Image

സൂപ്പര്‍സ്റ്റാറുകള്‍ക്ക്‌ ചുവടുപിഴയ്‌ക്കുമ്പോള്‍

Published on 01 January, 2012
സൂപ്പര്‍സ്റ്റാറുകള്‍ക്ക്‌ ചുവടുപിഴയ്‌ക്കുമ്പോള്‍
കൊട്ടിഘോഷിച്ചെത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ തീയേറ്ററില്‍ തകര്‍ന്നു വീഴുന്ന കാഴ്‌ചയാണ്‌ മലയാള സിനിമയില്‍ കാണുന്നത്‌. മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരിയും, മോഹന്‍ലാലിന്റെ അറബിയും ഒട്ടകവും തികഞ്ഞ പരാജയങ്ങളായി മാറിയിരിക്കുന്നു. ഇവിടെ ഈ രണ്ടു ചിത്രങ്ങളും പരാജയത്തിലേക്ക്‌ പോകുമ്പോള്‍ മലയാള സിനിമക്ക്‌ പാഠമാകേണ്ട ഒരു കാര്യങ്ങള്‍ കൂടിയാണ്‌ ബാക്കിവെക്കുന്നത്‌. രണ്ടു സൂപ്പര്‍താര ചിത്രങ്ങള്‍ ഒരുമിച്ച്‌ എത്തിയപ്പോഴും ജയസൂര്യ ചിത്രമായ ബ്യൂട്ടിഫുള്‍ തീയേറ്ററുകളില്‍ സജീവമായി നിന്നു. താരപ്പകട്ടിന്റെ ആര്‍ഭാടങ്ങളില്‍ സിനിമ വിജയിക്കുന്ന കാലം മലയാള സിനിമയില്‍ അവസാനിച്ചിരിക്കുന്നു എന്നു തന്നെയാണ്‌ ബ്യൂട്ടിഫുളിന്റെ വിജയവും സൂപ്പര്‍താരങ്ങളുടെ പരാജയവും ഓര്‍മ്മപ്പെടുത്തുന്നത്‌.

സൂപ്പര്‍താരങ്ങളുടെ പരാജയം വെറും പരാജയമല്ല മറിച്ച്‌ അരോചകമായി മാറിയ ഇവരുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഒരുമടിയും കൂടാതെ പുറംതള്ളിയതാണെന്നതും മനസിലാക്കേണ്ടതുണ്ട്‌. മുപ്പതിലധികം വര്‍ഷങ്ങളായി മലയാള സിനിമയിലെ നായകന്‍മാരായും ഏറ്റവും മികച്ച നടന്‍മാരായും നിലനിന്നിരുന്ന ഈ നായകന്‍മാര്‍ക്ക്‌ സംഭവിച്ച പരാജയം എന്തുകൊണ്ടാണ്‌. എന്തുകൊണ്ട്‌ ഇവര്‍ക്ക്‌ സാമാന്യം ഇന്‍ഷ്യല്‍ കളക്ഷന്‍ പോലും നേടാന്‍ കഴിഞ്ഞില്ല. മലയാള സിനിമ മനസിലാക്കേണ്ട വിഷയം തന്നെയാണിത്‌.

സൂപ്പര്‍താരങ്ങളുടെ ഒരു സിനിമ പരാജയപ്പെടുന്നതില്‍ എന്താണിത്ര കാര്യം എന്നു ചോദിക്കാന്‍ വരട്ടെ. ഇങ്ങനെ എത്രയോ സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യവും അവിടെ നില്‍ക്കട്ടെ. അതിനു മുമ്പ്‌ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ സിനിമകളെയൊന്ന്‌ ശ്രദ്ധിക്കാം. ആഗസ്റ്റ്‌ 15 എന്ന ചിത്രമാണ്‌ 2011ന്റെ തുടക്കത്തില്‍ മമ്മൂട്ടിയുടേതായി റിലീസിനെത്തിയത്‌. ചിത്രം വമ്പന്‍ പരാജയം. ഷാജി കൈലാസും എസ്‌.എന്‍ സ്വാമിയും ചേര്‍ന്നാണ്‌ ഈ ചിത്രമൊരുക്കിയത്‌. എന്നാല്‍ കാര്യമായ ഒരു കഥയും കഴമ്പും ചിത്രത്തിലുണ്ടായിരുന്നില്ല. തുടര്‍ന്ന്‌ നവാഗതനായ സോഹന്‍ലാലിന്റെ ഡബിള്‍സ്‌ എന്ന ചിത്രം. തിരക്കഥ എന്നൊന്നില്ലാത്തതിനാല്‍ തീയേറ്റര്‍ നേരെ നിന്ന്‌ ശ്വാസംവിടാന്‍ പോലും ഈ സിനിമക്ക്‌ കഴിഞ്ഞില്ല. ഡബിള്‍സ്‌ 2011ലെ മമ്മൂട്ടിയുടെ രണ്ടാമത്തെ പരാജയ ചിത്രമായി. തുടര്‍ന്നെത്തിയ ജയരാജിന്റെ ട്രെയിന്‍ എന്ന മമ്മൂട്ടി ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ പരാജയ ചിത്രമായി. തുടര്‍ന്നു വന്ന ബോംബെ മാര്‍ച്ച്‌ 12 എന്ന ചിത്രത്തിന്റെ വിധി പരാജയം തന്നെയായിരുന്നു. ഇപ്പോള്‍ വെനീസിലെ വ്യാപാരിയും പരാജയം തന്നെ. അതായത്‌ 2011ല്‍ റിലീസ്‌ ചെയ്‌ത്‌ അഞ്ച്‌ മമ്മൂട്ടി ചിത്രങ്ങളും ദയനീയ പരാജയം തന്നെ. ഇതില്‍ ആദ്യത്തെ നാലു ചിത്രങ്ങള്‍ മുടക്കു മുതലിന്റെ പകുതി പോലും തിരിച്ചു നേടിയില്ല എന്നറിയുമ്പോഴാണ്‌ പരാജയത്തിന്റെ വലിപ്പം മനസിലാകുക.

ഇനി മോഹന്‍ലാലിന്റെ കഥയാണെങ്കിലോ അഞ്ചു ചിത്രത്തില്‍ മൂന്ന്‌ ചിത്രങ്ങള്‍ വിജയങ്ങളായിരുന്നു. ഈ വിജയ ചിത്രങ്ങളില്‍ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ പതിവ്‌ മസാലപ്പടമായിരുന്നു. ഇഷ്‌ടം പോലെ താരങ്ങളെക്കുത്തി നിറച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്നതുകൊണ്ട്‌ ആരാധകരുടെ ബലത്തില്‍ ആവറേജ്‌ വിജയം നേടാന്‍ കഴിഞ്ഞു. പക്ഷെ മോഹന്‍ലാലിന്റെ ഈ മള്‍ട്ടിസ്റ്റാര്‍ കളി തുടര്‍ന്നു വന്ന ചൈനാ ടൗണില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ആറു കോടി മുതല്‍ മുടക്കില്‍ മോഹന്‍ലാല്‍ തന്നെ നിര്‍മ്മിച്ച ഈ ചിത്രം വമ്പന്‍ പരാജയമായി. തുടര്‍ന്ന്‌ ബ്ലസിയുടെയും സത്യന്‍ അന്തിക്കാടിന്റെയും ചിത്രങ്ങളിലാണ്‌ മോഹന്‍ലാല്‍ അഭിനയിച്ചത്‌. മലയാള സിനിമയിലെ തട്ടിക്കൂട്ട്‌ പാരമ്പര്യത്തില്‍ പെടുന്നവരല്ല ബ്ലസിയും സത്യന്‍ അന്തിക്കാടും എന്നതുകൊണ്ട്‌ ഇവരുടെ ചിത്രങ്ങള്‍ വിജയങ്ങളായി. കഥയും കാമ്പുമുള്ള സിനിമകളെത്തിയപ്പോള്‍ മോഹന്‍ലാലും വിജയിച്ചു എന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി.

എന്നാല്‍ പണ്ട്‌ പ്രേക്ഷകരെ ഒരുപാട്‌ ചിരിപ്പിക്കുകയും സൂപ്പര്‍ഹിറ്റുകള്‍ സൃഷ്‌ടിക്കുകയും ചെയ്‌ത മോഹന്‍ലാല്‍ പ്രീയദര്‍ശന്‍ കൂട്ടുകെട്ട്‌ തീയേറ്ററുകളില്‍ പ്രേക്ഷകര്‍ തിരസ്‌കരിക്കുന്ന കാഴ്‌ചയാണ്‌ വര്‍ഷത്തിന്റെ അവസാന വാരം കണ്ടത്‌. എന്തുകൊണ്ട്‌ ഈ കൂട്ടുകെട്ട്‌ പരാജയപ്പെട്ടു എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേയുള്ളു. പണ്ട്‌ തങ്ങള്‍ സൃഷ്‌ടിച്ച വിജയങ്ങളുടെ പിന്‍ബലത്തില്‍ വീണ്ടുമൊരു വിജയം തനിയെ വന്നുകൊള്ളും എന്നു കരുതി യാതൊരു ലോജിക്കുമില്ലാത്ത ഒരു സിനിമ ഇറക്കിക്കൊടുത്തു. പ്രീയദര്‍ശന്‍ കുറച്ചുകാലം കേരളത്തിലില്ലാത്തതുകൊണ്ട്‌ മലയാളിയുടെ മനസ്‌ മാറിയത്‌ അറിഞ്ഞിരുന്നില്ല എന്നു വേണം കരുതാന്‍. ചിത്രം വമ്പന്‍ പരാജയം.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പരാജയങ്ങള്‍ 2011ലെ മാത്രം പ്രത്യേകതയല്ല. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി എപ്പോഴെങ്കിലും സംഭവിക്കുന്ന ഒരു മെഗാഹിറ്റിന്റെ ബലത്തിലാണ്‌ മമ്മൂട്ടിയും ലാലും പിടിച്ചു നില്‍ക്കുന്നത്‌. മുന്നും നാലും ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ പേരിനൊരു വിജയം വീണു കിട്ടുന്നു. സൂപ്പര്‍ താരങ്ങളുടെ വിജയ ചിത്രങ്ങളെക്കുറിച്ച്‌ മാത്രമേ എപ്പോഴും ചര്‍ച്ചകളും നടക്കുന്നുള്ള. പരാജയങ്ങള്‍ എല്ലാവരും കണ്ടില്ലെന്നും നടിക്കുന്നു. അങ്ങനെ സാറ്റ്‌ലൈറ്റ്‌ റൈറ്റിന്റെ ബലത്തില്‍ ഇരുവരും വീണ്ടും വീണ്ടും സിനിമകള്‍ ചെയ്യുന്നു. എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും വളരെ മോശവും. ഇത്‌ വിലയിരുത്താന്‍ ഇരുവരുടെയും ഇപ്പോഴത്തെ ചിത്രങ്ങളെ ഒന്ന്‌ വിലയിരുത്തിയാല്‍ മതി.

എണ്‍പതുകളില്‍ ആലപ്പുഴയില്‍ നടക്കുന്ന കഥയാണ്‌ വെനീസിലെ വ്യാപാരി എന്ന സിനിമയുടെ പ്രമേയം. പോലീസ്‌ കോണ്‍സ്റ്റബിളായ പവിത്രന്‍ ബിസ്‌നസ്‌കാരനാകുന്ന കഥയാണിത്‌. എണ്‍പതകളുടെ കഥയെന്നത്‌ കുറച്ച്‌ സിനിമാ പോസ്റ്ററുകളിലും മമ്മൂട്ടിയുടെ ബെല്‍ബോട്ടം പാന്റ്‌സിലും സംവിധായകന്‍ ഷാഫി ഒതുക്കി. എണ്‍പതുകളിലെ കഥാപാത്രങ്ങള്‍ ഇങ്ങ്‌ നമ്മുടെ മെട്രോ നഗരങ്ങളിലേത്‌ പോലെ സംഭാഷണം നടത്തുന്നത്‌ കണ്ട്‌ പ്രേക്ഷകര്‍ മൂക്കത്ത്‌ വിരല്‍വെച്ചില്ലെങ്കിലേ അത്ഭുതമുള്ളു. മമ്മൂട്ടിയുടെ നായികമാരായി അദ്ദേഹത്തിന്റെ മൂന്നിലൊന്ന്‌ പ്രായമുള്ള പൂനംബവ്‌ജയെയും, കാവ്യമാധവനെയുമൊക്കെ അവതരിപ്പിക്കുന്നത്‌ അല്‌പം കടന്ന കാര്യം തന്നെയെന്ന്‌ പറയാതെ വയ്യ. അറുപതുകളിലെത്തി നില്‍ക്കുന്ന നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ കൊച്ചു പെണ്‍കുട്ടികളുടെ കൂടെ മരം ചുറ്റി പ്രേമം നടത്തുന്നത്‌ പ്രേക്ഷകര്‍ ഇനിയും സഹിക്കുന്നതെങ്ങനെയെന്ന്‌ മാത്രം ആരും ചോദിക്കരുത്‌.

എന്നില്‍ ഇതിനൊക്കെയപ്പുറം സ്ഥിരം സിനിമാക്കഥ തന്നെയാണ്‌ വെനീസിലെ വ്യാപാരിയിലും. അവിവാഹിതനായ നായകനെ പ്രേമിക്കുന്ന രണ്ട്‌ നായികമാര്‍, നായകന്റെ വാലായി ഒരു അസിസ്റ്റന്റ്‌. ഒന്നിലധികം വില്ലന്‍മാര്‍. അവര്‍ക്ക്‌ ആവിശ്യത്തിലധികം ഗുണ്ടകള്‍. അവസാനം എല്ലാവരെയും അടിച്ചു നിലംപരിശാക്കുന്ന നായകന്‍. ഒപ്പം അവസാനം എല്ലാ പ്രശ്‌നങ്ങളും നായകന്‍ പരിഹരിച്ചതായുള്ള പ്രഖ്യാപനവും ശുഭം എന്ന കുറിപ്പും. ഈ കലാപരിപാടി എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയില്‍ അരങ്ങേറുന്നതാണ്‌. ഇതേ സംഭവം വീണ്ടും പൊടിതട്ടിയെടുക്കാന്‍ ശ്രമിച്ചതുകൊണ്ടു തന്നെയാണ്‌ മമ്മൂട്ടി ആയിട്ടുപോലും സിനിമ പരാജയപ്പെട്ടത്‌.

മോഹന്‍ലാലിന്റെ പരാജയം ഇതിലും മോശം സിനിമ കാരണമായിരുന്നു എന്നു പറയണം. എന്നും വിദേശ സിനിമകള്‍ കോപ്പിയടിച്ച്‌ മലയാള സിനിമകളൊരുക്കി പോന്ന സംവിധായകനാണ്‌ പ്രീയദര്‍ശന്‍. അദ്ദേഹത്തിന്റെ എല്ലാ സൂപ്പര്‍ഹിറ്റ്‌ സിനിമകളും വിദേശ സിനിമകളുടെ കോപ്പിയാണെന്ന്‌ അദ്ദേഹം പോലും സമ്മതിച്ചിട്ടുള്ളതാണ്‌. പ്രീയദര്‍ശന്റെ അറബിയും ഒട്ടകവും പിന്നെ മാധവന്‍നായരും എന്ന സിനിമ നത്തിംഗ്‌ ടൂ ലൂസ്‌ (1997) എന്ന സിനിമയുടെ കോപ്പിയാണെന്നാണ്‌ ഇപ്പോള്‍ പറയപ്പെടുന്നത്‌. പക്ഷെ പ്രീയന്റെ ഈ സിനിമയെ മനസിലാക്കാന്‍ വിദേശം വരെയൊന്നും പോകേണ്ട കാര്യമില്ല. പ്രീയദര്‍ശന്റെ തന്നെ മുന്‍കാല ചിത്രങ്ങളായ കിലുക്കം, കാക്കക്കുയല്‍, ചന്ദ്രലേഖ എന്നീ സിനിമകള്‍ കുഴച്ചെടുത്ത്‌ ഉണ്ടാക്കിയ കയ്‌ക്കുന്ന പലഹാരമാണ്‌ മരുഭൂമിക്കഥ. കിലുക്കത്തിലെ കുറച്ച്‌ കഥാപാത്രങ്ങള്‍ കാക്കക്കുയിലിലെ കുറച്ച്‌ രംഗങ്ങള്‍, ചന്ദ്രലേഖയിലെ കുറച്ച്‌ ഡയലോഗുകള്‍ - ഇതാണ്‌ അറബിയും ഒട്ടകവും എന്ന ചിത്രം. മോഹന്‍ലാലിന്റെയും മുകേഷിന്റെയും കോമഡി നമ്പരുകളില്‍ ഒരു സിനിമ വിജയിപ്പിക്കാമെന്ന്‌ മോഹിച്ച പ്രീയദര്‍ശന്‍ പക്ഷെ അതിനൊപ്പിച്ച തിരക്കഥ രൂപപ്പെടുത്താന്‍ മറന്നു പോയി. അതുകൊണ്ടു തന്നെ ചിത്രം വമ്പന്‍ പരാജയവുമായി.

സൂപ്പര്‍താരങ്ങള്‍ തങ്ങള്‍ക്ക്‌ ചേരാത്ത കുപ്പായമിടുമ്പോഴാണ്‌ പരാജയങ്ങള്‍ സംഭവിക്കുന്നത്‌ എന്നത്‌ തന്നെയാണ്‌ ഈ സിനിമകളിലൂടെയും മനസിലാകുന്നത്‌. തൊണ്ണൂറുകളില്‍ ചെയ്‌ത കഥാപാത്രങ്ങള്‍ പ്രായത്തിനി ഇനി ഇണങ്ങില്ല എന്നുള്ളപ്പോഴും വീണ്ടും ആവര്‍ത്തിക്കേണ്ട ഗതികേട്‌ തങ്ങള്‍ക്കുണ്ടോ എന്ന്‌ മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ്‌ ചിന്തിക്കേണ്ടത്‌. മലയാള സിനിമയുടെ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ ഇനി ഇവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്‌ ഏറ്റവും മികച്ച പ്രകടനങ്ങളും അതിനൊപ്പിച്ച സിനിമകളുമാണ്‌. അത്തരം സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടിയുള്ള ശ്രമം ഇനിയെങ്കിലും മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും ഉണ്ടാവട്ടെ എന്ന്‌ പ്രതീക്ഷിക്കാം.
സൂപ്പര്‍സ്റ്റാറുകള്‍ക്ക്‌ ചുവടുപിഴയ്‌ക്കുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക