Image

ജോലി സമയത്ത് ഓണാഘോഷം വേണ്ട; സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

Published on 30 August, 2016
ജോലി സമയത്ത് ഓണാഘോഷം വേണ്ട; സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

   തിരുവനന്തപുരം: ജോലി സമയത്ത് ഓണാഘോഷം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അറിയിച്ചു. പ്രവര്‍ത്തന സമയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ വകുപ്പു മേധാവികള്‍ ശ്രദ്ധിക്കണം. ഓഫിസ് പ്രവര്‍ത്തന സമയങ്ങളില്‍ ഓണാഘോഷ പരിപാടികളോ അത്തപ്പൂക്കളമോ ഇടാന്‍ പാടില്ല. 

എന്നാല്‍ 10 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ ജോലിസമയം ഒഴിവാക്കി ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഇക്കാര്യം വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഓഫിസ് സമയത്തിനു മുന്‍പോ ഉച്ചഭക്ഷണ സമയത്തോ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കണം. 

ആശുപത്രികളും പോലീസ് സ്‌റ്റേഷനുകളും അടക്കമുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫിസുകളില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ ക്രമീകരിക്കണം. ഇതു സംബന്ധിച്ചു പ്രത്യേക കരുതല്‍ ജീവനക്കാര്‍ക്കാര്‍ക്കിടയില്‍ ഉണ്ടാകാന്‍ നിര്‍ദേശിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നതില്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക