Image

ചലചിത്രമേളയില്‍ ഇരിക്കപ്പൊറുതിയില്ലാത്ത 'ജനഗണമന...' വിവാദം (എ.എസ് ശ്രീകുമാര്‍)

Published on 14 December, 2016
ചലചിത്രമേളയില്‍ ഇരിക്കപ്പൊറുതിയില്ലാത്ത 'ജനഗണമന...' വിവാദം (എ.എസ് ശ്രീകുമാര്‍)
തിരുവനന്തപുരത്ത് 21-ാമത് അന്താരാഷ്ട്ര ചലചിത്രമേള വെള്ളിത്തിരയില്‍ ലോകവിസ്മയ സിനിമകളെ പകര്‍ത്തി തിയേറ്ററുകളെ ഭിന്ന വികാരങ്ങളാല്‍ ഇളക്കിമറിക്കുമ്പോള്‍ മറുഭാഗത്ത് വിവാദത്തിന്റെ തിരയിളക്കവും ശക്തമായിരിക്കുകയാണ്. അല്ലെങ്കിലും എല്ലാ കൊല്ലവും അന്താരാഷ്ട്ര ചലചിത്രമേളയോടനുബന്ധിച്ച് സിനിമയ്ക്കുള്ളിലോ പുറത്തോ ഉള്ളതുമായ ഏതെങ്കിലും വിഷയം വിവാദമാകാറുണ്ട്. കഴിഞ്ഞ വര്‍ഷം ചുംബന സമരവുമായി ബന്ധപ്പെട്ട 'വിഷയ'ങ്ങളാണ് മേളയില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും അടക്കാനാവാത്ത വികാര പ്രകടനങ്ങള്‍ക്കും വഴിതെളിച്ചതെങ്കില്‍ ഇക്കുറി ദേശീയഗാനത്തെ ചൊല്ലിയുള്ള കാര്യങ്ങളാണ് പോലീസ് ഇടപെടലിലേയ്ക്കും സംഘര്‍ഷത്തിലേയ്ക്കും പ്രതിഷേധത്തിലേയ്ക്കുമൊക്കെ കടന്നുചെന്നിരിക്കുന്നത്.

ചലചിത്രോല്‍സവത്തില്‍ ഓരോ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി തിയേറ്ററുകളില്‍
ദേശീയ ഗാനം നിര്‍ബന്ധമാണെന്നും ദേശീയ ഗാനാലപന സമയത്ത് വിദേശികളുള്‍പ്പെടെയുള്ള എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും അതേസമയം ഭിന്ന ശേഷിയ്ക്ക് ഇരിക്കാമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവാണ് സമ്മിശ്ര പ്രതികരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കിയിരിക്കുന്നത്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ വിദേശികള്‍ എഴുന്നേറ്റു നില്‍ക്കാന്‍ തയ്യാറാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ചലചിത്ര മേളയില്‍ ദേശീയ ഗാനം ആലപിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സിനിമ പ്രദര്‍പ്പിക്കാനെത്തുന്ന വിദേശികള്‍ക്ക് ദേശീയ ഗാനം ബുദ്ധിമുട്ടാകുമെന്ന വാദം തള്ളിയ കോടതി ഹര്‍ജിക്കാരുടെ വാദം ഞെട്ടിപ്പിക്കുന്നതാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവ് ഘോഷ് എന്നിവരുള്‍പ്പെട്ട ബെഞ്ചായിരുന്നു നേരത്തെ സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുന്നതില്‍ വന്‍ പ്രതിഷേധമാണ് മേളയില്‍ ഉള്ളത്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ പറയുന്നത്. ദേശീയഗാനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുള്ളതിനാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കേണ്ടിവരും. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ, സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ചലചിത്രോത്സവത്തിനിടെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ11 പേരെയാണ് അറസ്റ്റ് ചെയ്തത്. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണറെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ കോടതി അലക്ഷ്യത്തിന് കേസെടുത്ത ശേഷം വിട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിക്ക് നിശാഗന്ധി തിയേറ്ററില്‍ ഈജിപ്ഷ്യന്‍ ചിത്രമായ 'ക്ലാഷി'ന്റെ പ്രദര്‍ശനത്തിനിടെയാണ് ആദ്യ സംഭവമുണ്ടായത്. അഞ്ച് പുരുഷന്മാരെയും ഒരു സ്ത്രീയെയും മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ ആറുപേര്‍ എഴുന്നേറ്റില്ല. സമീപത്തുണ്ടായിരുന്ന പോലീസുകാരന്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ലത്രേ. അതിനുശേഷം മ്യൂസിയം പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അടുത്ത ഷോയ്ക്ക് കയറിയ അഞ്ച് പേരെ കൂടി കസ്റ്റഡിയിലെടുത്തു. 

ചില മാധ്യമങ്ങള്‍ തിയേറ്ററില്‍ എഴുന്നേറ്റ് നില്‍ക്കാത്തവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ കോപ്പി സഹിതം ബി.ജെ.പി-യുവമോര്‍ച്ച പരാതി നല്‍കുകയാണുണ്ടായത്. ഒരു കാലത്ത് ദേശീയഗാനത്തെയും ദേശീയപതാകയെയും തള്ളിപ്പറഞ്ഞവരും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ തൂക്കിക്കൊന്ന ദിവസം ബലിദാനമായി എല്ലാ വര്‍ഷവും ആചരിക്കുന്നവരും ഇപ്പോള്‍ രാജ്യസ്‌നേഹത്തിന്റെ മറ പിടിച്ച് ചലചിത്രോല്‍സവ വേദിയെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരും കോഴിക്കോട് സ്വദേശികളുമായ നൗഷാദ്, അശോക് കുമാര്‍, കാസര്‍കോട് സ്വദേശി ഹനീഫ, കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടറും വയനാട് സ്വദേശിയുമായ ജോയില്‍ സി ജോസ്, നാരദ ന്യൂസ് സ് പെഷ്യല്‍ കറസ്പോണ്ടന്റ് വിനേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി സബ് എഡിറ്ററും കോട്ടയം സ്വദേശിയുമായ രതിമോള്‍ എന്നിവരെയാണ് ആദ്യ ഘട്ടത്തില്‍ കസ്റ്റഡിയിലെടുത്തത്. ദേശീയഗാന സമയത്ത് ആളുകള്‍ എഴുന്നേറ്റ് നില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തീയേറ്ററിനുള്ളില്‍ പോലീസുകാരെ നിയോഗിക്കില്ലെന്ന് സംഭവം വിവാദമായതോടെ ഡി.ജി.പി വ്യക്തമാക്കി.  തിയേറ്ററിനുള്ളില്‍ നിന്ന് ആളുകളെ അറസ്റ്റ് ചെയ്യുന്നത് അനുവദിക്കില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞിരുന്നു. കമലിന്റെ കൊടുങ്ങല്ലൂരിലെ വീടിന് മുമ്പില്‍ ദേശീയഗാനം ആലപിച്ച് ബി.ജെ.പിക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തി. വഴിയില്‍ നിന്ന് ജനഗണമന ചൊല്ലിയവരാണ് യഥാര്‍ത്ഥത്തില്‍ ദേശീയഗാനത്തെ അപമാനിച്ചതെന്നും ദേശസ്‌നേഹം ചിലരുടെ മാത്രം കുത്തകയല്ലെന്നും കമല്‍ കുറ്റപ്പെടുത്തി.
***
ദേശീയ ഗാനാലാപനവും അതിന് വ്യക്തികള്‍ കൊടുക്കേണ്ട ബഹുമാനവും സംബന്ധിച്ച നിയമവശം പരിശോധിക്കേണ്ടതുണ്ട്. 1971ല്‍ വന്ന 'പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്‌സ് റ്റു നാഷണല്‍ ഓണര്‍ ആക്ട്' ആണ് ഇതിന്റെ ആധാരം. ഈ നിയമത്തിന് മൂന്ന് വകുപ്പുകളുണ്ട്. ഒന്നാമത്തേത് അതിന്റെ പേര് അടങ്ങുന്നതാണ്. രണ്ടാമത്തേത്, ദേശീയപതാകയുമായി ബന്ധപ്പെട്ടുള്ളതാണ്. ദേശീയ പതാകയെ എപ്രകാരമാണ് ആദരിക്കേണ്ടത്, അനാദരവ് കാട്ടിയാല്‍ എന്തെല്ലാമാണ് ശിക്ഷ തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ വിവരിക്കുന്നു. മൂന്നാമത്തെ വകുപ്പ് ദേശീയഗാനത്തെക്കുറിച്ചുള്ളതാന്. അതില്‍ ഇപ്രകാരം പറയുന്നു... 'Whoever intentionally prevents the singing of the Indian National Anthem or causes disturbances to any assembly engaged in such singing shall be punished with imprisonment for a term, which may extend to three years, or with fine, or with both..''

അതായത്, ആരെങ്കിലും മനപൂര്‍വമായി ദേശീയഗാനാലാപനം നടത്തുന്നതിനെ തടസപ്പെടുത്തുകയോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ശല്യപ്പെടുത്തുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവോ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായിരിക്കുമത്. ദേശീയഗാനം ലൈവായി ആലപിക്കുമ്പോഴോ റെക്കോഡ് ഇട്ട് കേള്‍പ്പിക്കുന്ന സമയത്തോ ആരും എഴുന്നേറ്റ് നില്‍ക്കണമെന്ന് ഈ നിയമത്തിലൊരിടത്തും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. 

ഈ വിഷയവുമായി ബന്ധപ്പെട്ട് പരമോന്നത നീതിപീഠത്തില്‍ രണ്ടു കേസുകള്‍ വന്നിട്ടുണ്ട്. 1986ല്‍ കേരളത്തില്‍ നിന്നുള്ള യഹോവ സാക്ഷികളുടെ 'ബിജോയ് ഇമ്മാനുവേല്‍' കേസാണ് ഒന്ന്. 1985 ജുലൈയില്‍ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തില്‍, ദേശീയഗാനം പാടാത്തതിന്റെ പേരില്‍ യഹോവ സാക്ഷികളായ ചില വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഈ കേസ് സുപ്രിം കോടതിയില്‍ പരിഗണിച്ച പ്രത്യേക ബഞ്ച് പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്‌കോടതികളെയും നിശിതമായി വിമര്‍ശിക്കുകയും, യഹോവ സാക്ഷികളായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി. ദേശീയഗാനത്തെ മാനിക്കേണ്ടതും ആദരിക്കേണ്ടതും വ്യക്തിയുടെ ചുമതലയും ഉത്തരവാദിത്തവുമാണെന്നും ഭരണഘടനയുടെയോ സ്‌കൂളിന്റെ അച്ചടക്കത്തിന്റെയോ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്ന് അടിച്ചേല്‍പ്പിക്കാന്‍ പാടുള്ളതുമല്ലെന്നാണ് പ്രസ്തുത കേസിലെ വിധിയുടെ രത്‌നച്ചുരുക്കം.

ഈ ഉത്തരവ് നിലനില്‍ക്കെ 2004ല്‍ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു കേസ് കോടതിയിലെത്തി. നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹാറിന്റെ 'കഭി കുശി കഭി ഗാം...' എന്ന ചിത്രത്തിനെതിരെ പൊതുതാത്പര്യ ഹര്‍ജിക്കാരന്‍ ശ്യാം നാരായണ്‍ ചോക്‌സി കൊടുത്ത കേസ് മധ്യപ്രദേശ് ഹൈക്കോടതിയിലെത്തി. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവച്ച ഉത്തരവിട്ട സുപ്രീംകോടതി ബഞ്ചിലെ ജസ്റ്റിസ് ദീപക് മിശ്ര അന്ന് മധ്യപ്രദേശ് ഹൈക്കോടതിയിലായിരുന്നു. മേല്‍പ്പറഞ്ഞ സിനിമയില്‍ ദേശീയഗാനാലാപന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് മോശപ്പെട്ട നിലയിലാണെന്നും ദേശീയഗാനാലാപന സമയത്ത് ആരും എഴുന്നേല്‍ക്കുന്നില്ലെന്നും കാട്ടിയാണ് നാരായണ്‍ ചോക്‌സി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി അനുവദിച്ചുകൊണ്ട് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും വിവാദ ഭാഗങ്ങള്‍ മാറ്റിയതിനു ശേഷമേ പ്രദര്‍ശനം തുടരാനാവൂ എന്നും 2003 ജൂലൈ മാസത്തില്‍ ജസ്റ്റിസ് മിശ്ര അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. 

എന്നാല്‍ പ്രസ്തുത വിധിക്കെതിരെ കരണ്‍ ജോഹര്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. തുടര്‍ന്ന് 2004 ഏപ്രില്‍ 19ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് വി.എന്‍ ഘേര്‍ അടങ്ങുന്ന ബഞ്ച് കീഴ്‌ക്കോടതി വിധി അസാധുവാക്കുകയായിരുന്നു. 2006 നവംബര്‍ 15ന് കേസ് അവസാനിപ്പിച്ച കോടതി സിനിമ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ തന്നെ ഒരുവിധ മാറ്റങ്ങളും വരുത്താതെ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. ദേശീയഗാനാലാപന സമയത്ത് ഏഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി.  

ദേശീയഗാനം ഇതിനൊക്കെ മുമ്പും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. 1911, ഡിസംബര്‍ 27ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോര്‍, 'ജനഗണമന...' ആദ്യമായി ആലപിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം ബ്രിട്ടനിലെ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന് സ്വീകരണം നല്‍കി. അതിനാല്‍ ഗാനത്തില്‍ ദൈവമെന്ന് (ഭാഗ്യവിധാതാ) വിവക്ഷിച്ചിരിക്കുന്നത് ജോര്‍ജ്ജ് രാജാവിനെയാണെന്ന് മിക്കവരും തെറ്റിദ്ധരിക്കുകയുണ്ടായി. പിന്നീട്, 'വിധാതാവ്' ആയി കരുതുന്നത് ദൈവത്തിനെ തന്നെയാണെന്ന് ടാഗോര്‍ വ്യക്തമാക്കി. ബ്രിട്ടീഷുകാര്‍ വച്ചുനീട്ടിയ 'പ്രഭു' പട്ടം വലിച്ചെറിഞ്ഞ ടാഗോര്‍ എന്ന ദേശീയവാദി ജോര്‍ജ്ജ് അഞ്ചാമനെ ദൈവമായി വാഴ്ത്തുകയില്ലല്ലോ. ദേശീയഗാനത്തില്‍ 'സിന്ധ്' എന്ന പദം ഉപയോഗിക്കുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് 2005ല്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പാകിസ്താനിലെ ഒരു പ്രവിശ്യയാണു് സിന്ധ് എന്നതായിരുന്നു വിവാദകാരണം. എന്നാല്‍ ദേശീയഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും സിന്ധ് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തേയാണെന്നും അതല്ലാതെ ഒരു പ്രവിശ്യയെ അല്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെടുകയുണ്ടായി.
***
ഇപ്പോഴത്തെ സുപ്രീം കോടതി ഉത്തരവുപ്രകാരം ദേശീയഗാനാലാപന സമയത്ത് തിയേറ്ററില്‍ ആളുകള്‍ എഴുന്നേല്‍ക്കാത്തത് നിയമലംഘനമാണെന്നും അത്തരം നിയമലംഘനങ്ങളുണ്ടായാല്‍ നടപടിയെടുക്കാതിരിക്കാനാവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇരുന്നാല്‍ എന്ത് ചെയ്യണമെന്ന് നിയമം പറയുന്നില്ല. ബോധപൂര്‍വമായ അനാദരവ് കുറ്റമാണെന്നതുസംബന്ധിച്ചും വ്യക്തയില്ല. തിയേറ്ററില്‍ ഒറ്റ ദിവസം തന്നെ നാലും അഞ്ചും സിനിമ കാണുന്നവര്‍ ഓരോ സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴും എഴുന്നേറ്റ് നില്‍ക്കണോ വേണ്ടയോ എന്നുള്ള പ്രശ്‌നം ഉണ്ട്. ഇതിനുള്ള പരിഹാരം സംബന്ധിച്ചും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തതയില്ല. രാജ്യ സ്‌നേഹികള്‍ ദേശിയഗാനത്തെ എതിര്‍ക്കില്ല, ബഹുമാനിക്കാതെയിരിക്കുകയുമില്ല. ദേശീയത എന്നത് നിയമത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാവുന്ന ഒന്നല്ല, മറിച്ച് അത് നമ്മുടെ മനോഭാവത്തില്‍ നിന്നുണ്ടാവേണ്ടതാണ്. ഔദ്യോഗികമായ നിര്‍ണ്ണയങ്ങള്‍ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കന്‍ഡുകള്‍ കൊണ്ടാണ്. അത്രയും നേരം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷിയും ശേമുഷിയും നമുക്ക് ചോര്‍ന്നു പോയോ എന്നതും പ്രസക്തമായ ചോദ്യമാണ്.

ചലചിത്രമേളയില്‍ ഇരിക്കപ്പൊറുതിയില്ലാത്ത 'ജനഗണമന...' വിവാദം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക