Image

ഷീലാ ദീക്ഷിതിന്റെ രാജി ആവശ്യപ്പെട്ട് ബഹളം; പാര്‍ലമെന്റ് പിരിഞ്ഞു

Published on 08 August, 2011
ഷീലാ ദീക്ഷിതിന്റെ രാജി ആവശ്യപ്പെട്ട് ബഹളം; പാര്‍ലമെന്റ് പിരിഞ്ഞു
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജിവെക്കണാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. ഷീലാ ദീക്ഷിത് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയാണ് ആദ്യം ബഹളം തുടങ്ങിയത്. വിഷയത്തില്‍ ഇരുസഭകളിലും പ്രതിപക്ഷ എം.പിമാര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഉച്ചക്ക് 12 മണിവരെ നിര്‍ത്തി വെച്ചിരുന്നു. ഷീലാ ദീക്ഷിത് രാജിവെക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ബഹളം തുടര്‍ന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.

ഇതിനിടെ കേന്ദ്ര കായികമന്ത്രി അജയ് മാക്കനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും എന്‍.ഡി.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസ്. സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനിച്ചത് എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്താണെന്ന് മാക്കന്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് മാക്കന്‍ നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ലോക് സഭയില്‍ യശ്വന്ത് സിന്‍ഹയും രാജ്യസഭയില്‍ എസ്. എസ്. അലുവാലിയയുമാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയുടെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്ന യോഗം അവകാശ ലംഘന നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. നോട്ടീസ് തള്ളുന്നപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കാനും എന്‍.ഡി.എ തീരുമാനിച്ചിരുന്നു. ചോദ്യോത്തരവേള ഉപേക്ഷിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും എന്‍.ഡി.എ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക