യുവാക്കളെ അടിവസ്‌ത്രം ധരിപ്പിച്ച് ലോക്കപ്പിലിട്ട എസ്.ഐയെ സ്ഥലം മാറ്റി
VARTHA
12-Feb-2017
കൊച്ചി: മദ്യപിച്ചതിന് യുവാക്കളെ അടിവസ്‌ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് ലോക്കപ്പിലടച്ച കൊച്ചി സൗത്ത് സ്റ്റേഷന്‍ എസ്.ഐ എ.സി വിപിനെ സ്ഥലം മാറ്റി. സംഭവം അന്വേഷിക്കാന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാത്രി പത്തരയോടെ കൊച്ചുകടവന്ത്രക്ക് സമീപത്ത് നിന്നാണ് കാറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ പിടികൂടിയത്. എന്നാല്‍ കാര്‍ ഓടിച്ചയാള്‍ മദ്യപിച്ചിരുന്നില്ല.
മദ്യപിച്ചിട്ടില്ലെന്ന യുവാവിന്റെ വാദം പോലീസ്
അംഗീകരിച്ചില്ല. തുടര്‍ന്ന് യുവാക്കളും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് ബലമായി ജീപ്പില്‍ കയറ്റി. ഇതിന്
ശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയി അടിവസ്‌ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പില്‍ അടയ്‌ക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് കംപ്ലയിന്റ് അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് എത്തി. '
വൈദ്യ പരിശോധന നടത്തി നിയമ പ്രകാരം മാത്രം നടപടി കൈക്കൊള്ളാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. പോലീസിന്റെ പ്രാകൃത നടപടിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്‌തു. എന്നാല്‍ പോലീസിന്‍റെ കൃത്യ നിര്‍വഹണത്തിന് തടസമായെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരം യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം യുവാക്കളെ വിട്ടയണക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഞായറാഴ്‌ച പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ യുവാക്കളെ ജാമ്യത്തില്‍ വിട്ടയച്ചു. സ്‌റ്റേഷന്റെ പിന്‍വാതിലിലൂടെയാണ് ഇവരെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്ന നിര്‍ദശം നല്‍കിയിരുന്നതായും വിവരങ്ങളുണ്ട്.
Facebook Comments