Image

സര്‍ക്കാര്‍ വാഗ്ദാനം തള്ളി: വെള്ളിയാഴ്ച ദേശീയ പണിമുടക്ക്

Published on 30 August, 2016
സര്‍ക്കാര്‍ വാഗ്ദാനം തള്ളി: വെള്ളിയാഴ്ച ദേശീയ പണിമുടക്ക്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് മാറ്റമുണ്ടാകില്ലെന്ന് ഇടതുപക്ഷ യൂനിയനുകള്‍ അറിയിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ട്രേഡ് യൂനിയനുകള്‍ ചര്‍ച്ച നടത്തിയെങ്കിലും അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനത്തില്‍ ധാരണയായില്ല. സമരക്കാരുടെ ചില ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ മിനിമം വേതനം 246ല്‍ നിന്നും 350 രൂപയാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. 

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന ബോണസ് കുടിശ്ശിക നല്‍കാമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ വിദേശ നിക്ഷേപത്തില്‍ വരുത്തിയ ഇളവ് പുന:പരിശോധിക്കില്ലെന്നും ജെയ്റ്റ്‌ലി സമരക്കാരോട് പറഞ്ഞു. 

രാജ്യത്തെ തൊഴിലാളികളുടെ നിലനില്‍പിനെ ബാധിക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന 12 ഇന അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ പ്രമുഖ ട്രേഡ് യൂനിയനുകളു സര്‍വിസ് സംഘടനകളും പങ്കെടുക്കുന്നുണ്ട്. 

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സേവാ തുടങ്ങിയ ട്രേഡ് യൂനിയനുകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എന്‍.ജി.ഒ യൂനിയന്‍, എന്‍.ജി.ഒ അസോസിയേഷന്‍ തുടങ്ങിയ സര്‍വിസ്സംഘടനകളും പങ്കാളികളാകും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസ്സപ്പെടുത്തില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക