ബിബിസി വായിക്കുന്ന ശീലം പണ്ടേ ഉണ്ട്. ഒരു പത്രപ്രവര്ത്തകന് എന്ന
നിലയില്‍ അത് നല്ലൊരു ശീലമാണ്. എല്ലാവരും അത്
അനുവര്‍ത്തിക്കണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുകയും
ചെയ്യുന്നു. ആ ബിബിസിയില്‍ കണ്ട ഒരു വാര്‍ത്ത സത്യത്തില്‍ എന്നെ
ഞെട്ടിക്കുക തന്നെ ചെയ്ത്. അത് ഒരു 14 സെക്കന്‍ഡ് കഥയാണ്. ആ കഥ
വന്നിരിക്കുന്നതാവട്ടെ കേരളത്തില്‍ നിന്നും. ലോകത്തിലെ,
ഏഷ്യയിലെ, ഇന്ത്യയിലെ പോലും തെരഞ്ഞെടുത്ത വാര്‍ത്തകള്‍ മാത്രം
പ്രസിദ്ധീകരിക്കുന്ന ബിബിസിയില്‍ വന്നിരിക്കുന്ന വാര്‍ത്ത 14
സെക്കന്‍ഡ് തുറിച്ചു നോട്ടത്തിന്റേതാണ്. എങ്ങനെ
അമ്പരക്കാതിരിക്കും. അതെ, സിങ്കമെന്ന ഓമന പേരില്‍ ട്രോളുകളില്‍
കിടന്ന് തല കുത്തി മറിയുന്ന സാക്ഷാല്‍ ഋഷിരാജ് സിംഗ് ഐപിഎസിന്റെ 14
സെക്കന്‍ഡ് തുറിച്ചു നോട്ടത്തിനെക്കുറിച്ച് സാക്ഷാല്‍ ബിബിസി
എഴുതിയിരിക്കുന്നു. അതും ട്രോളുകളൊക്കെ വച്ച്. അതിന് താഴെ,
മലയാളത്തിലെ പിക്ചര്‍ മെസേജുകള്‍. ശരിക്കും അമ്പരന്നു പോയി.
പിണറായി വിജയനെക്കുറിച്ചോ, എന്തിന് മോഡിയെക്കുറിച്ചോ പോലും
എഴുതാന്‍ പിശുക്കു കാണിക്കുന്ന ബിബിസിയിലാണ് കേരളമെന്ന കൊച്ചു
സ്ഥലത്തെ ഒരു പ്രസംഗത്തെക്കുറിച്ചുള്ള വാര്‍ത്ത ലോകമെങ്ങും
ശ്രദ്ധിക്കുന്ന വിധത്തില്‍ വന്നിരിക്കുന്നത്.
ഇന്ത്യ
അമ്യൂസ്ഡ് ബൈ 14 സെക്കന്‍ഡ് സ്റ്റാറിങ് റൂള്‍ എന്ന തലക്കെട്ടോടെ
വാര്‍ത്ത വന്നിരിക്കുന്നത്. മനോരമ ഓണ്‍ലൈനിന്റെ പടവും അവരുടെ
ട്വിറ്റര്‍ സന്ദേശങ്ങളും വാര്‍ത്തയ്ക്ക് ബലമായി ഒപ്പം
ചേര്‍ത്തിട്ടുമുണ്ട്.
14 സെക്കന്‍ഡ് ഒരാള്‍ ഒരു പെണ്‍കുട്ടിയെ
തുറിച്ചു നോക്കിയാല്‍ പൊലീസ് കേസെടുക്കുമെന്ന് എക്സൈസ്
കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞത് കേള്‍ക്കുമ്പോള്‍
യുഎസിലിരിക്കുന്ന എന്നെ പോലെയുള്ളവരുടെ നെറ്റി ചൂളുന്നുണ്ട്.
ഇത്രയ്ക്ക് അതിക്രമം നടക്കുന്ന ഒരു സ്ഥലമായി നമ്മുടെ ജന്മനാട്
മാറിയോ, അത് തിരിച്ചറിയാന്‍ വൈകിയോ എന്നൊക്കെ
സംശയിക്കേണ്ടിയിരിക്കുന്നു. .
സംസ്ഥാനത്ത് ഉന്നത
വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്നും ഇതും
ചൂഷണത്തിന്റെ ഒരു വശമാണെന്നും പെണ്‍കുട്ടികള്‍ യഥാസമയത്തു
പ്രതികരിക്കാത്തതു ചൂഷണം കൂടിവരാന്‍ കാരണമെന്നും സിങ്കം
പറയുന്നു. ശരിയാണ് ഇതൊക്കെ. ഇത് ലോകത്തില്‍ എല്ലായിടത്തും
നടക്കുന്നതാണ്. എന്നാല്‍ കേരളത്തില്‍ അദ്ദേഹം പറഞ്ഞ ഒരു സംഗതി
ബിബിസിയിലൂടെ ലോകമെങ്ങും എത്തിയപ്പോള്‍ കേരളത്തെക്കുറിച്ച്
സാധാരണ ജനങ്ങള്‍ കരുതുന്നത്, ഇതൊക്കെ ഇവിടെ മാത്രമേ ഉള്ളു
എന്നാണ്. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ
ചൊവ്വേ ജീവിക്കാന്‍ പറ്റാത്ത സ്ഥലമാണെന്നാണ്. സത്യത്തില്‍ ബിബിസി
വാര്‍ത്ത വായിക്കുന്ന ഒരൊറ്റ പെണ്ണും ധൈര്യമുണ്ടെങ്കില്‍ നമ്മുടെ
സൗന്ദര്യസുരഭില ഭൂമിയായ കേരളത്തില്‍ കാലു തൊടുകേലന്നെതാണ്
സത്യം. ശരിയല്ലേ?
വാസ്തവത്തില്‍ ഇതിനൊക്കെ ഇന്ത്യന്‍ പീനല്‍
കോഡ് പ്രകാരം നിയമമുണ്ടെന്നും ഇന്നേവരെ അത്തരത്തിലൊരു കേസ്
രേഖപ്പെടുത്താത്തതിനു കാരണം സ്ത്രീകള്‍ പരാതി നല്‍കാത്തതു
കൊണ്ടാണെന്നും സിങ്കം പറയുന്നു. ആയിരിക്കാം. എന്നാല്‍
അത്തരത്തിലൊരു സ്ഥിതി വിശേഷം കേരളത്തിലുണ്ടോ ? ഒറ്റപ്പെട്ട ചില
സംഭവങ്ങള്‍ ഉണ്ടായിരിക്കാം. അതു വച്ച് മൂന്നു കോടി ജനങ്ങളെ ഇങ്ങനെ
ബ്രാന്‍ഡ് ചെയ്യണോ? കേരളത്തിലെ മൊത്തം പുരുഷകേസരികളും ഇമ്മാതിരി
തെമ്മാടികളാണെന്ന ധ്വനി ഉണ്ടാക്കണമായിരുന്നോ? ലോകത്തിലെ ഏറ്റവും
വലിയ സാംസ്ക്കാരിക കേന്ദ്രമെന്ന വിളിപ്പേരുള്ള ലണ്ടനില്‍ പോലും
ഇത്തരത്തിലെത്രയോ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഇതും
പോരാഞ്ഞ്, പെണ്‍കുട്ടികളോട് ഋഷിരാജ് പറയുന്നത്,
സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്പ്രേയോ
ഹാന്‍ഡ് ബാഗില്‍ കരുതണമെന്നു കൂടിയാണ്. അപ്പോള്‍ പിന്നെ എല്ലാം
തികഞ്ഞു. സ്ത്രീകള്‍തന്നെ വിചാരിച്ചാലേ ആയുധമില്ലാതെ
പുറത്തിറങ്ങി നടക്കാനാവു അത്രേ. പ്രശ്നങ്ങള്‍ പോലീസിനെ
അറിയിക്കണമെന്നും സ്വയരക്ഷയ്ക്കായുള്ള അടിസ്ഥാന കാര്യങ്ങളാണ്
വിദ്യാര്‍ഥികള്‍ ആദ്യം പഠിക്കേണ്ടതെന്നും ബസിലോ സ്കൂളിലോ കോളജിലോ
വച്ച് ആരെങ്കിലും കമന്റടിക്കുകയോ കയറിപ്പിടിക്കുകയോ ചെയ്താല്‍
സ്ത്രീകള്‍ ബഹളമുണ്ടാക്കുകയും ആളുകളെ അറിയിക്കുകയും
ചെയ്യണമെന്നുമൊക്കെ അദ്ദേഹം ഉദ്ബോധിപ്പിക്കുന്നുണ്ട്. അതൊക്കെ
നല്ലത്. ഇതൊക്കെ ഋഷിരാജിന് മുന്‍പേ പലരും പറഞ്ഞിട്ടുമുണ്ട്.
എന്നാല്‍, ഇപ്പോള്‍ ഋഷിരാജ് സിങ് പറഞ്ഞപ്പോള്‍ അത് ബിബിസി പോലും
വാര്ത്തയാക്കിയിട്ടുണ്ടെങ്കില് അത് 14 സെക്കന്‍ഡിന്റെ കണക്ക്
വച്ചതു കൊണ്ടാവണം. 14 സെക്കന്‍ഡില്‍ ഗോളടിച്ചു നെയ്മര്‍
ഒളിമ്പിക്സ് ഫുട്ബോള്‍ ഹീറോ ആയതു പോലെ, 14 സെക്കന്‍ഡ് കണക്ക്
പറഞ്ഞ് ഋഷിരാജ് സിങ്ങും ഒരു ഐക്കണ്‍ ആയി മാറിയിരിക്കുന്നു.
വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും കളരിപ്പയറ്റ് പഠിക്കണമെന്നു
ഇതൊക്കെ പ്രയോഗിച്ചു തുടങ്ങണമെന്നുമുള്ള ഋഷിരാജ പ്രബോധനം
തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍, വീണ്ടും നാട്ടുവാര്‍ത്ത വായിക്കാന്‍
അറിയാതെ ബിബിസി തെരയേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് അറിയാതെ
ഓര്‍ത്തു പോകേണ്ടി വരുന്നു..
ബിബിസി വാര്‍ത്ത
വായിക്കാന്‍:
http://www.bbc.com/news/world-asia-india-37091948