Image

വണ്‍, ടൂ, ത്രീ...മന്ത്രി മണിയാശാന്‍ പ്രതി തന്നെ...

എ.എസ് ശ്രീകുമാര്‍ Published on 25 December, 2016
വണ്‍, ടൂ, ത്രീ...മന്ത്രി മണിയാശാന്‍ പ്രതി തന്നെ...
''ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്തു. ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ...ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു...'' 2012 മേയ് 25ന് തൊടുപുഴ മണക്കാട് സി.പി.എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ അണികള്‍ ആവേശത്തോടെ കൈയടിച്ചു കൊടുത്ത ഈ വീരശൂരപരാക്രമ വാക്കുകള്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കട്ടപ്പാരയാകുമെന്ന് എം.എം. മണി എന്ന ഇടുക്കിക്കാരുടെ കിടിലോല്‍ക്കിടിലന്‍ മണിയാശാന്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല. പിണറായി വിജയന്റെ ഭാഷയില്‍ ഭൂലോക കുലംകുത്തിയായ  ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ രാഷ്ട്രീയ കേരളം വിചാരണ ചെയ്യുന്ന ശനിദശയിലായിരുന്നു മണിയുടെ തീപ്പൊരികള്‍. ഇന്ന് മണിയാശാന്‍ പിണറായിയുടെ കാല്‍ തൊട്ട് വണങ്ങി വൈദ്യുതി മന്ത്രിക്കസേരയിലിരിക്കുന്നു. അന്നത്തെ വിവാദ വാക്കുകള്‍ മണിയെ ശരിക്കും ഷോക്കടിപ്പിച്ചിരിക്കുന്നു.

അണികളുടെ മനസില്‍ തീകൊളുത്തിയ മണിയുടെ അന്നത്തെ അത്യാവേശ പ്രസംഗം മാധ്യമങ്ങള്‍ ആഘോഷിച്ചതോടെ വിവാദം കണ്‍ട്രോള് വിട്ടു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നാണ് മണി വീമ്പിളക്കിയത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അഞ്ചേരി ബേബി വധക്കേസില്‍ മണിയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. 2012 നവംബര്‍ 21ന് പുലര്‍ച്ചെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന മണിയെ അറസ്റ്റ് ചെയ്തു. നിയമ നടപടികളത്തെുടര്‍ന്ന് ഏതാനും മാസം ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റിനിര്‍ത്തി. മുണ്ടക്കയ്ക്കല്‍ മാധവന്‍ മണി എന്ന എം. എം മണി കേരളത്തില്‍ ഏറ്റവുമധികം കാലം സി.പി.എം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തിയാണെന്നോര്‍ക്കുക. റിമാന്‍ഡ് തടവുകാരനായി പീരുമേട് സബ്ജയിലിലത്തെിയ മണി 44 ദിവസത്തിനു ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

ആശാന്‍ തിരിച്ചുവന്നു. മന്ത്രിയായി ഒരുമാസം തികയ്ക്കുംമുമ്പ് തന്റെ നാവ് പാമ്പായി രൂപമെടുത്ത് തിരിഞ്ഞുകൊത്തിയെന്ന് പറഞ്ഞാല്‍ മതി. അഞ്ചേരി ബേബി വധക്കേസില്‍ മണി രണ്ടാം പ്രതിയായി തുടരുമെന്നതാണ് നിയമത്തിന്റെ ഇണ്ടാസ്. തന്നെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി നിരുപാധികം തള്ളി. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ അഞ്ചാം പ്രതിയും സി.ഐ.ടി.യു മുന്‍ ജില്ലാ സെക്രട്ടറി എ.കെ ദാമോദരന്‍ ആറാം പ്രതിയുമാവും. പാമ്പുപാറ കുട്ടന്‍, ഒ.ജി മദനന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. വൈദ്യുതി മന്ത്രിക്കസേരയില്‍ ഇരിപ്പുറപ്പിക്കുംമുമ്പ് പണിപാളുമെന്നാണ് തോന്നുന്നത്. മണി രാജിവയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. തലപോയാലും രാജിവയ്ക്കില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും മണി തിരിച്ചടിച്ചിട്ടുണ്ട്. ത്രീ, ടൂ, വണ്‍...എന്ന് കൗണ്ട് ഡൗണ്‍ ചെയ്യാന്‍ മണിയണ്ണനൊരുക്കമല്ല. മന്ത്രിപ്പണി ഇശ്ശി പിടിച്ചുപോയ്...

ആരാണീ അഞ്ചേരി ബേബി...? ഉടുമ്പഞ്ചോല മേലെ ചെമ്മണ്ണാറിലെ യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റുമായിരുന്നു അഞ്ചേരി ബേബി. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു. ബേബി പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു. അതോടെ ബേബിയും നമ്പര്‍ വണ്‍ വര്‍ഗ ശത്രുവായി. തൊഴില്‍ തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന് പറഞ്ഞ്  വിളിച്ചു വരുത്തി മണത്തോട്ടിലെ ഏലക്കാട്ടില്‍ ഒളിച്ചിരുന്നാണ് എതിരാളികള്‍ ബേബിയെ വെടിവച്ചത്. അറുപതിലധികം വെടിയുണ്ടകള്‍ ഏറ്റ ബേബി തല്‍ക്ഷണം മരിച്ചു. ഒമ്പത് പ്രതികളും ഏഴ് ദൃക്സാക്ഷികളുമാണ് കേസില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളും തൊണ്ടികളും വ്യാജമായിരുന്നതിനാലും ദൃക്സാക്ഷികള്‍ സമയത്ത് കൂറുമാറിയതിനാലും 1985 മാര്‍ച്ചില്‍ കേസ് അവസാനിപ്പിച്ചു. ഇതിന് കോണ്‍ഗ്രസ് നേതാക്കളും വാദിക്കുവേണ്ടി കേസുനടത്തുന്നവരും ഒരുമിച്ചതായി ആരോപിക്കപ്പെടുന്നു.

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ എം.എം. മണി ഇടുക്കി മണക്കാട് വച്ച് 2012മേയ് 25ന് നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് ഈ കേസ് പുനരന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. അഞ്ചേരി ബേബിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടേയും കൊലപാതകങ്ങളാണ് പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത്. ഗൂഡാലോചനക്കുറ്റമാണ് മണിക്കെതിരെ ചുമത്തിയത്. ഒന്നും മൂന്നു പ്രതികളായിരുന്ന കൈനകരി കുട്ടനെയും മദനനെയും  2012 നവംബര്‍ 27ന് രാവിലെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് എം.എം മണി ആവര്‍ത്തിച്ച് വ്യക്തമാക്കി. പ്രതിപക്ഷം പറഞ്ഞാലുടന്‍ രാജിവെക്കില്ല. തന്നെ മന്ത്രിയാക്കിയത് എല്‍.ഡി.എഫ് ആണ്. ഇടതുപക്ഷം എടുക്കുന്ന തീരുമാനം എന്തു തന്നെ ആയാലും അത് അംഗീകരിക്കുമെന്നുമാണ് മണിമൊഴിമുത്തുകള്‍. മന്ത്രിയാകുന്നതും കേസുമായി ബന്ധമില്ലത്രേ. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെട്ടിച്ചമച്ച കേസാണിതെന്നും ഉടുമ്പന്‍ചോല എം.എല്‍.എ കൂടിയായ മണി ആക്രോശിച്ചു.
 
കഷ്ടപ്പാടിന്റെ ഒരു ഭൂതകാലം മണിയാശാന് സ്വന്തമായുണ്ട്. കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളില്‍ ഒന്നാമനാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഹൈറേഞ്ചിലെത്തി. ദാരിദ്ര്യം കാരണം പഠനം മുടങ്ങി. പിന്നെ തോട്ടത്തില്‍ കൂലിവേല ചെയ്തു വളര്‍ന്നു. അങ്ങനെ കര്‍ഷക തൊഴിലാളി നേതാവായി. 1966ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970ല്‍ ബൈസണ്‍ വാലി, 1971ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985ല്‍ ആദ്യമായി പാര്‍ട്ടി ഇടുക്കി ജില്ല സെക്രട്ടറി കസേരയിലെത്തി. പിന്നീട് എട്ടുതവണ സി.പി.എം ജില്ലാ സെക്രട്ടറിയായി. അരനൂറ്റാണ്ടു കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ കാല്‍ നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയായിരിക്കാന്‍ അവസരം ലഭിച്ചു. 1996ല്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മത്സരിച്ച മണി മൂവായിരത്തില്‍പരം വോട്ടിന് കോണ്‍ഗ്രസിലെ ഇ.എം അഗസ്തിയോട് തോറ്റു. ആദ്യത്തെ ജില്ലാ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും പരാജയമായിരുന്നു. വി.എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നു. മൂന്നാര്‍ കൈയേറ്റം കാണാന്‍ വന്ന വി.എസിനെ അനുഗമിച്ചിട്ടുണ്ട്. എന്നാല്‍, മൂന്നാര്‍ പാര്‍ട്ടി ഓഫീസ് സ്ഥലവും സഹോദരനും മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ ലംബോദരന്‍ ഉള്‍പ്പെടെയുളള പാര്‍ട്ടി നേതാക്കളുടെ കൈയേറ്റങ്ങളും ഒഴിപ്പിക്കാനുളള അച്യുതാനന്ദന്റെ നീക്കം അവരെ അകറ്റി. തുടര്‍ന്ന്  പിണറായി പക്ഷത്ത് നിലയുറപ്പിച്ചു. അതിന്റെ പാത്യുപകാരമെന്നോണം മന്ത്രിപദവും കിട്ടി.

മണിയാശാന്‍ നല്ല നടന്‍ കൂടിയാണ്. ഇരുവഴി തിരിയുന്നിടം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സ്‌കൈബോണ്ട് ഫിലിം ഡിവിഷന്റെ ബാനറില്‍ ബിജു. സി കണ്ണന്‍ തിരക്കഥയും സംവിധാനവും ചെയ്ത് 2015ല്‍ ഇറങ്ങിയ മലയാള സിനിമയാണിത്. സാധാരണക്കാരായ ചന്ത തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമാണ്. അഭിനയിക്കാന്‍ ഇനിയും ബാല്യമുണ്ട്. മണി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷവും ബി.ജെ.പിയും ഉറച്ച് നില്‍ക്കുകയാണെങ്കിലും സി.പി.എം മണിയെ കൈവിടില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് സോളാര്‍, ബാര്‍ കോഴ ഉള്‍പ്പെടെയുള്ള കേസുകളില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ സമര പുകിലുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം മണിയുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നത്. ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് കസേര തെറിച്ച ഇ.പി ജയരാജന് പകരം മന്ത്രിക്കുപ്പായം കിട്ടിയ മണി നിയമക്കുരുക്കിലകപ്പെട്ടത് സര്‍ക്കാരിന് കീറാമുട്ടിയാണ്.

ഇവിടെ ധാര്‍മികതയുടെ പ്രശ്‌നമുണ്ട്. മണി മന്ത്രിസ്ഥാനത്ത് തുടരുന്നതിന് നിയമപരമായി വിലക്കില്ലെന്ന് സാങ്കേതികമായി പറയാം. അദ്ദേഹം പ്രതിയല്ല. പ്രതിപ്പട്ടികയിലാണഉള്ളത്. കൊലപാതകത്തിന് ദൃക്‌സാക്ഷികളില്ല. വിചാരണയ്ക്ക് ശേഷം കോടതിയുടെ വിധിയനുസരിച്ചാണ് ഒരാള്‍ കുറ്റവാളിയോ നിരപരാധിയോ ആകുന്നത്. പക്ഷേ, കെലപാതകത്തിന്റെ പേരില്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന, വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞ ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും നിരക്കുന്നതല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വണ്‍, ടൂ, ത്രീ...മന്ത്രി മണിയാശാന്‍ പ്രതി തന്നെ...
Join WhatsApp News
Aniyankunju 2016-12-25 19:35:41
The second sentence in the second paragraph of this article is a "green lie". Mani did not mention anyone's name in his speech of 5/25/2012. The Author Mr. Sreekumar owes an apology to the readers for spreading misinformation. By the way, please bear in mind, the chief defendant in the shooting death of CPM MLA A A Kunjaali in the 1970s was none other than Aaryaadan Muhammad, the veteran Congress leader.
Aniyankunju 2016-12-25 20:13:18
FWD:  "....പൊതുപ്രസംഗത്തില്‍ അണികളുടെ ആവേശം കൂട്ടാന്‍ മാത്രം ഉതകിയ ഒരു അസത്യകഥനമാണ്‌ എം.എം. മണിയുടെ പ്രസംഗം എന്നുവേണം കരുതാന്‍. അതല്ല എം.എം. മണിയുടെ പ്രസംഗം സത്യമാണ്‌ എന്നു കരുതുക.അങ്ങനെയാണെങ്കില്‍ പ്രസംഗത്തില്‍ മണി പറഞ്ഞ മറ്റുകാര്യങ്ങളും സത്യമാണ്‌ എന്നുവരും. മൂന്നെണ്ണത്തെ കൊന്നു എന്നു പറഞ്ഞ മണിതന്നെയാണ്‌ ടി.പി. ചന്ദ്രശേഖരനെ ഞങ്ങള്‍ കൊന്നില്ല എന്നും പറയുന്നത്‌. അപ്പോള്‍ അതും സത്യമാണെന്നു വരില്ലേ അതേ ശ്വാസത്തില്‍,അനീഷ്‌ രാജ്‌ [SFI District Leader]എന്ന പയ്യനെ കൊന്നതു പി.ടി. തോമസിന്റെ [Congress Leader] ഗുണ്ടകളാണ്‌ എന്നും മണി പ്രസംഗിക്കുന്നു. ഇതും സത്യമാണെന്നു വരുമോ?അങ്ങനെയെങ്കില്‍ പി.ടി. തോമസിന്റെ പേരിലും കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ആരംഭിക്കേണ്ടതല്ലേ? 
ഒരു പൊതുപ്രസംഗത്തിലെ അതിഭാവുകത്വം ക്രിമിനല്‍ കേസാക്കി മാറ്റിയാല്‍ നാം ചാടുന്നത്‌ അബദ്ധങ്ങളില്‍നിന്ന്‌ അബദ്ധങ്ങളിലേക്കായിരിക്കും. .....................
പൊതുയോഗങ്ങളിലും ജാഥകളിലും മറ്റും സ്‌ഥിരം മുഴങ്ങിക്കേള്‍ക്കാറുള്ള മുദ്രാവാക്യങ്ങളാണ്‌ - പകരം ഞങ്ങള്‍ ചോദിക്കും // അമ്മേക്കണ്ടു മരിക്കില്ല // ഇല്ലം കണ്ടുമരിക്കില്ല // ചോരച്ചാലുകള്‍ നീന്തിക്കയറും // ഇങ്ങനെയൊക്കെയുള്ളവ.  ഇതെല്ലാം വധഭീഷണിയാണെന്നും അതിനാല്‍ മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും ജാഥയ്‌ക്കു ശേഷമുള്ള യോഗത്തില്‍ പ്രസംഗിച്ചവരും മറ്റും വധോദ്യമം,ഗൂഢാലോചന,തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്‌തവരാണെന്നും വന്നാല്‍ ഈ നാട്ടില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ആര്‍ക്കെങ്കിലും നടത്താന്‍ പറ്റുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക