കാക്കനാട്: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പായി
മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുക്കപ്പെട്ടു. സഭാ ആസ്ഥാനമായ കാക്കനാട്
മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങിലാണ് തെരഞ്ഞെടുപ്പ് നടന്നത്.തലശേരി
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റമാണ് പുതിയ മേജര്‍ ആര്‍ച്ച്
ബിഷപ്പിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഇതേസമയംതന്നെ
വത്തിക്കാനിലും പ്രഖ്യാപനം നടന്നു. പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ
സ്ഥാനാരോഹണം 29 ന് ഞായറാഴ്ച നടക്കും. മേജര്‍ ആര്‍ച്ചുബിഷപ്പായി
തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ
മെത്രാപ്പോലീത്ത കൂടിയായിരിക്കും.
മാര്‍ ജോര്‍ജ് ആലഞ്ചേരി തക്കല
രൂപതയുടെ മെത്രാനാണ്. കോട്ടയം തുരുത്തിയില്‍ 1945 ഏപ്രില്‍ 19 നാണ് ജോര്‍ജ്
ആലഞ്ചേരിയുടെ ജനനം. 1976 മുതല്‍ 78 വരെ ചങ്ങനാശേരി അതിരൂപത മതബോധന
ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കെസിബിസി ഡെപ്യൂട്ടി
സെക്രട്ടറി, പാലാരിവട്ടം പിഒസി ഡയറക്ടര്‍, കോട്ടയം പൗരസ്ത്യ വീദ്യാപീഠം
പ്രഫസര്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ പദവികളും വഹിച്ചു.