Image

ഓണം മറുനാടന്‍ മഹോത്സവം മാത്രം (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 19 August, 2015
ഓണം മറുനാടന്‍ മഹോത്സവം മാത്രം (ജ്യോതിലക്ഷ്മി  നമ്പ്യാര്‍, മുംബൈ)


കാലവര്‍ഷത്തില്‍ കുളിച്ചൊരുങ്ങി ഹരിതക പട്ടുടുത്ത കേരള സുന്ദരി ചിങ്ങമാസത്തിലെ ഓണവെയിലും, ഓണപൂക്കളും, ഓണനിലാവും ഒരുക്കി മഹാബലി തമ്പുരാനെ വരവേല്‍ക്കാന്‍ തയ്യാറാകുന്നു.

അത്തം മുതല്‍ പത്തുദിവസം പൂക്കൂടയില്‍ നിറയാനും, പൂവടയില്‍ ഭഗവാനു വേണ്ടി അലിയാനും കൊതിയ്ക്കുന്ന തുമ്പപൂക്കള്‍, പൂമുറ്റം തീര്‍ക്കാനായി മാത്രം മത്സരിച്ചു വിരിയുന്ന മുക്കുറ്റിപൂക്കള്‍, ഓണത്തിനു നിറം പകരാനായി വിരിയുന്ന ഓണപ്പടപൂക്കള്‍, പച്ച പുതപ്പില്‍ മുത്തുകള്‍ പതിപ്പിച്ചതു പോലെ അറകള്‍ നിറയ്ക്കാന്‍ കൊതിച്ചു നില്‍ക്കുന്ന നെല്പാടങ്ങള്‍, തോട്ടങ്ങളില്‍ സ്വര്‍ണ്ണനിറം സ്വായത്തമാക്കിയ നേന്ത്രവാഴകുലകള്‍, ഓണസദ്യയൊരുക്കാന്‍ തയ്യാറായി വിളഞ്ഞു നില്‍ക്കുന്ന പച്ചകറികള്‍, ഇല്ലവും വല്ലവും നിറഞ്ഞ് സമ്പല്‍ സമൃദ്ധിയാല്‍ ഓണത്തെ വരവേല്‍ക്കാന്‍ ആഹ്ലാദത്താല്‍ മതിമറക്കുന്ന കഠിനാദ്ധ്വാനികളായ മനുഷ്യര്‍.. ഇതെല്ലാം കണ്കുളിര്‍ക്കെ കാണാനാണ് മഹാബലി തമ്പുരാന്‍ നമ്മുടെ കേരള മണ്ണില്‍ വര്‍ഷം തോറും സന്ദര്‍ശിയ്ക്കുന്നത്.

ഓണത്തിനു പത്തുദിവസം മുന്പ് പരീക്ഷയെല്ലാം കഴിഞ്ഞ് പൂക്കൂട നിറച്ചും, പൂമുറ്റമൊരുക്കിയും ഓണത്തപ്പനെ വരവേല്‍ക്കാനും, ആര്‍ത്തുല്ലസിച്ച് കളിയ്ക്കാനും മനം തുടിയ്ക്കുന്ന കുട്ടികള്‍ ഓണദിവസം രാവിലെ വരെ പാഠപുസ്തകങ്ങളോടും, ട്യൂഷനോടും മല്ലടിയ്ക്കുന്നു. മഞ്ഞില്‍ കുളിര്‍കോരുന്ന പ്രഭാതത്തില്‍ എഴുനേറ്റ് പൂക്കൂടയുമായി തൊടിയിലിറങ്ങി പൂപ്പറിച്ച് മത്സരിച്ച് പൂക്കളം തീര്‍ത്തിരുന്ന കുട്ടികള്‍ ഇന്ന് കണ്ണുതിരുമ്മി എഴുനേറ്റ് തനിയ്ക്കുനേരെ നീട്ടുന്ന പുസ്തകത്താളുകളില്‍ തളയ്ക്കപ്പെടുന്നു.

പൂക്കളം തീര്‍ത്തശേഷം പപ്പടവും, പഴനുറുക്കും, ഉപ്പേരിയും കഴിച്ച് കളിച്ചുല്ലസിയ്ക്കുന്ന കുട്ടികള്‍ ബ്രെഡ്ഢും, ബട്ടറും കഴിച്ച് യൂണിഫോമില്‍ കയറികൂടി പുസ്തകമാകുന്ന തന്റെ ബാല്യഭാരത്തെ ചുമന്ന് സ്‌കൂളിലേയ്ക്കു യാത്രയാകുന്നു.

പൂക്കൂടയും, മടിശീലയും, ചെമ്പുമോതിരവും, ആവണപലകയും ഓണകാഴ്ച്ച വച്ച് അവകാശം വാങ്ങിയിരുന്നവര്‍ ഇന്ന് ഉടുത്തൊരുങ്ങി കുലതൊഴിലെന്തെന്നു പോലും ഓര്‍ക്കാതെ ഗവണ്മെന്റ് ഓഫീസുകളിലേയ്ക്കു കുതിയ്ക്കുന്നു.

ഉത്രാട രാത്രിയില്‍ മഹാബലി തമ്പുരാന്റെ ആഗമനം ആഘോഷിയ്ക്കാന്‍ ഭഗവാന്റെ സ്തുതി പാടി തുകിലുണര്‍ത്താന്‍ വന്നിരുന്ന പാണന്മാര്‍ക്ക് പാണന്‍പാട്ടെന്തെന്നുപോലും അറിയാതായി. അതിനുപകരം പ്ലെയറില്‍നിന്നും കവിഞ്ഞൊഴുകുന്ന വെസ്‌റ്റേണ് മ്യൂസിക്കിന്റെ മുഴക്കം കാതുകളില്‍ തുളച്ചുകയരുന്നു.

ഓണദിനത്തില്‍ സദ്യയൊരുക്കാന്‍ കൂട്ടുകൂടി ഉത്സാഹിച്ചിരുന്ന വീട്ടുകാര്‍ പരസ്പരം സംസാരിയ്ക്കാന്‍ പോലും സമയം കണ്ടെത്താതെ ഓണം സ്‌പെഷ്യലായി ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുന്ന അവാര്‍ഡ്ദാന ചടങ്ങും, കണ്ണീര്‍ പരമ്പരകളും, മറ്റു നേരം പോക്കുകളും കണ്ട് ആ ധന്യമായ ദിവസത്തെ ആക്ഷേപിയ്ക്കുന്നു.

അതുമാത്രമല്ല ഭക്ഷണം കഴിയ്ക്കാന്‍ തീരുമാനിച്ച സമയത്ത് ഊണു മേശയില്‍ ഓര്‍ഡര്‍ കൊടുത്ത എല്ലാ വിഭവങ്ങളും തയ്യാറാകുന്നു. അതിലും രസമെന്തെന്നാല്‍ അത് കഴിയ്ക്കാനുള്ള കൃത്രിമ ഇലകളും കൂട്ടത്തില്‍ തയ്യാറാണ്.

ഇത്തരം ഒരു ഓണം കാണാന്‍ കേരളത്തിന്റെ ഗ്രാമവീഥികളില്‍ മഹാബലി തമ്പുരാന്‍ എല്ലാവര്ഷവും വരുന്നുണ്ടോ? അഥവാ ഈ ദുരവസ്ഥ തന്നെ കാണാമെന്നുകരുതി ഗ്രാമവീഥികളില്‍ തന്റെ ഓലകുടയും പിടിച്ച് വയറും കുലുക്കി ഇറങ്ങി നടന്നാല്‍ ഓണാഘോഷത്തിനായി വിദേശ മദ്യവും കഴിച്ച് ലക്കും, ലഗാനുമില്ലാതെ ശകടങ്ങള്‍ കൊണ്ട് നടക്കുന്ന യുവതലമുറകളുടെ ദാരുണമായ അപകടങ്ങള്‍ക്കുകൂടി സാക്ഷ്യം വഹിയ്‌ക്കേണ്ടി വരില്ലേ?

ഇതൊക്കെയാണെങ്കിലും മറുനാടന്‍ മലയാളികളുടെ അവസ്ഥ തികച്ചും വ്യത്യസ്ഥമാണു. ജോലിയക്കുവേണ്ടി അലഞ്ഞുതിരിഞ്ഞ് മറുനാട്ടുകാരുടെ കുത്തുകേടുകള്‍ക്കുള്ളില്‍ സ്വന്തം പൈതൃകത്തെ തിരിച്ചറിഞ്ഞ മലയാളി, പൂക്കൂടയില്‍ പൂ വാരി നിറച്ച്, പൂമുറ്റം തീര്‍ത്ത് അത്തം മുതല്‍ പത്തുദിവസം ആര്‍ത്തുവിളിച്ച് മഹാബലിയെ വരവേല്‍ക്കാനായി ഒരുക്കിയിരുന്ന ഓണാഘോഷത്തിന്റെ സ്മരണ തന്റെ മക്കള്‍ക്ക് ആകാംവിധത്തില്‍ പകര്‍ന്നുനല്കാന്‍ ശ്രമിയ്ക്കുകയാണവര്‍.

എത്ര തിരക്കിലാണെങ്കിലും പൊന്നോണ ദിനത്തില്‍ അവധിയെടുത്ത് കൊച്ചുകേരളത്തിലെ ഓണാഘോഷ സ്മരണ പുതുക്കാന്‍ അവര്‍ ഓടി നടക്കുന്നു. തീ പിടിച്ച വിലകൊടുത്താണെങ്കിലും പൂക്കള്‍ വാങ്ങി മക്കള്‍ക്കുവേണ്ടി പൂക്കളം തീര്‍ക്കുന്നു.

എന്ത് വിലകൊടുത്താണെങ്കിലും നാടന്‍ സാധനങ്ങള്‍ വാങ്ങി എല്ലാവരും ചേര്‍ന്ന് ഓണസദ്യ ഒരുക്കുകയും, പരസ്പരം ഓണാശംസകള്‍ നല്കുകയും ചെയ്യുന്നു.

അതോടൊപ്പം കൈവിട്ടുപോയ തന്റെ ബാല്യകാല ഓണത്തെ അവര്‍ വീണ്ടും, വീണ്ടും സ്മരിയ്ക്കുന്നു. വീട്ടുമുറ്റവും, പരിസരവും സുലഭമല്ലാത്തതിനാല്‍ ഹാളുകള്‍ ഏര്‍പ്പാടാക്കി ഒരു മലയാളി തറവാടുത്തന്നെ അവര്‍ ഒരുക്കുന്നു. ഓണസദ്യയും, കൈകൊട്ടികളിയും, മറ്റു നാടന്‍ കലാരൂപങ്ങളാലും മലയാളത്തെ ധന്യമാക്കുന്നു. പരസ്പരം ബന്ധങ്ങള്‍ പുതുക്കാനും, സൗഹൃദം പങ്കുവയ്ക്കാനും, എന്തിന് മലയാളിയെന്ന് അഭിമാനത്തോടെ ഓര്‍ക്കാനും ഈ സംഗമം വഴിയൊരുക്കുന്നു.

മലയാളി തനിമയെ ഓര്‍ക്കാതെ, ആഘോഷങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും വില നല്കാതെ ഏളുപ്പമാര്‍ഗ്ഗങ്ങളിലൂടെ പണം സംമ്പാദിയ്ക്കാനും, ബന്ധങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും ഒരുവക പ്രാധാന്യവും നല്‍കാതെ വിദേശീയ സംസ്‌കാരത്തെ ദത്തെടുത്തു വളര്‍ത്താന്‍ അഭിരുചി കാണിയ്ക്കുന്ന കേരള മലയാളിയെ കാണാതെ, സമയപരിധികൊണ്ടും, സ്ഥലപരിധികൊണ്ടും വേണ്ടവിധം മഹാബലിതമ്പുരാനെ വരവേല്‍ക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന വിദേശ മലയാളിയെ കാണാന്‍ കേരളഗ്രാമവീഥികളില്‍ നിന്നും നമ്മുടെ ഓണത്തപ്പന്‍ പട്ടണങ്ങളിലേയ്ക്കു ചേക്കേറുന്നതില്‍ അതിശയോക്തിയുണ്ടോ?
ഓണം മറുനാടന്‍ മഹോത്സവം മാത്രം (ജ്യോതിലക്ഷ്മി  നമ്പ്യാര്‍, മുംബൈ)
Join WhatsApp News
Dan 2015-08-19 10:28:41

Great article and how true about Onam Celebrations out side Kerala. Last year I was in Kerala during Onam, hoping to visualize my childhood days of Onam......but to my amazement, there was no ONam festivals, Pookalam, Nadan Pattukal or even Oonjal. Only item that I saw was a local troop performng Pulikkali an dcollecting money from local residents....

Its a shame that Kerala is giving up on all traditional aspects and becoming JUST MONEY ORIENTED..!! 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക