Image

കാരുണ്യത്തിന്റെ കുളിര്‍ തെന്നലായി ഫ്രാന്‍സിസ്സ് പാപ്പാ ഫിലാഡല്‍ഫിയയില്‍ (ഫാ.മാത്യു മണക്കാട്ട്)

ഫാ.മാത്യു മണക്കാട്ട് Published on 22 September, 2015
കാരുണ്യത്തിന്റെ കുളിര്‍ തെന്നലായി ഫ്രാന്‍സിസ്സ് പാപ്പാ ഫിലാഡല്‍ഫിയയില്‍ (ഫാ.മാത്യു മണക്കാട്ട്)
അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് അയേഴ്‌സിലെ കര്‍ദിനാള്‍ ജോര്‍ജ് ബെര്‍ഗോളിയോ മാര്‍പാപ്പയായി തെരഞ്ഞടുക്കപ്പെട്ടതിന്റെ മൂന്നാം നാള്‍, 2013 മാര്‍ച്ച് 16ന്, വത്തിക്കാനിലെ മീഡിയാ സെന്ററില്‍ 81 രാജ്യങ്ങളില്‍ നിന്നായി 5000 പത്രപ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് പാപ്പയുമായി ഒരു കൂടിക്കാഴ്ച നടത്തി.

പാപ്പായെ കണ്ടു പുറത്തിറങ്ങിയ പൗളോ റൊദാരി-അദ്ദേഹം 'ലാ റെപ്പുബഌക്ക' എന്ന ഇറ്റാലിയന്‍ ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ടറാണ്- പറഞ്ഞു. ഞാനവിടെ ഒരു യഥാര്‍ത്ഥ ഇടയനെ കണ്ടു. അതാണ് അദ്ദേഹത്തിന്റെ ശൈലി.... ശുദ്ധവായു നല്‍കുന്ന ഒരു കുളിര്‍ തെന്നല്‍ പോലെ.'

ബുവേനോസ് അയേഴ്‌സ് എന്ന സ്പാനിഷ് വാക്കുകളുടെ അര്‍ത്ഥം 'ശുദ്ധവായു' അഥവാ 'കുളിര്‍ തെന്നല്‍' എന്നാണ്. ലോകമെമ്പാടുമുള്ള 1.2 ബില്യണ്‍ കത്തോലിക്കരില്‍ 40% ജീവിക്കുന്ന ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് റോമിലെത്തിയ 'കുളിര്‍ തെന്നല്‍' സാഹോദര്യത്തിന്റെ നഗരമായ ഫിലാഡല്‍ഫിയുടെ (Philadelphia- Brotherly love) രണ്ടു രാപ്പകലുകളെ (സെപ്റ്റംബര്‍ 26-27) കുളിരണിയിക്കാനെത്തുന്നു, കാരുണ്യത്തിന്റെ അപ്പസ്‌തോലനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

2015 സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന 'ആഗോള കുടുംബസമ്മേളന' ത്തിന്റെ (World Meeting of Families: WMOF) സമാപന ചടങ്ങുകള്‍ക്കാണ് മാര്‍പ്പാപ്പ എത്തുന്നത്. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മനസ്സിലുദിച്ച ആശയമായിരുന്നു കുടുംബങ്ങളുടെ ആഗോള സമ്മേളനം. ലോകത്തിലെ ഏറ്റവും വലിയ ഈ കുടുംബ സമ്മേളനത്തിന് 1994-ല്‍ ആദ്യം വേദിയായത് റോമാ നഗരമാണ്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുടുംബങ്ങളുടെ ഈ ആഗോള മാമാങ്കത്തിന്റെ 8-മത് സമ്മേളനമാണ്, കുടുംബത്തിന്റെ നിര്‍വചനം പോലും മാറ്റി മറിച്ച ഒരു നിയമ സംസ്‌ക്കാരം നിലനില്‍ക്കുന്ന അമേരിക്കയില്‍ ആദ്യമായി നടക്കുന്നത്.

വാഷിംഗ്ഡണിലെയും ന്യൂയോര്‍ക്കിലെയും ഔദ്യോഗിക പരിപാടികള്‍ക്കുശേഷം സെപ്റ്റം.26ന് രാവിലെ 9.30 ന് ഫിലാഡല്‍ഫിയയിലെത്തും. അദ്ദേഹത്തിന്റെ ആദ്യത്തെ ചടങ്ങ് ഫിലാഡല്‍ഫിയ അതിരൂപതയുടെ മാതൃദേവാലയവും പെന്‍സില്‍വേനിയ സംസ്ഥാനത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയവുമായി വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള കത്തീഡ്രലില്‍ 10.30 നു നടക്കുന്ന വി.കുര്‍ബാനയാണ്. ഈ വിശുദ്ധ കുര്‍ബാനയില്‍ ഫിലാഡെല്‍ഫിയയിലെ 500-ഓളം വൈദീകരും, ഡീക്കന്മാരും, ഫിലാഡല്‍ഫിയ മെത്രാപ്പോലീത്ത ചാഴ്‌സ് ഷാപ്യൂ ഉള്‍പ്പെടെ ധാരാളം മെത്രാന്മാരും പങ്കെടുക്കും.

അന്നു തന്നെ 4.30ന്, ്‌മേരിക്കന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യ ലബ്ദിക്കുശേഷം ആദ്യത്തെ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ഡന്റെ അദ്ധ്യക്ഷതയില്‍ ആദ്യ പാര്‍ലമെന്റ് കൂടിയ 'Independence Hall' ന്റെ മുമ്പില്‍ മാര്‍പ്പാപ്പ നടത്തുന്ന ആഗോള കുടിയേറ്റത്തെ ക്കുറിച്ചുള്ള  പ്രസംഗം വളരെ പ്രതീക്ഷയോടും ആകാംക്ഷയോടും കൂടിയാണ് ലോകം ഉറ്റുനോക്കുന്നത്. തുടര്‍ന്ന് 6.30ന് ഫിലാഡല്‍ഫിയയിലെ രാജവീഥിയായ ബെഞ്ചമിന്‍ ഫ്രാങ്കളിന്‍ പാര്‍ക്ക് വേ (Benjamin Franklin Parkway) ല്‍ നിര്‍മ്മിക്കപ്പെട്ട കൂറ്റന്‍ മണ്ഡപത്തില്‍ ചേരുന്ന ആഗോള കുടുംബ മാമാങ്കത്തിന് മാര്‍പ്പാപ്പ തിരി തെളിയിക്കുകയും ആഗോള കുടുംബസമ്മേളനത്തിന്റെ പ്രധാന സന്ദേശം നല്‍കുകയും ചെയ്യും. ലോകപ്രസിദ്ധനായ ഇറ്റാലിയന്‍ ഗായകന്‍ ആന്‍ഡ്രിയാ ബൊച്ചേല്ല (Andrea Bocelli) ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളില്‍ ഫിലാഡല്‍ഫിയയിലെ ഇന്ത്യന്‍ വംശജരായ കുട്ടികളുടെ സാംസ്‌ക്കാരിക നൃത്തവും ഉള്‍പ്പെടുന്നു.

സെപ്റ്റംബര്‍ 27ന് പ്രധാനമായും രണ്ടു ചടങ്ങുകളാണ് പാപ്പായ്ക്ക് ഉച്ചകഴിഞ്ഞ് 4ന് Benjamin Franklin Parkway-യിലെ വി.കുര്‍ബാനയ്ക്ക് ഒന്നരമില്യന്‍ ജനങ്ങളെയാണ് ഈ സാഹോദര്യനഗരം പ്രതീക്ഷിക്കുന്നത്. ആഗോള കുടുംബ സമ്മേളനത്തിനു പരിസമാപ്തി കുറിക്കുന്ന പാപ്പായുടെ വി.കുര്‍ബാനയ്ക്ക് അനേക മാസങ്ങളായി ഫിലാഡല്‍ഫിയ അതിരൂപത വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

ആഗോള കുടുംബസമ്മേളനത്തിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ പെടാത്ത ഒരു പരിപാടികൂടി സെപ്റ്റംബര്‍ 27ന് ഫിലാഡല്‍ഫിയയില്‍ നടക്കും. ഫ്രാന്‍സ് പാപ്പ ചോദിച്ചു വാങ്ങിയ ഒരു സ്‌നേഹ സംഗമം. കരുണയുടെ അപ്പസ്‌തോലന്‍ ഹൃദയത്തില്‍ താലോലിക്കുന്ന ഒന്ന്. പാപ്പയുടെ കുര്‍ബാനയ്ക്കുവേണ്ടി സൗകര്യപ്രദമായ സ്ഥലം തേടി വൈദികരും വിശ്വാസികളും തിരക്കുകൂട്ടുന്ന ഞായറാഴ്ചയുടെ '11-ാം യാമത്തില്‍' ഫ്രാന്‍സിസ് ഫിലാഡല്‍ഫിയയിലെ ജയില്‍ സന്ദര്‍ശനത്തിലായിരിക്കും. അവിടെ കഴിയുന്ന സഹോദരീ സഹോദരന്മാരെ കണ്ട് സൗഹൃദം പങ്കുവയ്ക്കാന്‍ തങ്ങളുടെ സുഹൃത്തിന് സൗകര്യപ്രദമായി ഇരുന്ന് തങ്ങളോടു സംസാരിക്കാന്‍ ജയില്‍വാസികള്‍ ആഴ്ചകള്‍ക്കു മുമ്പേ ഒരു കസേര നിര്‍മ്മിച്ച് കാത്തിരിക്കുകയാണ്.
'....ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു'(വി.മത്തായിയുടെ സുവിശേഷം 25:36).

അന്നു രാത്രി 8 മണിക്ക് ആടുകളുടെ മണമറിഞ്ഞ വലിയ ഇടയന്‍ റോമിലേക്കു തിരിക്കും.... വി.മാര്‍ത്താ ഭവനത്തിലെ കൊച്ചു മുറിയില്‍ രാത്രി വിശ്രമിക്കാന്‍.

ലേഖകന്‍: ഫാ.മാത്യു മണക്കാട്ട്
ഫിലാഡെല്‍ഫിയ അതിരൂപതയില്‍പ്പെട്ട സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ഇടവകയുടെ അസോഷ്യേറ്റ് പാസ്റ്ററും, ക്‌നാനായ മിഷന്റെ ഡയറക്ടറുമായി സേവനം ചെയ്യുന്നു. സെപ്റ്റം.22 മുതല്‍ 27 വരെ എല്ലാ ദിവസങ്ങളിലും ലോക കുടുംബസമ്മേളന പരിപാടികളില്‍ സംബന്ധിച്ച്, വി.കുര്‍ബാനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും സഹായിക്കുന്നു.

കാരുണ്യത്തിന്റെ കുളിര്‍ തെന്നലായി ഫ്രാന്‍സിസ്സ് പാപ്പാ ഫിലാഡല്‍ഫിയയില്‍ (ഫാ.മാത്യു മണക്കാട്ട്)
Join WhatsApp News
George Nadavayal 2015-09-24 07:40:20
അജപാലനം  പോകേണ്ട വഴിയിലെ തിരി വെട്ടം 

ജോർജ്‌  നടവയൽ 

വിദ്യാധരൻ 2015-09-24 13:07:48
പോപ്പ് ഇന്നുവരെ നാം കണ്ട പുരോഹിതവര്‍ഗ്ഗത്തെക്കുറിച്ചുള്ള  സര്‍വ്വസാധാരണമായ സ്ഥിരസങ്കല്‌പങ്ങളെ വെല്ലുവിളിക്കുകയാണ്‌.  കോടിക്കണക്കിനു വിലമതിക്കുന്ന മനോഹര ഹർമ്യങ്ങളിൽ പാർത്തു സ്വർണ്ണ ചഷകങ്ങളിൽ നിന്ന് പകരുന്ന വീഞ്ഞ് കുടിച്ചു, ഇടയ്ക്കിടയ്ക്ക് സ്വവർഗ്ഗ രതിയിലും ചിലപ്പോൾ എതിര്‍ലിംഗ സംഭോഗത്തിലും ആനന്ദം കണ്ടെത്തി , വിലകൂടിയ കാറുകളിൽ ചുറ്റിയടിച്ചു കപട ജീവിതം നയിച്ചിരുന്നവരെ പുകച്ചു പുറത്തു ചാടിക്കുന്ന ഇദ്ദേഹം വെറുമൊരു തിരി വെട്ടം അല്ല. നേരെ മരിച്ചു തീപന്തമാണ്.  ഇങ്ങനെയുള്ളവർ ഭൂമിയിൽ കുറഞ്ഞു പോയതുകൊണ്ടാണ് അധർമ്മം പെരുകുന്നത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക