Image

ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല

ജോയിച്ചന്‍ പുതുക്കുളം Published on 20 March, 2017
ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല
ചിക്കാഗോ: കുഭ മാസത്തിലെ മകം നാളില്‍ മുഴങ്ങിയ അമ്മേ നാരായണ ദേവി നാരായണ മന്ത്രത്താല്‍ ചിക്കഗോയെ, ആറ്റുകാല്‍ അമ്മയുടെ, ഭക്തര്‍ അനന്തപുരിയാക്കി മാറ്റി. ഗീതാ മണ്ഡലത്തിന്റെ അഭിമുഖ്യത്തില്‍ മൂന്നാമത് പൊങ്കാല മഹോത്സവവും ചോറ്റാനിക്കര മകവും  ഭക്തി സാന്ദ്രമായ അന്തരീഷത്തില്‍ വളരെ അധികം ഭക്ത ജനങ്ങളുടെ സഹകരണത്തോടെ ഭക്തിപൂര്‍വ്വം കുംഭ മാസത്തിലെ മകം നാളില്‍ ഗീതാമണ്ഡലം സെന്റെറില്‍  വെച്ച് നടന്നു. വേദ പണ്ഡിതരായ ബിജു കൃഷ്ണന്റെയും ആനന്ദ് പ്രഭാകരറിന്റെയും നേതൃതത്തില്‍ നടന്നു. പൊങ്കാല തലേന്ന് ഒരു നേരം മാ ത്രം അരി ആഹാരം കഴി ച്ച്, തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും ദേവി നാമ ജപങ്ങളോടുകൂടി ഒരു ദിനം കഴിച്ചു കൂട്ടിയശേഷം, അതിരാവിലെ വിളക്ക് കൊളുത്തി ലളിത സഹസ്രനാമം പാരായണം ചെയ്ത്  ദേവിയില്‍ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം ആണ് സ്ത്രീ ഭക്ത ജനങ്ങള്‍ ഗീതാമണ്ഡലം സെന്ററില്‍ എത്തിയത്.

ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ബിജു കൃഷ്ണന്‍ ആരംഭിച്ചത്, മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയ ശേഷം ആയിരുന്നു. തുടര്‍ന്ന് ദേവിയെ ആവാഹനം ചെയ്ത് വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും ലളിതാസഹസ്രനാമ ജപത്താലും  അന്നപൂര്‍ണേശ്വേരിയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം പ്രധാന പുരോഹിതന്‍ ദേവിയില്‍നിന്നും അഗ്‌നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ വേദിയിലേ  പൊങ്കാല അടുപ്പുകളിലേക്കു അഗ്‌നി പകര്‍ന്നു.

തുടര്‍ന്ന് പൊങ്കാല അടുപ്പിന് സമീപം മഹാ ഗണപതിയ്ക്കായി ഒരുക്കിയ  അവില്‍, മലര്‍, പഴം, ശര്‍ക്കര എന്നിവ ഭഗവാന് നേദിച്ചു. അതുപോലെ ഭഗവതിക്കും തൂശനിലയില്‍ അവില്‍, മലര്‍, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ ഒരുക്കി, പുതിയ മണ്ണുകലത്തിലാണ് പൊങ്കാല ഇട്ടത്. പൊങ്കാല ക്കു പിന്നിലെ വലിയ സത്യം, പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്  അതില്‍ അരിയാകുന്ന ബോധം  തിളച്ച് അതിലെ അഹംബോധം നശിക്കുകയും ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്നു ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്ന സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുന്നത്.

ഇത്തരത്തില്‍ തയാറാക്കിയ പായസം പുരോഹിതന്‍ ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. പിന്നീട് അഷ്ടോത്തര അര്‍ച്ചനയും, ചതുര്‍വേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമര്‍പ്പണവും ദീപാരാധനയും നടന്നു. തുടര്‍ന്ന് മംഗള ആരതിയും നടത്തിയാണ്2017  ലെ മകം പൊങ്കാല ഉത്സവത്തിനു പരിസമാപ്തിയായത്.

ഈ വര്‍ഷത്തെ പൊങ്കാലയ്ക്ക് രശ്മി മേനോന്‍ ശ്രീമതി തങ്കമ്മ അപ്പുകുട്ടന്‍, രമ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  പ്രപഞ്ചത്തിന്റെ യോനിയായ അമ്മയില്‍ നിന്ന് സര്‍വ്വതും ഉദയം ചെയ്യുന്നു. ആ അമ്മ സങ്കല്പത്തിനാണ് ഇവിടെ പൊങ്കാല സമര്‍പ്പിച്ചത് എന്ന് രശ്മി മേനോനും  അഭിപ്രായപ്പെട്ടു. സര്‍വ ഐശ്വര്യ പ്രദായനിയായ ദേവിക്കുള്ള ഒരു ആത്മസമര്‍പ്പണമാണ് പൊങ്കാല സമര്‍പ്പണം എന്നു തങ്കമ്മ അപ്പുകുട്ടനും, അനേക പുണ്യങ്ങള്‍ പ്രദാനം ചെയുന്ന ഈ ഉത്സവത്തില്‍ പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത് എന്ന് രമ നായരും അഭിപ്രായപ്പെട്ടു. ഈ വര്ഷത്തെ പൊങ്കാല മഹോത്സവത്തിന്റെ വിജയത്തിനായി ആനന്ദിന്റെയും അപ്പുക്കുട്ടന്റെയും ശിവപ്രസാദ് പിള്ളയുടേയും നേതൃത്വത്തില്‍  പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഫ്‌ളവേഴ്‌സ് ടിവിക്കും ഇതില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും ഗീതാ മണ്ഡലം സെക്രട്ടറി ബൈജു മേനോന്‍  നന്ദി രേഖപ്പെടുത്തി. ആനന്ദ് പ്രഭാകര്‍ അറിയിച്ചതാണിത്.
ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല
ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല
ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല
ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല
ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല
ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല
ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല
ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക