Image

വെടിവെയ്‌പ്‌: രണ്ട്‌ ഇറ്റാലിയന്‍ നാവികരെ അറസ്റ്റ്‌ ചെയ്‌തു

Published on 19 February, 2012
വെടിവെയ്‌പ്‌: രണ്ട്‌ ഇറ്റാലിയന്‍ നാവികരെ അറസ്റ്റ്‌ ചെയ്‌തു
കൊച്ചി: രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പലിലെ രണ്‌ട്‌ നാവികരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. കൊച്ചി പോലീസിന്റെ സഹായത്തോട്‌ കേസ്‌ അന്വേഷിക്കുന്ന കൊല്ലം പോലീസാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. ലാസ്റ്റോറ, ഷാല്‍വസ്റ്റോ എന്നിവരാണ്‌ കസ്റ്റഡിയിലായത്‌. ഇന്ന്‌ വൈകുന്നേരമാണ്‌. ഇരുവരെയും കരയിലെത്തിച്ചത്‌.

വെടി വെച്ചതെന്ന്‌ സംശയിക്കുന്ന ഇവരെ കപ്പലിലെ ജീവനക്കാരുടെ സാന്നിധ്യത്തില്‍ മൊഴിയെടുത്തതിന്‌ ശേഷമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പ്രത്യേക ബോട്ടില്‍ കനത്ത സുരക്ഷയിലായിരുന്നു ഇരുവരെയും കരയിലെത്തിച്ചത്‌. കപ്പലിലെ രേഖകളും പോലീസ്‌ പരിശോധിച്ചതായും കപ്പല്‍ വിട്ടുകൊടുക്കുന്നത്‌ സംബന്ധിച്ച്‌ നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്‌ടെന്നും നാവികരെ കരയിലെത്തിച്ചശേഷം മധ്യമേഖലാ ഐജി പത്മകുമാര്‍ പറഞ്ഞു.

ഇതിനിടെ ന്യൂഡല്‍ഹിയില്‍ ഇറ്റാലിയന്‍ കപ്പിലിലെ നാവിക ഉദ്യോഗസ്ഥരെ നിയമനടപടികള്‍ക്ക്‌ വിധേയരാക്കുന്നത്‌ സംബന്ധിച്ച്‌ ഇറ്റാലിയന്‍ നയതന്ത്ര പ്രതിനിധികളും ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന്‌ രാവിലെ ഡല്‍ഹിയിലെത്തിയ ഇറ്റലിയിലെ ഉന്നത നയതന്ത്രപ്രതിനിധികളുമായിട്ടാണ്‌ അധികൃതര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്‌.

വെടിവയ്‌പ്‌ നടന്നത്‌ രാജ്യാന്തര മേഖലയിലാണെന്നും അതുകൊണ്ട്‌ രാജ്യാന്തര നിയമമനുസരിച്ചുള്ള വിചാരണയും തുടര്‍ നടപടികളും സ്വീകാര്യമുള്ളതെന്നുമാണ്‌ ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായം. വെടിയുതിര്‍ത്തത്‌ നാവികസേന ഉദ്യോഗസ്ഥരാണെന്നും അവര്‍ക്ക്‌ സംശയം തോന്നിയാല്‍ വെടിവയ്‌ക്കാനുള്ള പ്രത്യേക അധികാരമുണ്‌ടെന്നും ഇറ്റാലിയന്‍ അധികൃതര്‍ വാദിച്ചു. ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനമുണ്‌ടാകാഞ്ഞതിനെ തുടര്‍ന്ന്‌ ഇക്കാര്യം കോടതി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ്‌ ഇന്ത്യ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക