ഡാളസ് (ടെക്സാസ്): മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ്
അമേരിക്കന്‍ ഭദ്രാസനത്തിലെ മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി സൗത്ത്
വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ അംഗവും ഗാര്‍ലന്റ് സെന്റ് ഗ്രീഗോറിയോസ്
ഓര്‍ത്തഡോക്സ് വികാരിയുമായ റവ.ഫാ.രാജു എം.ദാനിയേല്‍, പ്ലേനോ സെന്റ് പോള്‍സ്
ഓര്‍ത്തഡോക്സ് ഇടവകാംഗംതോമസ് രാജന്, അറ്റ്ലാന്റാ സെന്റ് തോമസ്
ഓര്‍ത്തഡോക്സ് ഇടവകാംഗം പുലിക്കോട്ടില്‍ ഐ. ജോയി എന്നിവര്‍
തെരഞ്ഞെടുക്കപ്പെട്ടു.
മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല
തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ ഡാളസ്സിലെ ഗാര്‍ലന്റ് സെന്റ് ഗ്രീഗോറിയോസ്
ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന മലങ്കര അസോസിയേഷന് അംഗങ്ങളുടെ
സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിനു സൗത്ത് വെസ്റ്റ്
അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ്
മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍
രണ്ടു വൈദീകരും അഞ്ച് അല്മായരുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
തെരഞ്ഞെടുപ്പില്‍ കുരുവിള വര്‍ഗീസ് (ഹൂസ്റ്റണ്‍)
മുഖ്യവരണാധികാരിയായിരുന്നു.
സൗത്ത്വെസ്റ്റ് ഭദ്രാസനത്തിന്റെ
നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രസ്തുത സമ്മേളനത്തില്‍ അമേരിക്കയിലെയും കാനഡയിലെയും
വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നിരവധി വൈദീകരും ഭദ്രാസന പ്രതിനിധികളും
പങ്കെടുത്തു.
2012 മാര്‍ച്ച് ഏഴിന് പത്തനംതിട്ടയില്‍ ചേരുന്ന മലങ്കര
ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ സഭയുടെ വിവിധ
ഭദ്രാസനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അടുത്ത അഞ്ചു
വര്‍ഷത്തേക്കുള്ള മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി യോഗം
പ്രഖ്യാപിക്കുന്നത്.