സാജന് സമായ എന്ന പേരില്‍ ചലച്ചിത്രലോകത്ത് അറിയപ്പെട്ടിരുന്ന സാജന് കുര്യന് 33-ാം വയസ്സില്‍ അന്തരിച്ചു. ഡിസംബര്‍ ഒന്നാം തിയതി ലഡാക്കില്‍ ബൈബ്ലിയോ എന്ന തന്റെ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്.
ജനങ്ങള്‍ക്കിടയില്‍ അധികമൊന്നും അറിയപ്പെടാത്ത പേര്.
സാജന് സമായാ, പ്രിയപ്പെട്ട അനുജാ, എനിക്കു നിന്നെ അറിയില്ല. നിന്റെ സിനിമകള്‍, കഥ, കഥാപാത്രങ്ങള്‍, അഭിനേതാക്കള്‍ - ഒന്നും എനിക്കറിയില്ല. എന്നാല്‍ മൈനസ് 24 ഡിഗ്രി താപനിലയോടു പൊരുതിയ നിന്റെ ശരീരത്തിന്റെ, മനസ്സിന്റെ ബുദ്ധിയുടെ പിടച്ചില്‍ - അതിനു കാരണമായ നിന്റെ സ്വപ്നങ്ങളുടെ തീവ്രത - അതിന്റെ ഒരു കണിക എന്നെ തൊടുന്നു. ആ സ്പര്‍ശം - അതെന്റെ ശ്വാസത്തെ തടസ്സപ്പെടുത്തുന്നു. നിന്റെ നിശ്വാസത്തിന്റെ കിതപ്പ്, അതിന്റെ തളര്‍ച്ച, അതിന്റെ വിടുതല്‍ - ഒരു പൊള്ളലായി അതെനിക്കറിയാനാകുന്നു.
എഴുത്തിനോടും സിനിമയോടുമുള്ള നിന്റെ മോഹങ്ങളും സ്വപ്നങ്ങളും പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ നിന്നെ കൊണ്ടുപോയ മരണത്തിനു കൂട്ടു നിന്നു ലഡാക് എന്ന മഞ്ഞു മൂടിയ തണുത്ത ഭൂമി. ഒരു പക്ഷേ, അവള് അറിഞ്ഞിരുന്നിരിക്കാം ആ ഭൂമിയെ നീ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന്!
നല്ല സിനിമകള്‍ ചിത്രീകരണം എന്ന മോഹം പൂര്‍ത്തിയാകാതെ നീ യാത്ര പറഞ്ഞു എന്നതൊരു ദുഃഖമായവശേഷിക്കുമ്പോഴും, സാജന്, നിന്നെ നഷ്ടമായ നിന്റെ ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക്, നീ ആരെന്ന് അറിയാതെപോലും നിന്നെ സ്നേഹച്ചുപോകുന്ന അപരിചിതര്‍ക്ക് ഒരു കാര്യത്തില്‍ അഭിമാനിക്കാം - സാജന്റെ മരണം - അത് സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായിരുന്നു. ലഡാക്കിന്റെ തണുത്ത വായുവിന് തന്റെ അവസാന ശ്വാസവും കൊടുത്ത് അവന് പോരാടി. അതാണ് സാജനെ വിജയിയും വ്യത്യസ്തനുമാക്കുന്നത്.
മഞ്ഞു പെയ്ത്, സൂര്യന് പരാജിതനായി ഭൂമി തണുത്തു വിറക്കുന്ന ദിവസങ്ങളിലെ തണുപ്പിന്റെ സ്പര്‍ശം നിന്റെ മരണത്തെ ഓര്‍മ്മപ്പെടുത്തുന്നു.
സൂര്യകിരണം തൊട്ടുരുമ്മിത്തിളങ്ങുന്ന ഹിമധൂളിയില് നിന്റെ മുഖം തെളിയുന്നു.
അപ്പോഴൊക്കെയും ആ തണുപ്പില്‍ ആലേഖനം ചെയ്യപ്പെട്ട ഒരു സത്യമുണ്ട്.
“മനസ്സിലെ മോഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വേണ്ടി മരണം വരെ പോരാടിയവനാണ് സാജന് സമായ.”
ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച് ആഹ്ലാദിക്കുന്ന മലയാളം. തനിക്കു സമ്മാനമായി കിട്ടിയ പൈതൃക സ്വത്ത് ലക്ഷണങ്ങളായി പ്രബന്ധങ്ങള്‍ക്കും സെമിനാറുകള്‍ക്കും വിദേശയാത്രകള്‍ക്കുമായി ചാലു തിരിച്ച് വിടുമ്പോള്‍, തന്റെ മക്കള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ അവരുടെ പ്രയത്നങ്ങളെ സംരക്ഷിക്കുവാന്‍ കൂടി മലയാളത്തിനു മനസ്സുണ്ടാകട്ടെ.
അതല്ലേ അമ്മ മലയാളത്തിന്റെ പുത്രസ്നേഹം !
മലയാള സിനിമയുടെ “അമ്മ” ക്കും.
സാജന് സമായ എന്ന തന്റെ പുത്രന്, ജീവന് കൊടുത്തിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ ചിത്രങ്ങളെ സംരക്ഷിക്കാനുള്ള മനസ്സുണ്ടാകട്ടെ !
അമ്മമാരുടെ സ്നേഹകരങ്ങള്ക്ക് പൊലിഞ്ഞു പോയവര്‍ നട്ട പൂവാടികള്ക്കു കൂടി സ്നേഹജലം പകരാനാകട്ടെ !