കുവൈത്ത് സിറ്റി: സാധാരണക്കാരായ പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ കേരള ജനപക്ഷം സജീവമായി ഇടപെടുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. കുവൈത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീസകച്ചവടക്കാരുടെയും ഏജന്റുമാരുടെയും ചതിയില്‍ പെട്ട് വിദേശത്ത് ദുരിതജീവിതം നയിക്കുന്നവും ജയിലില്‍ അകപ്പെട്ടവരുമായ നിരവധി മലയാളികളുണ്ട്്. ഇവരുടെ ദുരിതാവസ്ഥ മുതലെടുത്ത് ചൂഷണം ചെയ്യുന്ന പലിശക്കാരെ നിലയ്ക്ക് നിര്‍ത്തണം. പ്രവാസി വ്യവസായികളുടെ സേവനത്തെ വിലമതിക്കുന്നതോടൊപ്പം തന്നെ സാധാരണക്കാരായ പ്രവാസികളെ കാണാതെ പോവുന്ന അധികൃതരുടെ നയത്തില്‍ പ്രതിഷേധിക്കുന്നു. വ്യാജ നഴ്സിംഗ് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും സഭയില്‍ ഉന്നയിക്കുകയും ചെയ്യും. ഒരു മുന്നണിയുടെയും ഭാഗമാവാതെ സാധാരണക്കാര്‍ക്കായി കേരള ജനപക്ഷം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ശതമാനം മാത്രമുള്ള സംഘടിത തൊഴിലാളി വിഭാഗങ്ങളുടെ തീട്ടൂരത്തിന് വഴങ്ങി സര്‍ക്കാരുകള്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ നല്കുന്നു. അഞ്ച് ഏക്കര്‍ ഭൂമിയുള്ള കര്ഷകന് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരുമാനമുണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. കേരളത്തിന്റെ വിഭവങ്ങളും സന്പത്തും മുഴുവന്‍ മലയാളികളുടേതുമാണ്. സംഘടിത ഗുണ്ടായിസത്തിലൂടെ അത് ചെറിയൊരു വിഭാഗം കൈക്കലാക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ആന്റണി മാര്ട്ടിന്, ജനപക്ഷം കുവൈത്ത് ചാപ്റ്റര്‍ കണ്‍വീനര്‍ സാലക്സ് കുര്യന്, ജോജി ജോസ് എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍