരു പക്ഷേ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ (24), പ്രിന്‍സ്‌ ആശ്രമവും പരിസരവും ചുറ്റി നടന്ന്‌ കാണിച്ചു. ആശ്രമദേവാലയത്തിനുമുമ്പില്‍ ചാവറ അച്ചനുമുമ്പില്‍ മുട്ട്‌ കുത്തി അനുഗ്രഹം വാങ്ങുന്ന അല്‍ഫോന്‍സാമ്മയുടെ ശില്‌പം പടുത്തുയര്‍ത്തിയിട്ടുണ്ട്‌. ആശയം ആലോചനാമൃതമാണ്‌. ചാവറ അച്ചന്‍ തന്റെ ദു:ഖങ്ങള്‍ക്ക്‌ അറുതിവരുത്തിക്കൊണ്ട്‌ തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായി അല്‍ഫോന്‍സാമ്മ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌.

പുളിങ്കുന്ന്‌ കണ്ണാടിയില്‍ നിന്നെത്തിയ പത്തില്‍ സണ്ണിയെയും കുടുംബാംഗങ്ങളെയും കണ്ടു. സണ്ണിയുടെ പിതൃസഹോദരന്‍ സി. എം. ഐ വക ബാംഗ്ലൂരിലെ ധര്‍മ്മരാം കോളേജില്‍ റെക്‌ടറായിരുന്നു-- ഫാ. കുഞ്ചറിയാ പത്തില്‍ (70). ഒരു നൂറ്റാണ്ടായി പ്രസിദ്ധീകരിച്ചുവരുന്ന കര്‍മ്മല കുസുമം മാസികയുടെ എഡിറ്ററും സെന്റ്‌ ജോസഫ്‌സ്‌ പ്രസ്‌ മാനേജരുമായ ഫാ. ജോസ്‌ റ്റി. മേടയിലിനെയും കണ്ടു. ചാവറ അച്ചന്‍ ജനിച്ച കൈനകരിക്ക്‌ കഷ്‌ടിച്ച്‌ പതിനഞ്ച്‌ മിനിറ്റ്‌ അകലെ ചമ്പക്കുളത്ത്‌ ജനിച്ചു വളര്‍ന്ന ആളാണ്‌ ജേണലിസത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മാസ്റ്റേഴ്‌സ്‌ എടുത്ത ഫാ. മേടയില്‍.

മൂന്ന്‌ തലമുറകളായി മാന്നാനം ജംഗ്‌ഷനില്‍ കാശ്‌ രൂപവും വെന്തിങ്ങയും ചാവറ ശില്‌പവും അല്‍ഫോസാമ്മയുടെ ഫ്രെയിം ചെയ്‌ത ഫോട്ടോയും വില്‍ക്കുന്ന പഴയമ്പള്ളിയില്‍ പി. ജെ. ജോസഫ്‌ ആണ്‌ മറ്റൊരാള്‍. പട്ടാളത്തില്‍ ജവാനായിരുന്നു. 1965 ല്‍ ഇന്ത്യ- പാക്‌ യുദ്ധത്തില്‍ പാക്കിസ്ഥാനുള്ളിലെ സിയാല്‍കോട്ട്‌ വരെ എത്തിയതാണ്‌. അപ്പോള്‍ പീരങ്കി ഷെല്‍ പൊട്ടിത്തെറിച്ച്‌ ഇടതുകാലിന്‌ മാരകമായ പരിക്കുപറ്റി.``മരണത്തിനും ജീവിതത്തിനുമിടയില്‍ പിടയുമ്പോള്‍ കൊച്ചുനാളുമുതലെ ആരാധിക്കുന്ന ചാവറ അച്ചനെ ഓര്‍ത്ത്‌ ഞാന്‍ പ്രാര്‍ത്ഥിച്ചു. നിസാരമായ ഒരു മുടന്തോടെ ഞാന്‍ രക്ഷപ്പെട്ടു.''എനിക്ക്‌ ഒരു ചായ ഓര്‍ഡര്‍ ചെയ്യുന്നതിനിടയില്‍ ജോസഫ്‌ ഏറ്റുപറഞ്ഞു.

അങ്ങനെ ഏറ്റുപറയുന്നവര്‍ ഒരുപാടുണ്ട്‌. വിശ്വാസം രക്ഷിക്കട്ടെ. കുര്യനെന്നുവിളിക്കുന്ന കുര്യക്കോസാണല്ലോ ഞാനും. കുര്യനെന്ന പദം, ആരാധനയില്‍ ആവര്‍ത്തിക്കാറുള്ള കൂറിയേലായിസോന്‍ എന്ന പദത്തില്‍നിന്ന്‌ ഉത്ഭവിച്ചതാണെന്നും ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച വ്യക്തി എന്നാണതിന്റെ അര്‍ത്ഥമെന്നും ഒരു സി. എം. ഐ. ഭാഷാ പണ്‌ഡിതന്‍ എനിക്ക്‌ പറഞ്ഞുതന്നു. ആ വിശ്വാസം എന്നെയും രക്ഷിക്കട്ടെ!.
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
അല്‍ഫോന്‍സാമ്മയ്‌ക്ക്‌പ്രത്യക്ഷപ്പെടുന്ന ചാവറയച്ചന്‍െറ ശില്‌പം: വലത്ത്‌: സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്നെത്തിയ ജോര്‍ജ്‌ പുല്ലാപ്പള്ളിലും കുടുംബവും.
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
പ്രിന്‍സ്‌ മുല്ലമംഗലം--സി. എം. ഐ സമൂഹത്തിലെ പ്രായം കുറഞ്ഞ ആള്‍.
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
മൈസൂര്‍ പ്രൊവിന്‍സില്‍ നിന്നെത്തിയ പ്രതിനിധി സംഘം
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
ആശ്രമത്തിലെ ഇപ്പോഴത്തെ പ്രിയോര്‍ സെബാസ്റ്റ്യന്‍ ചാമത്തറ.
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
ചാവറ അച്ചന്റെ സ്‌മൃതി കുടീരം ഉള്‍പ്പെടുന്ന മാന്നാനം ആശ്രമദേവാലയം.
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
പുളിങ്കുന്നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനികള്‍, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പോസ്‌ സി. എം. ഐ. യോടൊപ്പം.
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
എല്ലാദിവസവും ആശ്രമത്തിന്റെ പടികള്‍ കയറുന്ന ആരാധകന്‍ ഡോ. ബി. ഇക്‌ബാല്‍.
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
സി.എം. സി. സഭയിലെ സിസ്റ്റര്‍. ഫ്‌ളോറന്‍സിയസ്‌, സിസ്റ്റര്‍. കനോസ, ജര്‍മനിയില്‍ നിന്നെത്തിയ അന്നാ ജോസഫ്‌ തോട്ടുങ്കല്‍.
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
ചാവറ അച്ചനും മദര്‍ യൂഫ്രേസിയയും കര്‍മ്മല കുസുമത്തിന്റെ കവറില്‍; വലത്ത്‌: എഡിറ്റര്‍ ഫാ.ജോസ്‌. റ്റി മേടയില്‍.
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
യുദ്ധ രംഗത്തുനിന്ന്‌ രക്ഷിച്ച ചാവറ അച്ചന്റെ ശില്‌പം മാന്നാനം ജംഗ്‌ഷനില്‍ വില്‍ക്കുന്ന ജോസഫ്‌ പഴേമ്പള്ളിയില്‍.
പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്‌ ഗര്‍ജ്ജിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
വിശ്വാസം രക്ഷിക്കട്ടെ! പാലായില്‍ നിന്നെത്തിയ ഷീന റെജി മണര്‍കാട്ട്‌ കുര്‍ബാനയ്‌ക്ക്‌ പണം അടയ്‌ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക