Image

മരങ്ങള്‍ (കവിത) തൊടുപുഴ.കെ.ശങ്കര്‍

തൊടുപുഴ.കെ.ശങ്കര്‍ Published on 12 January, 2016
മരങ്ങള്‍ (കവിത) തൊടുപുഴ.കെ.ശങ്കര്‍
മറന്നോ, പിറന്നെന്നാല്‍ മരിയ്ക്കുന്നതുവരെ,
മരങ്ങള്‍ മനുഷ്യന്റെ സന്തതസുഹൃത്തുക്കള്‍!
പിള്ളത്തൊട്ടിലുമുതല്‍ ശ്മശാനഭൂമിവരെ, 
പിരിയാത്ത ഭേദ്യമാം ബന്ധത്തിന്‍ ദൃക്‌സാക്ഷികള്‍!

പിറന്ന ശിശുവിനു രാപകല്‍ ശയിയ്ക്കുവാന്‍ 
പിള്ളത്തൊട്ടിലുതീര്‍ക്കാന്‍ മരമല്ലയോ വേണ്ടൂ?
പള്ളിക്കൂടത്തിലാട്ടേ, വീട്ടിലാവട്ടേ, നിത്യം
പഠിയ്ക്കാന്‍ കസേരയും, മേശയും മരം തന്നെ!

വീടുണ്ടാക്കുവാന്‍ വീട്ടില്‍ വാതിലും ജനല്‍ മറ്റും 
തീര്‍ക്കുവാന്‍ മരം നൂനമത്യന്താപേക്ഷിതം താന്‍!
ഇരിയ്ക്കാനിരിപ്പിടം, കിടക്കാന്‍ കട്ടിലുകള്‍ 
ഇരുന്നു സൗകര്യാര്‍ത്ഥം ഭക്ഷിപ്പാന്‍ തീന്‍മേശയും !

മരങ്ങളിടതൂര്‍ന്നു വളരുമിടം വനം 
നിരത്തില്‍ നിരയായി വളര്‍ത്താല്‍ തണല്‍ മരം!
ശീതളഛായയൊപ്പം ശുദ്ധവായുവും നല്‍കാന്‍
നിസ്തര്‍ക്കം നാനാവിധ മരങ്ങള്‍ക്കല്ലേയാകൂ?

മരിച്ചാലടക്കുവാ, നെരിപ്പാന്‍ ചിതതീര്‍പ്പാന്‍
മരമല്ലയോ ചൊല്ലൂ മനുഷ്യനുപയോഗിപ്പൂ ?
പക്ഷികള്‍ക്കിരിയ്ക്കുവാനുറങ്ങാന്‍, വസിയ്ക്കുവാന്‍ 
പഞ്ജരം തീര്‍പ്പാന്‍ വേണമെമ്പാടും വിടപികള്‍?
ചുറ്റിലും വളരുമീമരങ്ങളില്ലെന്നാകില്‍ 
ചുരുക്കമിഹലോകവാസമോയസാദ്ധ്യമാം!

മഴുവും വട്ടവാളുമുണ്ടാക്കി മരങ്ങളെ 
മുഴുവന്‍ നശിപ്പിപ്പാന്‍ തുനിയും മനുഷ്യരേ, 
മരങ്ങള്‍ വളര്‍ത്തുക, പ്രകൃതികനിഞ്ഞേകും
മരങ്ങള്‍ നശിപ്പിയ്ക്കാതിരിയ്ക്കാന്‍ ശ്രമിയ്ക്കുക!

മരങ്ങള്‍ (കവിത) തൊടുപുഴ.കെ.ശങ്കര്‍
Join WhatsApp News
വിദ്യാധരൻ 2016-01-12 08:40:42
മരങ്ങളാണ് ആദ്യം ഭൂമിയിൽ ഉണ്ടായത്, മഴു മനുഷ്യന്റെ മസ്‌തിഷ്‌ക്കത്തിൽ ഉണ്ടായതും.  മരം വെട്ടി മഴുവിന് കയ്യ്‌ ഉണ്ടാക്കി മരത്തിനു കോടാലി വച്ച് കസേരയാക്കി കട്ടിലാകി മേശയാക്കി ഒടുവിൽ ചിതയാക്കി മാറ്റുന്നു.  ലോകത്തിന്റെ നാനാ ഭാഗത്തും ജനങ്ങൾ  ഒരു മരം വെട്ടി മുറിക്കുമ്പോൾ മറ്റൊരു മരം നട്ട് പിടിപ്പിച്ചു ആവാസ വ്യവസ്ഥയെ  അല്ലെങ്കിൽ നാനാജീവികളടങ്ങുന്ന ഒരു ജൈവസമൂഹവും പരിസ്ഥിതിയും ചേര്‍ന്ന ഈ പ്രപഞ്ചത്തെ കാത്തു സൂക്ഷിക്കുന്നതിൽ മഹത്തായ ഒരു പങ്കു വഹിക്കുന്നു.   വിഷവാതകമായ അംഗാരകത്തെ (കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌) വലിച്ചെടുത്ത് പ്രാണവായു  നൽകുന്നതിൽ നമ്മെ സഹായിക്കുന്ന, സൂര്യനിൽ നിന്നും പുറപ്പെടുന്ന നീലലോഹിതരശ്‌മിയെ തടഞ്ഞു നിറുത്തി മാരകമായ അർബുദ രോഗത്തിൽ നിന്നും തടയുന്ന വൃക്ഷങ്ങളെയും വനങ്ങളെയും നശിപ്പിച്ചു,  അനാവശ്യമായി കേരളത്തിൽ വിമാന താവളങ്ങൾ  ( ആറുമുള, മല്ലപ്പള്ളി, ശബരിമല തുടങ്ങിയ സ്ഥലങ്ങൾ വ്യവസായ വല്‍ക്കരണ കഴുകന്മാരുടെ നോട്ട സ്ഥലങ്ങളാണ്) ഉണ്ടാക്കണം എന്ന് ആവശ്യപ്പെടുന്ന അമേരിക്കൻ മലയാളികൾക്കും, കേരളത്തിലെ രാഷ്ട്രീയക്കാർക്കും, സഖറിയായെപ്പോലെയുള്ളവരെ ബലിയാടാക്കുന്ന അമേരിക്കയിലെ ദൂരക്കാഴ്ചയും, വിവരദോഷികളായ സാഹിതികാരന്മാർക്കും നിങ്ങളുടെ കവിതയുടെ പൊരുൾ മനസിലാകില്ല. അഥവാ മനസിലായാലും മനസിലായില്ല എന്ന് നടിക്കും (അമേരിക്കയിൽ തൊഴിലില്ലായ്മ കുറഞ്ഞിട്ടും, സമ്പത്ത് വ്യവസ്ഥ മെച്ചപ്പെട്ടിട്ടും ഇവിടെ നശിച്ചു കിടക്കുകയാണ് എന്ന് വാദിക്കുന്ന രിപുബ്ലിക്കന്സിനെ പ്പോലെയാണ് അമേരിക്കയിലെ ചില സാഹിത്യകാരന്മാരും ചില വിഡ്ഢി സംഘടനകളുടെ നേതാക്കന്മാരും)  

"എൻപ്രാണനിശ്വാസം എടുത്തു വേണം 
പാഴ്പുല്കളിൽ കൊച്ചു നരമ്പ് തീർക്കാൻ 
ആവട്ടെ എന്തിനു തളിർത്തു നില്ക്കും 
അവറ്റയെ ചുട്ടു കരിച്ചിടുന്നു ? "   എന്ന നാലപ്പാടൻ എഴുതിയ കണ്ണുനീർത്തുള്ളിയിലെ വരികൾ ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്. മരങ്ങൾ അല്ലങ്കിൽ ചെടികൾ 'മനുഷ്യരെ പോലുള്ള  പാഴ്പുല്ലുകളിൽ ' ഞരമ്പ് തീർക്കാൻ ഉപയോഗിക്കുമ്പോൾ, മനുഷ്യനു അത് നല്കുന്ന വനത്തെ ചുട്ടു കരിക്കാൻ ഒരു മടിയും ഇല്ല എന്നത് ഭഗ്നഹൃദയത്തോട്കൂടി മാത്രമേ ചിന്തിക്കുന്ന മനുഷ്യർക്ക് കഴിയുകയുള്ളൂ .  ആധുനികതയുടെ ചിറകുകളിൽ ഇരുന്നു പറക്കുന്നവർക്കും, അരുമുളയിൽ വിമാനം ഇറക്കുന്നത് സ്വപ്നം കണ്ടിരിക്കുന്ന അമേരിക്കൻ മലയാളികളികളും ഇത്തരം കവിതയെ ശ്രദ്ധിക്കും എന്ന് കരുതണ്ട. എന്തായാലും ലോകത്തിന്റെ നാനാ ഭാഗത്തും  , പ്രത്യേകിച്ച് കേരളത്തിലും വന നശീകരണത്തിൽ ( ശബരിമല വികസിക്കണം എങ്കിൽ വനം വെട്ടി തെളിക്കാതെ നിവര്ത്തിയില്ല - നശിപ്പിച്ചതിന് ശേഷം എന്ത് എന്നതിനെക്കുറിച്ച് വികസനക്കാർക്ക്‌ ഒരു പദ്ധതിയുമില്ല ) ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ സാഹിത്യ നേതാക്കൾക്കും (സുഗത്കുമാരി ഒഴിച്ച് ) അതിനെ പിന്താങ്ങുന്ന അമേരിക്കയിലെ ബോധം ഇല്ലാത്ത മലയാളി ഒറ്റുകാർക്കും ബോധം ഉണ്ടാക്കാൻ നിങ്ങളുടെ കവിതയിലെ ഒരു ചിന്തയെങ്കിലും പ്രയോചനപ്പെട്ടിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു.  താങ്കൾക്കു അഭിനന്ദനം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക