Image

പൂജപ്പുര ജയില്‍നിന്ന് മൂന്ന് തടവുകാര്‍ ചാടി; രണ്ടുപേരെ പിടികൂടി; ഒരാള്‍ രക്ഷപ്പെട്ടു

Published on 19 February, 2012
പൂജപ്പുര ജയില്‍നിന്ന് മൂന്ന് തടവുകാര്‍ ചാടി; രണ്ടുപേരെ പിടികൂടി; ഒരാള്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: പൂജപ്പുര സ്‌പെഷ്യല്‍ സബ്ജയിലില്‍നിന്ന് മൂന്ന് തടവുകാര്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ രണ്ടുപേരെ പിന്നീട് പോലീസ് പിടികൂടി. ഒരു തടവുകാരന്‍ രക്ഷപ്പെട്ടു. തടവുകാര്‍ ചാടി രക്ഷപ്പെട്ട വിവരം നാട്ടുകാരും പോലീസുകാരും അറിഞ്ഞതിന് ശേഷമാണ് ജയില്‍ അധികൃതര്‍ അറിഞ്ഞത്.

കുഞ്ചാലുംമൂട്ടിലുള്ള സ്‌പെഷ്യല്‍ സബ്ജയിലിലെ തടവുകാരായ വെഞ്ഞാറമൂട് സ്വദേശി അച്ചു എന്ന കുഞ്ഞുമോന്‍, ഓച്ചിറ സ്വദേശി വിശ്വരാജ്, കന്നുമാമൂട് സ്വദേശി കെ.എസ്. ഷാജി എന്നിവരാണ് തടവുചാടിയത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഷാജിയെയാണ് പിടികിട്ടാനുള്ളത്.

ജയിലിലെ കാന്റീനില്‍ ജോലിനോക്കുന്നവരായിരുന്നു മൂവരും. മരാമത്ത് പണികള്‍ക്കായി ജയില്‍ വളപ്പില്‍ കൊണ്ടിട്ട കാസ്റ്റ് അയണ്‍ പൈപ്പ് മതിലില്‍ ചാരിവെച്ച് ഇതിലൂടെ കയറിയാണ് തടവുകാര്‍ ജയില്‍ ചാടിയത്. ജയില്‍ മതിലിന് 15 അടിയിലേറെ ഉയരമുണ്ട്. ആദ്യം ഷാജിയും തുടര്‍ന്ന് വിശ്വരാജും ചാടി. അവസാനം അച്ചു മതില്‍ ചാടിയെങ്കിലും ഓടിരക്ഷപ്പെടാനാവാതെ കാലിന് പരിക്കേറ്റ് കിടന്നു. ഇതുകണ്ട നാട്ടുകാരാണ് തടവുചാടല്‍ പുറത്ത് അറിയിക്കുന്നത്. പൂജപ്പുര പോലീസ് എത്തി അച്ചുവിനെ കസ്റ്റഡിയിലെടുത്തശേഷം ജയില്‍ അധികൃതര്‍ക്ക് കൈമാറി. മോഷണക്കേസിലെ പ്രതിയാണ് അച്ചു.

മതില്‍ചാടിയ വിശ്വരാജ് മേലാറന്നൂര്‍ ക്വാര്‍ട്ടേഴ്‌സിനുസമീപം കുഴിയില്‍ ഒളിച്ചിരുന്നു. ഇവിടെവെച്ച് കരമന പോലീസാണ് വിശ്വരാജിനെ പിടിച്ചത്. കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് യാത്രക്കാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ഇയാള്‍ ജയിലിലായത്.

രക്ഷപ്പെട്ട ഷാജി കൊച്ചുകുട്ടികളെ തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ജയിലിലായത്. ഷാജിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നതായി ജയില്‍ എ.ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് അറിയിച്ചു. ജയില്‍ ചാടല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക