Image

അന്തരിച്ച ഫുട്‌ബോളര്‍ ജോണ്‍ കെ.ജോണിന്റെ സംസ്‌കാരം ഞായറാഴ്‌ച

ബിനോയി സെബാസ്റ്റ്യന്‍ Published on 05 August, 2011
അന്തരിച്ച ഫുട്‌ബോളര്‍ ജോണ്‍ കെ.ജോണിന്റെ സംസ്‌കാരം ഞായറാഴ്‌ച
കൊച്ചി: മുന്‍ സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ താരവും ജൂനിയര്‍ നാഷണല്‍ ഫുട്‌ബോള്‍ കിരിടം ആദ്യമായി സ്വന്തമാക്കിയ കേരള ടീമിന്റെ ക്യാപ്‌റ്റനുമായിരുന്ന ജോണ്‍ കെ.ജോണ്‍ അന്തരിച്ചു. തിരുവല്ല ഇരട്ടപ്‌ളാവില്‍ കുടുംബാംഗമാണ്‌. ശനിയാഴ്‌ച രാവിലെ 11 മുതല്‍ രണ്ടുവരെ എര്‍ണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്‌ക്കും. ഞായറാഴ്‌ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക്‌ കടവന്തറ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ സംസ്‌ക്കാരചടങ്ങുകള്‍ ആരംഭിക്കും.

ഭാര്യ: റോസലിന, മക്കള്‍: ജിജു(കാനഡ), ജിക്കു (പത്രപ്രവര്‍ത്തകന്‍, ബഹറീന്‍), സഹോദരങ്ങള്‍: ജോണ്‍ മാത്യു(ന്യൂയോര്‍ക്ക്‌), ജോണ്‍ മാത്യു (കാനഡ), മേരി ജോണ്‍(ന്യൂയോര്‍ക്ക്‌),വത്‌സ ജോണ്‍ (ഡാലസ്‌), ജോണ്‍ ജേക്കബ്‌ (ന്യൂയോര്‍ക്ക്‌), എലിസബത്ത്‌ ജോണ്‍(ന്യൂയോര്‍ക്ക്‌), ജോണ്‍ സാമുവല്‍(ഡാലസ്‌ മലയാളി അസോസിയേഷന്‍ ട്രസ്റ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍, ഡാലസ്‌).

1969ല്‍ ഒറിസയിലെ കട്ടക്കില്‍ നടന്ന ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജോണ്‍ നയിച്ച കേരള ടീമാണ്‌ ചരിത്രത്തിലാദ്യമായി ദേശീയ കിരിടം കരസ്‌ഥമാക്കിയത്‌. നാലു തവണ കേരളത്തിനുവേണ്ടി സന്തോഷ്‌ ട്രോഫിക്കായി പൊരുതിയ ജോണ്‍ 1973ല്‍ എറണാകുളത്തു നടന്ന സന്തോഷ്‌ട്രോഫി മത്‌സരത്തില്‍ വിജയിച്ച കേരള ടീമില്‍ അംഗമായിരുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയംഗം, കേരള ഫുട്‌ബോള്‍ സെലക്‌ഷന്‍ കമ്മിറ്റിയംഗം, എറണാകുളം ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ജോണ്‍ കലൂര്‍ എഫ്‌.എ.സി.ടി. സ്‌പോര്‍ട്‌സ്‌ ഓഫീസറായിട്ടാണ്‌ വിരമിച്ചത്‌.

അനേകം പ്രാവശ്യം അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ള ജോണ്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ മലയാളികള്‍ നേതൃത്വമേകുന്ന ഫ്‌ുട്‌ബോള്‍ ക്ലബുകളുടെ വളര്‍ച്ചയ്‌ക്കു തികഞ്ഞ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന്‌ കേരള സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഓഫ്‌ ഹ്യൂസ്റ്റന്‍ മുന്‍ പ്രസിഡന്റും പ്രവാസി കോണ്‍ഗ്രസ്‌ ടെക്‌സസ്‌ ഡയറക്‌ടറുമായ ജോര്‍ജ്‌ എബ്രഹാം അനുസ്‌മരിച്ചു. ഫുട്‌ബോള്‍ രംഗത്തു കേരളത്തിന്റെയും പ്രവാസികളായ മലയാളികളുടെയും അഭിമാനമായിരുന്നു ജോണ്‍ എന്ന ഫുട്‌ബോളര്‍ എന്ന്‌ ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പറഞ്ഞു. അദേഹത്തിന്റെ വേര്‍പാട്‌ കേരള സ്‌പോര്‍ട്‌സ്‌ രംഗത്തിനു തീരാത്ത നഷ്ടമാണ്‌. ഡാലസ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാമത്തില്‍ തുടങ്ങിയവരും അനുശോചിച്ചു.
അന്തരിച്ച ഫുട്‌ബോളര്‍ ജോണ്‍ കെ.ജോണിന്റെ സംസ്‌കാരം ഞായറാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക