Image

സഹോദരങ്ങളുടെ ദുരൂഹമരണം: നീതിക്കായിയുള്ള പിതാവിന്റെ പോരാട്ടം ഏഴാം വര്‍ഷത്തില്‍

Published on 30 August, 2016
സഹോദരങ്ങളുടെ ദുരൂഹമരണം: നീതിക്കായിയുള്ള പിതാവിന്റെ പോരാട്ടം ഏഴാം വര്‍ഷത്തില്‍

പാലാ: നീതിക്കായുള്ള ഒരു പിതാവിന്റെ പോരാട്ടം ഏഴു വര്‍ഷം പിന്നിട്ടു. ദുരൂഹസാഹചര്യത്തില്‍ ബൈക്കപകടത്തില്‍ മരണപ്പെട്ട സഹോദരങ്ങളായ രണ്ടു മക്കളുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്ന നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചന്റെ പോരാട്ടമാണ് ഏഴാം വര്‍ഷത്തിലും തുടരുന്നത്. 2009 ആഗസ്റ്റ് 30നു പുലര്‍ച്ചയെയാണ് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യാ സ്‌കൂളിലെ അധ്യാപകനായിരുന്ന വിനു (28) സഹോദരന്‍ വിപിന്‍ (25) എന്നിവര്‍ പാലാ ടൗണില്‍ ദുരൂഹ സാഹചര്യത്തില്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞത്.  ഇവരുടെ ഏഴാം ചരമവാര്‍ഷിക ദിനമായിരുന്നു ഇന്നലെ (30/08/2016). സത്യം തെളിയും വരെ പോരാട്ടം നിറകണ്ണുകളോടെ വക്കച്ചന്‍ പറഞ്ഞു.  ഇരുമക്കളും നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖം അണപൊട്ടി കണ്ണുകള്‍ നിറഞ്ഞൊഴുകി.

വിനുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.  വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി പെയിന്റിംഗ് ജോലികള്‍ രാത്രിയില്‍ നടക്കുന്നുണ്ടായിരുന്നു. ജോലിക്കാരന് നൈറ്റ് കടയില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ പോയ ഇരുവരും അപകടത്തില്‍ മരിച്ചെന്ന വിവരമാണ് ലഭിച്ചത്.  പുലര്‍ച്ചെ 1.30ന് ബിഷപ്‌സ് ഹൗസിനു മുന്നില്‍ ബൈക്കപകടത്തില്‍ മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന റോഡ് റോളറില്‍ നിയന്ത്രണം വിട്ട ബൈക്കിടിച്ചാണ് അപകടമെന്നും പോലീസിനെ കണ്ട് വേഗത്തിലോടിച്ചാണ് അപകടമെന്നുമായിരുന്നു പോലീസ് ഭാഷ്യം.

പോലീസിനെകണ്ട് വെറുതെ ബൈക്കില്‍ പോകുന്നവര്‍ വേഗത്തിലോടിക്കുമോ എന്ന വക്കച്ചന്റെ ചോദ്യത്തിനു പോലീസിനു മറുപടിയില്ല. റോഡ് റോളര്‍ പരിശോധിച്ച ഫോറിന്‍സിക് ഉദ്യോഗസ്ഥര്‍ ബൈക്ക് ഇടിച്ച ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്നു കണ്ടെത്തിയതും സംശയം പോലീസിനു നേര്‍ക്കായി. പോലീസ് വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നു ഉറച്ച വിശ്വാസത്തിലാണ് വക്കച്ചനും കുടുംബാംഗങ്ങളുമെല്ലാം. ഈ അപകടത്തിനു കുറച്ചുകാലം മുമ്പ് സെന്റ് തോമസ് കോളേജിനു മുമ്പിലും യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചത് പോലീസ് ജീപ്പിടിച്ചാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി കൊടുത്തെങ്കിലും അന്വേഷണമുണ്ടായില്ല. തുടര്‍ന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. എന്നാല്‍ സാങ്കേതിക കാരണം പറഞ്ഞു സിബിഐ അന്വേഷണം തടസപ്പെടുത്തി. തുടര്‍ന്നു പുനഃരന്വേഷണം നടത്താന്‍ പാലാ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ഏപ്രില്‍ 16-ന് ഉത്തരവ് നല്‍കിയെങ്കിലും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണ്. പരമാവധി ആറുമാസത്തിനുള്ളില്‍ അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശമെങ്കിലും പോലീസ് അന്വേഷിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും വക്കച്ചന്‍ കുറ്റപ്പെടുത്തി.

കേസില്‍ പോലീസ് സംശയത്തിന്റെ നിഴലിലുള്ളപ്പോള്‍ പോലീസ് തന്നെ കേസന്വേഷിക്കുന്നതില്‍ അപാകതയുണ്ടെന്നു ആക്ഷന്‍ കൗണ്‍സിലും കുറ്റപ്പെടുത്തുന്നു.  സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എബി ജെ. ജോസ്, സാംജി പഴേപറമ്പില്‍ വ്യക്തമാക്കി.
സത്യം തെളിയുന്നതുവരെ പോരാട്ടം തുടരുമെന്ന ദൃഢനിശ്ചയത്തിലാണ് വക്കച്ചന്‍. ഒപ്പം ഏകമകള്‍ വീണയും ഭര്‍ത്താവ് മനോജും.


contact Manoj-  9446407420



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക