Image

ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം ഫലം കണ്ടു ; പ്രതിഷേധവുമായി ചൈന

Published on 27 October, 2016
ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം ഫലം കണ്ടു ; പ്രതിഷേധവുമായി ചൈന


ന്യൂഡല്‍ഹി : ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഫലം കണ്ടു. ചരിത്രത്തിലാദ്യമായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ തിരിച്ചടി നേരിട്ടതോടെ ചൈന ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തി. ഇനിയും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് ബാധിക്കുമെന്ന് ചൈനീസ് എംബസി വക്താവ് ഷീ ലിയാന്‍ പറഞ്ഞു.

പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിനു പിന്നാലെ ഇന്ത്യയെ വിമര്‍ശിച്ച ചൈനീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന പരോക്ഷ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയ വഴിയായിരുന്നു പ്രചാരണം. ഇതിന്റെ ഫലമെന്നോണം നിരവധി സംഘങ്ങള്‍ ദീപാവലിയുമായി ബന്ധപ്പെട്ട് ചൈനീസ് പടക്കങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയിരുന്നു. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടിയായെന്നാണ് നിരീക്ഷണം. ഇതിനു പുറമേ മൊബൈല്‍ വിപണിയിലും, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വിപണിയിലും, ചൈനയ്ക്ക് തിരിച്ചടി നേരിട്ടു.

ഇതോടെയാണ് ഈ വിഷയത്തില്‍ ഇതു വരെ മൗനം തുടര്‍ന്ന ചൈന ഇപ്പോള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. ബഹിഷ്‌കരണം തുടര്‍ന്നാല്‍ ഇന്ത്യയിലെ ചൈനീസ് സംരംഭകരെയും ഉഭയകക്ഷി ബന്ധത്തെയും ഇത് മോശമായി ബാധിക്കും. ഇത് ഇന്ത്യയിലെ ജനങ്ങളെ തന്നെയാകും ബാധിക്കുക. ചൈനയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്നതുപോലെ ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണി കൂടിയാണ് ചൈനയെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണമെന്നും ഷീ ലിയാന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക