Image

വയലാര്‍-ദേവരാജന്‍ ടീമിന്റെ ചലച്ചിത്രഗാന മാസ്‌മര പ്രപഞ്ചം (ലേഖനം: എ.സി. ജോര്‍ജ്‌ )

Published on 12 March, 2015
വയലാര്‍-ദേവരാജന്‍ ടീമിന്റെ ചലച്ചിത്രഗാന മാസ്‌മര പ്രപഞ്ചം (ലേഖനം: എ.സി. ജോര്‍ജ്‌ )
വയലാര്‍-ദേവരാജന്‍ എന്ന ഈ രണ്ടു സംഗീതപ്രതിഭകളേയും പറ്റി ചിന്തിക്കുമ്പോള്‍ മാര്‍ച്ച്‌ മാസം വളരെ പ്രധാനമുള്ളതാണ്‌. മാര്‍ച്ച്‌ 25, 1928ലാണ്‌ വയലാറിന്റെ ജനനം. മാര്‍ച്ച്‌ 15, 2006ലാണ്‌ ദേവരാജന്‍ മാസ്റ്റര്‍ നിര്യാതനായത്‌. അദ്ദേഹം 81 വര്‍ഷവും വയലാര്‍ 47 വര്‍ഷവും ജീവിച്ചു. വയലാറിന്റെ ജീവിതം അകാലത്തു തന്നെ പൊലിഞ്ഞു. ഈ രണ്ടു സംഗീതപ്രതിഭകളില്‍ ഒരാളുടെ ജനനവും മറ്റെയാളുടെ മരണവും ഓരോ മാര്‍ച്ചു മാസവും സംഗീതപ്രേക്ഷകര്‍ അനുസ്‌മരിക്കുന്നു. ഇവരിരുവരേയും അതുപോലെ ഇവരുടെ മലയാളഗാനരംഗത്തുള്ള സംഭാവനകളേയും മലയാള തലമുറ തലമുറകളായി അനുസ്‌മരിക്കുന്നു.

സാങ്കേതികമായി സിനിമയുടെയും സിനിമാ ഗാനങ്ങളുടെയും അവതരണത്തിലും ആസ്വാദനത്തിലും ഒട്ടേറെ വ്യതിയാനങ്ങള്‍ കാലാനുസൃതമായി വന്നുവെങ്കിലും മലയാളികളുടെ മനസ്സില്‍ നിത്യഹരിതമായി പച്ചപിടിച്ചു നില്‍ക്കുന്ന, ഒരിക്കലും പുതുമ നശിക്കാത്ത, എതു പ്രായക്കാര്‍ക്കും അറിവും ആനന്ദവും പകരുന്ന ചലച്ചിത്ര ഗാനശാഖയിലെ അതികായരാണ്‌ മണ്‍മറഞ്ഞ വയലാറും ദേവരാജനും എന്ന കാര്യത്തില്‍ സംശയമില്ല. സാമൂഹ്യ ജീവിത പശ്ചാത്തലത്തില്‍ ജീവിതഗന്ധിയായ, ശ്രവണമധുരമായ ഗാനങ്ങള്‍ ഈ ഇരു സംഗീതമാന്ത്രികരും ചേര്‍ന്ന്‌ സൃഷ്‌ടിച്ചെടുത്തു എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ആ സംഗീതത്തിന്റെ മധുരിമയും മന്ത്രധ്വനിയും ഇന്നും മലയാള മനസ്സുകളില്‍ കുളിര്‍മഴയായും തേന്‍മഴയായും തൊട്ടു തലോടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ഇടിവെട്ട്‌ തട്ടുപൊളിപ്പന്‍ ശബ്‌ദകോലാഹല സിനിമാ ഗാനങ്ങളില്‍ നിന്ന്‌ ഒരല്‌പനേരം അകന്നു ചിന്തിക്കാന്‍ വയലാര്‍-ദേവരാജന്റെ മാതിരിയുള്ള പഴയ സിനിമാഗാന രചയിതാക്കളും സംഗീത സംവിധായകരും നമ്മെ സഹായിക്കുന്നു. പുതുമയുള്ള, എന്നാല്‍ ഇലക്‌ട്രോണിക്‌ സംഗീത ഉപകരണങ്ങള്‍ക്ക്‌ നൈസര്‍ഗീകമായ ഗായകാ-ഗായിക ശബ്‌ദസൗകുമാര്യത്തിനപ്പുറം വില കല്‍പ്പിക്കുന്ന ഇന്നത്തെ സംഗീതാസ്വാദകരെ വിമര്‍ശിക്കുകയാണെന്ന്‌ കരുതരുത്‌.

മലയാള ചലച്ചിത്രസംഗീതത്തിലെ ചക്രവര്‍ത്തിയായിരുന്നു വയലാര്‍. ഇന്ത്യന്‍ സംസ്‌ക്കാരത്തെ സ്വതന്ത്രവും സമൃദ്ധവുമായ മാര്‍ക്ഷത്തിലൂടെ സിനിമാഗാനങ്ങളില്‍ ആവാഹിച്ച അദ്ദേഹം സാധാരണ മനുഷ്യന്റെ ഹൃദയസ്‌പന്ദനം പോലും മനസ്സിലാക്കിയിരുന്നു. ഉന്നത കുടുംബത്തില്‍ ജനിച്ചു, കമ്മ്യൂണിസത്തിന്റേയും, സോഷ്യലിസത്തിന്റേയും പ്രചാരകനായി, അനുചരന്മാര്‍ക്കു വേണ്ടി കവിതയെഴുതിയ വയലാര്‍ രാമവര്‍മ്മ സിനിമാഗാനത്തിന്റെ എല്ലാമായിരുന്നു.

ആയിരത്തിതൊള്ളായിരത്തി അന്‍പത്തിയഞ്ചില്‍ കാലം മാറുന്നു എന്ന ചിത്രത്തിലൂടെയാണ്‌ ജി.ദേവരാജന്‍ സിനിമാഗാനരംഗത്തേയ്‌ക്ക്‌ വരുന്നത്‌. ആയിരത്തിത്തൊള്ളായിരത്തി അന്‍പത്തിയൊമ്പതില്‍ ചതുരംഗം എന്ന ചിത്രത്തിന്‌ വേണ്ടിയാണ്‌ വയലാറും ദേവരാജനും കൂടി ഒന്നിക്കുന്നത്‌. അവര്‍ പിന്നീട്‌ ഒരു ടീമായി തീര്‍ന്നു. ചതുരംഗം മുതല്‍ സ്വാമിഅയ്യപ്പന്‍ വരെ എത്രയെത്ര ചിത്രങ്ങള്‍ക്കാണ്‌ അവര്‍ ഒന്നിച്ച്‌ സംഗീതമൊരുക്കിയത്‌. ഏകദേശം ഇരുന്നൂറ്‌ ചിത്രങ്ങള്‍ക്ക്‌. അതായത്‌ ആയിരത്തി അഞ്ഞൂറ്‌ ഗാനങ്ങള്‍. പി. ഭാസ്‌ക്കരന്റെയും ഓ.എന്‍.വി.യുടേയും ഗാനങ്ങള്‍ക്കു വേണ്ടിയും ദേവരാജന്‍ സംഗീതം നല്‍കിയിട്ടുണ്ട്‌. അതേപോലെ വയലാറിന്റെ വരികള്‍ക്ക്‌ കെ. രാഘവന്‍, വി. ദക്ഷിണാമൂര്‍ത്തി, എം.എസ്‌. ബാബുരാജ്‌, ശേഖര്‍, സലില്‍ ചൗധരി തുടങ്ങിയവരും സംഗീതം പകര്‍ന്നു. എന്നാല്‍ വയലാര്‍-ദേവരാജന്‍ ടീം അതില്‍ നിന്നൊക്കെ വ്യത്യസ്‌തമായിരുന്നു. അവര്‍ തീപ്പൊരി പറത്തി മാസ്‌മരവിദ്യ സൃഷ്‌ടിച്ചു,

ദൈര്‍ഘ്യം കൊണ്ട്‌ വിരസമായ, ജീര്‍ണ്ണിച്ച ചലച്ചിത്രഗാന മണ്‌ഡലത്തെ ഈ ടീം മഹത്വത്തിന്റെ പുളകങ്ങള്‍ അണിയിച്ചു പ്രേക്ഷകരെ വികാരതരളിതരാക്കി കണ്ണീരൊലിപ്പിക്കാന്‍ പറ്റിയ തരത്തില്‍, ഇവരുടെ ഗാനങ്ങള്‍ സംവിധായകര്‍ അഭ്രപാളികളില്‍ ചിത്രീകരിച്ചു. എല്ലാത്തരം ശ്രോതാക്കളേയും വശീകരിക്കാന്‍ പോരുന്നതായിരുന്നു ആ ടീമിന്റെ സംഗീതസാന്ദ്രത. സ്വന്തം അനുഭൂതി മണ്‌ഡലത്തിലേക്ക്‌ ഓരോരുത്തേരും അതു നയിച്ചു. അവരുടെ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിട്ട വയലാര്‍ മറ്റൊരു വാല്‌മീകിയായി.

ദേവരാജന്റെ ശക്തി വെളിപ്പെട്ടത്‌ വയലാറിന്റെ വരികളിലൂടെയായിരുന്നു. പുതുമയുള്ള ഉപകരണങ്ങളിലൂടെ വയലാറിന്റെ വരികള്‍ പൂത്തുലഞ്ഞു. ദേവരാജന്റെ മറ്റൊരു വലിയ നേട്ടം ശബ്‌ദസൗകുമാര്യമുള്ള യേശുദാസായിരുന്നു. ദേവരാജന്റെ ഈണം യേശുദാസിനെ പ്രചുരപ്രചാരകനാക്കി. വയലാറിന്റെ കവിത സമൂഹത്തിന്റേതായിരുന്നു. വയലാര്‍-ദേവരാജന്‍ ടീം തയ്യാറാക്കിയ ഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ ആലപിച്ച രണ്ടാമത്തെ വ്യക്തി മാധുരിയായിരുന്നു. മാധുരിയിലെ കലാകാരിയെ കണ്ടെത്തിയത്‌ ദേവരാജന്‍ തന്നെ. മറ്റാരെയും അനുകരിക്കാതെ മെനഞ്ഞെടുത്ത ശൈലി മാധുരിയ്‌ക്കുണ്ടായിരുന്നു. അതായിരുന്നു ആ ഗായികയുടെ വിജയവും.

ഇന്ത്യയിലെ സിനിമാപ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഒരു നടനാണല്ലോ കമലഹാസന്‍. ഒരു കുട്ടിയുടെ നിഷ്‌കളങ്കത നിറഞ്ഞ മുഖവും ഒരു പുരുഷന്റെ ശരീരവും ഉള്ള ആ നടനെ മലയാളികള്‍ ഇഷ്‌ടപ്പെട്ടു തുടങ്ങിയതു തന്നെ വിഷ്‌ണുവിജയം എന്ന ചിത്രത്തിലൂടെയാണ്‌. ആ ചിത്രത്തിന്റെ വിജയമാകട്ടെ വയലാര്‍-ദേവരാജന്‍ ടീമിന്റെ കഴിവുറ്റ ഗാനങ്ങളിലും.

മുപ്പതുകളില്‍ എത്തി നില്‍ക്കുന്ന കാമാസക്തിയുള്ള ഒരു വിവാഹിത കൗമാരത്തിലേയ്‌ക്കു കടന്നുവരുന്ന ഒരു യുവാവിനെ നോക്കിപ്പാടുന്നു. എന്നെ നിന്‍ കണ്ണുകള്‍ തടവിലാക്കി എന്നെ നിന്‍ യൗവ്വനം അടിമയാക്കി ഏത്‌ ഇന്ദ്രജാല പ്രയോഗം കൊണ്ട്‌ എന്നെ നീ വശംവദയാക്കി നിന്‍ മുന്നില്‍ എന്നെ ദൂര്‍ബലയാക്കി. ഈ വരികള്‍ മാധുരി ഏറെ മനോജ്ഞമായി പാടുകയും ചെയ്‌തു. ഇന്ദ്രജാലം എന്ന പദാവതരണത്തിലെ ദീര്‍ഘനിശ്വാസവും മറ്റും മാന്ത്രിക ശക്തിയുള്ളതായിരുന്നു. പ്രേക്ഷകഹൃദയത്തെ ആര്‍ദ്രമാക്കാന്‍ കഴിഞ്ഞ ഈ ഗാനത്തിലൂടെ നായകന്‍ ചിരംജീവിയായിത്തീര്‍ന്നു. പുഷ്‌പദലങ്ങളാല്‍ ഗരുഡപഞ്ചമി എന്നീ ഗാനങ്ങളും പ്രസ്‌തുതചിത്രത്തിന്റെ നേട്ടങ്ങളായിരുന്നു. പ്രേംനസീര്‍-ഷീലാ ടീം ഏറ്റവും വലിയ നേട്ടങ്ങളായിരുന്നു.

വയലാറിന്റെ വരികള്‍ക്ക്‌ ശക്തമായ സംഗീതാവിഷ്‌ക്കരണം നല്‍കാന്‍ ദേവരാജന്‍ എന്നും ശ്രമിച്ചിട്ടുണ്ട്‌. ത്രിവേണിയിലെ സംഗമം, ചെമ്പരത്തിയിലെ ചക്രവര്‍ത്തിനീ.... എന്നീ ഗാനങ്ങള്‍ അതിനുദാഹരണങ്ങളാണ്‌. ആയിരത്തിതൊള്ളായിരത്തി എഴുപത്തിരണ്ടില്‍ പുറത്തുവന്ന അച്ഛനും ബാപ്പയും എന്ന ചിത്രത്തിനു വേണ്ടി ദേവരാജന്‍ സംഗീതം പകര്‍ന്ന്‌ യേശുദാസ്‌ പാടിയ മനുഷ്യന്‍ മതങ്ങളെ സൃഷ്‌ടിച്ചു എന്ന വയലാറിന്റെ വരികള്‍ മനുഷ്യത്വത്തിന്റെ ആവശ്യകതയിലേക്കാണ്‌ വിരല്‍ചൂണ്ടിയത്‌.

ദേവരാജന്റെ ഹിറ്റുകള്‍ എന്ന പേരില്‍ ആയിരത്തിതൊള്ളായിരത്തി എഴുപത്തിയൊന്നില്‍ പുറത്തുവന്ന പന്ത്രണ്ടു ഗാനങ്ങളില്‍ ഒന്‍പതിന്റേയും രചന നിര്‍വ്വഹിച്ചത്‌ വയലാറായിരുന്നു. അവയാകട്ടെ കൂടുതല്‍ പ്രചാരം നേടുകയും ചെയ്‌തു. കണികാണും നേരം ........, ആകാശഗംഗയുടെ (ചിത്രം: ഓമനക്കുട്ടന്‍) പെണ്ണിന്റെ മനസ്സില്‍ (അനാച്ഛാദനം), എഴുസുന്ദര രാത്രികള്‍.... (അശ്വമേധം), പ്രിയതമാ..... (ശകുന്തള) തുടങ്ങിയവ അവയില്‍ പ്രധാനങ്ങളാണ്‌. ശകുന്തള എന്ന ചിത്രത്തിലെ ഗാനരചയിതാവ്‌ യഥാര്‍ത്ഥത്തില്‍ കാളിദാസന്റെ ഹൃദയം കണ്ടെത്തുകയാണ്‌. എത്രപഴകിയാലും തുരുമ്പെടുക്കാത്തതാണിരുവരുടേയും ഗാനങ്ങളെന്ന്‌ ആസ്വാദകര്‍ സാക്ഷ്യപ്പെടുത്തുന്നു.
വയലാര്‍-ദേവരാജന്‍ ടീമിന്റെ ചലച്ചിത്രഗാന മാസ്‌മര പ്രപഞ്ചം (ലേഖനം: എ.സി. ജോര്‍ജ്‌ )വയലാര്‍-ദേവരാജന്‍ ടീമിന്റെ ചലച്ചിത്രഗാന മാസ്‌മര പ്രപഞ്ചം (ലേഖനം: എ.സി. ജോര്‍ജ്‌ )
Join WhatsApp News
Sudhir Panikkaveetil 2015-03-12 19:41:12
ഓമനക്കുട്ടനിലെ   ഗാനങ്ങൾ പി. ഭാസ്കരാൻ മാഷിന്റെയല്ലേ? ലേഖനം നന്നായിരുന്നു. അഭിനന്ദനം എന്റെ അഭിനന്ദനം... ( വയലാര് എഴുതിയ ഒരു ഗാനത്തിന്റെ ആദ്യ വാക്കുകൾ)
സജീവന്‍ 2015-03-13 05:51:00

ലേഖനത്തിന് അഭിനന്ദനങ്ങള്‍! വയലാര്‍-ദേവരാജന്‍റെ കൂട്ടുകെട്ടിന്‍റെ ഗാനങ്ങള്‍ ആലപിച്ചതില്‍ രണ്ടാം  സ്ഥാനം ദേവരാജന്‍മാഷിന്‍റെ ഇഷ്ടഗായികയായ പി. സുശീലക്കല്ലേ? ഇവരാണ് കൂട്ടുകെട്ടിന്‍റെ അവിസ്‌മരണീയമായ ചില പാട്ടുകള്‍ പാടിയത് ‘കണ്ണ് തുറക്കാത്ത ദൈവങ്ങളെ’, ‘രാജശില്പി  നീയെനിക്കൊരു’, ‘പൂവുകള്‍ക്ക് പുണ്യകാലം’, ‘സൂര്യകാന്ത കല്പ്പടവില്‍’,
എസ്.പി ബാലസുബ്രമണ്യം ആദ്യമായി മലയാളത്തില്‍ പാടിയതും ഇവരുടെ പാട്ടാണെന്ന് തോന്നുന്നു. കടല്‍പ്പാലത്തിലെ ‘ഈ കടലും മറുകടലും’.
ആരോഗ്യത്തിന് ഹാനികരമായ ഇപ്പോഴത്തെ പാട്ടുകള്‍ക്കുള്ള മരുന്നാണ്‌ ഇവരൊക്കെ ഉണ്ടാക്കിവെച്ചിട്ട് പോയ ഗാനങ്ങള്‍.  

സുധീര്‍ പണിക്കവീട്ടില്‍ - ഒമനക്കുട്ടനിലെ പാട്ടുകള്‍ എഴുതിയത് വയലാര്‍ രാമവര്‍മ്മയാണ്.

andrew 2015-03-13 08:01:11
very beautiful and sweet recollections. Mr.A C G took us to good old romantic young days.
വായനക്കാരൻ 2015-03-13 11:10:24
‘ഉച്ചാരണ ശുദ്ധി’യുടെ പേരിൽ ദേവരാജൻ മാസ്റ്റരുടെ ഇഷ്ടഗായകരിൽ രണ്ടാം സ്ഥാനം നേടിയ(ഒന്നാം സ്ഥാനം യേശുദാസിനു തന്നെ) മാധുരിയോട് അദ്ദേഹത്തിന് ഒരു പ്രത്യേക താല്പര്യമുണ്ടായിരുന്നു. മറ്റുള്ള സംഗീതസംവിധായകർ വിരലിലെണ്ണാവുന്നയത്രയും ഗാനങ്ങളേ മാധുരിയെക്കൊണ്ട് പാടിപ്പിച്ചിട്ടുള്ളൂ. സ്വരമാധുര്യത്തിൽ മാധുരിയെക്കാൾ എത്രയോ മുൻപിലായിരുന്ന സുശീലക്കും ജാനകിക്കുമാണ് അവർ മുൻ‌ഗണന നൽകിയത്.
A.C.George 2015-03-14 23:59:18
I tried to bring out Vayalar-Devarajan combined team effort precisely short and I know it is incomplete. I thank all my friends and readers for their appreciation
Aniyankunju 2015-03-20 18:45:13

A few discrepancies in AC George' article:

* Much before he stole the limelight in tinseldom in 1955 through "Kaalam Maarunnu", Devarajan had cast an indelible imprint in theatre through "Ningal Enne Communistaaki" in 1952.  He was active in theatre and directed music for  KPAC.

* Vayalar and Devarajan teamed up for the first time in 1957 (not in 1959 as A C George wrote) during the effort that produced the immortal evergreen song "Balikudeerangale..."

Here are excerpts from a write up on the origin of that song:  

".......കമ്മിറ്റിയുടെ ചുമതല മണ്‍മറഞ്ഞുപോയ പ്രശസ്ത എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിക്കായിരുന്നു.....Devarajan & ONV used to be the most sought after duo for all viplava paattukal & for KPAC creations those days. So the organizers were expecting ONV to come up with a suitable song. But he had a different idea. The unquestionable viplava kavi proposing another lesser known lyricist was initially unacceptable to Devarajan. But it was ONV himself who forced Devarajan to approach Vayalar Rama Varma. And ONV gracefully accompanied Devarajan, and they finally met him in Kochi. There was no looking back for the great musical combination from thereon. 

Once Vayalar said yes to Devarajan & ONV, they were a bit hesitant to tell him that they wanted the lyrics urgently. Vayalar but sensed it, and the draft of balikudeerangale was ready within a few hours. ONV was the first one to OK it without any change.

അന്ന് [1957 August 14] VJT ഹാളിലെ സമ്മേളനത്തില്‍ അറുപത് പേര്‍ ഒന്നിച്ച് പാടി ഈ ഗാനം കേരളീയര്‍ക്ക് സമര്‍പ്പിച്ചു.  K.S. ജോര്‍ജ്, KPAC സുലോചന, LPR വര്‍മ, C O ആന്റോകവിയൂര്‍ പൊന്നമ്മജോസ് പ്രകാശ്കൊടുങ്ങല്ലൂര്‍ ഭാഗീരഥിയമ്മ,സുധര്‍മബിയാട്രീസ്വിജയകുമാരിആന്റണി എലഞ്ഞിക്കല്‍ എന്നിവര്‍ 60 പേരിലുള്‍പ്പെടുന്നു. KPAC യുടെ അവതരണഗാനമായി ബലികുടീരങ്ങളേ അതിനുശേഷം ഉപയോഗിക്കുവാന്‍ തുടങ്ങി.

A tribute to the martyrs of 1857 War of Independence in 1957, and replay 57 Years later in 2014.

ബലികുടീരങ്ങളേ... ബലികുടീരങ്ങളേ..
സ്മരണകളിരമ്പും രണസ്മാരകങ്ങളേ.
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍... (ബലി...)
 

സ്മരണകളിരമ്പും രണസ്മാരകങ്ങളേ.
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍... (ബലി...)
 

ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തീ
കടലുകള്‍ പടഹമുയര്‍ത്തി
യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍
വിരിഞ്ഞു താമരമുകുളങ്ങള്‍....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക