Image

ഉപദേശികളുടെ ലോകം(രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 17 April, 2017
ഉപദേശികളുടെ ലോകം(രാജന്‍ കിണറ്റിങ്കര)
കുറച്ച് ദിവസം മുമ്പാണ്, അടുത്ത വീട്ടിലെ നാല് വയസ്സായ കുട്ടി മുറ്റത്തെ കിണറ്റില്‍ വീണു.  ഭാഗ്യം ആഴം അധികം ഇല്ലാത്തതു കൊണ്ടും വീണ ശബ്ദം അടുത്തുള്ളവര്‍ കേട്ടത് കൊണ്ടും കുട്ടി രക്ഷപ്പെട്ടു.   ഒരിക്കലും മുറ്റത്തിറങ്ങുകയോ കിണറിനു അടുത്തേക്കു പോകുകയോ ചെയ്യാത്ത കുട്ടിയായിരുന്നു. പിന്നെ ഇതെങ്ങിനെ സംഭവിച്ചു എന്ന് എല്ലാവരും അത്ഭുതപ്പെട്ടു,  'യോഗം'  അല്ലാതെന്താ, ചിലര്‍ സമാധാനിച്ചു,  'വരാനുള്ളത് വഴിയില്‍ തങ്ങില്ല'  മറ്റു ചിലരുടെ ആത്മഗതം.

 

സത്യത്തില്‍ സംഭവിച്ചത് എന്തെന്നാല്‍, അന്ന് പതിവില്ലാതെ കുട്ടിയുടെ 'അമ്മ അടുക്കളയില്‍ കറിക്ക് അരിഞ്ഞു  കൊണ്ടിരിക്കുമ്പോള്‍ അകത്തെ റൂമില്‍ കളിക്കുന്ന കുട്ടിയോട് വിളിച്ച് പറഞ്ഞു,  മുറ്റത്തേക്കൊന്നും ഇറങ്ങരുത്,  ആള്‍ മറ ഇല്ലാത്ത കിണറാണ്, അതിലൊന്നും പോയി എത്തി നോക്കരുത്.   ഇത് കേട്ട കുട്ടിക്ക് ജിജ്ഞാസ, എന്തായിരിക്കും മുറ്റത്തും കിണറിലും ഉള്ളത്.  കുട്ടി മെല്ലെ മെല്ലെ നാല് പാടും നോക്കി മുറ്റത്തിറങ്ങി, കിണറിന്റെ വക്കത്ത് ചെന്ന് താഴേക്കു എത്തി നോക്കിയതും ചവിട്ടിയ കല്ല്   ഇടിഞ്ഞു താഴെ വീണതും മാത്രം ഓര്‍മ്മയുണ്ട്.  പിന്നെ കേള്‍ക്കുന്നത് ഒരു വലിയ ശബ്ദവും നിലവിളിയും മാത്രം.   നാടല്ലേ, ആളുകള്‍ക്ക് പഞ്ഞമില്ലല്ലോ, എല്ലാവരും ഓടി കൂടി, ഒരാള്‍ കിണറിലേക്ക് എടുത്ത് ചാടി.  മോട്ടോറിന്റെ പൈപ്പില്‍ പിടിച്ച് നിന്ന് കുട്ടിയെ തോളത്ത് കിടത്തി.  പിന്നെ കുട്ടയിറക്കി ആളെയും കുട്ടിയേയും വലിച്ച് കരയ്ക്കു കയറ്റി.

 

ഇതിലെന്തിത്ര വലിയ കാര്യം എന്ന് പലരും ചിന്തിക്കും, ഇതൊക്കെ പലയിടത്തും നടക്കുന്നതല്ലേ.   പക്ഷെ ഇവിടെ ചിന്തിക്കേണ്ടത്, നാല് വയസ്സുവരെ ഒരിക്കലും കിണറിന്റെ വക്കത്ത് പോകാത്ത ആ കുട്ടി അന്ന് പോകാന്‍ എന്തായിരുന്നു കാരണം,  ഒന്ന് മാത്രം, കിണറിന്റെ വക്കത്ത് പോകരുത് എന്ന അമ്മയുടെ ഉപദേശം.  മനുഷ്യന് മാത്രമുള്ള ഒരു പ്രവണതയാണ്, പറയുന്നതിനെന്തിനും ആദ്യം വിപരീതം പ്രവര്‍ത്തിക്കുക എന്നത്.  അത് തന്നെയാണ് ഈ കുട്ടിയുടെ കാര്യത്തിലും സംഭവിച്ചത്.   അമ്മ ഒന്നും മിണ്ടിയിരുന്നില്ലെങ്കില്‍ കുട്ടി പഴയപോലെ റൂമില്‍ തന്നെ കളിച്ചു കൊണ്ടിരിക്കുമായിരുന്നു.

 

ഉപദേശങ്ങള്‍ കൂടുന്തോറും ധിക്കാരങ്ങളും   നെറികേടുകളും സാംസ്‌കാരിക ച്യുതിയും സംഭവിച്ചു കൊണ്ടിരിക്കുന്നു.  രാവിലെ  ഏത് പത്രം തുറന്നു നോക്കിയാലും അതില്‍ ഒരു പത്തു വാര്‍ത്തകളെങ്കിലും മനുഷ്യ ദൈവങ്ങളുടെയും ചൈതന്യ മാരുടെയും ആനന്ദമാരുടെയും പല വേദികളില്‍ അവര്‍ ചെയ്ത പ്രഭാഷണങ്ങളുടെ കുറിപ്പുകള്‍ ആയിരിക്കും.   പണ്ടൊന്നും ഇത്തരം കൂട്ടരുടെ അതിപ്രസരം ഉണ്ടായിരുന്നില്ല.   മനുഷ്യന്‍ മനഃശാന്തിക്ക് എത്തിയിരുന്നത് ദേവസന്നിധി ആയിരുന്നു.  ഇന്ന് അവര്‍ തുറസ്സായ മൈതാനത്ത് വെയില്‍ കാഞ്ഞു നില്‍ക്കുന്നു, ചൈതന്യമാരുടെയും ആനന്ദമാരുടെയും അനുഗ്രഹം തേടി. 

 

ഇവരുടെ അനുഗ്രഹങ്ങള്‍ കടയില്‍ നിന്നും വാങ്ങി കഴിക്കുന്ന ഇന്‍സ്റ്റന്റ് ഫുഡുപോലെയാണ്.   വായിലിട്ടു ചവയ്ക്കുന്ന നേരത്ത് കിട്ടുന്ന രുചിയെ ഉള്ളൂ.  വയറിനും ആരോഗ്യത്തിനും അത് കേടാണെന്നു നമ്മള്‍ പിന്നീട് മാത്രമേ അറിയുന്നുള്ളൂ.   നമ്മള്‍ കരുതുന്നത് ക്ഷേത്രത്തില്‍ പോയാല്‍ പൂജാരിയെപ്പോലും ഒന്ന് തൊടാന്‍ പറ്റില്ല, അശുദ്ധമാകും (നമ്മളല്ല, പൂജാരി അശുദ്ധമാകും). ഇവിടെ ഭഗവാന്‍ നേരിട്ട് ആലിംഗനവും ചുംബനവും അനുഗ്രഹവും ഒക്കെ തരുന്നു. ഇതില്‍ പരം എന്ത് വേണം ആനന്ദ നിര്‍വൃതിക്ക്.

 

ഇന്ന് നമ്മുടെ കുട്ടികള്‍ സ്‌കൂളിലോ കോളേജിലോ പോകും മുന്നേ നമ്മള്‍ അവര്‍ക്ക് അര മണിക്കൂറെങ്കിലും ഉപദേശം നല്‍കും, അത് ചെയ്യരുത്, അങ്ങോട്ട് നോക്കരുത്, അങ്ങിനെ പറയരുത്, ഇത് പോലെ ഒരു നൂറുകൂട്ടം കാര്യങ്ങള്‍.   സ്‌കൂളിലെത്താന്‍ ഭക്ഷണം പോലും കഴിക്കാതെ നേരം വൈകി ഓടുമ്പോഴാവാകും പിടിച്ച് നിര്‍ത്തി വേദോപദേശം.  എന്നിട്ടും കുട്ടികള്‍ വഴി പിഴച്ചു പോകുന്നു.  മാതാപിതാക്കള്‍ അത് ചെയ്യരുത് എന്ന് പറയുമ്പോള്‍ അത് തന്നെ ചെയ്യാനാണ് കുട്ടികള്‍ക്ക് വാസന.    പണ്ടുള്ളവര്‍ക്ക് അറിയാം, അവര്‍ക്ക് ഒരിക്കലെങ്കിലും ഇങ്ങനെയുള്ള ഉപദേശങ്ങള്‍ മാതാപിതാക്കളില്‍ നിന്നും കിട്ടിയിട്ടുണ്ടാവില്ല.  അന്ന് കുട്ടികള്‍ പഠിച്ചിരുന്നത് മാതാപിതാക്കളുടെ പ്രവര്‍ത്തികള്‍ കണ്ടായിരുന്നു, അല്ലാതെ അവരുടെ വാക്കുകള്‍ കേട്ടായിരുന്നില്ല.

 

ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്, 'നിങ്ങളുടെ കുട്ടികള്‍ നിങ്ങളെ അനുസരിച്ചെന്നു വരില്ല, പക്ഷെ അവര്‍ ഒരിക്കലും നിങ്ങളെ അനുകരിക്കാതിരിക്കില്ല' എന്ന്.   അത് കൊണ്ട് ഉപദേശമല്ല, മാതൃകയാവലാണ് അത്യാവശ്യം.

 

ഉപദേശങ്ങള്‍ കേട്ട് ലോകം നന്നാവുകയാണെങ്കില്‍ ഇന്ന് ലോകത്ത് എല്ലാവരും വിശുദ്ധര്‍ ആയേനെ.  തത്വോപദേശം മാത്രമല്ല, ഇന്ന് എവിടെ നോക്കിയാലും പ്രഭാഷണങ്ങളും സെമിനാറുകളും ആണ്.  ഗീതാ പ്രഭാഷണം, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച,  ഭാഷാ സെമിനാറുകള്‍, പ്രവാസിയുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും  അങ്ങിനെ പോകും ചര്‍ച്ചകളുടെയും സെമിനാറുകളുടെയും ഘോഷയാത്ര.    ഇതൊന്നും കേട്ട് ആരെങ്കിലും നേരെയായിട്ടുണ്ടാവും എന്നെനിക്ക് തോന്നുന്നില്ല.  ചിലര്‍ക്കെങ്കിലും  സ്‌റ്റേജില്‍ കയറി ആളാവാന്‍ ഒരു മാര്‍ഗം എന്ന് മാത്രം.

 

ജീവിച്ചിരിക്കുന്നവരേക്കാള്‍ നമുക്ക് പ്രിയം മരിച്ചു പോയവരെയാണ്.  ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞു നോക്കാത്തവനെയും മരിച്ചു കഴിഞ്ഞാല്‍ പൂവിട്ടു പൂജിക്കും.  അവന്റെ ഓര്‍മ്മ ദിവസം ആചരിക്കും.   അവന്റെ പേരില്‍ സ്മരണിക ഇറക്കും.    ഒരിക്കല്‍ ഒരു പെണ്‍കുട്ടി കാമുകനോട് ചോദിച്ചുവത്രെ,  റീി' േ  ്യീൗ  ാശ ൈ ാല ഉലമൃ ?  അപ്പോള്‍ ആണ്‍കുട്ടി പറഞ്ഞ മറുപടി,   വീം  രമി  ക ാശ ൈ ്യീൗ  ൗിഹല ൈ ്യീൗ  ഹലമ്‌ല  ാല .  ഇവിടെ എപ്പോഴും വാലുപോലെ പുറകെ നടന്ന് കാമുകിയെ ഒന്ന് മിസ് ചെയ്യാന്‍ പോലും ഉള്ള  അവസരം ആ പെണ്‍ കുട്ടി കൊടുക്കുന്നില്ല. അതുപോലെ നീയൊന്നു മരിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നിന്നെക്കുറിച്ച് നാല് വാക്ക് നല്ലത് പറയാമായിരുന്നു എന്നതാണ് പലരുടെയും സമീപനം.

 

എനിക്കോര്‍മ്മയുണ്ട്, പണ്ട് വീടുകളില്‍ കയറിയിറങ്ങി ഭിക്ഷ യാചിക്കുന്ന യാചകര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങിനെ വീടുകള്‍ തോറും കയറി ഇറങ്ങുന്നവരെ കാണാറില്ല.   ഒരിക്കല്‍ ഒരു പിച്ചക്കാരനോട് എന്താ, ഇപ്പോള്‍  വീട്ടിലേക്കൊന്നും കാണാറില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് 'എന്താ ചെയ്യാ, മക്കള്‍ ഒന്നും തരില്ല, പക്ഷെ  അച്ഛന്‍ വീട് കയറി ഇറങ്ങുന്നത്  അവരുടെ പത്രാസിനു മോശം ആണത്രേ. .  സ്വന്തം  മക്കളല്ലേ, അവരുടെ നിലയും വിലയും നോക്കണ്ടേ, പട്ടിണി കിടന്നാലും വേണ്ടില്ല, പിച്ചയെടുക്കാറില്ല ഇപ്പോള്‍, മക്കളെ വിഷമിപ്പിക്കാന്‍ വയ്യ..  ഇതായിരുന്നു അയാളുടെ പ്രതികരണം.  സ്വന്തം വയറു വിശക്കുമ്പോഴും മക്കളുടെ മുഖം രക്ഷിക്കാന്‍ പാട് പെടുന്ന ആ മനുഷ്യന്‍ നമ്മുടെ സമൂഹത്തിന്റെ കാപട്യത്തിന്റെ  ഒരു യഥാര്‍ത്ഥ മുഖം ആണ്.

 

പറഞ്ഞു വന്നത് എന്താച്ചാല്‍, പണ്ടിതു പോലെ പിച്ചക്കാര്‍ വരുമ്പോള്‍ 'അമ്മ വിളിച്ച് പറയുമായിരുന്നു മക്കളോട്,  അപ്പുറത്തെ വീട്ടില്‍ ആരോ ഭിഷക്കു വന്നിട്ടുണ്ട് എന്ന് തോന്നുന്നു, സംസാരം കേള്‍ക്കുന്നുണ്ട്,  അയാളെ വിളിച്ച് വല്ലതും കൊടുക്ക്.  രാവിലത്തെ ഭക്ഷണം ബാക്കി വന്നത് അടുപ്പിന്‍ തിണ്ണയില്‍ ഇരിക്കുന്നുണ്ട്, അതും അയാള്‍ക്ക് കൊടുത്തോ.   അതൊക്കെ കണ്ടായിരുന്നു മക്കള്‍ വളര്‍ന്നിരുന്നത്.  സ്‌നേഹം,  സഹാനുഭൂതി, ദയ, ഇതൊക്കെ മക്കളില്‍ ഉണ്ടാക്കാന്‍ അമ്മയുടെ ഇത്തരം പ്രവര്‍ത്തികള്‍  ധാരാളം ആയിരുന്നു.   ഇന്നോ, ഒരു പിച്ചക്കാരന്റെ നിഴല്‍ കണ്ടാല്‍ കുട്ടികള്‍ വേലക്കാരോട് വിളിച്ച്  പറയും, ഒരു പിച്ചക്കാരന്‍ വരുന്നുണ്ട്, കള്ള ലക്ഷണാ.  ആ പട്ടിയെ അങ്ങട് അഴിച്ചു വിട്ടോ, ഗേറ്റും അകത്തുനിന്നു പൂട്ടിക്കോ.  ഇവര്‍ക്കെവിടെ സഹജീവികളോട് സ്‌നേഹം, അനുകമ്പ, സഹാനുഭൂതി......

 

മറ്റുള്ളവരുടെ വേദന അറിയാത്തവരാണ് പീഡനവും, കൊലപാതകവും, മോഷണവും ഒക്കെ ശീലമാക്കുന്നവര്‍.  അവര്‍ക്ക് അവരെ കുറിച്ച് മാത്രമേ ചിന്തയുള്ളൂ.   അവര്‍ക്ക് വേണ്ടത് മൈതാന പ്രസംഗങ്ങളല്ല,  മാതൃകകളാണ്.   കാല പ്രയാണത്തില്‍ അത്തരം മാതൃകകള്‍  നമ്മുടെ തലമുറക്ക് പകര്‍ന്നു നല്‍കാന്‍ നമ്മള്‍ മറന്നു പോയിരിക്കുന്നു.  ഇനി ആ കാലത്തിലേക്ക് തിരിച്ചു പോകാനും നമുക്കാവും എന്ന് തോന്നുന്നില്ല.  ഭൂമി സൂര്യനെ വലയം ചെയ്യുമ്പോള്‍  നമ്മള്‍ വാട്‌സ്  ആപ്പിനെയും ഫെയ്‌സ് ബുക്കിനെയും ഭ്രമണം ചെയ്യുകയാണ്.  ആ ഭ്രമണത്തില്‍ നമ്മുടെ ബുദ്ധിയും മനസ്സും തല തിരിഞ്ഞിരിക്കുന്നു.  അതോടൊപ്പം ലക്ഷ്യം അറിയാതെ  നമ്മുടെ പുത്തന്‍ തലമുറയും.   അതൊക്കെ കണ്ട് ഇനിയും നന്മ കൈവിടാത്ത ചില പഴഞ്ചന്‍ മനസ്സുകള്‍ വിലപിക്കുന്നു.......

 

(രാജന്‍ കിണറ്റിങ്കര)

ഉപദേശികളുടെ ലോകം(രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക