Image

സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 10 December, 2016
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ സുലോചനന്‍, കേരളത്തിലെ 25000-ത്തോളം വരുന്ന കാണി ഗോത്രവര്‍ഗത്തില്‍ പെട്ടയാളാണ്. അഗസ്ത്യമലയില്‍നിന്ന് ഉത്ഭവിക്കുന്ന കരമനയാറിന്റെ കാവലാള്‍മാരാണ് കാണികളെന്നാണ് വിശ്വാസം. ആ സമുദായാംഗമെന്ന നിലയില്‍ സുലോചനന്‍ അഭിമാനിക്കുന്നു. "സുലോചനന്‍ കാണി' എന്നുതന്നെ ഔദ്യോഗിക നാമവും.

തിരുവനന്തപുരത്തെ കൈതമുക്ക് ഓഫീസില്‍ അന്‍പതിലേറെ സഹപ്രവര്‍ത്തകരുടെ മേധാവിയായിരുന്നു സംസാരിക്കുമ്പോള്‍, സ്വന്തം സമൂഹത്തിലെ ഏറ്റവും വലിയ പദവിയിലെത്തിയതിന്റെ ഗര്‍വോ പ്രസന്നതയോ ലവലേശമില്ല. പാസ്‌പോര്‍ട്ട് എല്ലാ പൗരന്റെയും മൗലികാവകാശമാണെന്നു തുറന്നുപറയുന്ന സുലോചനന്‍ ഇന്ത്യയില്‍ ഏറ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ആര്‍.പി.ഒ.കളില്‍ ഒന്നാണ് തിരുവനന്തപുരത്തേതെന്നു പറഞ്ഞു. 2016ല്‍ 1,77,231 പേര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്ടുനിന്ന് 30 കിലോമീറ്റര്‍ അകലെ പെരിങ്ങമ്മല പഞ്ചായത്തില്‍ കലയപുരത്താണ് സുലോചനന്റെ വീട്. കൃഷിക്കാരായിരുന്നുഅച്ഛനമ്മമാര്‍. ചിതറ എസ്.എന്‍. ഹൈസ്കൂളില്‍നിന്നും എസ്.എസ്.എല്‍.സി പാസായി 22-ാം വയസില്‍ വിദേശകാര്യവകുപ്പിനു കീഴില്‍ കൊച്ചി പാസ്‌പോര്‍ട്ട് ഓഫീസില്‍ ക്ലാര്‍ക്കായി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്ത് എത്തി. സൂപ്രണ്ട്, അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസര്‍, ഡെപ്യൂട്ടി പാസ്‌പോര്‍ട്ട് ഓഫീസര്‍ എന്നീ പദവികള്‍ക്കു ശേഷം രണ്ടുമാസം മുമ്പ് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍. മൊത്തം 37 വര്‍ഷം സര്‍വീസ്, ഫെബ്രുവരി 28നു റിട്ടയര്‍ ചെയ്യും.

തിരുവനന്തപുരത്തുനിന്ന് തമിഴ്‌നാട്ടിലേക്കുള്ള രാജപാതകളിലൊന്നാണ് കലയപുരം വഴി കടന്നുപോകുന്നത്. പതിന്നാലു കിലോമീറ്റര്‍ അകലെ കുളത്തൂപ്പുഴ. അതിനടുത്ത് തെന്മല, ആര്യങ്കാവ്, ചെങ്കോട്ട വഴി തെങ്കാശി, ശിവകാശി.

തിരുവനന്തപുരം ജില്ലയില്‍ അഗസ്ത്യമലയ്ക്കു ചുറ്റുമുള്ള വനമേഖലകളിലാണ് കാണികള്‍ മുഖ്യമായും അധിവസിക്കുന്നത്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള തമിഴ്‌നാട് മേഖലയിലും കാണിക്കാരുണ്ട്. വനത്തിലെ സസ്യമൂലാദികളില്‍നിന്നു പഠിച്ച വൈദ്യം അവര്‍ പരമ്പരാഗതമായി പ്രയോഗിച്ചുപോരുന്നു. ആരോഗ്യപ്പച്ച എന്ന സസ്യമാണു പ്രധാന മരുന്നിനം. രാജകൊട്ടാരത്തില്‍ പ്രത്യേക അവകാശങ്ങളും കാണിക്കാര്‍ക്കു കല്പിച്ചു നല്‍കിയിരുന്നു. അഗസ്ത്യമല കയറുമ്പോള്‍ വനത്തില്‍ അവിടവിടെയായി കാണികള്‍ മരുന്നിടിക്കാന്‍ ഉപയോഗിച്ചിരുന്ന കല്ലുരലുകള്‍ നിരന്നുകിടക്കുന്നതു കാണാം.

ശരീരത്തിന് ഊര്‍ജവും രോഗപ്രതിരോധശക്തിയും നല്‍കുന്ന ട്രൈക്കോപ്പസ് സെയ്‌ലാനിക്കസ് ട്രാവന്‍കൂറിക്കസ് എന്നു ശാസ്ത്രനാമമുള്ള ആരോഗ്യപ്പച്ചയാണ് കാണികളുടെ ഏറ്റവും പ്രധാന നേട്ടം. നെടുമങ്ങാടിനടുത്ത് പാലോട് പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ജെ.എന്‍.ടി.ജി.ബി.ആര്‍.ഐ) ഇതിനെക്കുറിച്ച് ഗവേഷണപഠനങ്ങള്‍ നടത്തി. പ്രശസ്തനായ ഡോ. പി. പുഷ്പാംഗദന്‍ ഡയറക്ടറായിരിക്കുമ്പോള്‍ ജീവനി എന്ന പേരില്‍ ഒരു മരുന്ന് വികസിപ്പിച്ചെടുത്തു. അതിന്റെ വിപണനാവകാശം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിക്കു നല്‍കി. ലാഭവിഹിതത്തില്‍ പകുതി കാണികള്‍ക്കായി രൂപവത്കരിച്ച ഒരു ട്രസ്റ്റിനു നല്‍കണമെന്ന വ്യവസ്ഥയുണ്ടാക്കി.

ഇതിനിടെ, കാണികളില്‍ പ്രമുഖനായ കുട്ടിമാത്തന്‍ കാണിയെ 2002ല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന യുഎന്‍ ഭൗമസമ്മേളനത്തിലേക്ക് (എര്‍ത്ത് സമ്മിറ്റ്) ക്ഷണിച്ചു. അവിടെ സമ്മേളനം ഉദ്ഘാടനം ചെയ്ത കനേഡിയന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ട് രണ്ടു വാചകം ഇംഗ്ലീഷില്‍ പ്രസംഗിക്കാനും കുട്ടിമാത്തന്‍ കാണിക്കു കഴിഞ്ഞു. കാണി ട്രസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ ഡോ. പുഷ്പാംഗദന് യുഎന്‍ ഇക്വേറ്റര്‍ ഇനിഷ്യേറ്റീവ് അവാര്‍ഡും ലഭിച്ചു.

യുഎന്‍ അവാര്‍ഡ് തുകയായ 30,000 ഡോളര്‍ എവിടെപ്പോയി എന്നു ചോദിക്കുന്നു, ആരോഗ്യപ്പച്ചയെപ്പറ്റി കേരള യൂണിവേഴ്‌സിറ്റി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പില്‍ ഡോക്ടറല്‍ ഗവേഷണം നടത്തുന്ന കാണി സമുദായക്കാരനായ പി.കെ. അനൂപ്. ഗ്രാമവികസന വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറായ അനൂപിന് ഇപ്പോള്‍ വയനാട്ടിലെ കല്പറ്റയിലാണു ജോലി. കാണി സമുദായത്തിന്റെ വളര്‍ച്ചയുടെ പടവുകളിലെ ഒറ്റയാന്‍.

സമുദായത്തില്‍നിന്ന് ഒരു ഐ.എ.എസുകാരനോ ഐ.എഫ്.എസുകാരനോ ഐ.പി.എസുകാരനോ ഉണ്ടായിട്ടില്ലെന്ന് സുലോചനന്‍ കാണി സമ്മതിക്കുന്നു. ഏതാനും എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ഉണ്ടായിട്ടുണ്ട്. സുലോചനന്റെ മകള്‍ ഗ്രീഷ്മ മഞ്ചേരി മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. സഹോദരി വത്സലയുടെ മകള്‍ ഡോ. ജിനി സര്‍ക്കാര്‍ സര്‍വീസിലുണ്ട്. വത്സല ഏജീസ് ഓഫീസില്‍ ഉദ്യോഗസ്ഥയാണ്. മൂത്ത സഹോദരി പത്മാവതി തിരുവനന്തപുരം ഫുഡ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍.

വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ അതിന്മേല്‍ വായ്പയെടുക്കാനോ സാധിക്കില്ല. കൈവശഭൂമിയെന്ന രേഖയുണ്ടെന്നു മാത്രം. കലയപുരത്തും ചുറ്റുപാടുമായി കാണികളുടെ 95 വീടുകള്‍. അവിടത്തെ ഫോറസ്റ്റ് റൈറ്റ് കമ്മിറ്റി (എഫ്.ആര്‍.ഐ)യുടെ പ്രസിഡന്റ് മതികുമാരിയെയും സെക്രട്ടറി സുന്ദരേശനെയും കണ്ടു. മതികുമാരിയുടെ ഭര്‍ത്താവ് അശോക്കുമാര്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനാണ്. സുന്ദരേശന്‍ പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി റിട്ടയര്‍ ചെയ്തു.

റിട്ടയര്‍ ചെയ്താല്‍ കൃഷിയിലേക്കു തിരിയണമെന്നാണ് സുലോചനന്റെ ആഗ്രഹം. സ്വന്തമായുള്ള ഒരേക്കര്‍ പുരയിടത്തില്‍ നല്ലൊരു വീടായി. തൊടി നിറയെ തെങ്ങ്, കമുക്, കുരുമുളക്, വാഴ, മരച്ചീനി... എല്ലാമുണ്ട്. ഒരപകടത്തെത്തുടര്‍ന്ന് ബൈക്ക് സവാരി നിര്‍ത്തി. പുതിയൊരു കാര്‍ വാങ്ങി, ഡ്രൈവറെ വച്ചാണ് യാത്ര. സുല്‍ത്താന്‍ബത്തേരിയില്‍നിന്നുള്ള കുറുമ സമുദായക്കാരി ലീലയാണു ഭാര്യ. ഗ്രീഷ്മ ഉള്‍പ്പെടെ മൂന്നു മക്കള്‍. മൂത്തയാള്‍ ജിഷ്ണു, ഇളയ ആള്‍ അക്ഷയിന് രണ്ടര വയസ്.

കേരളത്തില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുമ്പോള്‍ തിരുവനന്തപുരത്ത് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആയിരുന്നത് പി.വി. മാത്യുവാണ്. അദ്ദേഹം റിട്ടയര്‍ ചെയ്തപ്പോഴാണ് സുലോചനന്‍ ആ പദവിയിലേക്കു വരുന്നത്. കോട്ടയം ജില്ലയില്‍ ജനിച്ച് ഇടുക്കിയിലും പത്തനംതിട്ടയിലും വളര്‍ന്ന മാത്യു കൊച്ചിയിലാണ് ക്ലാര്‍ക്കായി സേവനം തുടങ്ങിയത്. പൊളിറ്റിക്‌സില്‍ മാസ്റ്റേഴ്‌സ് ഉണ്ട്. ഗോവ, തൃശിനാപ്പള്ളി, ചെന്നൈ, മലപ്പുറം എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം തിരുവനന്തപുരത്തെത്തി റിട്ടയര്‍ ചെയ്തു; 36 വര്‍ഷത്തെ സര്‍വീസ്.

""പാസ്‌പോര്‍ട്ട് സേവനത്തിന്റെ കാര്യത്തില്‍ ഏറ്റം സൗഭാഗ്യം സിദ്ധിച്ച സംസ്ഥാനമാണു കേരളം. ഇവിടെ മാത്രം 13 സേവാകേന്ദ്രങ്ങളുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊക്കെ ഒന്നോ രണ്ടോ കേന്ദ്രങ്ങള്‍ മാത്രമേയുള്ളൂ. കേരളത്തില്‍നിന്നു രണ്ടു പ്രഗത്ഭര്‍ - ഇ. അഹമ്മദും ശശി തരൂരും വിദേശകാര്യവകുപ്പില്‍ മന്ത്രിമാരായി വന്നത് ഗുണംചെയ്തു.

""തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ മാത്രം മൂന്ന് സേവാകേന്ദ്രങ്ങളുണ്ട് - തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍ (നെയ്യാറ്റിന്‍കര), കൊല്ലം. കൊല്ലത്തെ കേന്ദ്രം കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കുവേണ്ടിയാണ്. ഇന്ത്യയില്‍ എല്ലായിടത്തും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ് സേവാകേന്ദ്രങ്ങള്‍ നടത്തുന്നത്'' -മാത്യു അറിയിച്ചു.

തിരുവനന്തപുരം എല്ലാംകൊണ്ടും അനുഗൃഹീതമാണ്. യുഎഇയുടെ ഒരു സമ്പൂര്‍ണ കോണ്‍സുലേറ്റ് അവിടെ തുറന്നത് അടുത്തകാലത്താണ്. ജര്‍മനി, റഷ്യ, ശ്രീലങ്ക എന്നിവയുടെ ഓണററി കോണ്‍സുലേറ്റുകളും ആരംഭിച്ചിട്ടുണ്ട്.

ഒപ്പം, മാത്യുവും ഭാഗ്യവാന്‍. ഭാര്യ ശാന്തമ്മ മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസില്‍ (എം.ഇ.എസ്) ഉദ്യോഗസ്ഥയാണ്. മകള്‍ സമത ഖരഗ്പുര്‍ ഐ.ഐ.ടി.യില്‍ എം.ടെക് കഴിഞ്ഞ് ഡല്‍ഹിയില്‍ സി.എസ്.ഐ.ആറില്‍ ബയോടെക്‌നോളജിയുടെ ജനിതക മേഖലയില്‍ പിഎച്ച്.ഡി ചെയ്യുന്നു. മകന്‍ സമന്‍ തിരുവനന്തപുരത്ത് ബി.ടെക് വിദ്യാര്‍ത്ഥി.
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സുലോചനന്‍ കാണി - റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍.
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സഹോദരി ഏജീസ് ഓഫീസ് ഉദ്യോഗസ്ഥ വത്സലയ്‌ക്കൊപ്പം.
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഫുഡ് കോര്‍പറേഷനില്‍ എ.ജി.എം ആയ സഹോദരി പത്മാവതിക്കൊപ്പം. വത്സലയുടെ മകള്‍ ഡോ. ജിനു, മകള്‍ ഗ്രീഷ്മ
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
അയല്‍പക്കത്തെ നവവധു ദിവ്യക്കും അമ്മ ലീലാമണിക്കും അഭിവാദനം. സുലോചനനോടൊപ്പം ഭാര്യ ലീല, മകന്‍ അക്ഷയ്.
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ആരോഗ്യപ്പച്ചയുടെ പേരില്‍ ജോഹാനസ്ബര്‍ഗില്‍ ഭൗമ ഉച്ചകോടിയില്‍ പങ്കെടുത്ത കുട്ടിമാത്തന്‍ കാണി (ഇടത്ത്).
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ആരോഗ്യപ്പച്ചയെക്കുറിച്ച് കേരള യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറല്‍ ഗവേഷണം നടത്തുന്ന പി.കെ. അനൂപ്.
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കാണികള്‍ രാജസന്നിധിയില്‍ കാഴ്ചകള്‍ സമര്‍പ്പിക്കുന്നു.
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
അഗസ്ത്യമലയില്‍നിന്ന് ഒഴുകിയെത്തുന്ന കരമനയാറ്റില്‍ മീന്‍പിടിത്തം.
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കലയപുരത്തെ വനാവകാശ കമ്മിറ്റി പ്രസിഡന്റ് മതികുമാരിയും സെക്രട്ടറി സുന്ദരേശനും. മതികുമാരിയുടെ ഭര്‍ത്താവ് അശോക്കുമാര്‍ (ഇടത്ത്).
സുലോചനന്‍ കാണിക്ക് സമൂഹത്തിലെ പരമോന്നത പദവി: തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
നേട്ടങ്ങളുടെ വഴിത്താരയില്‍: റിട്ട. ആര്‍പിഒ പി.വി.മാത്യു കോട്ടയം ഇലക്കൊടിഞ്ഞിയില്‍ പുതിയ വീടിനു മുമ്പില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക