തൃശൂര്‍: ജിഷ്ണു കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ
പി.കൃഷ്ണദാസിനെ പോലീസ് മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ്
രേഖപ്പെടുത്തി. ലക്കിടി കോളജിലെ വിദ്യാര്‍ഥി ഷെഹീറിനെ മര്‍ദ്ദിച്ചവശനാക്കിയ
കേസിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ്
പട്ടാന്പിക്കടുത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന്
ഉള്‍പ്രദേശമായ എരുമപ്പെട്ടി എന്ന സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷം
അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന്
പുറമേ നാല് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃഷ്ണദാസിന്റെ നിയമോപദേശക
സുചിത്ര, ലക്കിടി കോളജിലെ ജീവനക്കാരായ സുകുമാരന്‍, ഗോവിന്ദന്‍കുട്ടി, വത്സലകുമാര്‍
എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലവരെയും ഇന്ന് വൈകിട്ട്
വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കുമെന്ന് തൃശൂര്‍ റൂറല്‍ എസ്പി വിജയകുമാര്‍
പറഞ്ഞു.
ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോളജില്‍
അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനെതിരേ ഷെഹീര്‍ എന്ന വിദ്യാര്‍ഥി
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
മൂന്നാം തീയതി കോളജില്‍ എത്തിയ
ഷെഹീറിന്റെ ഹാജര്‍ രേഖപ്പെടുത്താതെ പ്രതികള്‍ പാന്പാടി നെഹ്റു
കോളജിലുണ്ടായിരുന്ന ചെയര്മാന് കൃഷ്ണദാസിന്റെ അടുത്തേയ്ക്ക് കൊണ്ടുപോയി. ഇവിടെ
വച്ച് കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിയെ ക്രൂരമായി
മര്‍ദ്ദിച്ചുവെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പോലീസ്
കേസ്.
ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചുമത്തിയാണ് പോലീസ് അറസ്റ്റ്
രേഖപ്പെടുത്തിയിരിക്കുന്നത്.