Image

"പിണറായിപെരുമ' പിണറായി ഗ്രാമത്തിന് കലയുടെ പെരുമഴക്കാലം

അനില്‍ പെണ്ണുക്കര Published on 11 April, 2017
"പിണറായിപെരുമ' പിണറായി ഗ്രാമത്തിന് കലയുടെ പെരുമഴക്കാലം
പിണറായി എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു രൂപമേ ഉള്ളു.സാക്ഷാല്‍ പിണറായി വിജയന്‍.കേരളം മുഖ്യമന്ത്രി .എന്നാല്‍ സത്യം അതല്ല .കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് പിണറായി. കണ്ണൂര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തലശ്ശേരിയില്‍നിന്നും 8 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. പിണറായി വിജയന്‍ ഈ ഗ്രാമത്തിലാണ് ജനിച്ചത്.

പക്ഷെ ഉറച്ച കമ്യൂണിസ്റ്റ് അടിത്തറയുണ്ട് പിണറായിയുടെ മണ്ണിന്. മനസ്സിനും. തറിയും തിറയും പുരോഗമന ചിന്തയും ഊടും പാവും നെയ്ത പിണറായി ഇപ്പോള്‍ ഉത്സവത്തിന്റെ തിമിര്‍പ്പിലാണ് .അഞ്ചുനാള്‍ നീളുന്ന ഗ്രാമോത്സവം.

‘പിണറായി പെരുമ’ എന്നുപേരിട്ടിരിക്കുന്ന ഈ കലാമാമാങ്കത്തിന്റെ സംഘാടകര്‍ പിണറായി സാംസ്കാരികസമിതിയാണ്. എണ്ണമറ്റ രാഷ്ട്രീയചരിത്രമുന്നേറ്റങ്ങളാല്‍ ശ്രദ്ധേയമായ മണ്ണില്‍ സാംസ്കാരികമുന്നേറ്റത്തിന്റെ മറ്റൊരു ചരിത്രരചന... 1958 സെപ്റ്റംബര്‍ 14ന് ഇ.എം.എസ്.നമ്പൂതിരിപ്പാടാണ് സാംസ്കാരികസമിതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഓലയമ്പലത്ത് രണ്ടുനിലയുള്ള കെട്ടിടത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം. നാടകം, നൃത്തം, സംഗീതം, കഥാപ്രസംഗം, ഓട്ടന്‍തുള്ളല്‍, കോല്‍ക്കളി, പൂരക്കളി, ചിത്രകല, ഉപകരണസംഗീതം തുടങ്ങി വിവിധ രംഗങ്ങളില്‍ സമിതി പരിശീലനം നല്‍കി വരുന്നു. പിണറായി സാംസ്കാരികസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും കൂടെയുണ്ടായിരുന്നു നാട്ടുകാരനായ മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തും കര്‍മശേഷിയും. അതു തന്നെയായിരുന്നു സമിതിയുടെ ചാലക ശക്തി.പിണറായി പ്രദേശത്തുകാര്‍ക്ക് മുഖ്യമന്ത്രിയുടെ വിഷുക്കൈനീട്ടമായാണ് സര്‍ഗോത്സവത്തെ സംഘാടകര്‍ വിശേഷിപ്പിക്കുന്നത്.

കലയുടെ കേളികൊട്ട് ഉയരുന്ന ഗ്രാമയോത്സവത്തിനു കലാകാരനായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ കലാകാരന്മാരുടെ പെരുങ്കളിയാട്ടം .സാംസ്കാരികോത്സവത്തിന്റെ നിറപ്പകിട്ടില്‍ മലയാള കലാസാഹിത്യരംഗത്തെ പ്രഗല്ഭരെ അണിനിരത്തി സര്‍ഗോത്സവത്തിന് വേദിയാവുകയാണ് ഈ പുരോഗമന മണ്ണ്. ഏഴ് വേദികളിലായാണ് കലാ പരിപാടികള്‍ അരങ്ങേറുക. 35 ഇനങ്ങളിലായി രാജ്യത്തെ പ്രമുഖരായ ഇരുന്നൂറിലേറെ കലാപ്രതിഭകള്‍ അണിനിരക്കും. സുര്യ കൃഷ്ണമൂര്‍ത്തിയാണ് ഡയരക്ടര്‍.

പ്രശസ്തനര്‍ത്തകിയും സിനിമാതാരവുമായ മഞ്ജു വാരിയര്‍ നൃത്തച്ചുവടുകളോടെയാണ് പിണറായിയുടെ പെരുമ വിളംബരംചെയ്ത ആദ്യദിനം കടന്നുപോയത്. പിണറായിയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന ഏഴ് വനിതകളില്‍നിന്ന് ഒരു ജോഡി ചിലങ്ക ഏറ്റുവാങ്ങിയാണ് മഞ്ജു വാര്യര്‍ പിണറായി പെരുമ ഉദ്ഘാടനംചെയ്തത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി. തലശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗീതമ്മ, വി എ നാരായണന്‍, പി പി ദിവാകരന്‍, കോങ്കി രവീന്ദ്രന്‍, സി പി ബേബി സരോജം, പി വിനീത, പി ഗൌരി, എന്നിവര്‍ സംസാരിച്ചു. തലശേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍ സ്വാഗതം പറഞ്ഞു.

ഏപ്രില്‍ 13 വരെ നീളുന്ന പരിപാടിയില്‍ പിണറായി എ.കെ.ജി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറും. സര്‍ഗോത്സവത്തില്‍ നടന്ന കവിസമ്മേളനം ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്തു. കെ.പി.എ.സി.ലളിത മുഖ്യാതിഥിയായി. മുരുകന്‍ കാട്ടാക്കട, ആലങ്കോട് ലീലാകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ഗിരീഷ്പുലിയൂര്‍, സുമേഷ് കൃഷ്ണന്‍,ഇന്ദിരാ അശോക് എന്നിവര്‍ കവിതകളവതരിപ്പിച്ചു.

തെരുവരങ്ങില്‍ ഷംസുദ്ദീന്‍ ചെര്‍പ്പുളശേരിയുടെ തെരുവ് മാജിക്, അയിലം ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗം,ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ,രമേഷ് നാരായണന്‍, അഫ്‌സല്‍, രഞ്ജിനി ജോസ്, ഫ്രാങ്കോ, സിയാഉള്‍ഹഖ്, ജാസി ഫിഫ്റ്റ്, നിഷാദ്, മധുശ്രീ, മധുവന്തി, പ്രീത തുടങ്ങിയ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനമേള ,മലബാര്‍ ഭക്ഷ്യമേള എന്നിവയും പിണറായി പെരുമയോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.

അഞ്ചുദിവസവും മലയാളത്തിലെ പ്രശസ്ത സിനിമകളുടെ പ്രദര്‍ശനങ്ങളുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മലയാളത്തിലെ കഥാകാരന്മാര്‍ പങ്കെടുക്കുന്ന കഥയരങ്ങ് എന്നിവ നടന്നു .എം.മുകുന്ദന്‍,സുഭാഷ് ചന്ദ്രന്‍, സി.രാധാകൃഷ്ണന്‍, യു.കെ.കുമാരന്‍, സക്കറിയ, ടി.പത്മനാഭന്‍ തുടങ്ങിയവര്‍ കഥയരങ്ങിനെ സമ്പന്നമാക്കി.ഏപ്രില്‍ 12ന് വൈകീട്ട് അഞ്ചിന് ജയരാജ് വാരിയരുടെ ചിരിയരങ്ങ്,സോളോഡ്രാമ എന്നിവ അരങ്ങേറും. വൈകീട്ട് ഏഴിന് ലക്ഷ്മി ഗോപാലസ്വാമി, വിനീത് എന്നിവര്‍ ചേര്‍ന്ന് മുഖ്യവേദിയില്‍ ഭരതനാട്യം അവതരിപ്പിക്കും.

പിണറായി പെരുമയുടെ സമാപന പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.കെ.രാഗേഷ് എം.പി., സി.എന്‍.ചന്ദ്രന്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. വൈകീട്ട് ഏഴിന് ദിവ്യ ഉണ്ണിയുടെ ഭരതനാട്യം, എട്ടിന് സ്റ്റീഫന്‍ ദേവസ്സിയുടെ ഫ്യൂഷന്‍ മ്യൂസിക്ക് എന്നിവയോടെ വിപ്ലവ മണ്ണിലെ പിണറായി പെരുമയ്ക്കു തിരശീല വീഴും.
"പിണറായിപെരുമ' പിണറായി ഗ്രാമത്തിന് കലയുടെ പെരുമഴക്കാലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക