Image

സ്വര്‍ഗ്ഗത്തിലെ ജയില്‍പ്പുള്ളികള്‍ (ലേഖനം: കാരൂര്‍ സോമന്‍)

Published on 18 March, 2016
സ്വര്‍ഗ്ഗത്തിലെ ജയില്‍പ്പുള്ളികള്‍ (ലേഖനം: കാരൂര്‍ സോമന്‍)
ജീവിതത്തിന്റെ പച്ചപ്പുതേടി സമസ്ത ജീവജാലങ്ങളും ശ്രേഷ്ടമായ ഒരു ചക്രവാളം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. ഇന്ന് പരിഹാസത്തിന്റെ കിരീടം ചൂടിയ ധാരാളം പെന്തക്കോസ്തു സഭകള്‍ കടലാസ് സംഘടനകളെ പോലെ ലോകമെമ്പാടും പൊട്ടിമുളച്ചുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ മുക്കിലും, മൂലയിലും അസ്വസ്തജനകമായി യേശുവിന്റെ നാമത്തേ അര്‍ത്ഥശൂന്യമാക്കിക്കൊണ്ട് ഓരോരോ സഭകള്‍ ഉയരുകയാണ്. ഇവര്‍ തട്ടിയെടുക്കുന്നത് പ്രമുഖ സഭകളായ കത്തോലിക്കാ- യാക്കോബ-ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മാ, സിഎസ്.ഐ പള്ളികളിലുള്ള അല്പ വിശ്വാസികളെയാണ്. മനുഷ്യരാശിയുടെ രക്ഷയ്ക്കായി വന്ന യേശുക്രിസ്തു വിഭാവനം ചെയ്തത് ലോകമെമ്പാടും പോയി നിങ്ങള്‍ എന്റെ സുവിശേഷം അറിയിക്കാനാണ്. ഈ മതമൗലികവാദികള്‍ ആ വഴി തെരഞ്ഞെടുക്കാന്‍ തയ്യാറാകതെ യേശുവിന്റെ നാമത്തില്‍ വേര്‍തിരിവുകളുണ്ടാക്കി അടിത്തറയുള്ള ഇതര സഭകളുടെ മുകളില്‍ തിന്മയുടെ ഭാരമൊട്ടാകെ ചുമത്തി ക്രിസ്തീയ വിശ്വാസികളെ ചൂഷണം ചെയ്യുക മാത്രമല്ല വിചിത്രമായ ഭ്രാന്തനാശയങ്ങള്‍ അവരെ പഠിപ്പിച്ച് അന്ധവിശ്വാസികളാക്കി വളര്‍ത്തുകയും ചെയ്യുന്നു. ദൈവത്തെപ്പറ്റി വിശാലമായി ചിന്തിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെയുള്ള ക്ഷുദ്രജീവികളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. ഇങ്ങനെയുള്ളവരാണ് യേശുക്രിസ്തുവിന്റെ നാമത്തില്‍ സുഖലോലുപരായി ജീവിക്കാന്‍ ലോകത്തിന്റെ അന്ധകാര ശക്തികളുമായി കൈകോര്‍ക്കുന്നതും. ഇവര്‍ വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കാന്‍ തയ്യാറല്ല. വാളെടുക്കുന്നവന്‍ വെളിച്ചപ്പാടെന്ന പോലെ കപടവേഷധാരികളായി ക്രിസ്തീയ വിശ്വാസങ്ങളെ കൊള്ള ചെയ്ത് കാശുണ്ടാക്കാനും, ആത്മീയ കോമാളിത്തരങ്ങള്‍ സജീത്ത് കണ്ണൂരിനെപ്പോലെ നടത്താനും, ലണ്ടനിലെ പ്രയര്‍ ഗാര്‍ഡനില്‍ ഒരു വിശ്വാസി സമൂഹം ഐക്യത്തില്‍ പൊയ്‌കൊണ്ടിരിക്കെ മണ്ണും ചാരിയിരുന്നവന്‍ പെണ്ണിനെ കൊണ്ടുപോയി എന്ന വിധത്തില്‍ അവിടെ പ്രസംഗിക്കാന്‍ വന്ന ഒരു ടിനു ജോര്‍ജ്ജ് അവിടുത്തെ ഒരു ബന്ധുവഴി പുതിയൊരു സഭയ്ക്ക് തറക്കല്ല് ഇട്ട് പ്രയര്‍ഗാര്‍ഡനിലുള്ള വിശ്വാസികളെ ബോധപൂര്‍വ്വം തട്ടിയെടുക്കുന്നു. ഇത് കേരളത്തിലേതുപോലെ സമ്പന്ന രാജ്യങ്ങളിലും സംഭവിക്കുന്നു. ഇവരുടെയെല്ലാം ലക്ഷ്യം സമ്പത്തും അധികാരമോഹവുമാണ്. ഇങ്ങനെയുള്ള ജഡമോഹികള്‍ക്ക് സന്തോഷത്തോടെ ആത്മാവിലും സത്യത്തിലും ദൈവത്തേ ആരാധിക്കാന്‍ കഴിയുമോ?.

പുരാതന കാലം മുതല്‍ക്കേ ആത്മാവിനെ, അന്ധവിശ്വാസങ്ങളെ പൗരോഹിത്യം കച്ചവടം ചെയ്ത് മതങ്ങളെ സമുദ്ധരിച്ചുകൊണ്ടിരിക്കയാണ്. ആത്മീയ ജീവിതമോ, തപസ്സോ, ഉത്കൃഷ്ടമായ യേശുവിന്റെ അത്ഭുതപ്രവൃത്തികളെ, നല്‍കാതെ രാഷ്ട്രീയക്കാരെ പോലെ മൈതാന പ്രസംഗം നടത്തി കൈയ്യടി വാങ്ങി സാഫല്യമടയുന്ന കുലടയുടെ തന്ത്രങ്ങളില്‍ വീണുപോകുന്ന നിശ്വാസവായുവിലൂടെ ജീവിക്കുന്നവര്‍. ഇത്തരത്തിലുള്ളവരുടെ കുതന്ത്രങ്ങളില്‍ വഴുതി വീഴുന്നവരല്ല യഥാര്‍ത്ഥ ക്രിസ്തു ഭക്തര്‍. അജ്ഞാതനായ ദൈവത്തേ മനസ്സിലാക്കാന്‍ ദുര്‍മോഹികളുടെ പിറകെ പോകേണ്ട യാതൊരു കാര്യവുമില്ല. കാല്‍വറിയിലെ കുരിശിന്റെ വഴി എന്തെന്നറിയാത്തവര്‍ മനോഹരങ്ങളായ രമ്യഹര്‍മ്മങ്ങളിലിരുന്ന് സ്തുതി പാഠകരെയെല്ലാം യാത്രയാക്കി മുറിയടച്ച് കുളിര്‍മ്മയുള്ള വീഞ്ഞില്‍ വിശപ്പും ദാഹവും എന്തെന്നറിയാതെ സ്വയം ദിവ്യരായി മനസ്സില്‍ മരവിപ്പ് ബാധിച്ചുറങ്ങുന്നു. യേശുവിന്റെ നാമത്തില്‍ ഊര്‍ന്നിറങ്ങുന്ന വെറും നിഴലുകളാകാതെ ലോകമെങ്ങും പ്രകാശിക്കുന്ന പരന്നുകിടക്കുന്ന പാപങ്ങളുടെ മദ്ധ്യത്തിലേക്ക് കടന്ന് ചെന്ന് അവരുടെ കണ്ണുനീരൊപ്പാനോ അവരുടെ ധര്‍മ്മസങ്കടങ്ങളില്‍ പങ്കാളികളാകുകയോ ചെയ്യാറില്ല. അത് മുകളില്‍ പറഞ്ഞ സഭകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അവര്‍ യേശുവിന് വേണ്ടി സ്വന്തം രക്തം ചീന്താനും നാള്‍ക്കുനാള്‍ ക്ഷീണിതരുമാണ്. ഇവരാകട്ടെ തടിച്ചും കൊഴുത്തുംകൊണ്ടിരിക്കുന്നു. യേശുവിന് വേണ്ടി ഒരു നന്മയും ചെയ്യാതെ ഹാലേലൂയ്യ എന്ന മുദ്രവാക്യം മുഴക്കി സ്തുതിപാഠകര്‍ക്കൊപ്പം സമ്മേളിച്ച് കൊട്ടാരവളപ്പുകളിലും രമ്യഹര്‍മ്മങ്ങളിലുമിരുന്ന് കണ്ണടച്ചു യേശുവേ സ്‌തോത്രം എന്നുരുവിട്ടിട്ട് എന്ത് പ്രയോജനമാണുള്ളത്? സ്വന്തം വാചക കസ്സര്‍ത്തുകള്‍ നടത്തി പുളകം കൊള്ളുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇതൊക്കെ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള, ലോകമെമ്പാടും പര്യടനങ്ങള്‍ നടത്താനുള്ള ഉള്‍ക്കടമായ അഭിലാക്ഷമല്ലാതെയെന്താണ്? യേശുവിന്റെ നാമത്തില്‍ ഒരു നല്ല പ്രവൃത്തിയും ചെയ്യാത്ത ഈ ശുഭ്രവസ്താധാരികള്‍ ഇന്നത്തേ ഉപഭോഗ സംസ്കാരത്തിലൂടെയാണ് വിശ്വാസികളെ വഴിതെറ്റിക്കുന്നത്. സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ നിറകുടമായവര്‍ ചെയ്യുന്ന കാര്യമാണോ സഭകളില്‍ പിളര്‍പ്പുണ്ടാക്കി വിശ്വാസികളെ വശീകരിച്ചും പത്തും ഇരുപതും പേരടങ്ങുന്ന പുതിയ പുതിയ സഭകളുണ്ടാക്കുന്നത്? ഇത് സമൂഹത്തില്‍ ക്രിസ്ത്യാനികല്‍ക്ക് എത്രമാത്രം നാണക്കേടാണുണ്ടാക്കുന്നതെന്ന കാര്യം ഇവര്‍ എന്താണറിയാത്തത്? ക്രിസ്ത്യാനിയുടെ ശിരസിന് മുകളില്‍ ദൈവീക സ്‌നേഹത്തിന് പകരം പരസ്പരം ശത്രുതതയും സ്പര്‍ദ്ധയും നിന്ദയും വളര്‍ത്തുന്നത് ഇതുപോലുള്ള കടലാസ് സഭകളുടെ നായകത്വം വഹിക്കുന്നവരേല്ലേ? ആത്മീയജ്ഞാനമുള്ള വിവേകശാലികളായ ആരെങ്കിലും ഇങ്ങനെ യേശുവിനെ ക്രൂശിക്കുമോ? ഈ വിശാലമായ ലോകത്ത് യേശുവിന്റെ പേരില്‍ ഇതുപോലുള്ള ശവകുടീരങ്ങള്‍, കുരിശുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഈ കുരിശ് ചുമക്കുന്നവരുടെ കാര്യം പരമദയനീയം. ഏത് മതസ്ഥനായാലും സന്യാസം കെട്ടടങ്ങി കിടക്കുന്ന മോഹങ്ങളെ ഉണര്‍ത്തുകയാണ് ചെയ്യുന്നതും മറിച്ച് പേേഞ്ചന്ദ്രീയ മോഹങ്ങളില്ലാത്ത ആത്മീയാനുഭൂതിയാണ് നല്കുന്നത്. അത് ദൈവത്തിന് സമര്‍പ്പിക്കുന്ന ഒരനുഭവവേദ്യമാണ്. അതില്ലാത്തതിനാലാണ് ജീവിതവിശുദ്ധിയില്ലാത്തവര്‍ സഭകള്‍ ഉണ്ടാക്കുന്നതും വിശുദ്ധബലികളില്‍ പങ്കെടുക്കുന്നതും. യേശുവിന്റെ പേരില്‍ ലോകമെമ്പാടും ഭിന്നിപ്പും വെറുപ്പും വളര്‍ത്തുന്ന ഈ കുട്ടിച്ചാത്തന്‍മാരായിട്ടുള്ളവരുടെ ലക്ഷ്യം സമ്പത്തും അധികാരവും മാത്രമല്ല സ്വന്തം സംഘടനയില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ക്കും മുന്‍പുണ്ടായിരുന്ന ചില തീണ്ടലും തൊടീലും കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്. നോവലുകള്‍, കഥകള്‍, കവിതകള്‍ വായിക്കാന്‍ പാടില്ല. ഇതര കലകളോടും ഇതെ സമീപനമാണ്. ജനങ്ങളുടെ ബോധമണ്ഡലം നശിപ്പിക്കുന്നതിന്റെ ഫലമായി സമൂഹത്തില്‍ നിന്ന് ഒരു സംസ്കാരത്തില്‍ നിന്ന് അവര്‍ താഴെയ്ക്കും പൊയ്‌ക്കൊണ്ടിരിക്കുന്നു. ഇന്ന് ധാരാളം പൊട്ടിമുളക്കുന്ന കൂട്ടായ്മകള്‍ സഭകളായി, പാസ്റ്റര്‍മാരായി, തിരുമേനിമാരായി കാണുമ്പോഴുള്ള കച്ചവടം കാണുമ്പോഴാണ് മനസ്സും അസ്വസ്ഥമായി ആത്മീയ അന്ധകാരത്തിന്റെ കാരാഗൃഹത്തില്‍ കിടക്കുന്നവരിലേക്കു കടന്നുവരുന്നത് ആത്മീയ ജീവിതത്തിലെ ജയില്‍ പുള്ളികള്‍. എല്ലാം പെന്തക്കോസ്തു സഭകളും സമ്പത്തിന്റെ തണലില്‍ തഴച്ചു വളര്‍ന്നതല്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്ന് പൗരോഹിത്യം ഒരു തൊഴിലായി കാണുന്നവരും ഇതുപോലെ ശ്മശാന ഭൂമിയില്‍ മുളക്കുന്ന സംഘങ്ങളും ഈ ലോക ജീവിതത്തിന്റെ മാധുര്യം നുകരാനാണ് ഓരോരോ കൊപ്രായങ്ങള്‍ അന്ധവിശ്വാസികളുടെ മുന്നില്‍ നടത്തികൊണ്ടിരിക്കുന്നത്.

ജീവിതത്തിന്റെ ഏതൊരവസ്ഥയിലും യഥാര്‍ത്ഥ വിശ്വാസികള്‍ ആത്മാവിന്റെ ചിറകുകളില്‍ പറക്കുകതന്നെ ചെയ്യും. നല്ലൊരു വിശ്വാസിയെ സംബന്ധിച്ച് അവന്‍ ഏത് സഭയില്‍പ്പെട്ടവനായാലും സ്‌നേഹത്തിന്റെ നിറകുടമാണ്; സാമ്പത്തിക സ്ഥിതിയും സാമൂഹ്യനിലവാരവും വളര്‍ന്നതുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന ഒരു വിശ്വാസിക്ക് ഇന്നത്തേ കാഴ്ചവസ്തുക്കളായ പുതിയ പ്രാര്‍ത്ഥനാഗ്രൂപ്പുകളില്‍ പോയി അഗ്നിശുദ്ധി വരുത്തേണ്ട യാതൊരാവശ്യവുമില്ല. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ മടിക്കുന്ന ഇവര്‍ വെറും സ്വാര്‍ത്ഥòാരാണ്. ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല എന്ന ക്രിസ്തുവചനം ഇവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹം വെളിപ്പെടുത്തേണ്ടത് കണ്ണീരിലും കനിവിലും കാരുണ്യത്തിലുമാണ് അല്ലാതെ സ്വന്തം സഭയില്‍പ്പെട്ടവനെ കാണുമ്പോള്‍ മാത്രം പ്രയി സദലോഡും പറയുന്നതിലല്ല. ചില സഭകള്‍ ധരിച്ചിരിക്കുന്നത് അവര്‍ക്ക് യേശുവിന്റെ കുടുംബവുമായി നല്ല ബന്ധമുണ്ടെന്നാണ്. ഈ കൂട്ടര്‍ പഴയ സവര്‍ണ്ണമേധാവിത്വത്തിലെ ഇന്നും പിടഞ്ഞുവീഴുന്ന വെറും കീടങ്ങള്‍ മാത്രമാണ്. ഇന്ന് മുളച്ചുവരുന്നവരും ഇന്നത്തേ മതമേധാവികളും ലോകത്തുള്ള യേശുവിന്റെ സിംഹാസനം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുമോ എന്നാണ് ഞാന്‍ ഭയക്കുന്നത്. എന്തായാലും ഈ പുതുമടിശ്ശീലക്കാര്‍ ദൈവരാജ്യം സ്വര്‍ഗ്ഗത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇവര്‍ ഭാരതത്തിന്റെ ജാതി കുതിപ്പുപോലെയാണ് സ്വര്‍ഗ്ഗത്തിലേക്കും കുതിക്കാന്‍ കഠിനപ്രയത്‌നം ചെയ്യുന്നത്. കേരളത്തില്‍ അഴിമതിയും അനീതിയും താണ്ഡവമാടുന്നതുപോലെ ഈ കൂട്ടര്‍ യേശുവിനെ കച്ചവടചരക്കാക്കുന്നു. ഹാലേല്ലൂയ്യ വിളിക്കാന്‍ കുറച്ചുപേരുണ്ടെങ്കില്‍ കാല്‍വണ്ണകള്‍ പോലെ അധികാരത്തിനും ആര്‍ത്തിക്കും അഹങ്കാരത്തിനും വണ്ണം കൂടുക സ്വാഭാവികമാണ്. ഇന്ന് യേശുവിന്റെ പേരില്‍ ധനമോഹികളായി വേഷമണിഞ്ഞവര്‍ അറിഞ്ഞിരിക്കേണ്ടത് ആത്മീയത തെളിനീരിന്റെ ഒഴുക്കുപോലെയാണ്. അവിടെയാണ് യേശുവിന്റെ നാമത്തില്‍ രോഗികള്‍ സൗഖ്യം പ്രാപിക്കുന്നത്. അങ്ങനെയുള്ളവരെയാണ് ഏതൊരു സഭയ്ക്കും ആവശ്യം. അവരെയാണ് എന്നെപ്പോലുള്ളവര്‍ ആദരപൂര്‍വ്വം നോക്കികാണുന്നത് . അവിടെ പൂവിന്റെ സൗന്ദര്യം കൊതിച്ച് ചുറ്റും പറക്കുന്ന വണ്ടുകളായി ഏത് മതത്തിലുള്ള വിശ്വാസികളും കടന്നുവരും. ലോകത്തേ രൂപാന്തരപ്പെടുത്തി പാപികളുടെ, പാവങ്ങളുടെ രക്ഷകനായിട്ടെത്തിയ യേശുവിന്റെ ഊഷ്മള സ്‌നേഹമാണ് ഓരോ വിശ്വാസികളിലുണ്ടാകേണ്ടതും. ആ സഹാനുഭൂതിയും സഹിഷ്ണുതയും എത്രസഭകളില്‍ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്? വിശ്വാസികളില്‍ അറപ്പും വെറുപ്പുമുണ്ടാക്കുന്ന യേശുവിന്റെ ദര്‍ശനങ്ങളെ തുന്നികെട്ടാന്‍ വരുന്ന കൗശലക്കാരേ, ഈ സ്വര്‍ഗ്ഗത്തിലെ ജയില്‍പ്പുള്ളികളെ സൂക്ഷിക്കുക.
സ്വര്‍ഗ്ഗത്തിലെ ജയില്‍പ്പുള്ളികള്‍ (ലേഖനം: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക