Image

സണ്ണി നൈനാന്‍ (സണ്ണി കല്ലൂപ്പാറ) ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് ജനവിധി തേടുന്നു

എ.എസ് ശ്രീകുമാര്‍ Published on 18 June, 2016
സണ്ണി നൈനാന്‍ (സണ്ണി കല്ലൂപ്പാറ) ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് ജനവിധി തേടുന്നു
ന്യൂയോര്‍ക്ക്: 'കല കലയ്ക്കു വേണ്ടി...'എന്ന പതിവ് ചിന്തയ്ക്കപ്പുറം 'കല സമൂഹ നന്‍മയ്ക്കു വേണ്ടി...'’എന്ന സാമൂഹിക പരിഷ്‌കരണ മുദ്രാവാക്യത്തിലടിയുറച്ചു വിശ്വസിക്കുന്ന അനുഗ്രഹീത നാടക, സീരിയല്‍ നടനും സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി നൈനാന്‍ എന്ന സണ്ണി കല്ലൂപ്പാറ ഫോമായുടെ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക്തുറന്ന മനസോടെ ജനവിധി തേടുന്നു. അമേരിക്കന്‍ മലയാളികളുടെ സംഘശക്തിക്ക് ഇളക്കം തട്ടാത്ത അസ്ഥിവാരമിട്ട ഫോമായുടെ ഭാവനാപൂര്‍ണമായ പദ്ധതികളുടെ പിന്തുടര്‍ച്ചയ്ക്കും പുത്തന്‍ ക്ഷേമ പരിപാടികളുടെ കാലവിളമ്പമില്ലാത്ത സാക്ഷാത്കാരത്തിനും എളിയ പിന്തുണ നല്‍കുന്നതിനു വേണ്ടിയാണ് ഈ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതെന്ന് സണ്ണി കല്ലൂപ്പാറ പറഞ്ഞു.

തിരുവല്ലയ്ക്കടുത്ത് കല്ലൂപ്പാറ ഗ്രാമത്തിലെ പേരാലുംമൂട്ടില്‍ കുടുംബാംഗമായ സണ്ണി നൈനാന്‍ 1984ലാണ് അമേരിക്കയിലെത്തുന്നത്. 1988 മുതല്‍ ന്യൂയോര്‍ക്കിലെ ക്രോമലോയ് റിസര്‍ച്ച് ആന്റ് ടെക്‌നോളജിയില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി നോക്കുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ തിരക്കിനിടയിലും പ്രതിജ്ഞാബദ്ധമായ തന്റെ കലാസപര്യയ്ക്ക് സണ്ണി മുടക്കം വരുത്തിയിട്ടില്ല. അതിന്റേതായ അംഗീകാരങ്ങള്‍ കാലാകാലങ്ങളില്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുമുണ്ട്.

അഖില കേരള ബാലജന സഖ്യത്തിന്റെ കലാപ്രതിഭ അവാര്‍ഡ്, ഇന്റര്‍ കോളജിയറ്റ് നാടക മത്സരത്തില്‍ മികച്ച നടന്‍, സ്‌കൂള്‍, കോളേജ് തലങ്ങളിലെ മികച്ച നാടക നടനുള്ള പുരസ്‌കാരങ്ങള്‍, മലയാളംപത്രത്തിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ കമ്മ്യൂണിറ്റി കോളേജില്‍ നടത്തിയ യൂണിഫെസ്റ്റ്-91’ല്‍ കലാപ്രതിഭ, മനീഷി നാടകോത്സവത്തില്‍ വ്യൂവേഴ്‌സ് ചോയിസ് ബെസ്റ്റ് ആക്ടര്‍, ഫോമാ ഫിലഡല്‍ഫിയ കണ്‍വന്‍ഷനിലെ നാടക മത്സരത്തില്‍ മികച്ച നടന്‍ എന്നിങ്ങനെ സണ്ണി കല്ലൂപ്പാറയുടെ പുരസ്‌കാരപ്പട്ടിക നീളുന്നു.

രണ്ട് സിനിമകളില്‍ വേഷമിട്ട ഇദ്ദേഹം സൂര്യാ ടി.വിയിലെ മനസറിയാതെ, വേളാങ്കണ്ണി മാതാവ്, ഏഷ്യാനെറ്റിലെ ഞങ്ങള്‍ സന്തുഷ്ടരാണ്, കുങ്കുമപ്പൂവ്, അല്‍ഫോന്‍സാമ്മ, പിന്നെ ഇത് രുദ്രവീണ, ഹരിചന്ദനം, പ്രവാസി, ഗ്രീന്‍കാര്‍ഡ്, അക്കരക്കാഴ്ച തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ജോപ്പന്‍’എന്ന നര്‍മപ്രധാനമായ പരമ്പരയിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സണ്ണി കല്ലൂപ്പാറ ആനുകാലിക പ്രാധാന്യമുള്ള ലേഖനങ്ങളിലൂടെ ഈ രംഗത്തും തന്റെ സജീവ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. യുവജനസഖ്യം സെക്രട്ടറി, വൈസ് പ്രസിഡന്റ്, യുവജനസഖ്യം റീജിയണല്‍ സെക്രട്ടറി, മാര്‍ത്തോമ്മാ സഭയിലെ അമേരിക്കന്‍ ഭദ്രാസന യുവജനസഖ്യം പ്രഥമ ട്രഷറര്‍, ഫോമാ എമ്പയര്‍ റീജിയണല്‍ ട്രഷറര്‍, മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) പ്രസിഡന്റ് എന്നീ നിലകളില്‍ സംഘടനാ രംഗത്തും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ വിനോദ വേദികളില്‍, പ്രത്യേകിച്ച് നാടകരംഗത്തെ സുപരിചിത മുഖമാണ് സണ്ണി കല്ലൂപ്പാറയുടേത്. ഇരുപതിലധികം പ്രൊഫഷണല്‍ നാടകങ്ങളിലൂടെ 150ലേറെ സ്റ്റേജുകളില്‍ സണ്ണി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് സ്വാഭാവികമായ മിഴിവും അഴകുമേകിയിട്ടുണ്ട്. കലാപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകള്‍ അറിഞ്ഞ് നില്‍ക്കണം എന്ന് ചിന്തിക്കുന്ന സണ്ണി കല്ലൂപ്പാറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലോഭമില്ലാതെ നേതൃത്വം കൊടുക്കുന്നു. പതിനായിരം മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെയുള്ള മുപ്പതിലധികം ഫണ്ട് റെയ്‌സിങ് പ്രോഗ്രാമുകള്‍ക്ക് അമേരിക്കയിലുടനീളം കാര്യക്ഷമവും സുതാര്യവുമായ നേതൃത്വം നല്‍കിയിട്ടുണ്ട്. 

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അഭ്യുന്നതിക്കെന്നപോലെ ജന്മനാട്ടിലേയ്ക്കും സഹകരണത്തിന്റെയും സഹായത്തിന്റെയും പാലം തീര്‍ത്തുകൊണ്ട് ഫോമാ പുതിയ ജനപക്ഷ ചരിത്രമെഴുതുമെന്നും ആ ചരിത്രനിയോഗത്തിന് എളിയ പങ്കാളിത്തം വഹിക്കാന്‍ തന്നെ ഈ അതുല്യ സംഘടനയുടെ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തയയ്ക്കണമെന്നും അമേരിക്കന്‍ മലയാളി സമൂഹത്തോട് സണ്ണി കല്ലൂപ്പാറ ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. നേഴ്‌സ് മാനേജരായ ജെസിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ജെയ്‌സണ്‍, ജോഡന്‍, ജാസ്മിന്‍ എന്നിവര്‍ മക്കള്‍.

സണ്ണി നൈനാന്‍ (സണ്ണി കല്ലൂപ്പാറ) ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് ജനവിധി തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക