Image

ഒബാമ വന്നു, കണ്ടു, കീഴടക്കി ? ദല്‍ഹി കത്ത് - പി.വി.തോമസ്

പി.വി.തോമസ് Published on 27 January, 2015
ഒബാമ  വന്നു, കണ്ടു, കീഴടക്കി ? ദല്‍ഹി കത്ത് - പി.വി.തോമസ്
നരേന്ദ്രമോഡിയുടെ ഭരണരഥം മുന്നോട്ടുള്ള പ്രയാണം തുടരുമ്പോള്‍ അദ്ദേഹം മിന്നുന്ന ഒരു പ്രകടനം കൂടെ കാഴ്ച വച്ചിരിക്കുകയാണ് ; അദ്ദേഹത്തിന്റെ പ്രചരണ തന്ത്രശൈലിയില്‍. ഇന്ത്യയുടെ അറുപത്തിയാറാമത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ (ജനുവരി 26) അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും പ്രഥമ വനിത മിഷല്‍ ഒബാമയും മുഖ്യാതിഥികളായി പങ്കെടുക്കുക വഴി മോഡി തകര്‍പ്പന്‍ രാഷ്ട്രീയ കൊയ്ത്താണ് നടത്തിയത്. രാഷ്ട്രത്തിന് എന്തു ലഭിച്ചു എന്നുള്ളതിന്റെ വരവു ചിലവ് കണക്ക് ക്രമേണയെ ലഭിക്കുകയുള്ളൂ. കാരണം ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിയണം. The devil is in the details എന്നാണല്ലോ പ്രമാണം. ഏതായാലും ഒബാമ വന്നു, കണ്ടു, കീഴടക്കി എന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഈ വരവും കാണലും കീഴടക്കലും നല്ലതിനോ ചീത്തക്കോ എന്ന വാദപ്രതിവാദങ്ങളും നിലവിലുണ്ട്.

ജനാധിപത്യത്തില്‍ ഇതുപോലെ ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ച് ഇന്ത്യക്കാരുടെ ഹൃദയം കവര്‍ന്നത് ബില്‍ ക്ലിന്റനിലൂടെയാണ്. പക്ഷേ, അത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി എന്ന രീതിയില്‍ ആയിരുന്നില്ല. ഒരു രാഷ്ട്രത്തലവന്റെ ഔദ്യോഗിക സന്ദര്‍ശനം എന്ന രീതിയില്‍ മാത്രം. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവിയും ഇതോടെ ഒബാമ നേടിയിരിക്കുകയാണ്.  മാത്രവുമല്ല, ഭരണ കാലത്ത് രണ്ട് പ്രാവശ്യം ഇന്ത്യ നന്ദര്‍ശിച്ച ഒരേയൊരു അമേരിക്കന്‍ പ്രസിഡന്റ് എന്ന സ്ഥാനവും. എയര്‍ഫോഴ്‌സ് വണ്‍ എന്ന കൂറ്റന്‍ വിമാനവും ബീസ്റ്റ് എന്ന ആഡംബര-സുരക്ഷ കാറും ജന-മാധ്യമ ശ്രദ്ധയില്‍ നിറഞ്ഞു നിന്നു. സുരക്ഷയുടെ കാര്യത്തില്‍ ദല്‍ഹി ഒരു കോട്ട ആയി മാറിയിരുന്നു. 

ദല്‍ഹിയുടെ പ്രധാനസ്ഥലങ്ങള്‍ എല്ലാം അമേരിക്കന്‍ സുരക്ഷാസേനയുടെ പിടിയില്‍. സുരക്ഷാസേനയുടെ നിര്‍ദ്ദേശപ്രകാരം റിപ്പബ്ലിക്ക് ദിനപരേഡ് നടക്കുന്ന സ്ഥലം വിമാനം പറത്തല്‍ നിരോധ മേഖലയാക്കി. ഒബാമ രണ്ട് മണിക്കൂറോളം ആണ് തുറന്ന പ്രദേശത്ത് ഇരിക്കേണ്ടിയിരുന്നത്. ബുള്ളറ്റ് പ്രൂഫ് വേദി ആയിരുന്നുവെങ്കിലും അദ്ദേഹം ചടങ്ങിന്റെ ആദ്യാവസാനം വരെ എല്ലാം സശ്രദ്ധം വീക്ഷിച്ചു. പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയോടും മോഡിയോടും ഒപ്പം ഇരുന്നു. അദ്ദേഹം ചടങ്ങിന്റെ ഉടനീളം നിക്കോട്ടിൻ ഗം ചവച്ചു കൊണ്ടിരിക്കുന്നത് വളരെ ചര്‍ച്ചാവിഷയം ആയി. നാലോ അഞ്ചോ ലെയര്‍ സെക്യൂരിറ്റി ആയിരുന്നു യു.എസ് -ഇന്ത്യ സുരക്ഷ സേനകള്‍ ഒബാമക്ക് നല്‍കിയിരുന്നത്. ഇതേ സുരക്ഷാ നടപടി ക്രമം ആണ് ക്ലിന്റന്റെ സന്ദര്‍ശനസമയത്തും സ്വീകരിച്ചിരിക്കുന്നത്. അന്നും സ്‌ഫോടന വസ്തുക്കളും മറ്റ് മണത്ത് പിടിക്കുവാനുള്ള നായ്ക്കളെയും, അമേരിക്കയില്‍ നിന്നാണ് കൊണ്ടുവന്നത്. ഈ നായ്ക്കള്‍ ഡോഗ് ഓഫീസേഴ്‌സ് എന്ന പേരിലാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ അറിയപ്പെട്ടത്. അതു പോലൊരു ഡോഗ് ഓഫീസറും ആയി ക്ലിന്റന്റെ സന്ദര്‍ശനവേളയില്‍ എനിക്കുണ്ടായ ഒരു എന്‍കൗണ്ടര്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. 

ഞാന്‍ അന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഗ്യാലറിയില്‍ മുന്‍നിര സീറ്റുകളില്‍ ഒന്ന് കാലേക്കൂട്ടി കയ്യടക്കി ക്ലിന്റന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. ക്ലിന്റണ്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും -രാജ്യസഭ, ലോകസഭ-അംഗങ്ങളെ അഭിസംബോധനം ചെയ്യുന്നുണ്ടായിരുന്നു. ക്ലിന്റണ്‍  പ്രത്യക്ഷപ്പെടുവാന്‍ പോകുന്ന വാതില്‍ക്കല്‍ കണ്ണും നട്ട് ഞാന്‍ ആദ്യ ദര്‍ശനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രതീക്ഷയോടെയും കൗതുകത്തോടെയും. അപ്പോള്‍ എന്റെ തൊട്ടടുത്തുള്ള സീറ്റ് അസാധാരണമായി അമരുന്നതായി എനിക്ക് തോന്നി. ദുര്‍മ്മേദസ്സുള്ള ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന്‍ ഇരുന്നതായിരിക്കാം എന്ന് വിചാരിച്ച് ഞാന്‍ ആ സീറ്റിലേക്ക് അലക്ഷ്യമായി നോക്കി. ഞാന്‍ നടുങ്ങിപ്പോയി. ഒരു പടുകൂറ്റന്‍ നായ് അവിടെ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഞാന്‍ ഒന്നേ നോക്കിയുള്ളൂ. നോട്ടം പിന്‍വലിച്ച് ശ്വാസം  പോലും വിടാതെ ഇരുന്നു. എന്തെങ്കിലും പ്രകോപനം എന്റെ ഭാഗത്ത്‌ നിന്നു വന്നാല്‍ അവന്‍ എന്നെ ശരിയാക്കുമെന്ന് എനിക്കറിയാം. ഡോഗ് ഓഫീസറുടെ ട്രെയിനര്‍ സായ്പ് എന്നോട് പറഞ്ഞു. ഡോണ്ട് വറി; പക്ഷേ, ഞാന്‍ എങ്ങനെ വറി ചെയ്യാതിരിക്കും സായ്‌പ്പെ. ജീവന്‍ എന്റേതല്ലേ ? ഏതായാലും രണ്ട് നിമിഷം കഴിഞ്ഞപ്പോള്‍ ഡോഗ് ഓഫീസര്‍ കസേരയില്‍ നിന്നും ചാടി താഴെയിറങ്ങി നടന്നു പോയി. അപ്പോഴാണ് എനിക്ക് ശ്വാസം നേരേ വീണത്. കസേരയിലെ കുഷ്യന്‍ പൂര്‍വ്വസ്ഥാനത്തേയ്ക്ക് വീര്‍ത്തു വരുന്നത് എനിക്ക് കാണാമായിരുന്നു. അന്ന് ക്ലിന്റണ്‍ പ്രസംഗത്തില്‍ പറഞ്ഞ ഒരു കാര്യവും ഒബാമക്ക് ആദ്യസന്ദര്‍ശനത്തില്‍ എന്നതു പോലെ ഇപ്രാവശ്യവും സാധിക്കാത്ത ഒരു കാര്യവും ഇതോടൊപ്പം ഞാന്‍ ഓര്‍മ്മിച്ച് പോകുന്നു. 

ക്ലിന്റണ്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നാടകീയ ശൈലിയില്‍ പറഞ്ഞു.:”ലോകത്തില്‍ രണ്ട് ഇനം ആള്‍ക്കാരേ ഉള്ളൂ. താജ്മഹല്‍ കണ്ടവരും കാണാത്തവരും. ഞാന്‍ ഇപ്പോള്‍ രണ്ടാമത്തെ കൂട്ടത്തില്‍ ആണ്. പക്ഷേ, അടുത്ത നാല്‍പത്തിയഞ്ച് മിനിട്ടിനുള്ളില്‍ ഞാനും ശ്രേഷ്ഠരായ ആ ആദ്യവിഭാഗത്തില്‍ പെടും. അദ്ദേഹം സെന്‍ട്രല്‍ ഹാളില്‍ നിന്നും പ്രത്യേക ഹെലികോപ്ടറില്‍ ആഗ്രയിലേക്കാണ് പോയത്. ഒബാമക്ക് ആദ്യസന്ദര്‍ശനത്തില്‍ താജ് സന്ദര്‍ശിക്കുവാന്‍ സാധിച്ചില്ല. ഈ പ്രാവശ്യം താജ് അദ്ദേഹത്തിന്റെ പര്യടന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, സൗദി അറേബ്യയുടെ രാജാവിന്റെ മരണത്തെ തുടര്‍ന്ന് അന്ത്യാന്ജലി അര്‍പ്പിക്കുവാനായി അദ്ദേഹം താജ് യാത്ര വേണ്ടെന്ന് വെച്ചു.

ഒബാമ ഒരു ആചാരം തെറ്റിച്ചു. ഔദ്യോഗിക ആചാരം അനുസരിച്ച് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ പ്രധാന അതിഥി ഇന്ത്യന്‍ പ്രസിഡന്റിനൊപ്പം അദ്ദേഹത്തിന്റെ ലിമെസിനില്‍ ആണ് പരേഡിന്റെ വേദിയായ വിജയ് ചൗക്കില്‍ എത്തേണ്ടത്. 
പക്ഷേ, ഒബാമയും ഭാര്യയും അമേരിക്കയില്‍ നിന്നു കൊണ്ടുവന്ന രണ്ട് ബീസ്റ്റുകളില്‍ ഒന്നിലാണ് വിജയ് ചൗക്കിലെത്തിയത്. രണ്ട് ബീസ്റ്റുകള്‍ പോലെ, രണ്ട് എയര്‍ഫോഴ്‌സ് വണ്ണും ഒബാമയുടെ യാത്രാസംഘത്തില്‍ ഉണ്ടായിരുന്നു.

ക്ലിന്റന്റെ സന്ദര്‍ശനവേളയില്‍ എന്നവണ്ണം ഒബാമക്ക് പൊതു സമ്പര്‍ക്കത്തിന് അധികം അവസരം ഉണ്ടായിരുന്നില്ല. ക്ലിന്റണ്‍  അദ്ദേഹത്തെ ജനമദ്ധ്യത്തിലേക്ക് അഴിച്ച് വിടുകയായിരുന്നു. ഞാന്‍ ഓര്‍മ്മിക്കുന്നു. സെന്‍ട്രല്‍ ഹാളിലെ പ്രസംഗം കഴിഞ്ഞപ്പോള്‍ അദ്ദേഹം വേദിയില്‍ നിന്നും താഴെയിറങ്ങി  മന്ത്രിമാരുടെയ എം.പി.മാരുടെയും അടുത്ത് ചെന്ന് ഹസ്തദാനം നടത്തി. സ്ത്രീകളും പുരുഷന്മാരുമായ എ.പി.മാര്‍, പ്രത്യേകിച്ചും സ്ത്രീകള്‍, ഒരു ഹസ്തദാനത്തിനായി വെമ്പുന്നത് കാണാമായിരുന്നു. അപ്പോള്‍ ആരോ പറയുന്നത് കേട്ടു: ക്ലിന്റണ്‍ ഇന്ത്യയില്‍ മത്സരിച്ചാലും ജയിക്കും.

മോഡിയും ഒബാമയും തമ്മിലുള്ള ശരീരഭാഷം ശ്രദ്ധേയം ആയിരുന്നു. വളരെ ഊഷ്മളവും ഹാര്‍ദ്ദവും ആയിരുന്നു അത്. തെറ്റിദ്ധരിക്കുകയില്ലെങ്കില്‍ നവ കമിതാക്കളെപോലെ . ഒബാമ ഒരിക്കല്‍ മോഡിയെ വിശേഷിപ്പിച്ചത് 'മാന്‍ ഓഫ് ആക്ഷന്‍' എന്നാണ്. ഇപ്പോള്‍ അദ്ദേരത്തിന്റെ വേഷഭൂഷാദികള്‍ കണ്ടിട്ട് ഒബാമ പറഞ്ഞത്, 'മോഡി വളരെ സ്റ്റൈലിഷ് ആണ്' എന്നാണ്. മോഡി ഒബാമയെ ആദ്യ പേര് പറഞ്ഞ് അഭിസംബോധന ചെയ്യുകയുണ്ടായി.- ബരാക്ക്. പക്ഷേ, ഒബാമ മോഡിയെ അഭിസംബോധന ചെയ്തത് മിസ്റ്റര്‍ മോഡി എന്നാണ്. ഇതും ശ്രദ്ധിക്കപ്പെടുകയുണ്ടായി.

ഹൈദരാബാദ് ഹൗസിന്റെ പൂന്തോട്ടത്തില്‍ മോഡിയും ഒബാമയും മാത്രമായി കുറെ സമയം ചിലവഴിക്കുകയുണ്ടായി. മോഡിയാണ് ഒബാമക്ക് ചായ ഉണ്ടാക്കി കപ്പില്‍ പാലും പഞ്ചസാരയും ചേര്‍ത്ത് സെര്‍വ്വ് ചെയ്ത്. അതിനുശേഷം മോഡിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളില്‍ ഒന്നായ ചായയെപ്പറ്റിയും ചര്‍ച്ചയും ഉണ്ടായി. ക്ലിന്റണ്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം രാജസ്ഥാനില്‍ ഒരു ഗ്രാമത്തില്‍ പോവുകയുണ്ടായി. അവിടെ ഗ്രാമീണരായ സ്ത്രീകളുമായി നൃത്തം ചെയ്തത് വലിയ ഹിറ്റ് ആയിരുന്നു. ഒബാമക്ക് അങ്ങനെയുള്ള പരിപാടികള്‍ ഉണ്ടായിരുന്നില്ല. ആദ്യസന്ദര്‍ശനത്തില്‍ പ്രഥമവനിത ദല്‍ഹിയിലെ ഒരു സ്‌കൂള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികള്‍ ഒത്ത് നൃത്തത്തിന്റെ ചുവടുകള്‍ വയ്ക്കുകയും ചെയ്യുകയുണ്ടായി. ഇപ്രാവശ്യം അങ്ങനെയൊന്നും ഉണ്ടായില്ല. മോഡിയും ഒബാമയും പരസ്പരം വളരെ ആദരവ് പുലര്‍ത്തുന്ന പ്രൊഫഷണല്‍ രാജ്യതന്ത്രജ്ഞരാണെന്ന് മനസ്സിലാക്കാം. ഒബാമ അനുസ്മരിക്കുകയുണ്ടായി മോഡിയുടേതുപോലെ അദ്ദേഹത്തിന്റെയും കുടുംബ പശ്ചാച്ചത്തലം  ദരിദ്രം ആയിരുന്നുവെന്ന്.

മോഡിയെ ഗുജറാത്ത് വംശഹത്യയുടെ പേരില്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും വര്‍ഷങ്ങളോളം ബഹിഷ്‌ക്കരിച്ചതാണ്.അമേരിക്ക മോഡിക്ക് വിസ നിഷേധിച്ചതാണ്. പക്ഷേ, ഒബാമയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കയില്‍ പോകുവാനോ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി ഒബാമയയെ ക്ഷണിക്കുവാനോ മോഡി മടി കാണിച്ചില്ല. രാഷ്ട്രീയത്തില്‍ വ്യക്തിവൈരാഗ്യത്തിന് സ്ഥാനം ഇല്ലെന്ന് അറിയാവുന്ന ഒരു പ്രായോഗിക രാഷ്ട്രീയക്കാന്‍ ആണ് മോഡി. അദ്ദേഹത്തിന് അറിയാം ലോകത്തിലെ ഇപ്പോഴത്തെ ഒരേയൊരു സൂപ്പര്‍ പവര്‍ ആയ അമേരിക്കയുടെയും അമേരിക്കന്‍ പ്രസിഡന്റിന്റെയും സഹായം ഇല്ലാതെ അദ്ദേഹത്തിന് സുഗമമായി ഇന്ത്യ ഭരിക്കുവാന്‍ സാധിക്കുകയില്ലെന്ന്. അമേരിക്കയുടെ നിക്ഷേപം ഇല്ലെങ്കില്‍ 'മേക്ക് ഇന്‍ ഇന്ത്യ' പച്ച തൊടുകയില്ല. ഇതില്‍ മറ്റൊരു ധാര്‍മ്മികതയും ഇല്ല. സ്വന്തം ഗുണത്തിന് വേണ്ടിയുള്ള കച്ചവട താല്‍പര്യം മാത്രം ആണ്. അതില്‍ ആര്‍ക്ക് ലാഭം ആര്‍ക്ക് നഷ്ടം എന്നത് വരും വര്‍ഷങ്ങളില്‍ മാത്രമേ അറിയാവൂ. ഏതായാലും ഒരു ശക്തനും ഒരു താരതമ്യേന ദുര്‍ബ്ബലനും തമ്മില്‍ കച്ചവടം നടത്തുമ്പോള്‍ വില പേശുമ്പോള്‍ താരതമ്യേന ദുര്‍ബ്ബലന് നേട്ടം ഉണ്ടാക്കുന്നതിന് പരിമിതികള്‍ ഉണ്ട്.

ഒബാമയുടെ സന്ദര്‍ശനത്തിലെ രണ്ട് വലിയ നേട്ടങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നത്, ആണവക്കരാര്‍ നടപ്പിലാക്കുന്നതിലുള്ള തടസ്സം നീക്കിയതും, അമേരിക്ക-ഇന്ത്യ-ഏഷ്യ-പെസഫിക്ക് വിഷന്‍ ഡോക്യുമെന്റും ആണ്. ഇതില്‍ ആണവക്കരാറില്‍ ഉണ്ടായിരുന്ന തടസം മാറി കിട്ടിയെന്നല്ലാതെ അതിന്റെ പൂര്‍ണ്ണമായിട്ടുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അത് ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂവത്രേ. അമേരിക്കന്‍ പ്രസിഡന്റ് അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുള്ള എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചു കൊണ്ട് ഇന്ത്യയുടെ ഒരു പ്രധാന എതിര്‍പ്പ് ഇല്ലാതാക്കി എന്നതാണ് ഔദ്യോഗിക പ്രസ്താവന. അതായത്, അമേരിക്ക ഇന്ത്യയുടെ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ പരിശോധനക്ക് വിധേയം ആക്കുകയില്ല. പക്ഷേ, അമേരിക്കയുടെ പക്ഷത്തു നിന്നുമുള്ള വിവര പ്രകാരം അമേരിക്ക ഇന്ത്യയുടെ ആണവ  ഉപയോഗം പരസ്പരമുള്ള വാര്‍ത്താ-വിനിമയത്തിലൂടെ ട്രാക്ക് ചെയ്തുകൊണ്ടിരിക്കും. ഇത് മാന്യമായ ഒരു ഭാഷ മാത്രം ആണ്. ഇന്‍സ്‌പെക് ഷന്‍ എന്നതിന്. അടുത്തത്  ആണവ ബാദ്ധ്യതാ നിയമം ആണ്.  ഇത് അനുസരിച്ച് ഇന്ത്യയില്‍ ആണവ അപകടം ഉണ്ടായാല്‍ ആണവം സപ്ലൈസ് ചെയ്ത് റിയാക്ടര്‍ സ്ഥാപിച്ച കമ്പനികള്‍ നഷ്ടപരിഹാരം നല്‍കുവാന്‍ ബാദ്ധ്യസ്ഥര്‍ ആണ്. ഇത് അമേരിക്കന്‍ കമ്പനികള്‍ക്ക് സ്വീകാര്യം അല്ലായിരുന്നു. അതിനാല്‍ അവര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുവാന്‍ തയ്യാറും അല്ലായിരുന്നു. മോഡി-ഒബാമ ഉടമ്പടി പ്രകാരം ഈ ബാദ്ധ്യത ഇപ്പോള്‍ ഇന്ത്യ ഏറ്റെടുത്തിരിക്കുകയാണ്. അതായത്, ഇന്ത്യ ഒരു ന്യൂക്ലിയര്‍ ഇന്‍ഷുറന്‍സ് രൂപീകരിക്കും. 1500 കോടി രൂപയാണ് ഇതിന്റെ ആസ്തി. ഇതിന്റെ പകുതി തുക ഗവണ്‍മെന്റിന്റെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കും. പ്രീമിയം ആര് അടക്കും എന്നതിന് തീരുമാനം ആയിട്ടില്ല. ന്യൂക്ലിയര്‍ ബാദ്ധ്യത കുടുക്ക് ഇന്ത്യ തരണം ചെയ്തത് ഇന്ത്യയുടെ ചിലവില്‍ തന്നെയാണ്. ബി.ജെ.പി. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ആണവ കരാറിനെ എതിര്‍ത്തത് ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെയാണ്. പക്ഷേ, ഇപ്പോള്‍ അതൊന്നും പ്രശ്‌നം ആക്കുന്നില്ല.

ഇന്ത്യയുടെയും അമേരിക്കയുടെയും ഏഷ്യ-പെസഫിക്ക് വിഷന്‍ ഡോക്യമെന്റ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. സൗത്ത് ചൈന കടലില്‍ സ്വതന്ത്രമായ നാവിഗേഷന്‍ വേണം എന്നാണ് ഇതിന്റെ ഒരു നിര്‍ദ്ദേശം. ചൈനയുമായിട്ടുള്ള സംഘര്‍ഷത്തിന് ഇത് ആക്കം കൂട്ടുമെന്ന കാര്യത്തില്‍ സംശയം ഇല്ല. ചൈന പാക്കിസ്ഥാനുമായി ഈ വിഷയത്തില്‍ അടുക്കുവാനുള്ള ശ്രമവും തുടങ്ങി. കഴിഞ്ഞു.

ഭീകരവാദ വിരുദ്ധ നിലപാട് ഇരു രാജ്യങ്ങളും വ്യക്തമാക്കിയെങ്കിലും ഇതില്‍ പ്രത്യേകമായിട്ടൊന്നും അമേരിക്കയില്‍ നിന്നും പ്രതീക്ഷിക്കാമോയെന്ന് കണ്ടറിയണം. ഇതുവരെയുള്ള അനുഭവങ്ങള്‍ അനുസരിച്ച് ഇതെല്ലാം വെറും കടലാസ് പുലികളായി അവശേഷിക്കുക മാത്രമേയുള്ളൂ.

ജനുവരി 26 ഇന്ത്യ ഒരു ഭരണഘടനാപരമായി റിപ്പബ്ലിക്ക് ആയ ദിവസം ആണ്. ആ ഭരണഘടനയുടെ ആധാര ശിലകളില്‍ ഒന്നാണ് മതനിരപേക്ഷത. എന്താണ് ഇതിന്റെ അവസ്ഥ. ഈ അറുപത്തിയാറാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ വളരെ ഗൗരവം ആയി ആലോചിക്കേണ്ട ഒരു കാര്യം ആണ് ഇത്. ഒബാമ ഇതിനെക്കുറിച്ച് പ്രതികരിച്ചത് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയി ഞാന്‍ കാണും. അദ്ദേഹം ഒരു സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 

അമേരിക്കയെയും ഇന്ത്യയെയും യോജിപ്പിക്കുന്ന പ്രധാന കണ്ണി ജനാധിപത്യം ആണ്. ഏത് മതത്തില്‍ വിശ്വസിക്കുവാനുള്ള അവകാശം ജനാധിപത്യമൂല്ല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മതങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിച്ചാല്‍ ഇന്ത്യക്ക് കൂടുതല്‍ മുന്നേറുവാന്‍ സാധിക്കും. ഇതായിരിക്കട്ടെ ഈ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെയും ഒബാമയുടെ സന്ദര്‍ശനത്തിന്റെയും സന്ദേശം.
കച്ചവടം പോലെയും ആണവക്കരാര്‍ പോലെയും ഏഷ്യ-പെസഫിക്ക് വിഷന്‍ പോലെയും ഇത് പരമപ്രധാനം ആണ്.                                                                                                                       
ഒബാമ  വന്നു, കണ്ടു, കീഴടക്കി ? ദല്‍ഹി കത്ത് - പി.വി.തോമസ്
Join WhatsApp News
George Thumpayil 2015-01-27 10:27:08
Very well done Sir. Excellent rendering. Timely and apt.
Rajuchiramannil 2015-01-27 18:48:11
Wait an see who is the winner ?? Skepticism hanging around the air. Well done Mr. PrimeMinister. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക