Image

ആദിവാസികള്‍ അവിടെ നില്‍ക്കട്ടെ; വരൂ, നമുക്ക് പോയി ചുംബിയ്ക്കാം! - ഷാജന്‍ ആനിത്തോട്ടം

ഷാജന്‍ ആനിത്തോട്ടം Published on 25 November, 2014
ആദിവാസികള്‍ അവിടെ നില്‍ക്കട്ടെ; വരൂ, നമുക്ക് പോയി ചുംബിയ്ക്കാം! - ഷാജന്‍ ആനിത്തോട്ടം
അസ്തിത്വ സംരക്ഷണത്തിനും അധിനിവേശ കടന്നാക്രമണങ്ങള്‍ക്കുമെതിരെ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ കേരളത്തിലെ ആദിവാസികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മന്ദിരത്തിനുമുമ്പില്‍ നടത്തിവരുന്ന 'നില്‍പ്പ്‌സമരം' നിസ്സഹായരും 'നിസ്സാരരു'മായ ഒരു ചൂഷിതജനതയുടെ നിശബ്ദപോരാട്ടത്തിന്റെ നൂറ്റിമുപ്പത്തിയഞ്ച് ദിവസങ്ങള്‍ പിന്നിട്ടിരിയ്ക്കുകയാണ്. ആദിവാസികളുടെ ഭൂമിയും സംസ്‌കാരവും സംരക്ഷിയ്ക്കുക, പട്ടിണി മരണം തടയുക, വനാവകാശ നിയമം നടപ്പിലാക്കുക കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിയ്ക്കുക..

തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു 2014 ജൂലൈ ഒമ്പതാം തീയതിയാണ് സെക്രട്ടരിയേറ്റ് പടിയ്ക്കല്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ നില്‍പ്പ് സമരം തുടങ്ങിയത്.  വിവിധ ഊരുകളില്‍ നിന്നും അമ്മമാരും കൈക്കുഞ്ഞുങ്ങളുമടക്കം കുടുംബസമേതം അവര്‍ ഇതില്‍ പങ്കെടുക്കുന്നു. ഒരു വശത്ത് ഊഴമനുസരിച്ച് നാലുമണിക്കൂര്‍ വീതം കുറേപേര്‍ നില്‍ക്കുമ്പോള്‍ അവര്‍ക്ക് സമീപം മറ്റ് ചിലര്‍ താളമടിച്ച്, പരമ്പരാഗത ഗാനങ്ങളാലപിച്ച് പശ്ചാത്തലമൊരുക്കുകയും പൊതുജനശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാലരമാസമായി നടത്തിവരുന്ന ഈ പരിദേവനങ്ങള്‍ക്കും അക്രമരഹിതസമരത്തിനും പരിഷ്‌കൃത കേരളം നാളിതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല.

ആദിവാസികളെ സംബന്ധിച്ചിടത്തോളം ഇത് നിലനില്‍പ്പിനായുള്ള സമരമാണ്. സേവന, വേതന വര്‍ദ്ധനയ്ക്കായും അവകാശ സംരക്ഷണത്തിനായും വിവിധ തൊഴിലാളികൂട്ടായ്മകളും ജാതി, മത, സാമുദായിക സംഘടനകളും വിജയകരമായി സംഘടിപ്പിയ്ക്കുന്ന സമരങ്ങളില്‍ നിന്നും വ്യത്യസ്ഥമായി, സ്വന്തം അതിജീവനത്തിനായും സ്വത്വസംരക്ഷണത്തിനുമായാണ് ആദിവാസി സമൂഹം, ജനാധിപത്യത്തിന്റെ ഗുണഭോക്താക്കളായ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും കാരുണ്യത്തിനുവേണ്ടി തലസ്ഥാനനഗരത്തിന്റെ വെള്ളിവെച്ചത്തില്‍ വന്ന് നിന്ന് സമരം ചെയ്യുന്നത്.  പരിഷ്‌കൃതരെന്നഭിമാനിയ്ക്കുന്ന നമ്മുടെ മിഥ്യാഭിമാനത്തിന്റെ അടിത്തറയിളകുന്നതാണ് പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ ഈ പരസ്യപ്രതിഷേധം. കേവലമായൊരു കൗതുകക്കാഴ്ചയ്ക്കുമപ്പുറം കാതലായ അവരുടെ പ്രശ്‌നങ്ങളിലേയ്ക്ക് നമ്മുടെയൊക്കെ ശ്രദ്ധ ആത്മാര്‍ത്ഥമായി പതിയേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.

നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും പൗരപ്രമുഖരും ഈ സഹോദരങ്ങളുടെ നിലനില്‍പ്പ് സമരത്തെ തമസ്‌ക്കരിയ്ക്കുന്നു എന്നതാണ് ഏറെ സങ്കടകരവും പ്രതിഷേധാര്‍ഹവുമായ വസ്തുത. അവഗണനയ്ക്കുമപ്പുറം അപമാനിയ്ക്കുന്ന തരത്തില്‍ ഒരു പ്രമുഖ മാധ്യമം ഈ സമരത്തെ ചിത്രീകരിച്ചു എന്നത്  സഹജീവിസ്‌നേഹമുള്ള ആര്‍ക്കും വേദനയുളവാക്കും. പ്രമുഖ എഴുത്തുകാരി സാറാ ജോസഫിനെപ്പോലെയുള്ള ചില സാംസ്‌ക്കാരിക നായകര്‍ സമരപ്പന്തലില്‍ വരികയും പാവപ്പെട്ട ആദിവാസികള്‍ക്ക് പിന്തുണ അറിയിയ്ക്കുകയും ചെയ്തു എന്നത് സ്വാഗതാര്‍ഹമായ കാര്യമായിരുന്നു. ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ചില സിനിമാപ്രവര്‍ത്തകരും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ആക്റ്റിവിസ്റ്റുകളും എഴുത്തുകാരും നേരിട്ട് ചെന്ന് പിന്തുണ നല്‍കിയതോടെ സമരത്തിന് കുറേക്കൂടി പൊതുജനശ്രദ്ധ കിട്ടിയെന്നതും വസ്തുതയാണ്. സോഷ്യല്‍ മീഡിയായിലൂടെ ലഭിച്ച വിപുലമായ ആഗോളശ്രദ്ധ സമരത്തെ ലോകമലയാളി സമൂഹത്തിനു മുമ്പില്‍ നമ്മുടെ നെറികേടിനു നേരേയുള്ള ശക്തമായ ഒരു വിരല്‍ചൂണ്ടലായി നിലനിര്‍ത്തുന്നു.

മുഖ്യധാരാ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവര്‍ക്ക് മുമ്പില്‍ എല്ലാ നിറഭംഗിയോടെയും ചാരുതയോടെയും തിമിര്‍ത്താടുന്ന ചുംബന, ആലിംഗന സമരങ്ങളും ബാര്‍കോഴ, മാണി-കോണി വിവാദങ്ങളും നിറഞ്ഞുനില്‍ക്കുമ്പോള്‍ പാവപ്പെട്ട, നിറം മങ്ങിയ ഈ ആദിവാസിരോദനങ്ങള്‍ക്ക് എന്ത് പ്രസക്തി? സോളാര്‍ നായികയ്ക്കു ചുറ്റും ചാനല്‍പ്പടയുടെ ഓബി വാനുകള്‍ സദാ ചുറ്റി നടക്കുകയും വാര്‍ത്താ ചാനലുകള്‍ പ്രൈം ടൈമിന്റെ നല്ലൊരു പങ്ക് അവരുടെ ജല്പനങ്ങള്‍ക്കായി നീക്കിവയ്ക്കുകയും ചെയ്യുമ്പോള്‍, മാസങ്ങളായി ഭരണസിരാകേന്ദ്രത്തിനു മുമ്പില്‍ നീതിയ്ക്കായി നിന്ന് കാല് കഴയ്ക്കുന്ന പാവപ്പെട്ട ആദിവാസിയുടെ വേദനയെ അവഗണിയ്ക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ കുറ്റബോധത്തോടെ നാമോരോരുത്തരും ശിരസ് നമിയ്‌ക്കേണ്ടതാണ്. കാരണം, നമ്മുടെ വ്യവസ്ഥിതിയുടെ തന്നെ ദുരിതഫലമാണ് അവരിന്നനുഭവിയ്ക്കുന്നത്, ദശാബ്ദങ്ങളുടെ ചൂഷണവും കൊടിയ വഞ്ചനയും വാഗ്ദാന ലംഘനവും നടത്തി നമ്മള്‍ അവരെ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.

അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഇത്തരം ആദിവാസി സമൂഹങ്ങള്‍ക്ക് തികഞ്ഞ ആദരവും മികച്ച ആനുകൂല്യങ്ങളുമാണ് നല്‍കുന്നത്. സ്വന്തം തനിമയും സ്വത്വവും നിലനിര്‍ത്തിക്കൊണ്ട്, സാംസ്‌ക്കാരികവും സാമൂഹ്യവുമായി അവര്‍ക്കിണങ്ങുന്ന ആവാസവ്യവസ്ഥിതിയില്‍ തന്നെ ജീവിയ്ക്കുവാന്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി നല്‍കുന്നത് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്ത്വമായി കണ്ടാണ് കാര്യങ്ങള്‍ ഇവിടെ നീങ്ങുന്നത്. ഫുഡ് സ്റ്റാമ്പ് ആനുകൂല്യങ്ങളുള്‍പ്പെടെയുള്ള ഗവണ്‍മെന്റിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്കും ക്ഷേമനടപടികളിലും അവര്‍ക്ക് പ്രത്യേകം പരിഗണനയും നല്‍കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തങ്ങളുടെ പിതാമഹന്മാര്‍ അവരോട് ചെയ്ത നന്ദികേടിനും അന്യായമായി അവരുടെ കൃഷിഭൂമിയും പരിസ്ഥിതിയും നശിപ്പിച്ചതിനും അമേരിക്കന്‍ പ്രസിഡന്റുമാര്‍ വരെ രാഷ്ട്രീയത്തിനുവേണ്ടി അവരോട് മാപ്പപേക്ഷിച്ചിട്ടുണ്ട്. ഇവിടുത്തെ നേറ്റീവ് അമേരിയ്ക്കന്‍സിന്റെ അനന്തര തലമുറകളോട് സര്‍ക്കാരും സമൂഹവും കാണിയ്ക്കുന്ന ആദരവും നന്ദി ബഹുമാനങ്ങളും കാണുന്ന നമ്മള്‍, നമ്മുടെ ആദിവാസിയെന്ന മണ്ണിന്റെ മക്കളോട് ചെയ്യുന്ന ക്രൂരതയും അവഗണനയും ഈ താങ്ക്‌സ്ഗിവിംഗ് സീസണില്‍ നമ്മുടെ കണ്ണുകള്‍ തുറപ്പിയ്‌ക്കേണ്ടതാണ്.

സ്വന്തം അവകാശസംരക്ഷണക്കായി ആദിവാസികള്‍ നടത്തുന്ന ആദ്യത്തെ സമരമൊന്നുമല്ല ഇപ്പോഴത്തെ നില്‍പ്പ്‌സമരം. അളമുട്ടിയാല്‍ ചേരയും കടിയ്ക്കും എന്നതുപോലെ ഗതികേടിന്റെ മൂര്‍ദ്ധന്യത്തില്‍ അവരിതിനുമുമ്പും പടവെട്ടിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അപ്പോഴൊക്കെയും പലവിധ കാരണങ്ങളാല്‍ അവരുടെ സമരം പൊളിയുകയായിരുന്നു. ഭരണകൂട ഭീകരത താണ്ഡവമാടി ആദിവാസി മുന്നേറ്റങ്ങളെ പൊളിച്ചടുക്കുകയായിരുന്നു എന്ന് പറയുന്നതാവും സത്യം. 2001-ലെ “കുടില്‍ കെട്ടല്‍ സമരം” വിജയകരമായി മുന്നോട്ട് പോയപ്പോഴായിരുന്നു പ്രലോഭിപ്പിയ്ക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും അന്നത്തെ സര്‍ക്കാര്‍ ആ സമരത്തെ നിര്‍ജ്ജീവമാക്കിയത്. ജീവിക്കാനുതകുന്ന ആവാസ വ്യവസ്ഥിതിയൊരുക്കി എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കറില്‍ കൂടുതല്‍ ഭൂമി നല്‍കാന്‍ കേരള ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം വനാവകാശം ഇളവ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ സിംഹഭാഗവും ഇടത്തരക്കാര്‍ തട്ടിയെടുത്തു. പിന്നീട്  ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിയ്ക്കാന്‍ വേണ്ടി വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ ഫ്‌ളാറ്റുകള്‍ പോലും എത്തേണ്ട കരങ്ങളിലെത്താതെ മദവര്‍ത്തികളുടെ ലാഭകൊതിയ്ക്ക് മുമ്പില്‍ അന്യാധീനപ്പെടുന്നതിന് കേരളം സാക്ഷിയായി.

ആദിവാസി സമൂഹത്തിന്റെ പോരാട്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ രക്തപങ്കിലമായി എഴുതപ്പെട്ട ചരിത്രമായിരുന്നു 2003-ലെ കുപ്രസിദ്ധമായ മുത്തങ്ങാ സമരം. അന്നത്തെ ആന്റണി സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ച ആ സമരവും ഒടുവില്‍ ദന്തഗോപുരങ്ങളിലിരുന്ന് ആരൊക്കൊയോ തയ്യാറാക്കിയ തിരക്കഥ പ്രകാരം എരിഞ്ഞടങ്ങുകയായിരുന്നു. ദിവസങ്ങളോളം മുത്തങ്ങയിലെ വനമേഖലയില്‍ വിജയകരമായി സംഘടിപ്പിച്ച് സമരം ചെയ്തുകൊണ്ടിരുന്ന ആദിവാസി കുടുംബങ്ങള്‍ക്കിടയില്‍ ഗോത്രമഹാസഭാ പ്രവര്‍ത്തകരെന്നോ അനുഭാവികളെന്നോ പേരില്‍ കടന്നുകൂടിയ തീവ്രഇടതുപക്ഷ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരമുഖങ്ങളില്‍ കാവല്‍ നിന്ന പോലീസുകാരുടെ നേരെ ആക്രമണമഴിച്ചു വിടുകയും ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തത്  മുത്തങ്ങ സമരത്തിന്റെ ഒരു ദുരന്തമുഖമായിരുന്നുവല്ലോ.

സഹപോലീസുകാരെല്ലാം ഓടിരക്ഷപ്പെട്ടപ്പോള്‍ സമരതീവ്രവാദികള്‍ മരത്തില്‍ പിടിച്ചുകെട്ടി വെട്ടിക്കൊന്ന വിനോദെന്ന ആ പാവം പോലീസുകാരന്‍ മണിക്കൂറുകളോളം ചോരവാര്‍ന്നൊലിച്ചു കിടന്ന കഥ ഒരു നടുക്കത്തോടെയാണ് നാം വായിച്ചറിഞ്ഞത്. പാവപ്പെട്ട ഒരു പിന്നോക്ക സമുദായാംഗമായ ആ പോലീസുകാരന്റെ കൊലയ്ക്കുശേഷമാണ് ഗത്യന്തരമില്ലാതെ പോലീസ് സേന വെടിവയ്പും ശക്തമായ അടിച്ചമര്‍ത്തലിനും മുതിരേണ്ടിവന്നതെന്ന് പറയപ്പെടുന്നു. ആ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയെന്ന ആദിവാസിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തിയതിനു ശേഷമാണ്  ഗോത്രമഹാസഭാ പ്രവര്‍ത്തകര്‍ നില്‍പ്പ് സമരത്തിന് വേണ്ടി തിരുവനന്തപുരത്തിന് വണ്ടി കയറിയത്.
അട്ടപ്പാടിയില്‍ ഇപ്പോള്‍ നടക്കുന്ന ശിശുമരണങ്ങളും അനാശാസ്യസംഭവങ്ങളും നാമൊക്കെ വായിയ്ക്കുകയും ടെലിവിഷനില്‍ കാണുകയും ചെയ്യുന്നതാണല്ലോ. അവിവാഹിത യുവതികളുടെ ഗര്‍ഭധാരണവും കൊലപാതകങ്ങളും മാധ്യമങ്ങള്‍ പോലും വേണ്ടത്ര പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നില്ല.

അത്യാവശ്യം വേണ്ടുന്ന മെഡിക്കല്‍ സൗകര്യങ്ങളോ ജലസേചന മാര്‍ഗ്ഗങ്ങളോ ലഭിയ്ക്കാതെ നരകജീവിതമാണ് അവര്‍ നയിയ്ക്കുന്നത്. അടുത്ത കാലത്ത് ഗുരുതരമായി മുറിവേറ്റ ഒരു ആദിവാസി യുവാവിനെയും തീവ്രപ്രസവവേദനയാല്‍ പുളയുന്ന മറ്റൊരു യുവതിയെയും മഞ്ചത്തില്‍ ചുമന്നുകൊണ്ട് പതിനെട്ട് കിലോമീറ്റര്‍ താണ്ടി അടിമാലിയില്‍ കൊണ്ട് വന്ന ഹൈറേഞ്ചിലെ ആദിവാസികളുടെ കഥ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. കട്ടപ്പനയിലുള്ള ഒരു സ്‌നേഹിതനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ അതൊക്കെ ആദിവാസി ജീവിതത്തിലെ സാധാരണ സംഭവമായി അദ്ദേഹം പറഞ്ഞതുകേട്ട് അമ്പരക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. 911 എന്ന ഹെല്‍പ്പ് ലൈന്‍, വെറും മൂന്നോ നാലോ മിനിട്ട്‌കൊണ്ട് നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന നാട്ടില്‍ ജീവിക്കുന്ന നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍! പുത്തന്‍ അധിനിവേശത്തിന്റെയും വന്‍കിട കുടിയേറ്റങ്ങളുടെയും ബലിയാടുകളായി അതിജീവനത്തിനുവേണ്ടി പൊരുതുന്ന ഈ നിര്‍ഭാഗ്യരായ മനുഷ്യര്‍ക്കുവേണ്ടി തൂലിക ചലിപ്പിക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മുടെയൊക്കെ ജീവിതം അര്‍ത്ഥരഹിതമാവും.

സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകിപ്പോകുന്നു എന്ന തിരിച്ചറിവിലാണ് ആദിവാസികള്‍ നിലനില്‍പ്പിനുവേണ്ടി തിരുവനന്തപുരത്ത് വന്ന് നില്‍ക്കുന്നത്. ആദിവാസി സമൂഹത്തില്‍ നിന്ന് തന്നെയുള്ള ചെറുപ്പക്കാരിയും വിദ്യാസമ്പന്നയുമായ പി.കെ.ജയലക്ഷ്മി ആദിവാസി ക്ഷേമവകുപ്പിന്റെ തന്നെ മന്ത്രിയായി കൊടിവച്ച കാറില്‍ തെക്ക് വടക്ക പായുമ്പോഴാണ് അവര്‍ക്കിങ്ങനെയൊരു സമരത്തിനിറങ്ങേണ്ടി വന്നതെന്നത് ലജ്ജാവഹമാണ്. അമ്പെയ്തു മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയ, രാഹുല്‍ഗാന്ധിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം മന്ത്രിസ്ഥാനം ലഭിച്ച ശ്രീമതി ജയലക്ഷ്മിയില്‍ നിന്നും ആദിവാസി സമൂഹവും നമ്മളും കുറേക്കൂടി പ്രതീക്ഷിച്ചു. ശരവേഗത്തിലല്ലെങ്കിലും സ്വന്തം കൂട്ടര്‍ക്ക് സമാശ്വാസം നല്‍കുന്ന കുറച്ചെങ്കിലും നടപടികള്‍ കൈക്കൊള്ളാന്‍, അവര്‍ മുന്‍കൈയെടുക്കേണ്ടതായിരുന്നു.

സമരം തുടങ്ങിയതിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ചംഗ മന്ത്രിസഭാസമിതി രൂപീകരിച്ചു എന്നത് ശരിയാണ്. പക്ഷേ ആ കമ്മിറ്റിയ്ക്കും ഫലപ്രദമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലായെന്നതിന്റെ തെളിവായി ആദിവാസികള്‍ ഇപ്പോഴും അവിടെ നില്‍ക്കുന്നു, പാടുന്നു, കൊട്ടുന്നു!! എണ്ണത്തില്‍ അവരുടെ സമൂഹം വലുതാണെങ്കിലും ഒരു പ്രത്യേക നിയമസഭാമണ്ഡത്തിലെ നിര്‍ണ്ണായക ശക്തിയായി മാറുവാന്‍ തക്ക വോട്ട് ബാങ്കല്ലാത്തതുകൊണ്ട് അവര്‍ അവഗണിയ്ക്കപ്പെടുന്നു എന്നതാണ് പരമാര്‍ത്ഥം. ഇടുക്കി, വയനാട്, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഏതാനും ഊരുകളില്‍, മൃതദേഹങ്ങള്‍ മറവുചെയ്യാനുള്ള ഇടം പോലുമില്ലാതെ അവര്‍ അന്യാധീനപ്പെടുന്നു.

സമീപകാലത്തായി കേരളം അനേകം സമരമാര്‍ഗ്ഗങ്ങള്‍ കണ്ടിട്ടുണ്ട്. സംഘടിത ജീവനക്കാരുടെ പണിമുടക്ക് സമരങ്ങളും, ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയ മാരകമുറകളും കഴിഞ്ഞ് “അടുപ്പ് കൂട്ടല്‍” സമരം, “രാപ്പകല്‍ സമരം തുടങ്ങി അനവധി അഡ്ജസ്സ്‌മെന്റ് സമരങ്ങള്‍ക്കും നമ്മള്‍ ദൃക്‌സാക്ഷികളായി. ഇപ്പോള്‍ ചുംബന സമരങ്ങളും ആലിംഗനസമരങ്ങളുമാണ് താരം. ആദിവാസികള്‍ അവിടെ നില്‍ക്കട്ടെ, നമുക്കെന്ത് ഛേദമെന്ന രീതിയില്‍ മാധ്യമങ്ങളും പൊതുസമൂഹവും “കിസ്സ് ഓഫ് ലവ്”ക്കാരുടെയും ലവ് ജിഹാദ്കാരുടെയും പിന്നാലെ കൂടിയിരിക്കുകയാണ്.

ചുംബനസമരങ്ങളുടെ യുക്തിയോ ന്യായാന്യായങ്ങളോ ചോദ്യം ചെയ്യുന്നില്ല. പക്ഷേ നിസ്സഹായരായ ഈ ആദിവാസികളെ നമ്മള്‍ മറന്നുകൂടാ. കൊച്ചിയില്‍ ചുംബന സമരം അരങ്ങേറിയ ദിവസം തേവര കോളേജില്‍ നിന്നുള്ള കുറെ വിദ്യാര്‍ത്ഥികള്‍ തലസ്ഥാനത്ത് ചെന്ന് നില്‍പ്പ് സമരത്തില്‍ പങ്കെടുക്കുന്നവരുടെ കാലുകള്‍ വന്ദിച്ച് പിന്തുണ അറിയിച്ചു. മഹത്തായ ഒരു മാതൃകയായിരുന്നു അത്. നിലനില്‍പ്പിനായി നില്‍ക്കുന്ന, ദരിദ്രരും വിരൂപരുമായ ആദിവാസികളുടെ പാദങ്ങള്‍ പോയി ചുംബിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ “ചുംബനസമരം” സാര്‍ത്ഥകമാകുന്നത്.
ആദിവാസികള്‍ അവിടെ നില്‍ക്കട്ടെ; വരൂ, നമുക്ക് പോയി ചുംബിയ്ക്കാം! - ഷാജന്‍ ആനിത്തോട്ടംആദിവാസികള്‍ അവിടെ നില്‍ക്കട്ടെ; വരൂ, നമുക്ക് പോയി ചുംബിയ്ക്കാം! - ഷാജന്‍ ആനിത്തോട്ടംആദിവാസികള്‍ അവിടെ നില്‍ക്കട്ടെ; വരൂ, നമുക്ക് പോയി ചുംബിയ്ക്കാം! - ഷാജന്‍ ആനിത്തോട്ടംആദിവാസികള്‍ അവിടെ നില്‍ക്കട്ടെ; വരൂ, നമുക്ക് പോയി ചുംബിയ്ക്കാം! - ഷാജന്‍ ആനിത്തോട്ടംആദിവാസികള്‍ അവിടെ നില്‍ക്കട്ടെ; വരൂ, നമുക്ക് പോയി ചുംബിയ്ക്കാം! - ഷാജന്‍ ആനിത്തോട്ടംആദിവാസികള്‍ അവിടെ നില്‍ക്കട്ടെ; വരൂ, നമുക്ക് പോയി ചുംബിയ്ക്കാം! - ഷാജന്‍ ആനിത്തോട്ടം
Join WhatsApp News
Ninan Mathullah 2014-11-25 06:37:59
We have seen crocodile tears when it comes to the question of indigenous people in Kerala. Political parties politicize the issue to gain votes. They do not want to touch sensitive issues, and create headache. These political parties when they are in power do nothing to help these people, and when they are out of power, side with these people and politicize the issue in their own vested interests. We need to work for the uplifting of these people with education, and special consideration to their children.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക