Image

എത്രനാള്‍ കെടാതെയിരുന്നിട്ടുണ്ടാകും ആ വിളക്ക്? (ശ്രീപാര്‍വതി)

Published on 02 January, 2017
എത്രനാള്‍ കെടാതെയിരുന്നിട്ടുണ്ടാകും ആ വിളക്ക്? (ശ്രീപാര്‍വതി)
കുട്ടിക്കാലം മുതല്‍ ഇഷ്ടത്തോടെ കാത്തിരുന്ന ആളെ ഉപേക്ഷിച്ച് മറ്റൊരാളുടേതാകാന്‍ വേണ്ടി യാത്ര തിരിയ്ക്കുന്ന ആ നിമിഷം ... കരച്ചിലുകളുടെ ചീളുകളില്‍ അയാള്‍ക്ക് മുറിവേറ്റിരുന്നു എങ്കിലും അവസാനമായി അവള്‍ക്ക് യാത്രാമൊഴി നല്‍കി വിവാഹ മണ്ഡപം വരെ അവളുടെ കൈപിടിച്ച് അയാള്‍ നയിക്കുന്നു....

'ഹമീഷാ തുംകൊ ചാഹാ
ഓര്‍ ചാഹാ ചാഹ ചാഹാ..
ഹമീഷാ തുംകൊ ചാഹാ ഓര്‍ ചാഹാ കുച്ഛ് ഭീ നഹി
തുമേ ദില്‍ നെ ഹെ പൂജ.. പൂജാ.. പൂജ...
ഓര്‍ പൂജ കുച്ച് ഭി നഹി
നന നഹി....നന നഹി... നഹിനഹി
കുച്ഛ് ഭി നെഹ്... ഹൂ.. കുച്ഛ് ഭി നഹി...'
ശരത് ചന്ദ്ര ചതോബാദ്ധ്യയയുടെ ദേവദാസ് എന്ന നോവലിനെ ആസ്പദമാക്കി ബോളിവുഡ് ഹിറ്റ് മേക്കര്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സിനിമ ദേവദാസ് റെക്കോഡുകള്‍ ഭേദിച്ച സിനിമയാണ്. ഷാരൂഖ് ഖാന്‍ഐശ്വര്യ ജോഡിയുടെ മനോഹരമായ പ്രണയ രംഗങ്ങളാലും മാധുരി ഐശ്വര്യ നര്‍ത്തന മികവുകളാലും , സെറ്റിങ്‌സിന്റെയും വസ്ത്രാലങ്കാരത്തിന്റെയും മേന്മകൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്ത ഒരേയൊരു ദേവദാസ് പക്ഷെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നത് കണ്ണ് നനയ്ക്കുന്ന നിമിഷങ്ങള്‍ കൊണ്ട് തന്നെയാണ്. ഏറെ സ്‌നേഹത്തിലായിരുന്ന ദേവദാസ് പാറോ ജോഡികള്‍ കുടുംബങ്ങളുടെ ഈഗോയുടെ പേരില്‍ അകലേണ്ടി വരുന്ന അവസ്ഥ ഹൃദയഭേദകമായിരുന്നു.

എപ്പോഴും ഞാന്‍ നിന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്... ഈ ഹൃദയത്തില്‍ നിനക്ക് വേണ്ടി മാത്രമേ ഞാന്‍ പൂജകളും നടത്തിയിരുന്നുള്ളൂ... പാതിവഴിയില്‍ ഹൃദയവും പ്രണയവും മോഹങ്ങളും ഉപേക്ഷിച്ച് മറ്റൊരാളുടേതായി യാത്ര പറയേണ്ടി വരുന്ന ഒരുവളുടെ തീവ്ര സങ്കടം നീയറിയുന്നുണ്ടോ? രക്തം കൊണ്ട് നീ നെറുകയില്‍ ചാര്‍ത്തി തന്ന സിന്ദൂരത്തിനു മുകളില്‍ മാത്രം വെറും രേഖകള്‍ മാത്രമാണ് മറ്റാരോ പകര്‍ത്തിയിട്ടത്.... നിന്റെ കൈപിടിച്ച് മാത്രമേ മറ്റൊരു ജീവിതത്തിലേയ്ക്ക് എനിക്ക് പോകാനാകുമായിരുന്നുള്ളൂ...

'ജോ ദാഗ് തുംനേ മുജ്‌കോ ദിയ
ഉസ് ദാഗ് സെ മേരാ ചേഹര ഖിലാ
രഘൂങ്ങി മി ഇസ്‌കോ നിശാനി ബനാക്കാര്‍
മാഥേ പേ ഇസ്‌കോ ഹമീഷാ സജാകര്‍
ഓ പ്രീതം ഓ പ്രീതം ബിന്‍ തെരെ മേരെ ഈസ് ജീവന്‍ മെന്‍ കുച്ച് ഭി നഹീ...
കുച്ച് ഭി നഹീ കുച്ച് ഭി നഹീ...'
ചില മുറിവുകള്‍ ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കപ്പെടേണ്ടതാണത്രേ... കാരണം ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്കുള്ള യാത്രയില്‍ മരണം വരെ തുടരുന്ന അന്യഥാബോധത്തില്‍ നിന്നും രക്ഷിയ്ക്കാന്‍ അത്തരം മുറിവുകള്‍ക്കെ കഴിയൂ. നെറുകയില്‍ സിന്ദൂരത്തിന്റെ പ്രഭ പോലെ അവന്‍ ഒടുവില്‍ അവശേഷിപ്പിച്ച് പോയ മുറിവുകളെ അവള്‍ക്ക് ചേര്‍ത്ത് വയ്‌ക്കേണ്ടതുണ്ട്. മറ്റൊന്നും അവര്‍ക്കിടയില്‍ ഇനി ഉണ്ടാകുന്നതേയില്ലല്ലോ...

'ഓ ബച്പന്‍ കി യാദേ ..
വോഹ് രിഷത്തെ വോഹ് ണാതെ വോഹ് സാന്‍ കി ജൂലെ..
വോഹ് ഹസ്‌ന.. വോഹ് ഹസാന... വോഹ് റോത്തക്ക് ഫിത്ര്‍ മനാനാ...
വോഹ് ഹര്‍ ഏക് പല്‍ മേ ദില്‍ മേ സമായേ ദിയെ മേ ജലായെ
ലെ ജാ രഹി ഹൂ... മേ ലെ ജാ രഹി ഹൂ...മേ ലെ ജാ രഹി ഹൂ...'
കുട്ടിക്കാലത്തിന്റെ ആതുരമായ ഓര്‍മ്മകളിലേക്ക് വീണ്ടുമവര്‍ എത്രയോ തവണ അഴിഞ്ഞു വീണു പോയിരിക്കാം! അവന്റെ ഓര്‍മ്മകളിലേക്ക് മൃദുലമായി നോക്കി അവന്റെ വരവിലേയ്ക്കായി കാത്തിരുന്നു എന്നോ ഒരുനാള്‍ അവള്‍ കൊളുത്തി വച്ച ഒരു കെടാവിളക്കുണ്ട്. ആ വിളക്കിന്റെ ദീപജ്വാലകള്‍ പോലെ അവളുടെ ഹൃദയവും എന്നും പ്രകാശമായിരുന്നു... അവന്റെ ഓര്‍മ്മകളെ ആ അണയാത്ത ജ്വാലയില്‍ ഊതിപ്പെരുക്കി ഒപ്പം കൊണ്ട് പോകുമ്പോള്‍ ഇനിയൊരിക്കലും പ്രണയത്തിന്റെ നാളുകളിലേയ്‌ക്കൊരു മടക്കയാത്രയില്ലെന്നു അവള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകണം...
മോഹത്തിന്റെ തിരി കൊളുത്തിയ വിളക്ക് ഒരിക്കലും കെടാതെ അവള്‍ പിന്നീട് എത്രയോ ആണ്ടുകള്‍ സൂക്ഷിച്ചിട്ടുണ്ടാകണം! ഒരു കാറ്റിലും ഒരു മഴയിലും അണഞ്ഞു പോകാതെ ഹൃദയത്തില്‍ നിന്നും പ്രണയത്തിന്റെ മറകളൊരുക്കി അവളത്തിനു മരണം വരെ കാവലിരുന്നിട്ടുണ്ടാകില്ലേ? അവന്റെ മരണത്തിനു ശേഷവും അവളതിലേയ്ക്ക് സ്വയമുരുകിയിറങ്ങി കെടാതെ കാത്തു വച്ചിട്ടുണ്ടാകില്ലേ? 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക