Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-34: സാം നിലമ്പള്ളില്‍)

Published on 19 April, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-34: സാം നിലമ്പള്ളില്‍)
അദ്ധ്യായം മുപ്പത്തി നാല്‌.

സഖ്യകക്ഷികള്‍ മുന്നേറുമ്പോഴും ജര്‍മന്‍ വാര്‍ത്താവിതരണ മന്ത്രിയായ ഗീബല്‍സ്‌ നുണപ്രചരണം റേഡിയോയില്‍കൂടി നടത്തിക്കൊണ്ടിരുന്നു. നാസിപ്പട മുന്നേറുകയാണെന്നും സഖ്യകക്ഷികളെ തുരത്തിക്കൊണ്ടിരിക്കയാണെന്നും ഒരു ജര്‍മന്‍ബോട്ട്‌ ശത്രുക്കളുടെ പത്ത്‌ കപ്പലുകള്‍ മുക്കിയെന്നും ഒരു നാസിപടയാളി ഇരുപത്‌ ബ്രിട്ടീഷുകാരെ വെടിവെച്ച്‌ കൊന്നെന്നും അയാള്‍ വീമ്പിളക്കി. നുണപ്രചരണത്തിന്‌ ഗീബല്‍സിന്റെ പേരുവീണത്‌ അതിനുശേഷമാണ്‌.

പന്ത്രണ്ടുലക്ഷം റഷ്യന്‍ പട്ടാളക്കാര്‍ ബര്‍ലിന്‍ പട്ടണത്തെ വളഞ്ഞപ്പോളാണ്‌ ഗീബല്‍സ്‌ വീരവാദം മുഴക്കിക്കൊണ്ടിരുന്നത്‌. അമേരിക്കയുടേയും, ബ്രിട്ടന്റേയും സൈന്യം മറുവശത്തുകൂടി ബര്‍ലിനെ സമീപിച്ചുകൊണ്ടിരുന്നു. മോചിപ്പിക്കപ്പെട്ട കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ചലിക്കുന്ന അസ്ഥികൂടങ്ങളെകണ്ട്‌ അവര്‍ ഞെട്ടി. നാസികള്‍ വഴിയില്‍ ഉപേക്ഷിച്ചുപോയ ഒരുകാറ്റില്‍കാറിന്റെ വാതില്‍ വലിച്ചുതുറന്ന അമേരിക്കന്‍ പടയാളികള്‍ കണ്ടത്‌ ഒരുകൂനശവങ്ങളായിരുന്നു. അതിനിടയില്‍നിന്ന്‌ തങ്ങളെ ഭയത്തോടെനോക്കുന്ന ഏതാനും ജീവനുള്ള അസ്ഥികൂടങ്ങളും.

തങ്ങള്‍ചെയ്‌ത പാതകങ്ങളുടെ അടയാളങ്ങള്‍ മായിച്ചുകൊണ്ടാണ്‌ നാസികള്‍ പിന്‍വാങ്ങയത്‌. ഗ്യാസ്‌ ചേമ്പറുകളും, ശവങ്ങള്‍ ദഹിപ്പിക്കാനുള്ള വലിയ ചൂളകളും അവര്‍ ഡൈനമൈറ്റ്‌വെച്ച്‌ തകര്‍ത്തു. പക്ഷേ, എല്ലാ തെളിവുകളും മായിച്ചുകളയാന്‍ അവര്‍ക്ക്‌ സാധിച്ചില്ല. അവരുടെ പൈശാചികമായ ക്രൂരതകളുടെ തെളിവുകള്‍ ലോകംകാണാന്‍വേണ്ടി അങ്ങിങ്ങായി അവശേഷിച്ചു. മുന്നേറിക്കൊണ്ടിരുന്ന റഷ്യന്‍ സൈന്യം ഗ്യാസ്‌ ചേമ്പറുകളുടേയും, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടേയും അവശിഷ്‌ടങ്ങള്‍ കണ്ടു, ശവക്കൂനകളുടെ ഇടയില്‍ ജീവനുള്ളവരേയും.

തിന്മയുടെ വിളയാട്ടമാണ്‌ ഹിറ്റ്‌ലറുടെ ഭരണകാലത്ത്‌ യൂറോപ്പില്‍ അരങ്ങേറിയത്‌. അതിന്റെ പ്രതിഫലനങ്ങള്‍ ലോകത്തിന്റെ എല്ലാഭാഗങ്ങളിലും അനുഭവപ്പെട്ടു. പട്ടിണിയും, രോഗങ്ങളുംമൂലം അനേകലക്ഷങ്ങള്‍ വേറെയും മരിച്ചു. ഒരുമനുഷന്റെ ദുരാഗ്രങ്ങളുടേയും അഹങ്കാരത്തിന്റേയും ഫലമായി ജീവന്‍ നഷ്‌ടപ്പെട്ടത്‌ കോടിക്കണക്കിന്‌ ആളുകള്‍ക്കാണ്‌. നാടുംവീടും ഉപേക്ഷിച്ച്‌ കുടുംബസഹിതം പാലായനം ചെയ്‌തവര്‍ വേറെയും. ഒരു കുളത്തിലെ വെള്ളം മലിനമാക്കാന്‍ ഒരുതുള്ളിവിഷം മതിയല്ലൊ. ഒരു സമൂഹത്തെ നശിപ്പിക്കാന്‍ ക്രൂരനായ ഒരു ഭരണാധികാരിമതി. ഭഅധികാരം മനുഷ്യനെ ദുഷിപ്പിക്കുന്നു; അമിതമായ അധികാരം അമിതമായി ദുഷിപ്പിക്കുന്നു എന്ന്‌ ആരോ പറഞ്ഞിട്ടുണ്ട്‌. എല്ലാ സ്വേച്ഛാധിപതികളുടേയും ഭരണകാലത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഹിറ്റ്‌ലറിസം തന്നെയാണ്‌. ജനങ്ങളുടെ ക്ഷേമം അവര്‍ കാംക്ഷിക്കുന്നില്ല.

സഖ്യകക്ഷികള്‍ മുന്നേറിയപ്പോള്‍ വീടുവിട്ടോടിയ ജര്‍മന്‍ പൗരന്മാര്‍ നടക്കാന്‍വയ്യാത്ത അച്ഛനമ്മമാരെ ഉപേക്ഷിച്ചിട്ടാണ്‌ പോയത്‌. തങ്ങളുടെ കുഞ്ഞുങ്ങളെ എടുത്തകൊണ്ട്‌ ഓടുന്നകൂട്ടത്തില്‍ എങ്ങനെ മുതിര്‍ന്നവരെക്കൂടി താങ്ങും? ഭനിങ്ങള്‍ എങ്ങനെയെങ്കിലും രക്ഷപെട്ടോളു; കുഴിയിലേക്ക്‌ കാലുംനീട്ടിയിരിക്കുന്ന ഞങ്ങളെയോര്‍ത്ത്‌ വിഷമിക്കേണ്ട, അവര്‍ മക്കളോട്‌ പറഞ്ഞിട്ടുണ്ടാകും. അവരുടെ കണ്ണുനീര്‍വീണ്‌ ഭൂമി നനഞ്ഞിട്ടുണ്ടാവില്ലേ? പരസഹായമില്ലാതെ പട്ടിണിയും രോഗങ്ങളുംമൂലം അവര്‍ കെട്ടടങ്ങിയിട്ടുണ്ടാകും. സര്‍വവും ഉപേക്ഷിച്ച്‌ ജീവനുംകൊണ്ടോടിയ യഹൂദരുടെ അനുഭവംതന്നെയാണ്‌ ജര്‍മന്‍ ജനതക്കും ഉണ്ടായത്‌.


***
ഒളിയിടത്തില്‍നിന്ന്‌ പിടച്ചുകൊണ്ടുപോയവരെ നാസികള്‍ താല്‍ക്കാലികമായി പടുത്തുയര്‍ത്തിയ ഒരു ക്യാമ്പിലേക്കാണ്‌ കൊണ്ടുപോയത്‌. ചാട്ടവാറടികൊണ്ട്‌ ദേഹംമൊത്തം മുറിവേറ്റ്‌ മൃതപ്രായനായ ഒരുമനുഷ്യനെ അവര്‍ അവിടെകണ്ടു. രണ്ടാമത്തെ നോട്ടത്തില്‍ അത്‌ സോളമനാണെന്ന്‌ സാറ തിരിച്ചറിഞ്ഞു. തന്റെ പ്രിയതമന്റെ സമീപത്തേക്ക്‌ ഓടിച്ചെന്ന അവളെ ഒരു എസ്സെസ്സുകാരന്‍ പിടിച്ചുതള്ളി.

`നിന്റെ വൃത്തികെട്ട ഭര്‍ത്താവ്‌ ഞങ്ങളില്‍ ഒരാളെ കുത്തിപരുക്കേല്‍പിച്ചു; അതിന്റെ ഫലമാണ്‌ അവനിപ്പോള്‍ അനുഭവിക്കുന്നത്‌. ഉടനെതന്നെ ഒരുകുഴിയെടുത്ത്‌ അവനെ ജീവനോടെ ഞങ്ങള്‍ കുഴിച്ചുമൂടും.' അയാള്‍ പറഞ്ഞു. `നിനക്കും മക്കള്‍ക്കും വേണമെങ്കില്‍ അവനോടൊപ്പം പോകാം.'

ഭയന്നുപോയ ജൊസേക്കിന്‌ വെറുതെ നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു. നാസികളെ പ്രകോപിപ്പിച്ചാലുള്ള ശിക്ഷയെന്താണെന്ന്‌ കണ്ടുകൊണ്ടിരിക്കയാണല്ലോ. ജീവിക്കണമെന്ന്‌ അവന്‌ അത്യാഗ്രഹമുണ്ട്‌, തനിക്കുവേണ്ടിയും, സെല്‍മക്കും മക്കള്‍ക്കും വേണ്ടിയും.

അടുത്ത ദിവസം അടച്ചുപൂട്ടിയ ഒരു വാനില്‍കയറ്റി അവരെ എങ്ങോട്ടോ കൊണ്ടപോയി. തന്റെ ഭര്‍ത്താവിനുവേണ്ടി നിലവിളിച്ച സാറയോട്‌ അയാള്‍ മരിച്ചുപോയെന്നും തലേരാത്രി കുഴിച്ചുമൂടിയെന്നും ട്രൈവര്‍ പറഞ്ഞു. സാറയെ എന്തുപറഞ്ഞ്‌ സാധാനിപ്പിക്കണമെന്ന്‌ അറിയാതെ ജൊസേക്കും സെല്‍മയും വിഷമിച്ചു.

മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ വണ്ടി ഒരുസ്ഥലത്ത്‌ നിന്നു. അവിടെ ജൊസേക്കിനെമാത്രം ഇറക്കിയിട്ട്‌ വാന്‍വിട്ടുപോയി. പിന്നാലെ ഓടാന്‍ ഭാവിച്ച അവനെ തടഞ്ഞുകൊണ്ട്‌ ഒരു പട്ടാളക്കാരന്‍ പറഞ്ഞു, `നീ വിഷമിക്കേണ്ട. അവരെ സ്‌ത്രകള്‍ക്കും കുട്ടികള്‍ക്കും ഉള്ള ക്യാമ്പിലേക്കാണ്‌ കൊണ്ടുപോയത്‌.'

`എന്റെ ഭാര്യയേം മക്കളേം എപ്പാളാണ്‌ ഇനി കാണാന്‍ സാധിക്കുക?'

`ഉടനെതന്നെ.' അയാള്‍ അവനെ കൂട്ടിക്കൊണ്ടുപോയി.


(തുടരും....)


മുപ്പത്തിമൂന്നാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-34: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക