Image

കവികളും കവയിത്രികളും പെരുകുന്നതെന്തു കൊണ്ട്? (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 01 April, 2015
കവികളും കവയിത്രികളും പെരുകുന്നതെന്തു കൊണ്ട്? (രാജു മൈലപ്രാ)
അടുത്ത കാലത്തായി അമേരിക്കയില്‍ കവികളുടേയും കവയിത്രികളുടേയും എണ്ണം ക്രമാതീതമായി പെരുകിയിരിക്കുന്നു. ഒരു പക്ഷേ മലയാള കവിതയ്ക്ക് വളരുവാന്‍ വളകൂറുള്ള മണ്ണായിരിക്കും ഇത്. നമ്മുടെ നാടന്‍ പച്ചക്കറികളായ പച്ചമുളകും, പടവലവും, പാവയ്ക്കായും മറ്റും, നാട്ടിലേക്കാള്‍ പത്തിരട്ടി ശക്തിയോടയാണല്ലോ വേനല്‍ക്കാലത്ത് ഇവിടെ വളരുന്നത്.

സാഹിത്യ ലോകത്തേക്കുള്ള ഒരു സുരക്ഷിത വാതായനമായിരിക്കും ഒരു പക്ഷേ കവിത. കുറച്ചു കഠിന പദങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ നിരത്തിവെച്ചാല്‍ കവിത ആയി എന്നൊരു ധാരണ പലര്‍ക്കുമുള്ളതുപോലെ തോന്നുന്നു. ഒരു ശ്രീനിവാസന്‍ സിനിമയില്‍, ഗാനവുമായി വരുന്ന കവിയോട്, ഗാനത്തിനിടയിലെ 'ചഞ്ചലചിഞ്ചില കാഞ്ചന' എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് സംഗീത സംവിധായകന്‍ ചോദിക്കുന്നു. അതിനു പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെന്നും, കവിതക്ക് കൂടുതല്‍ ശക്തി കിട്ടുവാന്‍ വേണ്ടി, അത്തരമൊരു പദം കൂടി കിടക്കട്ടെയെന്നു കരുതിയതാണെന്നും കവി-അതുപോലെയാണ് പല അമേരിക്കന്‍ മലയാള കവികളുടേയും കവിത എന്താണെന്നൊരു എത്തും പിടിയും കിട്ടുകയില്ല. എഴുതിയവര്‍ക്കും, വായിക്കുന്നവര്‍ക്കും.... അമേരിക്കയില്‍ അങ്ങോളമിങ്ങോളം മലയാള സാഹിത്യ സംഘടനകള്‍ ഉണ്ടല്ലോ! അവരുടെ പ്രധാന പരിപാടി കവിതാ പാരായണവും വിശകലനവുമാണ്. ദേശീയ സമ്മേളനങ്ങൡ, കവിയരങ്ങ്, കവിതാസന്ധ്യ, കവിതാദിനം തുടങ്ങിയ പല പേരുകളില്‍ കവിത കൊണ്ടു ശ്രോതാക്കളെ കുത്തിക്കൊല്ലുന്നത് ഒരു പ്രധാന ഇനമാണ്. ചിലപ്പോള്‍ ഈ കവിയരങ്ങ് ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കും.
കവിതയും, ഗദ്യകവിതയും, ആധുനിക കവിതയും കടന്ന് ഇപ്പോള്‍ ഇന്റര്‍നെറ്റു കവിത, ഫേസ്ബുക്ക് കവിത തുടങ്ങി സെല്‍ഫി കവിതയില്‍ വരെ എത്തി നില്‍ക്കുന്നു. ഹൈക്കു കവിതകള്‍ക്കു മലയാളത്തിലേക്കു ഒരു എന്‍ട്രി നല്‍കുവാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട് കേരളത്തിലേക്കു ഈ രോഗം പടര്‍ന്നു പിടിച്ചിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. പകര്‍ച്ച വ്യാധികളുടെ വിളനിലമാണല്ലോ കേരളം-ഡെങ്കിപ്പനി, പക്ഷിപ്പനി, എലിപ്പനി തുടങ്ങി കുരങ്ങു പനി വരെ അവിടെ അരങ്ങു തകര്‍ക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപ്പോലെ ഇത് എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഇതു എന്തു കുന്തമാണെന്നറിഞ്ഞു കൂടാ. ഇത്തരം കവിതകള്‍ ആരെങ്കിലും 'quote' ചെയ്യുമെന്നു കരുതുന്നില്ല- എഴുതിയവര്‍ തന്നെ ഇതു ഓര്‍ത്തിരിക്കുമെന്നോ ഒരാവര്‍ത്തികൂടി വായിക്കുമോ എന്നും സംശയമാണ്. അന്തര്‍ലീനമായി എന്തോ ഈ കവിതകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതു കണ്ടുപിടിക്കേണ്ട ചുമതല വായനക്കാരന്റേതാണ്. കണ്ടുപിടിച്ചിട്ട് എന്തു നേടാനാണ് എന്നൊന്നും ചോദിക്കരുത്. ഈ ഹൈക്കു കവിതകളിലൊക്കെ എത്രയോ ഉയരത്തിലാണ് നമ്മുടെ കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞുണ്ണിക്കവിതകള്‍:
'ഒന്ന് എന്നു എങ്ങനെ എഴുതാം
ഒന്ന് എന്നു അങ്ങനെ എഴുതാം
വളവും വേണ്ട, ചെരിവും വേണ്ട, കുനിവും വേണ്ട
കുത്തനെ ഒരു വര, കുറിയ വര
ഒന്നായി, നന്നായി, ഒന്നായി നിന്നാല്‍ നന്നായി'
ഇതിന്റെ ഏഴയലത്തു വരുന്ന ഒരു ഹൈക്കു കവിത മലയാളത്തില്‍ ആരെങ്കിലും എഴുതിയിട്ടുണ്ടോ? പണ്ടു കവിതകള്‍ എഴുതിയിരുന്നവര്‍ വൃത്തവും പ്രാസവും മറ്റും നോക്കിയിരുന്നു. ഇപ്പോള്‍ അതൊന്നും ആവശ്യമില്ലല്ലോ!

നമ്മുടെ മഹാകവികള്‍ ഒരു പക്ഷേ ലക്ഷണമൊത്ത കവിതകള്‍ ലളിതമായി എഴുതിയിരുന്നതു കൊണ്ടാവാം, ചെറുപ്പത്തില്‍ നമ്മള്‍ പഠിച്ച കവിതകള്‍ ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്-
'അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്‍'(വൈലോപ്പിള്ളി)
'മലയപ്പുലയനാ മാടത്തിന്‍മുറ്റത്ത് 
മഴ വന്ന നാളൊരു വാഴ നട്ടു'
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം-'(കുമാരനാശാന്‍ വായില്‍ വന്നത് കോതക്കു പാട്ട് എന്ന മട്ടില്‍ എഴുതിയതല്ല ഇതൊന്നും.

അമേരിക്കയില്‍ നല്ല മലയാള കവികള്‍ ഇല്ലെന്നല്ല. പക്ഷേ അവരുടെ എണ്ണം, കൈവിരലുകളുടെ എണ്ണത്തേക്കാള്‍ കുറവാണെന്നുള്ളതാണ് വാസ്തവം. പല കവികള്‍ക്കും, തങ്ങള്‍ക്കു കവിത എഴുതുവാന്‍ കഴിവില്ല എന്നുള്ള തിരിച്ചറിവില്ല എന്നതാണ് സത്യം.

കാലത്തെ അതിജീവിക്കുന്ന കവിതകളൊന്നും അമേരിക്കയിലെ ആധുനിക മലയാള കവികളുടെ തൂവല്‍തുമ്പില്‍ നിന്നും ജന്മമെടുത്തിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്.

അമേരിക്കയില്‍ മാന്‍, കരടി തുടങ്ങിയ മൃഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍, സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ അവയില്‍ കുറെയെണ്ണത്തിനെ വെടിവെച്ചു കൊല്ലാന്‍ ഗവര്‍മെന്റ് അനുമതി നല്‍കാറുണ്ട്- കവിതയുടെ കുത്തൊഴുക്കു നിയന്ത്രിക്കുവാന്‍ പത്രാധിപന്മാര്‍ ഒരു സെന്‍സറിംഗ് നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഏക്കേതാ, പൂക്കേതാ എന്നറിയാത്ത  ചില പത്രാധിപന്മാര്‍, കവിതയുടെ മൂല്യം നോക്കാതെ space filling- നായി ഇതുപയോഗിക്കുന്നു. തങ്ങളുടെ കവിതകള്‍ ആരെങ്കിലും വായിക്കുന്നുണ്ടോ ആസ്വദിക്കുന്നുണ്ടോ എന്നു കവികള്‍ ഒന്നു സ്വയം വിലയിരുത്തുന്നതു നന്നായിരിക്കും.

കുമ്പസ്സാരം: പേഴ്‌സണലായി പറയുകയാണെങ്കില്‍ കവിതകള്‍ വായിക്കുന്നതിനോട് എനിക്കു വലിയ കമ്പമില്ല. വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢാര്‍ത്ഥങ്ങള്‍ കണ്ടു പിടിക്കുവാന്‍ വേണ്ടി തല പുകയ്ക്കുവാന്‍ താല്പര്യമില്ല. പിന്നെ ഒരു രഹസ്യം- ഒരു കവിതയെ വിലയിരുത്തുവാന്‍ തക്കവണ്ണമുള്ള യോഗ്യതയൊന്നും എനിക്കില്ല so, take it easy!

കവികളും കവയിത്രികളും പെരുകുന്നതെന്തു കൊണ്ട്? (രാജു മൈലപ്രാ)
Join WhatsApp News
വിദ്യാധരൻ 2015-04-02 09:00:44
ഒന്ന് നില്ക്കണം കേൾക്കണം കവികളെ 
എനിക്കു പറയാനുള്ളതും കേൾക്കണം 
കുറ്റവും കുറവും ചൂണ്ടികാട്ടിടുമ്പോൾ 
കുറ്റവാളിയായി കാണരുതു നിങ്ങളെന്നേ  .
എഫ് ബി ഐ, സി .ഐ .എ  എന്നൊക്കെ പറഞ്ഞെന്നെ 
ചുമ്മാ വേരുട്ടല്ലീ സാധു മനുഷ്യനെ 
പാവാമാം പത്രാധിപരേം  വിടണം വെറുതെ 
പാവമാം അങ്ങേരു ജീവിച്ചു പൊക്കോട്ടെ .
ചെയ്യുന്ന കാര്യങ്ങൾ നന്നായി ചെയ്യുകിൽ 
വായനക്കാരൊക്കെ വായിച്ചു രസിച്ചിടും 
വായിൽ വരുന്നത് കുത്തി കുറിച്ചിട്ടു 
'കാവ്യമെന്നു. പറഞാൽ പൊറുക്കില്ല ഞങ്ങൾ 
സൂത്രത്തിൽ കാര്യങ്ങൾ സാധിക്കാനൊരുമ്പെടിൽ
ഓടിക്കും നിങ്ങളെ സംശയം ഇല്ലയായതിൽ 
പാണ്ഡ്യത്ത്യ ഗർവ്വിൽ ചിലർകാട്ടും 
ഗോഷ്ടികൾ കണ്ടു ഭയപ്പെടില്ലൊരിക്കലും  
കണ്ടു നില്ക്കുവാനാവില്ല ഞങ്ങൾക്ക് നിങ്ങൾ-
കാവ്യ ദേവതയെ പീഡിപ്പിക്കുന്നതും കണ്ടു 
കാവ്യപിതാമഹർ ഋഷിവര്യർ പണ്ട്
ധ്യാനനിഷ്ഠയാൽ തീർത്ത കാവ്യപാരമ്പര്യം 
പേരിനും പ്രശസ്തിക്കുമായി നിങ്ങൾ 
ഹോമിക്കരുതെന്നപേക്ഷിപ്പു ഞാൻ 
പൂച്ചേടെ കഴുത്തു പിരിച്ചു ചിലർ 
പട്ടിയെ കണ്ടുവോ എന്ന് ചോദിക്കുമ്പോൽ 
വായിൽ വരുന്നത് കുത്തികുറിച്ചിട്ടു 
കവിതയെന്നു പറയല്ലേ മൂഡരേ?
രസതന്ത്ര സമവാക്ക്യംപ്പോലെ ചിലർ 
പടക്കുന്നു കവിത കാവ്യദേവത കേഴുന്നു
കാളമൂത്രവൃത്തത്തിൽ ചിലർ 
ചാളപോലെ ചീഞ്ഞ കവിത രചിക്കുന്നു
ഒളിച്ചുകളിക്കുന്നു ചിലർ കവിതയിൽ 
തെളിച്ചു പറയുവാൻ മടിക്കുന്നവർ 
തേടിപിടക്കുന്നു ചിലർ ശബ്ദകോശത്തിൽ നിന്നും 
തൊണ്ടയിൽ ഉടക്കുന്ന കഠിന പദങ്ങൾ, 
പ്രഹേളിക കഷണങ്ങൾ മാതിരിയവരത് 
വായനക്കാർക്കായി എറിഞ്ഞു കൊടുക്കുന്നു 
മുഴുവനാം തേങ്ങ  കിട്ടിയതുപോലെ ജനം 
കടിച്ചുപറിക്കുന്നു കവിത,  നിഷ്ഫലം. 
മറ്റു ചിലരുണ്ട് ആധുനികന്മാർ 
ചുള്ളിക്കാടാണ വരുടെ ഗുരു 
കുത്തികലക്കി അയാൾ കാവ്യാമണ്ഡലം 
മണ്ടി പിന്നെങ്ങോട്ടോ കാണുവാനില്ലിപ്പോൾ.
ആധുനികം അത്യന്താധുനികം പിന്നെ 
ആർക്കും ദഹിക്കാത്ത ഇരുമ്പുലക്ക കവിതകൾ.
ഇല്ല നിങ്ങടെ കവിതയോരിക്കലും ഞങ്ങടെ 
തലമണ്ടയിൽ തങ്ങില്ല ഭാഗ്യമേ .
ഉണ്ടതിൽ മായാതെ ഇപ്പോഴും പണ്ടത്തെ 
ജീവിതഗന്ധിയാം കവിതകൾ ഒട്ടേറെ 
എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാരും 
കൂടാതെ ത്രിമൂർത്തികൾ ആശാനും 
ഉള്ളൂരും വള്ളത്തോളും 
ചങ്ങമ്പുഴ, വയലാർ കുഞ്ഞുണ്ണി മാസ്റ്റരും 
മായാതെ നില്ക്കുന്നു മനസ്സിലിപ്പഴും 
പറയുവാനുണ്ട് ഒട്ടേറെ എങ്കിലും 
പറയും ഞാനത് മറ്റൊരവസരം.

Mahakapi Wayanadan 2015-04-02 10:55:17
*******************************************************************
വായില്‍  വരുന്നതെന്തും കോതയ്ക്ക് പാട്ടെന്നൊരു 
വയ്മൊഴി കേട്ടിരിപ്പു ഞാനൊരിക്കല്‍  അതുപോല്‍  
വാരി വലിച്ചെഴുതിയതെന്തും കവിതയെന്നു 
കരുതി, ഭേഷ് പറയും ഭോഷര്‍ നടുവില്‍  കവികള്‍ 
******മഹാകപി  വയനാടന്‍(അമേരിക്കന്‍ മലയാളി കവികളുടെ ശ്രദ്ധയ്ക്ക്)
വായനക്കാരൻ 2015-04-02 11:16:39
പദ്യമെന്തെന്നോ ഗദ്യമെന്തെന്നോ
യാതൊരു  വിവരമില്ലാത്തവർ പോലും
ഒരുപിടി വാക്കുകൾ കൂട്ടിയിണക്കി
അതുമിതുമൊക്കെയെഴുതിവിടുന്നു.
വൃത്തമോ താളമോ ഇല്ലെന്നാലും
പദ്യം പോലെ വളച്ചുമൊടിച്ചും
അസ്ഥാനത്തെയലങ്കാരങ്ങളും
ആകപ്പാടെയരോചകമത്രെ.
സാരിയും ബ്ലൌസും വേഷം ധരിച്ച്
ചുണ്ടിൽ ചായവുമാഭരണങ്ങളും
ആണുങ്ങളുടെ നടത്തവുമായി
പുരുഷനൊരുത്തൻ നടന്നുവരും പോൽ.
Ninan Mathullah 2015-04-02 11:51:08
Though I do not claim as a poet, God helped me write a poem, and it got the first prize in the competition at work place. I believe God can convey messages through art and literature. So if you limit what is art and literature and discourage people from writing, you can miss precious messages from the creator. So let people freely write, and let the readers decide the value of it. Language and art is for communication and as long as the medium is effective in communicating the content or message it is good. The content or message is more important than the style or presentation. I appreciate Vidhyadharan’s writing along with many others. If you do not understand something just consider that it is not meant for you. Hope Vidhyadharan didn’t come out to this world with ‘kavitha’ on his lips. (It must be mack, mack, mack). Even a cock has to crow many times before it can become an expert (kookitheliyuka). So Vidhyadharan please let people write. Those who have the desire only write poem. Criticize the message instead of the style. Just like in modern art, in ‘kavitha’ also there is no standard now. If you tell a modern artist that his artwork is not art he might even file lawsuit against you. Same way there is no standard now for ‘kavitha’ to call it ‘kavitha’. What Vidhyadharan write now was considered garbage in the recent past as it is not in ‘vrutham’. Another concern I have is that Vidhyadharan left out a famous poet in Malayalam when he listed Malayalee poets- Mahakavi K.V. Simon. He was a contemporary of Kumaranasan and Vallathol. Both of them had very high opinion of him. Looks like Vidhyadharan has not considered him as a poet. Is it the bigotry (vargeeyatha) in you that made you left his name out? I know in school Malayalam subject selection committee has many bigots in there that it matters a lot for them as to what religion or denomination the writer belongs to. I do not think anybody could write like K.V. Simon. To me he is of the same caliber as Ezhuthachan. Kumaranasan said about ‘Vedaviharam Mahakaavyam’ - ‘prameyathinte pavithrathayum prathipadanathinte vichithrathayum ee kruthiye uyarthi nirthunna randu kanakathunukalanu’. Here is a Youtube link if you like to listen and decide. https://www.youtube.com/watch?v=DP2yilORJ6E
sarada teacher 2015-04-02 18:45:39

ചക്രം ഇല്ലാത്ത വണ്ടി വലിക്കുന്ന

കാലുകള്‍ ഇല്ലാത്ത കാളകള്‍ അല്ലെ ജീവിതം !

അങ്ങേ തലക്കല്‍ ആരും ഇല്ലാത്ത വടതേല്‍

ആവേശതോടെ വലിച്ചു ചാവുന്നു നാം.

വാതില്‍ കാക്കും വയസന്‍ പട്ടിയുടെ കുര പോലെ വയസന്‍ കാലം.

പിടിക്കാന്‍ ആവാത്ത കാലത്തെ ഓര്‍ത്തു കരഞ്ഞു കവിത രചിച്ചു സുഖിച്ചു.

പിന്നെ ഇ മലയാളി എഡിറ്റ്‌ആരെ ചീത്ത വിളിച്ചു, കമന്റുകള്‍ എഴുതിയവരെ F B I കു റെഫര്‍ ചെയ്തു.

മനുഷ മനസ്സില്‍ മാറ്റം വരുത്താന്‍ കഴിയാത്ത രജന വെറും പൊള്ള വാക്കുകള്‍ .

ആര്‍കും വേണ്ടാത്ത കവിത - വലിച്ചെറിയു ചപ്പു കൂനയില്‍.



വിദ്യാധരൻ 2015-04-02 20:23:05
ഭോഷത്വം ചുമ്മാ പുലമ്പുന്നതിൻ മുൻപ് 
കാര്യമായി ചിന്തിക്കു നിങ്ങൾ 
എന്റെ തുമ്മൽ നിങ്ങൾക്ക് അസഹ്യമായുലുടൻ 
പോകുമോ  നിങ്ങൾ വ്യവഹാരത്തിൽ കുടുക്കുവാൻ?
നല്ല കവിതയും, കഥയും കലയും ജനം 
തന്നെ തിരഞ്ഞെടുക്കട്ടെ വിട്ടിടൂ നീ.
ഭീഷണികൊണ്ട് എതിരാളിയെ എതിർക്കാതെ 
ധീഷണ ശാലിയായി നിന്ന് പൊരുതുക 
നിങ്ങൾ വികാരാധീനനാകാതെ ചൊല്ലുക
കാര്യങ്ങൾ സ്ഫുടമായി മനസിലാകുവാൻവണ്ണം.
എന്തിലും ഏതിലും കുത്തികലർത്തുന്നു നിങ്ങൾ 
വർഗ്ഗീയതയുടെ വിഷലിപ്ത ചിന്തകൾ 
ഇന്നലെ,  തന്നെ മുളച്ചു വന്നതല്ല 
മണ്ണിലെ കാവ്യ പാരമ്പര്യമൊക്കെയും 
നമ്മുടെ പൂർവ്വപിതാ മഹർ കവികൾ 
ആലോചന ധ്യാനം വിചിന്തനത്തിലൂടെ 
കോറിയെടുത്തതാണതിൻ നിയമങ്ങളൊക്കയും.
ഇന്നലെ വന്ന ചിലരിതിനെ വളച്ചൊടിച്ചാൽ 
ഇല്ല ഞങ്ങൾക്കതംഗീകരിക്കാനാവില്ല.
പോകട്ടെ അക്കഥ അങ്ങനെ നില്ക്കട്ടെ 
'വേദവിഹാരം' മഹാകവി സൈമണെ 
താണ് വണങ്ങി ഞാൻ ചൊല്ലട്ടെ സ്നേഹിതാ 
ആ കവിയുടെ പേരിൽ കളങ്കം പുരട്ടി-
യതാരെന്ന് പോയി അറിഞ്ഞിട് മുന്നമേ നീ 
ഹൈന്ദവ വേദാന്ത ചിന്തയിൻ സ്വാധീനം 
'വേദവിഹാരത്തിൽ' ഉണ്ടെന്നു ചൊന്നവർ 
മറ്റാരുമല്ലതു  ക്രൈസ്തവർ തന്നെയാ.
ഇന്നവർ പൊക്കി പറയുന്നു നിത്യവും 
'ഞങ്ങടെ സ്വന്തം മഹാ കവി' യെന്നു സൈമണെ
പോകട്ടെ അക്കഥ അങ്ങനെ നില്ക്കട്ടെ 
വേണ്ട വലിച്ചിഴക്കണ്ട കവിയെ നാം 
ആഹന്ത മുറ്റിയ നമ്മുടെ കളരിയിൽ 
ഒന്ന് സ്മരിക്കുവാൻ ഇങ്ങു കുറിക്കുന്നു 
ആ മഹാകവി സൈമണ്ന്റെ ശ്ലോകത്തെ 
" യാതൊന്നിൽ നിന്നു സർവ്വമുല്പ്പന്നമായിടുന്നു 
യാതോന്നിൻ സഹായത്താൽ നിലനില്ക്കുന്നു സർവ്വം 
യാതോന്നിലെല്ലാമന്തേ വിലയികകുന്നാ ദിവ്യ 
'യാ' തന്റെ പാദാരവിന്ദങ്ങളെ മമാലംബം " (മഹാകവി സൈമണ്"

ഇല്ല കഴിഞ്ഞില്ല  ചാടല്ലേ 
കണ്ടിടാം ആ ഭാഗം ഉപനിഷിത്തിലും ഗീതേലും 

" യസ്മാ ദിശ്വ മുദേതി യത്ര രമതെ യസ്മിൻ പുനർലീയതെ 
ഭാസാ യസ്യ ജഗദ് വിഭാതി സഹജാനന് ദോജ്ജ്വലം യത് മഹ 
ശാന്തം ശാശ്വതക്രിയം യമ പുനർ ഭാവായ ഭൂദേശ്വരം 
ദ്വൈത ധ്വാന്തമപാസ്യ യാന്തി കൃതിന പ്രസ്തൗമി തം പുരുഷം"
 
ഒന്ന് മനസിലാക്കണം നിങ്ങൾ 
എല്ലാമതങ്ങളേം ഉൾക്കൊള്ളാൻ പഠിക്കണം 
അതു തന്നെയായിരുന്നു യേശു ദേവന്റേം ഹിതോം "   
Kochumon 2015-04-02 22:42:02
താങ്കള്‍ തന്നെ പറയുന്നു ഒരു കവിതയെ വിലയിരുത്തുവാനുള്ള യോഗ്യതയില്ലെന്ന്. പിന്നെന്തിനായിരുന്നു ഈ കുറ്റപെടുത്തല്‍?ഇത് സ്വന്തം കണ്ണിലെ കോല്‍ ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ കണ്ണിലെ കരടു തപ്പുന്നതുപോലെയുണ്ടല്ലോ? ആരും കവികളായി ജനിക്കുന്നില്ല. എഴുതുന്നവര്‍ എഴുതട്ടെ...വായിക്കാന്‍ താല്പര്യം ഉള്ളവര്‍ വായിക്കട്ടെ...
Ninan Mathullah 2015-04-03 04:16:17
Vidhyadharan, I appreciate you recognize Mahakavi K.V. Simon and all religions here though my reminding you was necessary for you to admit it. Hope in future you will recognize the good things in others instead of criticism only, and that too without being reminded. We all need to grow up daily not only physically but mentally also. It is childish to think that everything related to me is better than you. The same mentality must have made you say that the Indian culture is the oldest and everything is rooted in it. Recently a Hindu leader made a statement that all Indian are Hindus from the same mentality. Older cultures are here than the Hindu culture. When the rules of writing poem were in ‘vrutham’ as prescribed by ‘poorvapitha kavikal’ why we accepted the change? Was it with your permission? ‘Hindava Vedanta chintha’ is not the oldest philosophy here. Please understand that the the ‘Ya’ or Yahweh the poet Simon is mentioning is the source of everything. Sankaracharyar and Vedas writers are right in seeing that unity of God. Indirectly they point to this ‘Ya’ and the unity of God that permeate all through nature. Please keep in mind that writings are here that are older than Vedas, Upanishad and Gita. So please do not get carried away by the importance of your heritage. All of us are from the same source.
വിക്രമൻ 2015-04-03 05:58:04
വിദ്യാധരൻ പറഞ്ഞത് വച്ച് സൈമണ്‍ ഹിന്ദു വെദാന്ത ചിന്തകളിൽ നിന്ന് മോഷ്ടിച്ച് എടുത്ത് അദേഹത്തിന്റെ ചിന്തകളെ ചായം തേച്ചു അവതരിപ്പിചെന്നാണ്. അതിനെ ഉടനെ വളച്ചൊടിച്ച് വിജയം ആഘോഷിക്കുന്നത് ശരിയല്ല.

Ninan Mathulla 2015-04-03 08:36:20
It is ignorance that makes a person get puffed up with pride and fail to respect others or their heritage. If Vidhyadharan is proud of Vedas and Upanishad and Gita, looks like he doesn’t know that the people that wrote these books are children of Abraham and Aryan religion is an Abrahamic religion. The yaga practiced by Vedic Brahmins is the same as the one described in Bible. Abraham is the father of nations and all major world religions including Hinduism are Abrahamic religions though in the course of time corruption crept into these religions.
വായനക്കാരൻ 2015-04-03 09:59:25
വായിൽ തോന്നുന്നത് കോതക്കു പാട്ട്  
എന്നൊരു ചൊല്ല് പണ്ടേയുണ്ട്  
ആര്യമതത്തിൻ ഉത്ഭവസ്ഥാനം  
അബ്രഹാമിക് മതമാണത്രെ  
അബ്രഹാമിൻ മക്കൾ മുനിമാർ  
വേദഗ്രന്ധങ്ങൾ എഴുതിയതാണത്രെ.  
എല്ലാ ‘വേദ’ങ്ങളുടെയുമുത്ഭവം  
‘വേദ’പുസ്തകമാണെന്നുള്ള  
അടുത്ത മണ്ടൻ പ്രസ്താവനയും 
കാലം വൈകാതിവിടെ കാണാം.
Ninan Mathulla 2015-04-03 10:14:29
Please explain to the readers as to who the ancestors of Aryans are. The answer will explain everything. Mocking will not help.
sk@yahoo.com 2015-04-03 11:39:54

ആധുനിക  കവിത  വായിച്ചിട്ട്  തിക്കുറിശി  സുകുമാരന്‍നായര്‍  കവിയെ  വിളിച്ചു ചോദിച്ചുവത്രെ, എന്താടോ ഈ ‘അചുംബിത നിതംബ്ബം’?. ചേട്ടാ തപ്പി നോക്കിയപ്പോള്‍ രണ്ടു ‘ബ’ കിട്ടി അതൊന്ന് പ്രയോഗിച്ചതാണെന്ന്! രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് തപ്പിക്കിട്ടുന്നതൊക്കെ തുന്നിച്ചേര്‍ത്തെഴുതിയത്‌ പാവം വായനക്കാരുടെ നേര്‍ക്കല്ലേ പ്രയോഗിക്കാന്‍ പറ്റുകയുള്ളൂ. ഇവിടുത്തെ സന്മസ്സുള്ള ചില സാഹിത്യകാരന്മാര്‍ എഴുതുന്നത്‌ വായനക്കാരുടെ മനോധര്‍മ്മമനുസരിച്ച് കവിതയായോ ലേഖനമായോ ചെറുകഥയായോ വായിക്കാം. 

andrew 2015-04-03 11:43:07
The Vedas were written in a time frame of 1500 -500 BCE {before the common Era}. old testament bible was fabricated by the Babylon return Jerusalem priests around 4 th. cent BCE. The common factor is the priests. they wrote the scripture to fill their belly without working.
വിദ്യാധരൻ 2015-04-03 22:21:43
ആദ്യമായി പത്രാധിപരോട് ഒരു അപേക്ഷ.  എന്റെ പേര് ഉദ്ധരിക്കുമ്പോൾ മാത്രമേ ഞാൻ അവരുടെ പേര് ഉദ്ധരിക്കാൻ ശ്രമിക്കാറുള്ളൂ. നൈനാൻ മാത്തുള്ളയുടെ  ഒരു കുറിപ്പിൽ നാല് പ്രാവശ്യം എന്റ പേര് ഉദ്ധരിച്ചിരുന്നു അതുകൊണ്ട് ഞാൻ അദ്ദേഹത്തിൻറെ പേര് കവിതാ രൂപത്തിൽ എഴുതിയ മറുപടിയിൽ ചേർത്ത് എഴുതിയത്. എന്നാൽ താങ്കൾ അതിൽ നിന്ന്  അയാളുടെ പേര് കുത്തി പുറത്തു ചാടിച്ചു. അതിന്റെ പിന്നിലുള്ള യുക്തി മനസിലാകുന്നില്ല. ഒരു പക്ഷെ എന്ന്റെ നേരെ അയാളുടെ രോക്ഷം ആളിക്കത്തണ്ട എന്ന് വിചാരിച്ചാവാം അല്ലെങ്കിൽ അയാളോടുള്ള ഭയവും ആവാം. എന്തായാലും നിങ്ങളുടെ ഇഷ്ടം. വാള് നിങ്ങളുടെ കൈൽ ഇരിക്കുന്നടത്തോളം കാലം നിങ്ങള് തന്നെ വെളിച്ചപ്പാട്. 

മഹാകവി കെ വി സൈമണ്‍ വേദവിഹാരത്തിന് എഴുതിയ മുഖവരയുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു. മാത്തുള്ളയെപ്പോലെയുള്ളവർ  മഹാകവി കെ വി സൈമണ്‍ എഴുതിയ മുഖവുര ശ്രദ്ധയോടെ വായിക്കുമെങ്കിൽ, അദ്ദേഹം ഹൈന്ദവ മതത്തെയും അവരുടെ വേദാന്ത ചിന്തകളേയും എത്രമാത്രം ബഹുമാനിചിരുന്നും എന്നും,  അവരുടെ സാഹിത്യത്തിൽ നിന്ന് പദങ്ങൾ കടം വാങ്ങി കവിതയെ മനോഹരം ആക്കാൻ ശ്രമിച്ചിരുന്നു എന്നും മനസിലാക്കാൻ കഴിയും. ആരെ ചവിട്ടി മെതിച്ചിട്ടായാലും തന്റെ ദൈവം എല്ലാവരുടെയും ദൈവം ആയിരിക്കണം എന്നുള്ള പിടിവാശിയാണ്, അബ്രഹാം ഹൈന്ദവരുടെ പിതാവാണെന്നൊക്കെ വിളിച്ചു പറയുന്നത്.  എന്തായാലും കൂടുതൽ ഇദ്ദേഹത്തോട് പറഞ്ഞിട്ട കാര്യം ഇല്ലാത്തതുകൊണ്ട് പറയാൻ ഉദ്ദ്യശിച്ചത് താഴെ ചേർക്കുന്നു 

"കേരള ക്രിസ്ത്യാനികളുടെ ഇടയിൽ സാഹിത്യജ്ഞാനവും കവന കലയും വളരെ കുറവാണെന്ന് നാട്ടിൽ പരക്കെയുള്ള ജനപ്രവാദത്തെ സൂക്ഷ്മ പരിശോധക്ന്മാർക്ക് സമ്മതിക്കാതെ ഗത്യന്തരമില്ല. എന്നാൽ അവരുടെ സമീപവർത്തികളയാ ഹിന്ദുക്കളിൽ നിന്ന് അവർക്കുണ്ടായിട്ടുള്ള ഈ ഭേദം സ്രിഷിടിയിലുള്ള തകരാറുകൊണ്ടാല്ലന്നുള്ളത് നിർവിവാദമത്രെ. അങ്ങനെയെങ്കിൽ ക്രൈസ്തവരുടെ കവനപാടവത്തിന് എന്താണ് യഥാർത്ഥ നിദാനം ?  എന്ന ചോദ്യത്തിന് എനിക്ക് പറയുവാനുള്ള പ്രത്യുക്തി ഹിന്ദുക്കളിൽ കവിതാവാസനകൾ അങ്കുരിപ്പിക്കുന്നതായ അവരുടെ പരിതസ്ഥിതികൾ ക്രിസ്ത്യാനികൾക്ക് ഇല്ലാത്തത് തന്നെയാണ് .  ഏതദ്വിഷയകമായി ഹിന്ദുക്കൾക്ക് വിശേഷാലുള്ള പരിതസ്ഥിതിയെന്തെന്ന് നാം അന്വേഷിക്കുന്നതായാൽ അത് അവർക്ക് നിത്യപാരായണത്തിനുള്ള മതഗ്രന്ഥങ്ങളുടെയും താദൃശമായ മറ്റു കൃതികളുടെയും സാഹിത്യ ഗുണം 
തന്നെ എന്ന് ശരിയായി സമർത്ഥിപ്പാൻ കഴിയും"    അറിവിലൂടെ വളരെ വിനയ സമ്പന്നനായ ഒരു കവിക്ക്‌ മാത്രമേ ഇങ്ങനെ എഴുതാൻ കഴിയു.  അറിവില്ലാത്ത അൽപ്പ്ന്മാരാകാട്ടെ അബ്രാഹം പിതാവിനെ കൊമ്പത്ത് കയറ്റി ഇരുത്തി മറ്റുള്ളവർ അദ്ദേഹത്തിൻറെ ബീജത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നൊക്കെ 'പിച്ചും പേയും' വിളിച്ചു പറയാൻ കഴിയു. ഒരിക്കലും തന്റെ മതമാണ്‌ (അഭിപ്രായം) ഏറ്റവും വലിയെതെന്ന മനോഭാവം അദ്ദേഹത്തിനു ഇല്ലായിരുന്നത് കൊണ്ടായിരിക്കാം, വള്ളത്തോൾ, പി. കെ. നാരായണപിള്ള, പി. ശങ്കരൻ നമ്പ്യാർ, പുന്നശ്ശേരി നമ്പി നീലകണ്‌ഠശർമ്മ , സരസ കവി മൂലൂർ എസ . പത്മനാഭപ്പണിക്കർ, ഉള്ളൂർ എസ് പരമേശരയ്യർ തുടങ്ങിയവർ സന്തോഷത്തോടെ അദ്ദേഹത്തിൻറെ കാവ്യസംരംഭത്തെ മാനിച്ചത്. ക്രൈസ്തവ മതം യേശു എന്ന ആചാര്യന്റെ മേധയിൽ ജനിച്ച ആശയം അല്ല.  അതുകൊണ്ടായിരിക്കാം അദ്ദേഹത്തിൻറെ പല ദർശനങ്ങളും അദ്ദേഹത്തിൻറെ പിൻഗാമികൾ എന്ന് പറഞ്ഞു നടക്കുന്നവരിൽ കാണാത്തത്.  അത്തരം പരിമിതകളെ മറികടന്ന ഒരാൾക്കേ വേദവിഹാരം എന്ന കവിത എഴുതാൻ കഴിയു.  അതല്ലാത്തവർ, മഹാകവി സൈമണ്‍ ഞങ്ങളുടെ കവിയാണെന്നു പറഞ്ഞു ബല പ്രയോഗം നടത്താൻ കഴിയു.  ഇത്തരക്കാർ ചെയ്യുന്ന ദ്രോഹം എന്ന് പറയുന്നത് മറ്റു മതസ്ഥരെ അത് വായിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയാണ്. തിന്നുകയുമില്ല തീറ്റിക്കയുമില്ലെന്നു പറഞ്ഞതുപോലെ .

Ninan Mathulla 2015-04-04 07:04:05

Vidhyadara, whenever I mentioned your name it was to appreciate you or to criticize your message, and it was not for a personal attack. On the other hand several others here used my name to call me names and personally attack me instead of my ideas. I like people attack my ideas that I can fine tune the reply. I was careful not to personally attack anybody other than attacking their ideas. Since you think (munvidhi) that I am against you and Hindus, you do not see my words of appreciation of you or my words respecting other religions. I wrote several times in this form that I believe all major religions are from God through their prophets, and that there is only one God, and that people call in different names, and that corruption crept into all religious practices. I see the same faults in your writings that you accuse of me. Your biased attitude towards Hindus and Hindu religion is clear in your writings. You left out Mahakavi K. V. Simon and when I brought that to your attention, instead of saying sorry for that you continue to reveal your superiority feelings about your race and religion through your opinions. You boast that Christians do not have literary talents, and if K.V. Simon showed some talents it is because of Hindus and their writings. It was the humility of K.V. Simon that he admitted it and that is no reason for another person to take it and boast on it. Then you have no problem to accuse me that I want to put my God above all other religion’s Gods. You call what I wrote about Abraham as ‘Pichum peyum’. Before calling my writing so, you could have asked me what made me say so. Your all knowing attitude and pride prevent you from asking questions but only make statements. I asked you to tell the readers where the Aryans came from, who their ancestors were. This will explain the origin of Aryan religion and if Aryans are the children of Abraham or not. Instead of that you were mocking me for making such a statement. Is it objective to come to conclusions before studying the subject? If Malayalam literary talent is your area of strength, ancient world history and Bible history is my God given area of strength. God will not give everything to one person. God want us to depend on each other in love and cooperation to learn from others. As you said Hindus in Kerala had certain God given circumstances that made them excel in literary field compared to Christians. These are acquired skills and not hereditary alone. By practice and God’s grace anybody can excel in it. Christians excelled in certain other areas in Kerala. When all these put to use together, the whole society benefit as proved by history.

 (Common people instead of contributing something to the society that the next generation can be proud of them, take pride in the achievements of their leaders, heritage and traditions).

 

                   

വിദ്യാധരൻ 2015-04-04 14:58:34

വ്യക്തിപരമായി അറിയില്ലാത്തതുകൊണ്ട് വാക്കുകൾ കൊണ്ട് ആക്രമിക്കുന്നു എന്ന് പറയുന്നതിൽ  കഴമ്പില്ല. പിന്നെ എന്റെ വാക്കുകൾ നിങ്ങളെയും നിങ്ങളുടെ വാക്കുകൾ എന്നേയും പ്രകോപിപ്പിക്കാൻ ഇടയുണ്ട്.  ആന്തരികമായി ഉറപ്പുള്ളവർ പ്രകോപിതരാകാതെ പ്രകോപിപ്പിക്കുന്നവരെ നേരിടും. എനിക്ക് ഏറ്റവും ഭയം ഉള്ളവർ മിണ്ടാതിരിക്കുന്നവരാണ്. ഒരു പക്ഷേ അവർ ആഴമായ പാണ്ഡ്ത്യത്തിന്റെ ഉടമകളാവം അല്ലെങ്കിൽ പൊട്ടന്മാരും ആകാം.  ഞാൻ ഒരറിവുള്ള വ്യക്തിയാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല, പ്രാപഞ്ചികമായ അറിവിന്റെ ആകെതുകയായ മനസ്സ് ഏതോ ഒരു ബോധതലത്തിൽ ഒന്നിന് പുറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നാമരൂപങ്ങളുടെ പ്രവാഹമാണ് എന്ന ശ്രീനാരായണ ഗുരുവിന്റെ അഭിപ്രായം എനിക്ക് സ്വീകാരിയമാണ്. അങ്ങനെയാണങ്കിൽ എല്ലാം അറിയാം എന്ന് ധരിക്കുന്നത് ഭോഷത്തരമാണെന്ന് എനിക്കറിയാം പക്ഷെ നിങ്ങൾക്ക് അറിയില്ലല്ലോ അത് നിങ്ങളുടെ അറിവിന്റെ പരിമിതികൊണ്ടാണ്.  

 

"ജ്ഞാനമേകം ഹി നിരുപാ-

ധികം സോപാധികം തത് 

അഹങ്കാരാദിഹീനം  യത് -

ജ്ഞാനം തന്നിരുപാധികം " (ദർശനമാല)

 

അറിവ് ഒന്നേയുള്ളൂ. എന്നാൽ അത് ഉപാധിയോടുകൂടിയും ഉപാധിയില്ലാതെയും കാണപ്പെടുന്നുണ്ട്. അഹങ്കാരം മുതലിങ്ങോട്ടുള്ള നാമരൂപങ്ങളെല്ലാം ഒഴിഞ്ഞുമാറി വിലസുന്ന അറിവാണ് യഥാർത്ഥ അറിവ് അതിനെ നിരുപാധിക ജ്ഞാനം എന്ന് വിളിക്കാം .

 

എല്ലാ ദൈവങ്ങളും വേദങ്ങളും, ക്രിസ്തയാനികളുടെയായാലും ഹിന്ദുവിന്റെ ആയാലും ഭയത്തിൽ നിന്ന് ഉളവായതാണ്. അഗ്നി, വായു, എന്ന് വേണ്ട നമ്മൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത പലതിനെയും നാം ദൈവം ആക്കി, അവരെ സ്തുതിക്കാൻ വേണ്ടി കവിതകൾ ഉണ്ടാക്കി.  കൂടാതെ ഭയം കൂടുമ്പോൾ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കും. അത് പിന്നെ മന്ത്രമായി, തന്ത്രമായി.  ദാവീദ് രാജാവിന്റെ പല സങ്കീർത്തനങ്ങളും ശ്രദ്ധിച്ച് വായിച്ചാൽ അതിൽ ഭയത്തിന്റെ നിഴൽ വീശിയിരിക്കുന്നത്കാണാം. അത് എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുന്നവർക്ക് ഒരു പിടിവള്ളിയാണ്.  ഭയംകൊണ്ട് നമ്മൾ ഉണ്ടാക്കിയ ദൈവം വയലാറിന്റെ 'ദൈവം യുഗങ്ങളിലൂടെ' എന്ന കവിത പോലെയാണ്  

 

"ആയിരമായിരമാണ്ടുകൾക്കപ്പുറ-

ത്താരോ വിരചിച്ച മുഗ്ദ സങ്കൽപ്പമേ 

യുഗങ്ങൾക്കുള്ളിലത്ഭുതം സൃഷ്ടിച്ച 

മായികാ ചൈതന്യ മണ്ഡലമാണ് നീ

 

കവികളായിട്ട് ആരും ജനിച്ചിട്ടില്ല. ഓരോത്തോരുടെ വാസനയെ വളർത്തികൊണ്ട് വരുന്നതനുസരിച്ചിരിക്കും അവർ കവികളോ കലാകാരന്മാരോ ആയിതീരുന്നത്. ഒരാളുടെ കവിതയോ, അല്ലങ്കിൽ സ്വീകരിച്ചിരിക്കുന്ന കലാരൂപങ്ങളോ, സംഘേതങ്ങളോ ഇഷ്ടം അല്ല എന്ന് പറഞ്ഞാൽ, പറയുന്ന ആളെ വ്യവാഹരത്തിൽ കുടുക്കും അല്ലെങ്കിൽ, എഫ് ബി , സീ. . -യെകൊണ്ടോ പിടിപ്പിക്കും എന്ന് ഭീഷണി പെടുത്താൻ പറ്റിയ രാജ്യം. അമേരിക്ക തന്നെയാണ്. മൂത്രം ഒഴിച്ചാൽ വ്യവഹാരം, ഒഴിച്ചിലെങ്കിൽ വ്യവഹാരം.  കവിതയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കവികളുടെ പാരമ്പര്യം ഭാരതത്തിന്ഉണ്ട്.  അവര് സൃഷ്ടിച്ച കാവ്യസംസ്ക്കാരത്തെയാണ് പലരും, കവി (ബുദ്ധി ജീവി) എന്ന പേര് കേൾക്കാനായി വളച്ചും ഓടിച്ചും കവിതാ രൂപത്തിലാകി ഇറക്കി വിട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.  എല്ലാ വസ്ത്ക്കൾക്കും ചില ഘടനയും രൂപവും ഉണ്ട്.  വിദ്യാധരൻ എന്ന് ഒരാളെ വിളിച്ചാൽ അയാളെ തിരിച്ചാറിയാൻ അയാളുടെ രൂപത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം (എന്റെ രൂപത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ വയ്യാത്തതുകൊണ്ട് നിങ്ങൾ അതോർത്തു  വിഷമിക്കണ്ട

 

യസ്യാസ്തി വിത്തം സനര:കുലീന 

സപണ്ഡിത: ശ്രുതവാൻ ഗുണജ്ഞ:

ഏവ വക്ത ദർശനീയ:

സർവേ ഗുണാ: കാഞ്ചനമാശ്രയന്തേ  ( ഭർത്തൃഹരി )

 

ധനം ഉള്ളവൻ കുലീനനാണ്, പണ്ഡിതനാണ്, കീർത്തികേട്ടവനാണ്, ഗുണവാനാണ്, വാഗ്മിയാണ്, സുന്ദരനുമാണ്. സർവ്വഗുണങ്ങളും ധനത്തെ ആശ്രയിച്ചിരിക്കുന്നു.   മനോഭാവം അമേരിക്കൻ മലയാളി എഴുത്തുകാരിൽ ഉള്ളടത്തോളം കാലം മലയാള സാഹിത്യത്തിനു ഒരു ഗതിയും ഉണ്ടാവില്ല, കൂടാതെ എന്നെപ്പോലെയുള്ളവരെ അവർ വേട്ടയാടിക്കൊണ്ടിരിക്കും.

 

വായനക്കാരൻ 2015-04-05 05:52:16
അരണ്യരുദിതം കൃതം, ശവശരീരമുദ്വര്‍ത്തിതം,
സ്ഥലേടബ്ജമവരോപിതം, സുചിരമൂഷരേ വര്‍ഷിതം,
ശ്വപുച്ഛമവനാമിതം, ബധിരകര്‍ണ്ണജാപഃ കൃതോ
ധൃതോട ന്ധമുഖദര്‍പ്പണോ യദബുധോ ജനഃ സേവിതഃ  
(പഞ്ചതന്ത്രം)

കാട്ടില്‍ കൂട്ടുവിളിപ്പതാം, ശവമതിന്‍ മെയ്യില്‍ തലോടുന്നതാം,
നട്ടീടുന്നതുമാം ബിസം തറയതില്‍, പാഴൂഴി കര്‍ഷിപ്പതാം,
പൊട്ടന്‍ കാതിലുരപ്പതാം, കുരുടനെക്കണ്ണാടി കാണിപ്പതാം,
പട്ടിക്കുള്ളൊരു വാല്‍ നിവര്‍ത്തിടുവതാം - സേവിപ്പതിങ്ങജ്ഞരെ
(തർജ്ജമ - ഏ. ആര്‍. രാജരാജവര്‍മ്മ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക