Image

സ്വര്‍ണ്ണമത്സ്യം (കവിത-ശ്രീദേവി)

Published on 02 November, 2016
സ്വര്‍ണ്ണമത്സ്യം (കവിത-ശ്രീദേവി)
സ്വപ്നത്തില്‍ നല്ലൊരു സ്വര്‍ണ്ണ മത്സ്യം 

(ശല്‍ക്കങ്ങള്‍ മിന്നുന്നു വെള്ളി പോലെ)

വെള്ളമില്ലാത്തൊരു ചില്ലു ജാറില്‍

തുള്ളിപ്പിടയ്ക്കവേ,  നീറിയുള്ളം...

എങ്കിലുമെന്തൊരു ചന്തമെന്നോ

തങ്ക മത്സ്യത്തിന്റെ നൃത്തലാസ്യം..!

ഒട്ടു നേരം കൂടി കണ്ടിരുന്നാല്‍

കഷ്ടമല്ലേ; യിതു ചത്തു പോകും..!

ചുറ്റിനും വെള്ളത്തിനായ് തിരഞ്ഞേന്‍,

കുറ്റിരുട്ടിന്‍ കടല്‍ കണ്ടു നെഞ്ചം 

പൊട്ടുമാറേങ്ങിക്കരഞ്ഞ നീരാല്‍

ചില്ലു ജാറാഹാ, നിറഞ്ഞു തൂവി..!

പെട്ടെന്നെന്‍ കണ്‍കുഴിക്കുള്ളിലെന്തോ

പൊട്ടി വീഴുമ്പോലെ ചുട്ടു നീറ്റല്‍;

ഞെട്ടി ഞാന്‍ കണ്‍ മിഴിച്ചൊന്നു നോക്കാന്‍

അത്ര മേലായാസപ്പെട്ടു തോല്‌ക്കെ

വെള്ളമില്ലാത്തൊരു ചില്ലു ജാറില്‍

തുള്ളിപ്പിടയ്ക്കുന്ന മത്സ്യമായ് ഞാന്‍..!

വെള്ളി ശല്‍ക്കങ്ങള്‍ തറച്ചു കൊണ്ടെന്‍

കണ്‍ വെട്ടമപ്പാടെ മാഞ്ഞു പോയി..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക