Image

മിഷിഗനിലും റോംനി പിന്നിലെന്ന് സര്‍വെ; വാഷിംഗ്ടണില്‍ ഹിമപാതം; മൂന്ന് മരണം; ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്‌മെന്റിന് 88 മില്യണ്‍

Published on 20 February, 2012
മിഷിഗനിലും റോംനി പിന്നിലെന്ന് സര്‍വെ; വാഷിംഗ്ടണില്‍ ഹിമപാതം; മൂന്ന് മരണം; ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്‌മെന്റിന് 88 മില്യണ്‍
 മിഷിഗന്‍: സമീപകാലത്ത് പ്രൈമറി തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിയില്‍ നിന്ന് സ്വന്തം സംസ്ഥാനമായ മിഷിഗനിലെ വിജയത്തിലൂടെ മറുപടി നല്‍കാമെന്ന മിറ്റ് റോംനിയുടെ മോഹങ്ങള്‍ക്ക് വീണ്ടും മങ്ങലേറ്റു. തനിക്കും കുടുംബത്തിനും ഏറ്റവും കൂടതല്‍ വേരുകളുള്ള മിഷിഗനില്‍ നടന്ന അവസാന അഭിപ്രായ സര്‍വെപ്രകാരം റോംനി തൊട്ടടുത്ത എതിരാളി റിക് സാന്റോറത്തേക്കാള്‍ പിന്നിലാണ്. അടുത്ത ആഴ്ച മിഷിഗനില്‍ നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള റോംനിയുടെ സ്ഥാനാര്‍ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടും.

മിഷിഗനില്‍ ശക്തമായ പോരാട്ടം പുറത്തെടുത്താല്‍ പോലും പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ സാന്റോറം മേല്‍ക്കൈ നേടും. ഈ സാഹചര്യത്തിലാണ് മിഷഗനില്‍ അഭിപ്രായ സര്‍വെയില്‍ റോംനി പിന്തള്ളപ്പെട്ടിരിക്കുന്നത്. മിഷിഗനിലും സാന്റോറം വിജയിക്കുകയാണെങ്കില്‍ പിന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടം സാന്റോറവും റോംനിയും തമ്മില്‍ മാത്രമായി ചരുങ്ങും. ന്യൂട്ട് ഗിന്‍ഗ്രിച്ച് പുറത്താവുകയും ചെയ്യും.

വാഷിംഗ്ടണില്‍ ഹിമപാതം; മൂന്ന് മരണം

വാഷിംഗ്ടണ്‍:വാഷിംഗ്ടണില്‍ ഹിമപാതത്തില്‍ മൂന്ന് പേര്‍ മരിച്ചു. വടക്കു കിഴക്കന്‍ സിയാറ്റിലിലെ കാസ്‌കേഡ് മൗണ്ടന്‍സിന് സമീപമുള്ള സ്‌കൈ റിസോര്‍ട്ടിനടുത്താണ് അപകടം. പ്രാദേശികസമയം രാത്രി എച്ചു മണിയോടെയുണ്ടായ അപകടത്തില്‍ ആറു പേരെ കാണാതായെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ പിന്നീട് ഇവരെ കണ്‌ടെത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇവിടെ ഉയര്‍ന്ന മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു.

ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്‌മെന്റിന് 88 മില്യണ്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും വിലകൂടിയതെന്ന് കരുതപ്പെടുന്ന അപ്പാര്‍ട്‌മെന്റിന്റെ(പെന്‍തൗസ്) വില 88 മില്യണ്‍ ഡോളര്‍. റഷ്യന്‍ രാസവള വ്യവസായിയും ലോകത്തിലെ ധനികരില്‍ 93-ാം സ്ഥാനക്കാരനുമായ റഷ്യന്‍ സ്വദേശി ദിമിത്രി റൈബൊളോവെല്‍വ് ആണ് സെന്‍ട്രല്‍ പാര്‍ക് വെസ്റ്റ് ലാന്‍ഡിലെ ഈ അപാര്‍ട്‌മെന്റ് സ്വന്തമാക്കിയത്. തന്റെ 22 കാരി മകള്‍ എകതറീന റൈബോളോവെല്‍വിന് വേണ്ടിയാണ് അദ്ദേഹം ഈ ആഡംബര അപാര്‍ട്‌മെന്റ് വാങ്ങിയത്. സിറ്റി ഗ്രൂപ്പിന്റെ മുന്‍ മേധാവികളിലൊരാളായ അമേരിക്കക്കാരന്‍ സാന്‍ഫോര്‍ഡ് വീലില്‍ നിന്നാണ് റൈബൊളോവെല്‍വ് 6,744 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ അപാര്‍ട്‌മെന്റ് വാങ്ങിയത്. റോബര്‍ട്ട് സ്റ്റം രൂപകല്‍പന ചെയ്ത സെന്‍ട്രല്‍ പാര്‍ക് വെസ്റ്റ് ബില്‍ഡിംഗിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ഈ ആഡംബര അപാര്‍ട്‌മെന്റ്.

വിറ്റ്‌നി ഹൂസ്റ്റണ് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ന്യൂആര്‍ക്: പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റണു ജന്മനഗരത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിനോദരംഗത്തെ നിരവധി പ്രശസ്തരും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. ഒരിക്കല്‍ ക്വയര്‍ പാടിയ ന്യൂആര്‍ക്കിലെ ന്യൂ ഹോപ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് ഒരാഴ്ചമുമ്പ് മരണമടഞ്ഞ ഹൂസ്റ്റണ് അന്ത്യയാത്ര ഒരുക്കിയത്.

ഹൂസ്റ്റന്റെ വിശ്രുതമായ 'ഐ വില്‍ ഓള്‍വേസ് ലവ് യു' എന്ന ഗാനം മുഴങ്ങുന്ന അന്തരീക്ഷത്തിലായിരുന്നു സംസ്‌കാരച്ചടങ്ങ്. വെസ്റ്റ്ഫീല്‍ഡിലെ ഫെയര്‍വ്യൂ സെമിത്തേരിയില്‍ പിതാവിനെ അടക്കിയതിനു സമീപമാണ് ഹൂസ്റ്റണ് അന്ത്യവിശ്രമമൊരുങ്ങിയത്. ഗായകരായ ജെന്നിഫര്‍ ഹഡ്‌സണ്‍, ബിബി വിനാന്‍സ് സ്റ്റീവ് വണ്ടര്‍, ഹൂസ്റ്റന്റെ അമ്മ സിസി ഹൂസ്റ്റണ്‍, റേവ് കിംബുറെല്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

ഹുസ്റ്റന്റെ മകള്‍ ബോബി ക്രിസ്റ്റീന ചടങ്ങുകള്‍ വീക്ഷിച്ച് മുന്‍നിരയില്‍തന്നെ ഉണ്ടായിരുന്നു. പള്ളി പരിസരം നിറഞ്ഞു കവിഞ്ഞതിനാല്‍ നിരവധി ആരാധകര്‍ പള്ളിക്കു പുറത്തുനിന്ന് ഹൂസ്റ്റണ് ആദരാഞ്ജലി അര്‍പ്പിച്ചു. ആയിരങ്ങള്‍ സംസ്‌കാരച്ചടങ്ങുകള്‍ ഓണ്‍ലൈനില്‍ വീക്ഷിച്ചു. അലീഷ്യ കീസ്, ഓപ്ര വിന്‍ഫ്രി, മരിയാ കാരി, ബിയോണ്‍സ് നോള്‍സ്, എന്‍ജല ബസറ്റ്, കെവിന്‍ കോസ്റ്റ്‌നെര്‍ തുടങ്ങിയ പ്രമുഖര്‍ മരണാനന്തരച്ചടങ്ങിനെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക