Image

കുവൈറ്റില്‍ മോഷണശ്രമത്തിനിടെ മലയാളി നഴ്‌സിന് കുത്തേറ്റു

Published on 21 February, 2017
കുവൈറ്റില്‍ മോഷണശ്രമത്തിനിടെ മലയാളി നഴ്‌സിന് കുത്തേറ്റു

   കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മോഷണശ്രമത്തിനിടെ മലയാളി നഴ്‌സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് സ്വദേശിനിയും പുതുക്കളത്തില്‍ ബിജോയുടെ ഭാര്യയുമായ ഗോപിക(27)യ്ക്കാണ് കുത്തേറ്റത്. കാലിലും വയറിനും മുഖത്തും കുത്തേറ്റ യുവതിയെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ 8.30 ഓടെ അബാസിയയിലാണ് സംഭവമുണ്ടായത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫ്‌ളാറ്റില്‍ എത്തിയ നഴ്‌സിനെ ഫ്‌ളാറ്റിനുള്ളില്‍ വച്ച് മോഷ്ടാവ് കടന്നുപിടിക്കുകയായിരുന്നു. യുവതി പ്രതിരോധിച്ചതോടെ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. മല്‍പ്പിടുത്തത്തിനിടെ കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപിക അപകടനില തരണ ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഗോപികയും ഭര്‍ത്താവ് ബിജോയും ഒരുമിച്ച് അബാസിയ 24 ഫാര്‍മസി സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റിലാണ് താമസം. ഇരുവരും താമസിക്കുന്ന രണ്ടാം നിലയിലെ ഫ്‌ളാറ്റില്‍ വച്ചാണ് ഗോപിക ആക്രമിക്കപ്പെട്ടത്. സംഭവ സമയം ബിജോ ഫ്‌ളാറ്റിലുണ്ടായിരുന്നില്ല. യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്നും അക്രമി ഓടി രക്ഷപെട്ടു. പിന്നാലെ ഗോപിക രണ്ടാം നിലയില്‍ നിന്നും ചോരവാര്‍ന്ന നിലയില്‍ താഴെയെത്തി അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരം പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ ഹോട്ടലിലെ സിസിടിവി കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

കോട്ടയം കാരാപ്പുഴ മാടയ്ക്കല്‍ കുടുംബാംഗമാണ് ഗോപിക. ജഹ്‌റ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ ഗോപിക ഒരു വര്‍ഷം മുന്‍പ് മാത്രമാണ് കുവൈറ്റിലെത്തിയത്. ഭര്‍ത്താവ് ബിജോ അല്‍ ബാബ്‌റ്റൈന്‍ ഗ്രൂപ്പ് നിസാന്‍ കുവൈറ്റ് ജീവനക്കാരനാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക