Image

അമേരിക്കന്‍ മലയാളി എഴുത്തുകാരും വായനക്കാരും

Published on 18 August, 2015
അമേരിക്കന്‍ മലയാളി എഴുത്തുകാരും വായനക്കാരും

അമേരിക്കയിലേക്ക്‌ കുടിയേറിയ ആദ്യകാലമലയാളികള്‍ ഇവിടെ ഒരു `സാഹിത്യവിഭാഗം' ഉടലെടുക്കുമെന്ന്‌ തീരെ നിനച്ചിരിക്കയില്ല. അവരില്‍ പലരും സര്‍ഗ്ഗശക്‌തിയുള്ളവര്‍ ആയിരുന്നവരായിരിക്കാമെങ്കിലും ക്രിയാത്മകമായ സാഹിത്യ സൃഷ്‌ടികള്‍ നടത്തി അതിന്റെ പേരില്‍ സംഘടനകളും, സമ്മേളനങ്ങളും മറ്റും നടത്താന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിച്ചു കാണില്ല. എന്നാല്‍ ഒന്നാം കുടിയേറ്റക്കാരില്‍ നിന്നും രണ്ടാം കുടിയേറ്റക്കാര്‍ അവരുടെ മദ്ധ്യവയസ്സ്‌ പിന്നിട്ടപ്പോള്‍ എഴുത്തുകാരനാകുക എന്നത്‌ ഒരു പദവി ചിഹ്നമായി കണ്ട്‌ അഹമഹമികയാ മുന്നൊട്ട്‌ വന്നു. നിനക്ക്‌ കഴിയുമെങ്കില്‍ എനിക്കും കഴിയുമെന്ന ഒരു തരം വാശിപോലെ തോന്നുമാറു എഴുത്തുകാരുടെ എണ്ണം കൂടി കൂടിവന്നു. എഴുത്തിനെ ഒരു ഉപാസനയായി കണ്ട്‌ അതിനെ ദൈവത്തിന്റെ വരദാനമായി കണ്ട്‌ അതിലേക്ക്‌ ആകര്‍ഷിക്കുന്നത്‌ നല്ലതുതന്നെ. പക്ഷെ നൈര്‍ഗികമായ കഴിവ്‌ ദൈവം തന്നിട്ടുണ്ടൊ എന്നു കൂടിപരിശോധിക്കണമെന്ന്‌ പലര്‍ക്കും തോന്നിയില്ലെന്ന്‌ പല സംഭവവികാസങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. വാക്കുകളുടെ ശക്‌തിയെപ്പറ്റി അവരിലെ നല്ല എഴുത്തുകാര്‍ ബോധവാന്മാര്‍ ആയിരുന്നിരിക്കണം. വാക്കുകളുടെ ശക്‌തി എന്നും നമ്മുടെയൊക്കെ ജീവിതത്തില്‍ നമ്മള്‍ കാണുന്നുണ്ട്‌. ബൈബിളില്‍ പറയുന്നത്‌ ദൈവം വാക്കുകളിലൂടെ ഈ ലോകം സൃഷ്‌ടിച്ചുവെന്നാണ്‌. വെളിച്ചം ഉണ്ടാകട്ടെ എന്ന്‌ ദൈവം കല്‍പ്പിക്കുന്നു അപ്പോള്‍ വെളിച്ചം ഉണ്ടാകുന്നു. വെറും ദുര്‍ബ്ബലനായ മനുഷ്യനും വാക്കുകളിലൂടെയാണ്‌ അവന്റെ കാര്യങ്ങള്‍ നടത്തുന്നത്‌. വിവരം കുറഞ്ഞവര്‍ വാക്കുകളുടെ അര്‍ത്ഥം അറിയാതെ അതുപയോഗിച്ച്‌ ആപത്തിലും അബദ്ധത്തിലും ചാടുന്നു

വാക്കുകള്‍ മനോഹരമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ അതിലൂടെ സാഹിത്യ സൃഷ്‌ടികള്‍ നടത്തി. പ്രതിഭാധനരായ എഴുത്തുകാരുടെ രചനകള്‍ വായിച്ച്‌ നമ്മള്‍ അത്ഭുതം പൂണ്ടുനിന്നു. അത്‌ നമ്മെ ആസ്വാദനത്തിന്റെ ഉല്‍ക്രുഷ്‌ട മേഖലകളിലേക്ക്‌ കൊണ്ടുപോയി. എന്നാല്‍ ഈ വാക്ക്‌ തന്നെ ഗുണകരമല്ലാത്ത കാര്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന്‌ മനുഷ്യന്‍ കണ്ടു. അപകര്‍ഷതാബോധമുള്ളവര്‍ സമൂഹത്തില്‍ ഉന്നത സ്‌ഥാനവും, ബഹുമതിയും കൈവരിക്കുന്നവര്‍ക്ക്‌ നേരെ വാക്കുകളെ വളച്ചൊടിച്ചുകൊണ്ട്‌ അസ്‌ത്രങ്ങള്‍ എയ്‌ത്‌ മുറിവേല്‍പ്പിക്കുന്നു. അത്തരം ക്രൂരവിനോദങ്ങളില്‍ മാനസിക സന്തോഷം അനുഭവിക്കുന്നവരെ നമ്മള്‍ `പരദൂഷണ വീരന്‍' എന്നുവിളിക്കുന്നു. സ്വയം നേടാന്‍ കഴിയാത്ത ഒരു കാര്യം വേറൊരാള്‍ അല്ലെങ്കില്‍ ഒരു സമൂഹം നേടുമ്പോള്‍ ഉണ്ടാകുന്ന അസൂയയും, അസഹിഷ്‌ണതയുമാണ്‌ ഇത്തരം വാസനാവൈകൃതങ്ങള്‍ക്ക്‌ കാരണമാകുന്നത്‌.

ഇംഗ്ലീഷില്‍ തിങ്ക്‌ (Think) എന്ന വാക്കിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നുണ്ട്‌, അതിലെ ഓരോ അക്ഷരങ്ങള്‍ക്കും നല്‍കുന്ന സഹജഗുണങ്ങള്‍ പറഞ്ഞ്‌കൊണ്ട്‌. ടി - (T- is it true) അത്‌ സത്യമാണോ? എച്ച്‌ (H- is it helpful) അത്‌കൊണ്ട്‌ എന്തെങ്കിലും ഗുണമുണ്ടോ? ഐ (I- is it inspiring) അത്‌ പ്രചോദിപ്പിക്കുന്നതാണോ എന്‍ (N- is it necessary) അതാവാശ്യമാണോ? കെ (K- is it kind) അത്‌ കരുണാര്‍ദ്രമാണോ, സഹായകമാണോ? നമ്മള്‍ ഒരു കാര്യം നിനയ്‌ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍വിശദമായി അന്വേഷിക്കേണ്ടതുണ്ട്‌. നമ്മളില്‍ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രവണതയാണ്‌, വര്‍ഗ്ഗീയമായ തെറ്റിദ്ധാരണകള്‍. നമ്മളില്‍ പലരും കറുത്തജാതിക്കാര്‍ ചീത്തയാണെന്ന്‌ പറയുന്നു, ഒരു പ്രത്യേക ജോലി ചീത്തയാണെന്ന്‌ പറയുന്നു. ഇതെല്ലാം സാമാന്യ നിരൂപണങ്ങള്‍ ആണ്‌. ഒരു വിഭാഗം ഉള്‍ക്കൊള്ളുന്ന ഏതാനും പേര്‍ അല്ലെങ്കില്‍ ഒരു വ്യക്‌തി എന്തെങ്കിലും അപ്രിയമായ കാര്യങ്ങള്‍ ചെയ്‌താല്‍ ആ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത്‌ ഭൂഷണമല്ല. അല്ലെങ്കില്‍ തന്നെ നമ്മേ അവര്‍ ഉപദ്രവിക്കാന്‍ വരുന്നില്ലെങ്കില്‍ എന്തിനു അവരെ കല്ലെറിയണം. യേശുക്രുസ്‌തുവിന്റെ വചനങ്ങള്‍ ഓര്‍ക്കുക: നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുക.

മനുഷ്യനായാല്‍ എന്തെങ്കിലും തെറ്റ്‌ചെയ്‌തു കാണും. നമ്മള്‍ ചെയ്യുന്നതെറ്റുകള്‍ മറ്റുള്ളവര്‍ അറിയുന്നില്ല. അതുകൊണ്ട്‌ അവരെ കല്ലെറിയാമെന്ന്‌ ചിന്തിക്കുന്നത്‌ ഹീനകരമാണ്‌. .ഫിലിപ്പിയര്‍ 4:8 ല്‍ ഇങ്ങനെ പറയുന്നു: `ഒടുവില്‍ സഹോദരന്മാരേ, സത്യമായത്‌ ഒക്കേയും, ഘനമായത്‌ ഒക്കെയും, നീതിയായത്‌ ഒക്കേയും നിര്‍മ്മലമായത്‌ ഒക്കെയും, രമ്യമായത്‌ ഒക്കെയും, സല്‍ക്കീര്‍ത്തിയായത്‌ ഒക്കെയും സല്‍ഗുണമോ, പുകഴ്‌ചയോ അത്‌ ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍'. നമ്മള്‍ നസ്സ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ നമ്മള്‍ പറയുന്നതും എഴുതുന്നതും നന്മയുള്ളതാകുന്നു. വായന ഒരു നല്ല മനുഷ്യനെ സൃഷ്‌ടിക്കുന്നുവെന്നാണ്‌. അപ്പോള്‍ എഴുത്തുകാരനു വളരെ ഉത്തരവാദിത്വമുണ്ടെന്നര്‍ത്ഥം.

എല്ലാവരും എഴുതുന്നു അത്‌കൊണ്ട്‌ ഞാനുമെഴുതുന്നു എന്ന നിലപാടോടെ എഴുതുന്ന എഴുത്തുകാര്‍ സമൂഹത്തിനു ഒരു ഭാരമാണു്‌. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്‌, പേരുപത്രത്തില്‍ അച്ചടിച്ചു വരാന്‍ വേണ്ടി എഴുതുന്നവര്‍ എന്ന്‌. അങ്ങനെ ഒരു കൂട്ടര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ സാമൂഹ്യ പ്രതിബദ്ധത കാണുകയില്ല. അവര്‍ എന്തും എഴുതും. 

ഹാസ്യങ്ങളും, ആക്ഷേപഹാസ്യങ്ങളും, കഥകളില്‍ കവിതകളില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലു, അത്‌ നേരിട്ട്‌ ഒരു വ്യക്‌തിയേയോ സമൂഹത്തേയോ കടന്നാക്രമിക്കുന്ന വിധമോ അവരുടെ പേരിനു കളങ്കം വരുത്തുന്നവിധത്തിലോ ആവരുത്‌. നാട്ടിലെ എത്രയോ അനാചാരങ്ങള്‍ക്ക്‌ നേരെ, എത്രയോ രചനകള്‍ വന്നു. നന്മ കൈവരുത്താന്‍വേണ്ടി എഴുതപ്പെട്ട അത്തരം സാഹിത്യത്തിനു സമൂഹത്തില്‍ ചലനം സ്രുഷ്‌ടിക്കാന്‍ കഴിഞ്ഞു.

പേനയ്‌ക്ക്‌ പടവാളിനെക്കാള്‍ മൂര്‍ച്ചയും ശക്‌തിയുമുണ്ട്‌. അത്‌ നല്ല കാര്യങ്ങള്‍ക്ക്‌ വിനിയോഗിക്കുക എന്നാതായിരിക്കണം ഒരു ഉത്തമ എഴുത്തുകാരന്റെ ലക്ഷ്യം.

ഞാന്‍ ഈ ചെറിയലേഖനം ബൈബിള്‍ ഉദ്ധരിച്ചുകൊണ്ട്‌ അവസാനിപ്പിക്കുന്നു.(എഫെസ്യര്‍ 4:29) `കേള്‍ക്കുന്നവര്‍ക്ക്‌ കൃപലഭിക്കേണ്ടതിന്നു ആവശ്യം പോലെ ആത്മീകവര്‍ദ്ധനക്കായി നല്ലവാക്കല്ലാതെ ആകാത്തത്‌ ഒന്നും നിങ്ങളുടെ വായില്‍നിന്ന്‌ പുറപ്പെടരുത്‌'.

ശുഭം.

ജോയിച്ചന്‍ പുതുക്കുളം, പത്രാധിപര്‍ ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം

അമേരിക്കന്‍ മലയാളി എഴുത്തുകാരും വായനക്കാരും
Join WhatsApp News
paamaran panamaram 2015-08-18 05:23:36
ഇതു നല്ല തമാശ!. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയുന്ന നാടാണു ഇത്. പത്രക്കാര്‍ എല്ലാം കള്ളന്മാരാണു എന്നു പറഞ്ഞാല്‍ അതില്‍ ഏതെങ്കിലും പത്രക്കാരനു വിഷമം തോന്നുമെന്നു കരുതുന്നില്ല.
നേഴ്‌സുമാരെ ആക്ഷേപിക്കാമെന്നോ ആക്ഷേപിക്കരുതെന്നോ ഒരു ചട്ടവുമില്ല. അതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്യം. അതംഗീകരിക്കുന്നതിനു പകരം വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എഴുത്തുകാരനെ തേജോവധം ചെയ്യുന്നത് ശരിയല്ല.
കവിതയെ വിമര്‍ശിക്കാം, കവിയേയല്ല. വിവരമുള്ളവര്‍ കവിത വായിച്ച് ഹാലിളകില്ലെന്നുറപ്പ്‌
വായനക്കാരൻ 2015-08-18 05:32:03
‘കവിത’ എന്ന് വിളിക്കപ്പെടാൻ അർഹതയില്ലാത്ത ഒരു സാധനമാണ് ഇന്ന് അമേരിക്കൻ മലയാള സാഹിത്യത്തിൽ ഏറ്റവും കുപ്രസിദ്ധി നേടിയിരിക്കുന്നത്.
EM Stephen 2015-08-18 06:32:03


Beautiful and grateful

വിദ്യാധരൻ 2015-08-18 06:58:45
ഈ  ലേഖനത്തിൽ തന്നെ ചില കുഴപ്പങ്ങൾ കാണുന്നുണ്ട്.  ഇത് എഴുതിയ ആൾ 'ശുഭമാണ്‌'.  ശുഭം എഴുത്തിന്റെ അടിയിൽ സാധാരണ ഇടാറുള്ള വ്യക്തി ഒരാളെ അമേരിക്കൻ എഴുത്തുകാരുടെ ഇടയിലുള്ളു. അയാൾ ക്രൈസ്തവൻ അല്ല താനും.  എന്നാൽ ലേഖനത്തിൽ മുഴുവൻ ബൈബിളിലെ വാക്യങ്ങളാണ് ഉദ്ധരിച്ചിരിക്കുന്നത്.  ഒരു പക്ഷെ അമേരിക്കയിലെ എഴുത്തുകാരിൽ നല്ല ഒരു ശതമാനം ക്രൈസ്തവരായതു കൊണ്ട് അവരെ സഖിപ്പികാൻ വേണ്ടി എഴുതിയതും ആവാം. മലയാള സാഹിത്യ പ്രസ്ഥാനത്തെ വളർത്തിയതിൽ ഹൈന്ദവ സാഹിത്യകാർന്മാർക്കും ഹൈന്ദവ വേദങ്ങൾക്കും കാര്യമായ പങ്കുണ്ട്. എന്നാൽ ഹൈന്ദവ വേദങ്ങളിൽ നിന്ന് യാതൊരു ഉദ്ധരണിയും കാണുന്നില്ലതാനും .  കട്ടക്കയം, മഹാകവി സൈമൻ, എം .പി . പോൾ , ഡോക്ടർ കെ എം ജോര്ജ്ജു , ജോര്ജ്ജു ഓണക്കൂർ , ജോർജ്ജു ഇരുമ്പയം തുടങ്ങി  വിരലിൽ എണ്ണാവുന്ന ചിലർ മലയാള ഭാഷാ സാഹിത്യത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് . എങ്കിലും മലയാള സാഹിത്യത്തിന്റെ വളർച്ച  ഹൈന്ദവ വേദ ചിന്തകളോടും അതിനെ നിരന്തരം ചിന്തകളിലൂടെ വ്യാഖ്യാനിച്ചു എഴുതിയ  ചിന്താ നിപുണൻമാരാടും കടപ്പെട്ടിരിക്കുന്നു.  ലേഖനത്തിലെ പല നല്ല കാര്യങ്ങളും എടുത്തു പറഞ്ഞിട്ടുണ്ട്. ചിന്ത അതിൽ പ്രധാനമാണ്. ചിന്തിക്കാതെ എഴുതുക ചിന്തിക്കാതെ പറയുക , ചിന്തക്ക് ഭ്രാന്തു പിടിക്കുക തുടങ്ങിയവ അപകട  വരുത്തി വയ്ക്കും.  ചിന്തിക്കാതെ എഴുതുക, 'മറ്റുള്ളവരെകൊണ്ട് എഴുതിച്ച് തന്റേതെന്ന ഭാവത്തിൽ പ്രസിദ്ധീകരിക്കുക' തുടങ്ങിയവയെല്ലാം  ചിന്തക്ക് ഭ്രാന്തു പിടിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ്. ഇതൊക്കെ വായിച്ചിട്ടാണ് പല വായനക്കാരും കല്ലും കുറുവടിയും, മഴുവുമായി ഇത്തരത്തിലുള്ള എഴുത്തുകാരുടെ പുറകെ ഓടുന്നത് .  സമ്പന്നത ഒരുത്തനേം കവിയോ എഴുത്തുകാരനോ ആക്കുന്നില്ല അതുപോലെ സ്ഥാനമാനങ്ങളും.  നൈസർഗ്ഗികമായ വാസനയില്ലെങ്കിൽ ഈ പണിക്ക് പോകാതിരിക്കുന്നുത്. അത് മുതുകാള പശുവിനെ മിനക്കെടുത്തും എന്ന് പറഞ്ഞതുപോലെ ഇരിക്കും.  അമേരിക്കയിൽ ചിന്തിച്ചു എഴുതുന്നവരും, എഴുതാൻ വാസനയും അഭിനിവേശവും ഉള്ളവരും ഉണ്ടെങ്കിലും അവർക്ക് വേണ്ട അംഗീകരം കൊടുക്കാത്ത ഒരു സമൂഹമാണ് അമേരിക്കയിലുള്ളത്‌. ഇ-മലയാളിയെപ്പോലെ യുള്ള പത്രങ്ങൾ വായനക്കാരിൽ നിന്ന് അഭിപ്രായങ്ങൾ എടുത്ത് ഏർപ്പെടുത്തുന്ന അംഗീകരങ്ങൾ, അമേരിക്കയിലെ സംഘടനകൾ നല്കുന്ന പ്ലാക്ക്. പൊന്നാട തുടങ്ങിയ ചവറിനേക്കാൾ എത്രയോ മാന്യത ഉള്ളതാണ്.  അവാർഡും കയ്യിൽ പിടിച്ചും പൊന്നാട ദേഹത്തിട്ടും നില്ക്കുന്നവന്മാരെ കാണുമ്പോൾ ചിരിയാ വരുന്നത്!! 
CID Moosa 2015-08-18 08:06:20
' Shubhm' is under surveillance!
അവശ സാഹിത്യകാരൻ 2015-08-18 08:16:32
പൊന്നാട. പ്ലാക്ക് ഇവയെല്ലാം ഗരാജു സെയിലിനു വയ്ക്കാൻ പോകുകയാണ്. വീട്ടിൽ സ്ഥലം ഇല്ല ഇതൊക്കെ എടുത്തു ആറ്റിക്സിൽ കേറ്റി വയ്ക്കാൻ പറഞ്ഞു ഭാര്യ ബഹളം വയ്ക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. അവിടെകേറ്റി വച്ചാൽ എലി ശല്യം.  ഇത് വച്ചിട്ടും കാര്യമില്ല പെൻഷൻ കിട്ടുന്നത് മൂക്കിളിടാനില്ല. പണ്ടൊക്കെ ഇതിനൊക്കെ ഒരു വിലയുണ്ടായിരുന്നു. ഇപ്പോൾ എല്ലാ അവന്റെ വീട്ടിൽ ചെന്നാലും കൊട്ട  കണക്കിനാ ഇരിക്കുന്നത്.  കിട്ടുന്നതാട്ട്. വായു ഗുളിക എങ്കിലും മേടിക്കാമല്ലോ .
കുമചങ്ങ ആശാൻ 2015-08-18 11:52:07
പണ്ട് ഞാൻ സാറിന് പേനകൊണ്ട് -
ഒരു കുത്ത് കുത്തിയിട്ടോദിയതാണ് .
കേട്ട് ഞാൻ പിന്നിൽ നിന്ന് 'എലി സാറ് 
പ്രാകുന്നത്, 'ഗുണം പിടിക്കില്ലടാ നീ ഒരിക്കലും'.
കുരുദ്രോഹി നീ നശിച്ചു പോകും 
കാലം ദ്രുത ഗതിയിൽ പോയതറിഞ്ഞില്ല 
ഞാൻ അമേരിക്കയിൽ എത്തിയതും.
'ഒറ്റ നാൾകൊണ്ടൊരുത്തനെ 
തണ്ടിലെട്ടുന്നതും ഭവാനെന്നപൊൽ '
പ്രണയത്തിലായി ഞാൻ ഓരു  ആറെന്നുമായി' 
വിരിഞ്ഞു വികസിച്ചു ഞങ്ങളുടെ പ്രേമം 
പൂത്തുലഞ്ഞു ഞങ്ങളുടെ വല്ലരികൾ  
അവർക്ക് പേരിട്ടു ഞങ്ങളിങ്ങനെ;
സുമം, കുസുമം, പുഷ്പ,  വല്ലരി.
അക്ഷരം കണ്ടാൽ തല ചുറ്റി വീഴുമായിരുന്ന ഞാനി-
ന്നൊരു അപാര എഴുത്തുകാരനാണ്‌.
വിരലൊന്നു ഞൊദിച്ചാൽ മതി 
എഴുതുവാൻ വാതിക്കൽ കാത്തു നിൽക്കുന്നാളുകൾ .
പൊന്നാടയും പ്ലാക്കും കഴുത്തിലിട്ട് 
ഒരഴകിയ രാവണനെപ്പോലെ കറങ്ങുന്നു ഞാൻ .
എനിക്ക് തഴച്ചു വളരുവാൻ 
വളക്കൂറുള്ള മണ്ണാണ് അമേരിക്ക 
ഞാൻ വളർന്ന് വടവൃക്ഷമയി 
ഏറ്റില്ല സാറിന്റെ പ്രാക്ക് 
കാറ്റിൽ പറന്ന്പോയത് വിമർശനം പോൽ 
പ്രവാസ മലയാള സാഹിത്യത്തിന്റെ 
മുഖച്ഛായ മാറ്റും കാത്തിരുന്നു 
കണ്ടോ കളി വിമർശകരെ 

വിക്രമൻ 2015-08-18 13:38:58
എന്താണ് കുമചങ്ങ ആശാനെ ഈ എലി സാറ് ?
vayanakaran 2015-08-18 17:50:11
ഡോക്ടർ ഷീല എൻ പിയുടെ അല്പ്പം
ഭക്ഷണ കാര്യം അവസാനിപ്പിക്കുനത്
ശുഭം എന്ന് പറഞ്ഞുകൊണ്ടാണ്. വിദ്യാധരൻ
മാസ്റർ എന്താണ് ഉദ്ദേശിക്കുനത്.
പൊങ്ങച്ചരോഗി 2015-08-19 02:32:04
ചിന്താ ഗതിയില്‍  ഇത്രയും സാമ്യം ഉള്ളവരുണ്ടല്ലോ അമേരിക്കയിൽ 
എന്ന ആശ്വാസം ആണ് അഭിപ്രായ കോളം തരുന്നത്
മടുത്തു മരവിച്ചു കഴിഞ്ഞിരുന്നു  സംഘടനകളിലും  പള്ളികളിലും നടക്കുന്ന 
പൊങ്ങച്ചമഹോൽസവം കണ്ട്  സത്യം തന്നെ ... ഭക്തി, സാഹിത്യം, കല  ഒക്കെ ഇക്കൂട്ടർക്ക്
പൊങ്ങച്ച ത്തിനുള്ള ആഭരണങ്ങൾ മാത്രം!
" വക അരമന രഹസ്യങ്ങൾ അങ്ങാടിയിൽ പരസ്യമാണെങ്കിലും 
നമുക്ക് പറവാൻ പാടില്ല "
എന്നുള്ളതുകൊണ്ട് സൌഹൃദത്തിന്റെ മതിൽകെട്ടുകൾ പൊളി ക്കാതി രിക്കാൻ
ഗ്രേറ്റ്‌, വണ്ടെർഫുൾ , എന്നൊക്കെ കാച്ചി  ഉളളിൽ ഊറി ചിരിച്ചു രക്ഷപെടും .
കഷ്ടം അതല്ല ...ഇക്കൂട്ടര്‍ സാമാന്യബോധം ഉള്ളവരെ കളിയാക്കുക കൂടി ചെയ്യും. 
പണകൊഴുപ്പും വിവരമില്ലായ്മയും ഒന്നിച്ചു ചേർന്ന് ....
ഒരു ഉപന്യാസം എഴുതാനുള്ള വിഷയം ആണ് ഇത് . തുറന്നെഴുതി കാണുമ്പോൾ ഒരു രസം.
സാഹിത്യം എവിടെയും വായിക്കാം.  ഇത്തരം സമാന ഹൃദയര്‍  ഇവിടെ മാത്രം .
വിദ്യാധരൻ 2015-08-19 10:52:32
'ശുഭം' ഡോക്ടർ ഷീലയോ മറ്റാരെങ്കിലും ആയിക്കൊള്ളട്ടെ യഥാർത്ഥ എഴുത്ത്ക്കാർ. പക്ഷെ ഈ ലേഖനവും, ശുഭവും, എല്ലാം വായനക്കാരിൽ സംശയം ഉളവാക്കികൊണ്ട് നിരന്തരം കേൾക്കുന്ന, ചില എഴുത്തുകാരെക്കുറിച്ചുള്ള, കുറ്റാരോപണമായ 'കള്ള കമ്മട്ടങ്ങളിലേക്ക് ' വെളിച്ചം വീശുന്നു. ശുഭം ആരായാലും അവർ നല്ല എഴുത്തുകാരും മലയാള ഭാഷ സാഹിത്യത്തെ സ്നേഹിക്കുന്നവരും അറിവുള്ളവരുമാണ്‌. പക്ഷെ അവർ മറ്റുള്ളവരുടെ ചട്ടുകങ്ങളായി അവരുടെ തന്നെ നാശത്തിന് കാരണമായി തീരരുത്. എല്ലാവരും കൊട്ടി ഘോഷിക്കുന്ന അമേരിക്കൻ മലയാള സാഹിത്യത്തിന്റെ അധോലോകം, ഈ ലേഖനത്തിന്റെ അടിസ്ഥാന ആശയത്തോട് വളരെ ബന്ധപ്പെട്ടു നില്ക്കുന്നു. സ്വന്തം 'അഹം ഭാവത്തെ' (ചിന്തിക്കാത്തവരുടെ മുഖമുദ്രയാണ് അഹം ഭാവം) പൊന്തിച്ചു നിറുത്താനായി, ചിലർ എത്ര വൃത്തികെട്ട മാർഗ്ഗങ്ങളും സ്വീകരിക്കും. കേരളത്തിൽ നിന്ന് സാഹിത്യകാരന്മാരെ കൊണ്ടുവന്നു, താലപ്പൊലിയും, ചെണ്ടയും, ആന (അമേരിക്കൻ മലയാളികൾക്ക് ഗുരുവായൂർ കേശവൻ എന്ന് പറഞ്ഞതുപോലെ സ്വന്തമായി ഒരു ആനയുണ്ടല്ലോ ?) എന്നിവയാൽ എഴുന്നെള്ളിച്ചും, അവാർഡ് പൊന്നാട വൃഷ്ടി നടത്തിയും മീഡിയകളെ ഉപയോഗിച്ചും, ഇതുപോലെ കഴിവുള്ള എഴുത്തുകാരുടെ അനുകമ്പാപൂർവ്വമായ മാനസ്സീക അവസ്ഥയെ മുതലെടുത്തും തങ്ങളുടെ 'പൊങ്ങച്ചം' പൊന്തിച്ചു നിരുത്തികൊണ്ടിരിക്കും. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാതെ തൊലി ഉരിച്ചു ജന സമക്ഷം നിറുത്തുകയാണ് വേണ്ടത്. ഒരു ബുദ്ധിമാൻ കുബുദ്ധികളോട് അടുത്തിടപഴുകുമ്പോൾ അവൻ വിഡ്ഢിയായി മാറുന്നു. ഒരു നായ ബുദ്ധിമാനായ ഒരു മനുഷ്യനുമായുള്ള ഇടപാടിൽ വിവേകമുള്ള ജീവിയായി മാറുന്നു ( അറേബ്യൻ പഴമൊഴി)

വിക്രമൻ 2015-08-19 13:09:50
കൊഞാണ്ടാന്മാർ ' പലതും പറയും പക്ഷേ 
ബുദ്ധിമതികലുണ്ടോ അത് വകവ്യ്ക്കുന്നു ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക